NEWS

മണ്ണപ്പം ചുട്ടു നടന്ന കാലത്തേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്ന ‘മരുഭൂമിയിലെ ആന’

ബിജു മേനോന്‍ വീണ്ടും നായകനായെത്തുന്ന പുതിയ ചിത്രം “മരുഭൂമിയിലെ ആന” പ്രദര്‍ശനത്തിനൊരുങ്ങുന്നു. ചിരിയുടെ പൊടിപൂരവുമായെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വി.കെ പ്രകാശാണ്.

ഗള്‍ഫില്‍ നിന്ന് ഒരു മലയാളി യുവാവും അറബിയും നാട്ടിലെത്തുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രം പറയുന്നത് . അറബിയായി ബിജുമേനോനും, യുവാവായി പ്രേമം ഫെയിം കൃഷ്ണശങ്കറും വേഷമിടുന്നു. നായികായി സംസ്കൃതി ഷേണായ് വേഷമിടുന്നു. ഒരു പ്രണയവും അതിന്റെ ലക്ഷ്യപ്രാപ്തിയുമാണ്‌ ചിത്രത്തിന്റെ ഇതിവൃത്തം.

ഇതിനോടകം പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ട് ഗാനങ്ങളും ട്രെയിലറും വന്‍ ഹിറ്റായിക്കഴിഞ്ഞു. ‘ആടുപുലിയാട്ടം’ എന്ന ചിത്രത്തിലൂടെ വന്‍ തിരിച്ചുവരവ് നടത്തിയ സംഗീത സംവിധായകന്‍ രതീഷ്‌വേഗ ‘മരുഭൂമിയിലെ ആന’യിലൂടെ സംഗീതതേന്മഴ പെയ്യിക്കുകയാണ്.

ആദ്യം പുറത്തിറങ്ങിയ വിജയ്‌ യേശുദാസ് ആലപിച്ച ” സ്വര്‍ഗം പുലരും പുതുദിനം” എന്ന് തുടങ്ങുന്ന ഗാനം ആസ്വാദകര്‍ ഏറ്റെടുത്തു കഴിഞ്ഞു. യൂട്യൂബില്‍ റിലീസ് ചെയ്ത വീഡിയോ ഗാം ഇതിനോടകം നാല് ലക്ഷത്തോളം പേരാണ് കണ്ടത്. കഴിഞ്ഞദിവസം റിലീസ് ചെയ്ത, എഫ്.എമ്മുകളില്‍ ഹിറ്റായി മാറിയ “മണ്ണപ്പം ചുട്ടുകളിച്ചൊരുകാലം” എന്ന് തുടങ്ങുന്ന ഗാനവും പ്രേക്ഷകഹൃദയങ്ങള്‍ ഏറ്റുവാങ്ങിയിരിക്കുകയാണ്. ഗൃഹാതുരതയുടെ ഈണവുമായെത്തുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഭാവഗായകന്‍ പി.ജയച്ചന്ദ്രനാണ്. ആടുപുലിയാട്ടത്തിലെ ‘വാള്‍മുന കണ്ണിലെ…’ എന്ന ഹിറ്റ്‌ ഗാനത്തിന് ശേഷം പി.ജയചന്ദ്രന്‍-രതീഷ്‌ വേഗ കൂട്ടുകെട്ടിലെത്തിയ ഈ ഗാനവും ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടംപിടിച്ചു കഴിഞ്ഞു.പഞ്ചിംഗ് ഇല്ലാതെ ഒറ്റ ടേക്കിലാണ് മലയാളികളുടെ ഭാവാഗായകന്‍ ഈ ഗാനം പാടിയിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ബി.കെ.ഹരിനാരായണന്റെതാണ് വരികള്‍.

ആദ്യഗാനത്തിന് പിന്നാലെ ചിരിയുടെ മാലപ്പടക്കവുമായെത്തിയ ചിത്രത്തിന്റെ ട്രെയിലറും ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ വാനോളമുയര്‍ത്തുന്നു. ബിജുമേനോന്‍, കൃഷ്ണശങ്കര്‍ എന്നിവര്‍ക്ക് പുറമേ ലാലു അലക്സ്, സംസ്‌കൃതി ഷേണായി, പാഷാണം ഷാജി, ഹരീഷ് കണാരന്‍, ഇര്‍ഷാദ്, സുനില്‍ സുഖദ, നെല്‍സണ്‍, മഹേഷ്, ബിന്ദുപണിക്കര്‍, റോസ്ലിന്‍ റോഷ് സി., അരുണ്‍ഘോഷ്, മാമുക്കോയ, ബാലു വര്‍ഗീസ്, സംവിധായകന്‍ മേജര്‍ രവി എന്നിവരും ദോഹയിലെ കലാകാരന്മാരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

നിരവധി നര്‍മമുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് വൈ.വി രാജേഷാണ്. കഥ ശരത്ചന്ദ്രന്‍ വയനാടിന്റെതാണ്‌. ഡേവിഡ് കാച്ചപ്പിള്ളി ഫിലിംസിന്റെ ബാനറില്‍ ഡേവിഡ് കാച്ചപ്പിള്ളി നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മകന്‍ അജയ് ഡേവിഡ് കാച്ചപ്പിള്ളി നിര്‍വഹിച്ചിരിക്കുന്നു. ചിത്രസംയോജനം വി.സാജനും കലാസംവിധാനം സുജിത് രാഘവും നിര്‍വഹിക്കുന്നു. ഖത്തറിലെ ദോഹയിലും, ഇരിങ്ങാലക്കുടയിലും തൃശൂരിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ‘മരുഭൂമിയിലെ ആന’ ഉടന്‍ ചാന്ദ് വി ക്രീയേഷന്‍സ് കേരളത്തിലെ തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കും.

shortlink

Related Articles

Post Your Comments


Back to top button