Film ArticlesInterviewsMollywood

മിനിസ്ക്രീൻ സൂപ്പർതാരമായ ബിജു സോപാനവുമായുള്ള (ഉപ്പും മുളകും) അഭിമുഖം

ബ്ലൂ വെയിൽ എന്നൊരു കൊലയാളി ഓണ്‍ലൈന്‍ ഗെയിമിനെക്കുറിച്ച് വ്യാപകമായ ചര്‍ച്ചകള്‍ നടക്കുമ്പോള്‍, അതുമായി ബന്ധപ്പെട്ട ഒരു ട്രോള്‍ ഈയിടെ ഒരു സമൂഹ മാധ്യമ ഗ്രൂപ്പില്‍ കണ്ടു. ആ ഗെയ്മിന്റെ ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു ഘട്ടത്തില്‍ അഡ്മിന്‍ ആവശ്യപ്പെടുന്നത്, ഒരു പ്രമുഖ മലയാളം ടെലിവിഷൻ ചാനലിലെ പൈങ്കിളി സീരിയല്‍ കാണുക എന്ന കൊടുംക്രൂരമായ പ്രവൃത്തി ചെയ്യണം എന്നാണ്! ചിരിപ്പിക്കുന്നുണ്ടെങ്കിലും ആ ട്രോൾ ഉള്ളിൽ ഒളിപ്പിക്കുന്ന സത്യം വളരെ വലുതാണ്. അത്തരത്തിൽ തികച്ചും അസഹനീയമായ രീതിയിലാണ് ഇക്കാലത്തെ പല ടെലിവിഷൻ സീരിയലുകളും തയ്യാറാക്കപ്പെടുന്നത്. അവയിൽ ഒന്ന് ഏറ്റവും വ്യത്യസ്തമായി മാറുകയും, റിയലിസ്റ്റിക് സമീപനത്തിലൂടെ ഒട്ടേറെ പ്രേക്ഷകരുടെ പ്രീതി സമ്പാദിക്കുകയും,നിലവിൽ ഏറ്റവും അധികം റേറ്റിംഗ് ഉള്ള മലയാളം ടെലിവിഷൻ സീരിയൽ എന്ന സ്ഥാനം നേടിയെടുക്കുകയും ചെയ്തു. അതാണ് ഫ്‌ളവേഴ്‌സ് ടി.വി അവതരിപ്പിക്കുന്ന ‘ഉപ്പും മുളകും’ എന്ന കുടുംബ സീരിയൽ. സംപ്രേഷണം തുടങ്ങി ഒന്നര വർഷം കഴിഞ്ഞെങ്കിലും ഇന്നും കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട ടി.വി ഷോയായി അത് തുടരാനുള്ള പ്രധാന കാരണം അതിലെ കേന്ദ്ര കഥാപാത്രമായ ബാലുവിനെ അവതരിപ്പിച്ച ബിജു സോപാനം എന്ന കാലാകാരനാണ്.

അനായാസേനയുള്ള അഭിനയ ശൈലിയിലൂന്നി, തികച്ചും റിയലിസ്റ്റിക് ആയ സമീപനത്തോടെ മിനിസ്ക്രീനിലെത്തുന്ന ബിജു ഇന്ന് ഏവരുടെയും സ്വന്തം ‘ബാലു ചേട്ടൻ’ ആണ്. ബാലു (ബിജു), നീലു (നിഷ), അവരുടെ നാല് കുട്ടികൾ, എന്നിവരടങ്ങിയ ഒരു സന്തുഷ്ട കുടുംബത്തിന്റെ ദൈനംദിന ജീവിതത്തിൽ സംഭവിക്കുന്ന രസകരമായ നിമിഷങ്ങൾ കോർത്തിണക്കിയ സീരിയലിൽ പ്രേക്ഷകരുടെ കയ്യടി ഏറ്റവും അധികം നേടുന്നത് ബിജു അവതരിപ്പിക്കുന്ന ബാലു തന്നെയാണ്. കൂടുതൽ വിശേഷങ്ങൾ ബിജുവിൽ നിന്നും നേരിട്ട് അന്വേഷിച്ചറിയാം.

നമസ്ക്കാരം ബിജു സോപാനം. ബിജു എന്നു വിളിക്കാൻ തോന്നുന്നില്ല. ബിജുവിനും എത്രയോ മുകളിലേക്ക് നെയ്യാറ്റിൻകരയിലുള്ള ബാലചന്ദ്രൻ തമ്പി അഥവാ ബാലു കയറി ഓടിയതു കാരണം ബിജുവിന് പകരം ബാലു എന്നേ നാവിൽ വരുന്നുള്ളൂ. എന്തൊക്കെയുണ്ട് ബാലു ‘ചേട്ടാ’ വിശേഷങ്ങൾ, ?

