Movie Reviews

ഈ ‘ഒപ്പം’ ഇനി പ്രേക്ഷകര്‍ക്കൊപ്പം

പ്രവീണ്‍.പി നായര്‍

 

‘ഗീതാഞ്ജലി’ എന്ന ചിത്രത്തിന് ശേഷം പ്രിയദര്‍ശന്‍ – മോഹന്‍ലാല്‍ ടീം ഒരുമിക്കുന്ന ചിത്രമാണ് ‘ഒപ്പം’. ഈ പഴയ കൂട്ടുകെട്ട് നീണ്ട ഇടവേളയ്ക്ക് ശേഷം തിരികെയെത്തിയ ചിത്രമായിരുന്നു ‘അറബിയും ഒട്ടകവും പി മാധവന്‍ നായരും’. പ്രേക്ഷകരെ ഈ ചിത്രം മുഷിവുണ്ടാക്കാത്ത തരത്തില്‍ രസിപ്പിച്ചിരുന്നു. അതിന്‍റെ ഒരു ആവേശത്തിലും ധൈര്യത്തിലാണ് പ്രിയന്‍ വീണ്ടും മോഹന്‍ലാലുമായി കൈകോര്‍ത്തത്. ‘മണിച്ചിത്രത്താഴി’ലെ സണ്ണി എന്ന കഥാപാത്രത്തെ വീണ്ടും ബിഗ്‌ സ്ക്രീനില്‍ എത്തിച്ചു കയ്യടി നേടാന്‍ ശ്രമിച്ച പ്രിയനും കൂട്ടര്‍ക്കും കാലിടറി. ‘ചാരുലത’യിലും, ‘നാദിയ കൊല്ലപ്പെട്ട രാത്രി’യിലുമൊക്കെ പറഞ്ഞ അതേ പ്രമേയം തന്നെ പ്രിയദര്‍ശന്‍ ‘ഗീതാഞ്ജലി’യില്‍ തിരുകിയപ്പോള്‍ പ്രേക്ഷകര്‍ക്ക് അതൊരു കല്ലുകടിയായി മാറി.  ‘ഗീതാഞ്ജലി’ എന്ന ചിത്രത്തെ പ്രേക്ഷകര്‍ ഒന്നടങ്കം അവഗണിക്കുകയും ചെയ്തു. ‘ഗീതാഞ്ജലി’യുടെ കയ്പ്പേറിയ അനുഭവത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട പ്രിയദര്‍ശന്‍ മോഹന്‍ലാലിനൊപ്പം വീണ്ടും തിരികെയെത്തുകയാണ്. ഈ ഓണക്കാലമാമായിരുന്നു പ്രിയദര്‍ശന്‍ അതിനായി തെരഞ്ഞെടുത്തത്.

സ്ഥിരം പ്രിയന്‍ സിനിമ പോലെ നര്‍മത്തിലൂടെ പറഞ്ഞു പോകുന്ന സിനിമയല്ല ‘ഒപ്പം’. ത്രില്ലര്‍ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്ന ‘ഒപ്പം’ ഫാമിലിയെ തീയേറ്ററില്‍ എത്തിക്കാനുള്ള ശ്രമവും മുന്നില്‍ വയ്ക്കുന്നുണ്ട്‌. ഗോവിന്ദ് വിജയ്‌ എന്ന മറ്റൊരു വ്യക്തിയുടെ കഥയ്ക്കാണ് പ്രിയന്‍ ഇത്തവണ തൂലിക ചലിപ്പിച്ചത്. ചിത്രത്തിലെ പാട്ടും, ട്രെയിലറുമെല്ലാം പ്രതീക്ഷ നല്‍കിയെങ്കിലും സമീപകാലത്തെ പ്രിയന്‍ സിനിമകള്‍ വീണ്ടും അത്തരം പ്രതീക്ഷകളെ നിലത്തിറക്കി.

തീയേറ്ററിലെ പ്രേക്ഷകരെ സാക്ഷിയാക്കി, ഓരോ ലാലേട്ടന്‍ ആരാധകരെയും സാക്ഷിയാക്കി ‘ഒപ്പം’ എന്ന ചിത്രം തീയേറ്ററില്‍ ചലിച്ചു തുടങ്ങി. ക്രൈം ഗണത്തില്‍ സഞ്ചരിച്ച ‘ഒപ്പം’ പ്രേക്ഷകരുമായി വളരെ വേഗത്തിലാണ് ഇണങ്ങിയത്.

