Movie Reviews

പ്രേക്ഷകരോട് കൂട്ട് കൂടുന്ന ആന്‍മരിയ

പ്രവീണ്‍.പി നായര്‍ 

ഓംശാന്തി ഓശാന’ എന്ന ചിത്രത്തിലൂടെ രചയിതാവായി കടന്നു വന്ന മിഥുന്‍ മാനുവല്‍ തോമസിന്‍റെ രണ്ടാമത്തെ സംവിധാന സംഭരംഭമാണ് ‘ആന്‍മരിയ കലിപ്പിലാണ്’ എന്ന ചിത്രം. ‘ആട് ഒരു ഭീകര ജീവിയാണ്’ എന്ന മിഥുന്‍ മാനുവല്‍ തോമസിന്‍റെ ആദ്യ ചിത്രം തീയേറ്ററില്‍ പ്രേക്ഷകര്‍ക്ക് ദഹിക്കാതെ പോകുകയും മിനി സ്ക്രീനില്‍ വന്നപ്പോള്‍ പ്രേക്ഷകര്‍ക്ക് സിനിമയോടുള്ള പ്രീതി വര്‍ദ്ധിക്കുകയും ചെയ്തിരുന്നു. ഇവിടെ അത്തരമൊരു ആവര്‍ത്തനം നടക്കാതിരിക്കട്ടെ.

ആന്‍മരിയ എന്ന നാലാം ക്ലാസ്സുകാരിയെ മുന്‍ നിര്‍ത്തി പറയുന്ന സിനിമയാണ് ‘ആന്‍മരിയ കലിപ്പിലാണ്’ എന്ന ചിത്രം. തന്‍റെ സ്കൂളുമായി ബന്ധപ്പെട്ട് ആന്‍മരിയ എന്ന കുട്ടി കഥാപാത്രത്തിന് നേരിടേണ്ടി വരുന്ന മനോവിഷമത്തില്‍ നിന്ന് തുടങ്ങുകയാണ് സിനിമയുടെ സഞ്ചാരം. ആന്‍മരിയയ്ക്ക് ഉണ്ടാകുന്ന ആ മനോവിഷമത്തിന് കാരണക്കാരന്‍ അവളുടെ സ്കൂളിലെ അദ്ധ്യാപകന്‍ തന്നെയാണ്. അയാളോട് പകരം വീട്ടണം എന്ന ആന്‍മരിയയുടെ വാശിയാണ് സിനിമയുടെ ഉള്ളടക്കം. അച്ഛനമ്മമാരുടെ വേര്‍പിരിയല്‍ വാര്‍ത്ത അറിയുന്നതും അവളുടെ മനസ്സു നീറുന്നതുമൊക്കെ സിനിമയുടെ മര്‍മ്മ രംഗങ്ങളാണ്.

തന്നിലെ കുഞ്ഞു മനസ്സ് വേദനിപ്പിച്ച അദ്ധ്യാപകനെ ഇടിച്ചൊതുക്കാന്‍ ആന്‍മരിയ എന്ന മാലാഖ കുട്ടി വാടക ഗുണ്ടയെ തേടി കൂട്(വീട്) പൊട്ടിച്ചു പുറത്ത് ഇറങ്ങുകയാണ്. വളരെ ലളിതമായ ഒരു കഥന രീതിയെ ഉന്നതി കാട്ടുന്ന ആസ്വാദനമാക്കി മാറ്റാന്‍ ഇതിന്‍റെ അണിയറ ടീം നന്നായി തന്നെ പരിശ്രമിച്ചിട്ടുണ്ട്.

സിനിമയുടെ മുന്നിലേക്ക്‌ എത്തിയതാണ് ഇവിടെ ഇരിക്കുന്ന നമ്മളിലെ ഓരോ പ്രേക്ഷകരും. ആ സിനിമ നമുക്ക് നല്‍കേണ്ടത് എന്താണ്? രണ്ട് രണ്ടര മണിക്കൂര്‍ ഉല്ലസിക്കാനുള്ള വക തരണം. ഭൂരിഭാഗം പ്രേക്ഷകരും ഇത്തരമൊരു ചിന്തയോടെയാണ് സിനിമ എന്ന കലയെ സമീപിക്കാറുള്ളത്. മനസ്സിന് ഉണര്‍വ്വ് ഉണ്ടാക്കുന്ന ഉല്ലാസം തന്നെയാണ് ‘ആന്‍മരിയ കലിപ്പിലാണ്’ എന്ന ചിത്രം.