നമസ്ക്കാരം. (ഉറക്കെ ചിരിക്കുന്നു) സത്യം, ബാലു എന്ന പേര് ബിജുവിനും മുകളിലേക്ക് എത്തിക്കഴിഞ്ഞു. എല്ലാം ഭാഗ്യമായി കരുതുന്നു. ഇത്രയും വലിയ സഹകരണത്തിനും, സ്നേഹത്തിനുമെല്ലാം പ്രേക്ഷകരോട് നന്ദി പറയുന്നു. വിശേഷങ്ങൾ ഒരുപാടുണ്ട്. ഞാൻ ഇപ്പോൾ തിരുവനന്തപുരത്തുണ്ട്. മറ്റന്നാള്‍ വൈലോപ്പള്ളി ഹാളിൽ ഒരു നാടകമുണ്ട്. അതില്‍ അഭിനയിക്കാന്‍ എത്തിയതാണ്. ഒരു സംസ്കൃത നാടകമാണ്. ഭീമനായാണ് ഞാന്‍ അഭിനയിക്കുന്നത്.

ഇപ്പോഴും നാടകത്തില്‍ അഭിനയിക്കുന്നു എന്ന് അറിയുമ്പോള്‍ അത് അത്ഭുതമാണ്. ‘ഉപ്പും മുളകും’ നമുക്ക് കാണിച്ചു തരുന്നത് ക്യാമറ, ക്രൂ ഇങ്ങനെ ഒന്നും തന്‍റെ മുന്നിലില്ല എന്ന വിചാരത്തോടെ വളരെ അനായാസേന, റിയലിസ്റ്റിക്ക് ആയ രീതിയിൽ അഭിനയിക്കുന്ന ബിജുവിനെയാണ്. നാടകം തികച്ചും വ്യത്യസ്തമാണ്. ഇതെങ്ങനെ സാധിക്കുന്നു?

ഞാൻ അടിസ്ഥാനപരമായി ഒരു തീയറ്റർ ആർട്ടിസ്റ്റാണ്. ഏറ്റവും അധികം സ്നേഹിക്കുന്നതും നാടകത്തെ തന്നെയാണ്. പക്ഷെ നാടകം വേറെ സീരിയൽ-സിനിമ വേറെ എന്നൊരു ചിന്ത മനസ്സിലെപ്പോഴും ഉണ്ട്. അതുകൊണ്ടായിരിക്കാം സ്വാഭാവികമായ രീതിയിൽ സ്‌ക്രീനിലെത്താൻ കഴിയുന്നത്. അല്ലാതെ അതിനു വേണ്ടി ഒരിക്കലും പ്രത്യേക തയ്യാറെടുപ്പുകളൊന്നും നടത്തിയിട്ടില്ല. നാടകത്തെക്കുറിച്ചു പറഞ്ഞാൽ, ഏറ്റവും പിറകിൽ ഇരിക്കുന്നവർക്കു പോലും വ്യക്തമായ രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കണം, ആശയവിനിമയം ചെയ്യപ്പെടണം എന്നുള്ളത് കൊണ്ട് എല്ലാം ഒരൽപ്പം കൂടിയ അളവിൽ അവതരിപ്പിക്കണം. വികാരങ്ങളൊക്കെ ഒന്ന് തന്നെയാണെങ്കിലും, അവതരിപ്പിക്കുന്ന ശൈലിയിൽ മാറ്റമുണ്ട്. പല തരത്തിലുള്ള നാടകങ്ങളുണ്ട്. വിദേശ നാടുകളിലൊക്കെ കാണാൻ കഴിയും അവയുടെ പല മുഖങ്ങൾ. ചൈനയിലും, ജപ്പാനിലുമൊക്കെ അവിടത്തെ ആചാരങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന നാടകങ്ങളുണ്ട്. സ്റ്റേജ് നാടകങ്ങളെക്കുറിച്ച് മാത്രമേ നമ്മളില്‍ പലർക്കും അറിവുള്ളൂ. ആ ഒരു മേഖലയിൽ നമ്മുടെ നാട്ടിൽ ഏറ്റവും വലിയ വിപ്ലവം കൊണ്ടു വന്ന ആളുകളാണ് ശങ്കരപ്പിള്ള സാറും, കാവാലം നാരായണപ്പണിക്കർ സാറും. അതിൽ കാവാലം സാറിന്റെ ശിഷ്യനാകാൻ സാധിച്ചു എന്നതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം.

കാവാലം നാരായണപ്പണിക്കർ സാറിന്റെ ശിഷ്യൻ എന്ന നിലയിൽ അദ്ദേഹത്തിൽ നിന്നും എന്തൊക്കെ പഠിക്കാൻ സാധിച്ചു? അതിനെക്കുറിച്ചും, അദ്ദേഹവുമായുള്ള ബന്ധത്തെക്കുറിച്ചും ഒന്ന് വിവരിക്കാമോ?

അയ്യോ, അത് ചുരുങ്ങിയ വാക്കുകളിൽ പറയാൻ പറ്റിയ വിഷയമല്ല. ഞാൻ ഏതാണ്ട് 22 വർഷത്തോളം സാറിന്റെയൊപ്പം ഉണ്ടായിരുന്നു. മറ്റൊന്നിലും ശ്രദ്ധ കൊടുക്കാതെ നാടകത്തെ പൂര്‍ണ്ണമായും സ്നേഹിച്ച്, ഉള്‍ക്കൊണ്ടായിരുന്നു അത്രയും കാലം സാറിന്റെ ഒപ്പം ഉണ്ടായിരുന്നത്. സാറിന് സീരിയല്‍, മറ്റു ബന്ധപ്പെട്ട കാര്യങ്ങള്‍, ഇവയോടൊന്നും ഒരു താല്‍പ്പര്യവുമില്ല. അതു കൊണ്ടു തന്നെ സാറിന്‍റെയൊപ്പം നില്‍ക്കുമ്പോള്‍ എനിക്കും അത്തരം ആഗ്രഹങ്ങളൊന്നും മനസ്സില്‍ തോന്നിയിട്ടില്ല. സാറിന്‍റെ മരണം സംഭവിക്കുന്നതിനും രണ്ടോ മൂന്നോ മാസങ്ങള്‍ക്കു മുന്‍പാണ് എനിക്ക് ‘ഉപ്പും മുളകും’ എന്ന സീരിയലില്‍ അവസരം വരുന്നത്. അതും അടുത്ത കൂട്ടുകാരുടെ നിര്‍ബന്ധം കൊണ്ടു മാത്രമാണ് ഞാന്‍ ആ ഏരിയയിലേക്ക് തിരിയാന്‍ കാരണം. എന്നാലും അത് സാറിന്‍റെ അനുഗ്രഹത്തോടെ തന്നെയാണ് നടന്നത്. എനിക്ക് അദ്ദേഹം തന്നിട്ടുള്ള ഏറ്റവും വലിയ ഉപദേശം, ‘ത്യജിച്ച് ഭുജിക്കുക’ എന്നതാണ്.എന്തെങ്കിലുമൊക്കെ ഉപേക്ഷിച്ചാല്‍ മാത്രമേ വേറെ ചിലതൊക്കെ നേടാന്‍ കഴിയൂ. സരസ്വതീ ദേവിയെ ഉപാസിക്കൂ, ലക്ഷ്മീ ദേവി താനേ നമ്മളിലേക്ക് വന്നു കൊള്ളുമെന്നും സാര്‍ പറയാറുണ്ട്‌. അത് അന്നും, ഇന്നും, ഇനിയെന്നും മനസ്സില്‍ മായാതെ സൂക്ഷിക്കുന്നുണ്ട്. കാശിനു വേണ്ടി മാത്രം ജോലി ചെയ്യുന്ന ശീലം എന്നില്‍ ഇല്ലാതെ പോയതിനും സാര്‍ തന്നെയാണ് കാരണം. അവസാനകാലത്ത് സാര്‍ എന്നെ അടുത്ത് വിളിച്ചു പറഞ്ഞു, ‘നീ പഠിച്ചതൊന്നും പാഴായിട്ടില്ല’ എന്ന്.

സാധാരണ ആരായാലും സീരിയലുകളിലും മറ്റും നന്നായി തിളങ്ങുന്ന ഒരു സാഹചര്യം വന്നാൽ അവരുടെ അടുത്ത ലക്‌ഷ്യം സിനിമയാണ്. മിനി സ്‌ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലേക്ക് വലിയൊരു മാറ്റം തന്നെ അവരുടെ ജീവിതത്തിൽ ഉണ്ടാകും. എന്താണ് ബിജുവിനെ അക്കൂട്ടരുടെ ഒപ്പം കാണാത്തത്?