നര്‍മം എന്ന ചിന്ത ഉള്ളിലുണര്‍ന്നാല്‍ അശ്ലീലം തിരുകണം എന്ന ചിന്ത മനസ്സില്‍ വരുന്നവര്‍ക്കുള്ള കരണത്തടിയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന നല്ല നുറുങ്ങു തമാശകള്‍. കുട്ടിത്വം കുന്നോളം അലങ്കരിച്ചെടുത്ത നല്ലൊരു നേരംപോക്ക് ചിത്രം എന്നതിനപ്പുറം നല്ലൊരു സന്ദേശം സിനിമയില്‍ ഉള്‍ക്കൊള്ളിക്കാനും ആന്‍മരിയ ടീമിന് കഴിഞ്ഞിട്ടുണ്ട്. കുഞ്ഞു മനസ്സിലും മുതിര്‍ന്ന മനസ്സിലും ഒരു പോസിറ്റിവ് എനര്‍ജി സന്നിവേശിപ്പിക്കാന്‍ ഈ ചിത്രത്തിന് സാധിച്ചിട്ടുമുണ്ട്. കുട്ടികള്‍ക്ക് കൊടുക്കേണ്ട സ്നേഹവും, സംരക്ഷണവുമൊക്കെ അവര്‍ക്ക് അച്ഛനമ്മമാരില്‍ നിന്ന് കിട്ടിയിരിക്കണം. അകലെ നിന്ന് ഫോണിലൂടെ വാനോളം സ്നേഹം പകര്‍ന്നു നല്‍കിയാലും അടുത്തിരുന്നു തലോടി ഉമ്മവെച്ചു സ്നേഹിക്കുന്നതിനു തുല്യമാവില്ല ഒന്നും. അത്തരത്തിലുള്ള നല്ല സന്ദേശങ്ങളൊക്കെ ഈ സിനിമയിലൂടെ പങ്കുവച്ചിരിക്കുന്നത് പ്രശംസനീയമാണ്. ചെറുതായാലും വലുതായാലും കുഞ്ഞു മനസ്സുകളിലെ ആഗ്രഹം പല അച്ഛനമ്മമാരും പരിഗണിക്കാറില്ല.
ഇതില്‍ സിദ്ധിക്ക് എന്ന നടന്‍ അവതരിപ്പിച്ച കഥാപാത്രം തന്‍റെ മകളെക്കുറിച്ച്‌ പറയുന്ന ഒരു രംഗമുണ്ട് . വളരെ ഹൃദയസ്പര്‍ശിയായ ഒരു സീനായിരുന്നു അത് . മക്കളുടെ ചെറിയ ആഗ്രഹങ്ങള്‍ പോലും സാധിച്ചു കൊടുക്കാന്‍ കഴിയാത്ത അച്ഛനമ്മമാരുടെ മനസ്സില്‍ ആ രംഗം ആഴത്തില്‍ പതിക്കും എന്നത് തീര്‍ച്ചയാണ്. മിഥുന്‍ മാനുവല്‍ തോമസിന്‍റെ ‘ആന്‍മരിയ കലിപ്പിലാണ്’ എന്ന ചിത്രം ഈ വര്‍ഷത്തെ നല്ല ചിത്രങ്ങളുടെ ഗണത്തിലേക്ക് തീര്‍ച്ചയായും ചേര്‍ത്തുവെക്കാം.

‘പൂര്‍ണത കൈവരിച്ച സംവിധാന ശൈലി’

വളരെ മികവോടെയാണ് മിഥുന്‍ മാനുവല്‍ ചിത്രത്തെ സ്ക്രീനില്‍ എത്തിച്ചത്. കഥാ രീതിക്ക് അത്രത്തോളം യോജിക്കും വിധമായ സംവിധാന ശൈലിയോടെ മിഥുന്‍ മാനുവലിലെ സംവിധായകന്‍ ഉദിച്ചു നില്‍ക്കുന്നു. ഒട്ടും മുഷിവുണ്ടാക്കാത്ത തരത്തിലെ ഈ ആവിഷ്കാര ശൈലി തുടര്‍ സിനിമകളിലും പിടി കൂടട്ടെയെന്നു ആത്മാര്‍തമായി ആശംസിക്കുന്നു.

‘തിരക്കഥ ലളിതം സുന്ദരം’

വളരെ ലഘുവായ കഥയില്‍ നല്ല നല്ല സന്ദര്‍ഭങ്ങള്‍ തുന്നി കെട്ടി മോശമല്ലാത്ത ഒരു തിരക്കഥ പരുവപ്പെടുത്തിയ മിഥുന്‍ മാനുവലിനും കൂടെയുള്ള പങ്കാളിക്കും ഇനിയും നല്ല നര്‍മ്മമുള്ളതും, സന്ദേശമുള്ളതുമായ സിനിമകള്‍ രചിക്കാന്‍ കഴിയട്ടെ.