നാടകമായാലും, സീരിയലായാലും, സിനിമയായാലും ഏറ്റവും വലിയ ലക്‌ഷ്യം അഭിനയിക്കുക എന്നത് തന്നെയാണ്. എനിക്ക് ഒന്നിനോടും ഇഷ്ടക്കേടില്ല. സീരിയൽ – സിനിമാ മേഖലയിൽ ഞാൻ വെറുമൊരു തുടക്കക്കാരനാണ്. ഒരുപാട് മഹാരഥന്മാർ വെട്ടിത്തെളിച്ച പാതയിലൂടെ ഏറ്റവും പിറകിൽ നിന്നും നടക്കുന്ന ഒരാൾ മാത്രമാണ് ഞാൻ. എന്നാലും എനിക്ക് എന്റേതായ ചിന്തകളും, പദ്ധതികളുമുണ്ട്. ഒരുപാട് സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. രാജമാണിക്യം, ഭാർഗവ ചരിതം മൂന്നാം ഖണ്ഡം തുടങ്ങി ചില സിനിമകളിൽ എന്നെ സ്‌ക്രീനിൽ കാണാൻ കഴിയും. ആഗ്രഹങ്ങളുണ്ട്, പക്ഷെ അതിനു വേണ്ടി വ്യക്തിത്വം കളഞ്ഞ് പരക്കം പായാൻ മനസ്സ് ഒരിക്കലും അനുവദിക്കില്ല. ‘കെയർ ഓഫ് സൈറ ബാനു’ എന്ന സിനിമയിൽ വളരെ നല്ലൊരു റോൾ കിട്ടി. അത് നന്നായി രസിച്ചു തന്നെ ചെയ്യാൻ കഴിഞ്ഞു. അത്തരത്തിലുള്ള ഓഫറുകളാണ് ഇനിയും സിനിമയിൽ നിന്നും പ്രതീക്ഷിക്കുന്നത്.

ബിജു സോപാനത്തെ ഉറ്റു നോക്കുന്ന ഒരുപാട് അഭിനേതാക്കൾ ഇന്ന് നമ്മുടെ ഇൻഡസ്ട്രിയിൽ ഉണ്ടെന്നാണ് കേട്ടു കേൾവി. ആ അഭിനയശൈലി പലർക്കും ഇഷ്ടപ്പെടുന്നു. എന്നാൽ ബിജു സോപാനം ആരാധനയോടെ നോക്കിക്കാണുന്നത് ആരെയാണ്? ഏറെ ഇഷ്ടമുള്ള അഭിനേതാക്കൾ ആരൊക്കെയാണ്?

(ചിരിക്കുന്നു). അങ്ങനെ ആരാധന എന്നൊന്നില്ല. പക്ഷെ, ഞാൻ ഏറ്റവും അധികം അടുത്ത് ഇടപഴകിയതും, നാടകത്തിലൂടെ ഏറെ അടുത്തതും ഭരത് ഗോപി എന്ന ഗോപി ചേട്ടനുമായാണ്. അദ്ദേഹത്തോട് എനിക്ക് വല്ലാത്തൊരു ആത്മബന്ധമുണ്ടായിരുന്നു. നെടുമുടി വേണു ചേട്ടനോടും ഏറ്റവും അടുത്ത ഹൃദയ ബന്ധം ഉണ്ടെങ്കിലും ഗോപി ചേട്ടനെ എനിക്ക് ഏറെ ജീവനായിരുന്നു. അദ്ദേഹം ഒരുപാട് ഉപദേശങ്ങൾ തന്നിട്ടുണ്ട്. സോപാനം ട്രൂപ്പുമായി ബന്ധപ്പെട്ട് ഒരുപാട് കാലം അദ്ദേഹത്തിന്‍റെ ഒപ്പം കൂടാന്‍ എനിക്ക് അവസരം ലഭിച്ചു. അദ്ദേഹമാണ് നാടകം വേറെ, ഈ പറഞ്ഞ സീരിയല്‍-സിനിമാ വേറെ എന്ന രീതിയില്‍ അഭിനയത്തെ വ്യത്യസ്തമായി കാണാന്‍ എന്നെ പഠിപ്പിച്ചത്. പിന്നെ, പലരും പറയുന്നത് പോലെ ഞാന്‍ ഒരിക്കലും സീരിയലുകളെ കുറ്റം പറയാറില്ല, കളിയാക്കാറുമില്ല. കാരണം, പണ്ട് ദൂരദര്‍ശനിലെ ‘കൈരളീ വിലാസം ലോഡ്ജ്”, ‘ബുനിയാദ്’, ‘മാല്‍ഗുഡി ഡേയ്സ്’ ഒക്കെ കണ്ടു തന്നെയാണ് ഞാനും വളര്‍ന്നത്. ആ ഇഷ്ടം ഇന്നും മനസ്സിലുണ്ട്.

രണ്ടു കുടുംബത്തെക്കുറിച്ചും ഒന്ന് പറയാമോ? യഥാര്‍ത്ഥ ജീവിതത്തിലെ കുടുംബം, പിന്നെ ‘ഉപ്പും മുളകും’ സീരിയലിലെ കുടുംബം?

(ചിരിക്കുന്നു) യഥാര്‍ത്ഥ ജീവിതത്തിലെ കുടുംബം, ഭാര്യ ലക്ഷ്മി, മകള്‍ ജ്യോതിലക്ഷ്മി, അവള്‍ നാലാം ക്ലാസില്‍ പഠിക്കുന്നു. താമസം തിരുവനന്തപുരം നെട്ടയത്താണ്. പിന്നെ സീരിയലിലെ കുടുംബം, നിഷയാണ് എന്‍റെ ഭാര്യയായിട്ട് അഭിനയിക്കുന്നത്. കുട്ടികള്‍ നാലു പേരെ അറിയാമല്ലോ. നിഷയെ ആദ്യമായിട്ട് കാണുന്നതു തന്നെ ‘ഉപ്പും മുളകും’ ഓഡിഷനില്‍ വച്ചാണ്. തമ്മില്‍ നേരത്തേ അറിയാത്തതു കൊണ്ട് നിങ്ങള്‍ക്കു തമ്മില്‍ നല്ല രീതിയില്‍ സിങ്ക് ആയി അഭിനയിക്കാന്‍ കഴിയും എന്ന് സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ സാര്‍ പറഞ്ഞു. ആ ഒരു ധൈര്യത്തിലാ ഇങ്ങനെ പോകുന്നത്. എനിക്ക് ഏറ്റവും കൂടുതല്‍ കടപ്പാടുള്ളത് ഉണ്ണികൃഷ്ണന്‍ സാറിനോടും, ശ്രീകണ്ഠന്‍ നായര്‍ സാറിനോടുമാണ്. ബാക്കി എല്ലാവരും എന്‍റെ വളരെ അടുത്ത സുഹൃത്തുക്കളാണ്. രചന നിര്‍വ്വഹിക്കുന്ന സുരേഷ് ബാബു, കൂടെ അഭിനയിച്ചിരുന്ന ശ്രീകുമാര്‍ തുടങ്ങി എല്ലാവരും എന്‍റെ കുടുംബാംഗങ്ങളെ പോലെ തന്നെയാണ്.

ഒടുവിലായി ഒരു ചോദ്യം, എന്താണ് ഭാവിയെക്കുറിച്ചുള്ള ചിന്ത അല്ലെങ്കില്‍ ആഗ്രഹം?

നല്ല ചോദ്യം. ആഗ്രഹം എന്നൊന്നില്ല. മറ്റുള്ളവരെ ദ്രോഹിക്കുകയോ, ആര്‍ക്കെങ്കിലും ദോഷം വരുത്തുകയോ ഒന്നും ചെയ്യാത്തതു കൊണ്ട് എനിക്കുള്ളത് എന്നെത്തേടി വരും എന്ന് വിശ്വസിക്കുന്നു. ഇപ്പോള്‍ ഉപ്പും മുളകിനുമൊപ്പം 3 സിനിമകളിലും അഭിനയിക്കുകയാണ്. ഷജീർ സംവിധാനം ചെയ്യുന്ന ‘ലച്ച് മീ’, ജീൻ മാർക്കോസിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമൂടിനൊപ്പം ഞാന്‍ അഭിനയിക്കുന്ന ‘കുട്ടന്‍ പിള്ളയുടെ ശിവരാത്രികള്‍’, പിന്നെ ‘ഇവിടെ ഈ നഗരത്തില്‍’ എന്നൊരു ചിത്രം. അതില്‍ പ്രധാനമായിട്ടു പറയാനുള്ളത്, ഞാന്‍ ജഡ്ജി ഗോവിന്ദപ്പിള്ളയായിട്ടാണ് അഭിനയിക്കുന്നത്. ഇത്രയുമാണ് ഇപ്പോഴത്തെ വിശേഷങ്ങള്‍.

സുരേഷ് കുമാര്‍ രവീന്ദ്രന്‍

 

 

shortlink

Related Articles

Post Your Comments


Back to top button