‘അഭിനയത്തില്‍ മാലഖയായി ആന്‍മരിയ’

‘ദൈവതിരുമകള്‍’ എന്ന ചിത്രത്തിലൂടെ നമ്മുടെയൊക്കെ മനസ്സില്‍ സ്ഥാനം ഉറപ്പിച്ച കൊച്ചു മിടുക്കിയാണ് ബേബി സാറ. ‘ആന്‍മരിയ’ എന്ന കഥാപാത്രത്തെയും ബേബി സാറ അഴകുള്ളതാക്കി. ആന്‍മരിയയുടെ നോട്ടം, ചിരി, നൊമ്പരം അങ്ങനെ ഓരോ ഭാവങ്ങളും പ്രേക്ഷകന്‍റെ ഉള്ളില്‍ തങ്ങി നില്‍ക്കുന്നുണ്ട്.ഉള്ളു തുറന്നു പറഞ്ഞാല്‍ ആന്‍മരിയയുടെ പെര്‍ഫോമന്‍സ് നല്ല കലിപ്പായിരുന്നു.
തുടര്‍ന്നും മലയാള സിനിമകളില്‍ ഓമനത്വം തോന്നുന്ന ബേബി സാറയുടെ മുഖം കാണാന്‍ മലയാളീ പ്രേക്ഷകര്‍ക്ക് ഭാഗ്യമുണ്ടാകട്ടെ.

‘മറ്റുള്ളവരുടെ പ്രകടനങ്ങള്‍’

പൂമ്പാറ്റ ഗിരീഷായി എത്തിയ സണ്ണിവെയ്ന്‍റെ കഥാപാത്രം സിനിമയുടെ ഊര്‍ജമായിരുന്നു. വളരെ മികച്ച രീതിയില്‍ തന്നെ സംവിധായകന്‍ ഈകഥാപാത്രത്തെ സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്. യുവ പ്രേക്ഷകര്‍ക്ക് വളരെ ഇഷ്ടമുള്ള നടനാണ് സണ്ണിവെയിന്‍. അയാളുടെ അഭിനയ ശൈലിയോട് യുവമനസ്സുകള്‍ക്ക് എന്തോ കൂടുതലായി ഒരു അടുപ്പമുണ്ട്. സണ്ണിവെയിനിലെ നടന്‍ അത് അടി തെറ്റാതെ കാത്തുസൂക്ഷിച്ചിട്ടുമുണ്ട്‌. ഇപ്പോഴത്തെ മിക്ക സിനിമകളുടെയും നട്ടെല്ലായി നിലകൊള്ളുന്ന അജുവര്‍ഗീസും പ്രേക്ഷകനെ നല്ല നര്‍മം കാട്ടി കയ്യിലെടുക്കുന്നുണ്ട്. ചിത്രത്തിലെ മറ്റ് കുട്ടിപടകളും സ്വഭാവിക ശൈലിയില്‍ തന്നെ തങ്ങളുടെ ഭാഗം അഭിനയിച്ചു തീര്‍ത്തിട്ടുണ്ട്. സിദ്ധിക്ക് എന്ന നടന്‍റെ അഭിനയവും മനസ്സിനെ സ്പര്‍ശിക്കുന്നതായിരുന്നു,
സിനിമയുടെ അന്ത്യത്തിലെ ദുല്‍ഖറിന്‍റെ വരവും സിനിമയ്ക്ക് നന്നായി ഗുണം ചെയ്തിട്ടുണ്ട്.

വിഷ്ണു ശര്‍മ്മയുടെ സിനിമോട്ടോഗ്രഫി മികച്ചനിലവാരം പുലര്‍ത്തി. ഷാന്‍ റഹ്മാന്‍റെ ഗാനം ശരാശരി നിലവാരം പുലര്‍ത്തിയപ്പോള്‍ ലിജോ പോളിന്‍റെ ചിത്രസംയോജനം വളരെ മികച്ചു നിന്നു. സിനിമയുടെ ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും മികച്ചതായി അനുഭവപ്പെട്ടു.

കുട്ടികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന ഇത്തരം ചിത്രങ്ങള്‍ വളരെ നല്ലത് തന്നെ പക്ഷേ സമ്പന്നര്‍ക്കിടയിലെ കുട്ടികളുടെ മോഹങ്ങളും സ്വപ്നങ്ങളും മാത്രമേ പല സിനിമക്കാരുടെയും കണ്ണില്‍പ്പെടുന്നുള്ളൂ. അച്ഛനമ്മമാരുടെ സ്നേഹവും സംരക്ഷണവും വേണ്ട രീതിയില്‍ ലഭിക്കാത്ത സാധാരണ കുടുംബത്തിലുള്ള കുരുന്നുകളുടെ കഥയും ആരെങ്കിലുമൊക്കെ പറയാന്‍ ശ്രമിക്കണം. സര്‍ക്കാര്‍/ മാനേജ്മെന്‍റ് സ്കൂളുകളില്‍  പഠിക്കുന്ന കുട്ടികളുടെ  കഥ കൂടി സിനിമയായി വരണം.

സി ബി എസ് ഇ , ഐ സി എസ് ഇ സിലബസ് പഠിക്കുന്ന കുട്ടികളെ മാത്രമേ  ഇന്നത്തെ  മലയാള  സിനിമയില്‍ കാണാന്‍ കിട്ടുന്നുള്ളൂ.

shortlink

Related Articles

Post Your Comments


Back to top button