ലിഫ്റ്റ്‌ ഓപ്പറേറ്ററായി ജോലി ചെയ്യുന്ന അന്ധനായ ജയരാമന്‍റെ ജീവിതത്തിലുണ്ടാകുന്ന ചില പ്രതിസന്ധികളെ മറികടക്കാന്‍ അയാള്‍ നടത്തുന്ന നെട്ടോട്ടമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. കഥയുടെ കൂടുതല്‍ വിശദാംശം നിരത്തി ‘ഒപ്പം’ എന്ന ചിത്രം കാണാനുള്ള നിങ്ങളുടെ ആവേശം ഞാന്‍ കെടുത്തുന്നില്ല. മുന്‍ പ്രിയദര്‍ശന്‍ സിനിമകളില്‍ നിന്ന് തികച്ചും വ്യത്യസ്ഥമായിട്ടാണ് പ്രിയന്‍ ‘ഒപ്പം’ ഒരുക്കിയിട്ടുള്ളതെന്ന് സധൈര്യം വിളിച്ചു പറയാം. പ്രിയദര്‍ശനിലെ ഫിലിംമേക്കറും മാറ്റത്തിന്റെ വഴിയില്‍ സഞ്ചരിച്ചു മുന്നേറുകയാണ്. ‘ഒരു ചേഞ്ച്‌ ആരാണ് ആഗ്രഹിക്കാത്തത്’ എന്ന പറച്ചില്‍ പ്രിയദര്‍ശന്‍ ഒപ്പത്തിലൂടെ അര്‍ത്ഥവത്താക്കുകയാണ്.

നാടകീയത നിറഞ്ഞ രംഗങ്ങളോ, കണ്ടു മടുത്ത സന്ദര്‍ഭങ്ങളോ ഒന്നും തന്നെയില്ലാതെ പ്രിയദര്‍ശന്‍ വേറിട്ട വഴിയിലാണ് ‘ഒപ്പം’ പ്രേക്ഷകരിലേക്ക് പകര്‍ന്നു നല്‍കിയത്. സമീപകാലത്ത് ഇറങ്ങിയ തന്‍റെ മുന്‍ ചിത്രങ്ങളെക്കുറിച്ച് ഒരു ടിവി അഭിമുഖത്തില്‍ പ്രിയന്‍ പരാമര്‍ശിച്ചപ്പോള്‍ കടുത്ത നിരാശയിലായിരുന്നു അദ്ദേഹം. ഇനി തന്‍റെ ഭാഗത്ത് നിന്ന് ആത്തരം ശൈലിയിലുള്ള ചിത്രങ്ങള്‍ രൂപപ്പെടുകയില്ലായെന്നും, തന്‍റെ ഇനിയങ്ങോട്ടുള്ള സിനിമാസഞ്ചാരം പുതുവഴിയിലായിരിക്കുമെന്നും പ്രിയദര്‍ശന്‍ ഉറച്ച മനസ്സോടെ പറഞ്ഞിരുന്നു. അത് പൂര്‍ണമായും ‘ഒപ്പം’ എന്ന ചിത്രം ശരിവയ്ക്കുന്നുണ്ട്.

പ്രേക്ഷകരില്‍ ചെറുചിരിയുണര്‍ത്താനും, വലിയ നൊമ്പരമുണ്ടാക്കാനുമൊക്കെ ‘ഒപ്പം’ എന്ന ചിത്രത്തിലൂടെ പ്രിയദര്‍ശന് സാധിച്ചിട്ടുണ്ട്. നല്ല കഥയ്ക്ക്‌ നല്ല തിരക്കഥയൊരുക്കാനും പ്രിയദര്‍ശനിലെ എഴുത്തുകാരന്‍ ആത്മാര്‍തമായി പരിശ്രമിച്ചിട്ടുണ്ട്.
പൂര്‍ണത കൈവരിക്കുന്ന സംവിധാനവും സിനിമയ്ക്ക് അനുയോജ്യമായ രീതിയില്‍ നല്ല സംഭാഷണങ്ങള്‍ തിരക്കഥയില്‍ എഴുതി ചേര്‍ത്തതുമാണ് ‘ഒപ്പത്തി’ന്റെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സവിശേഷത. ആദ്യ പകുതി വളരെ ലളിതമായിട്ടാണ് പറഞ്ഞു നീങ്ങിയത്. ശരാശരിയില്‍ ഒതുങ്ങിയ ആദ്യ പകുതിയില്‍ നിന്ന് രണ്ടാം പകുതി ഉണര്‍വ്വോടെ ഉദിച്ചു വരുന്നുണ്ട്. കഥയുടെ മര്‍മ്മ വശങ്ങള്‍ രണ്ടാം പകുതിയില്‍ അടക്കത്തോടെ പ്രിയനിലെ സംവിധായകന്‍ ‘ഒപ്പ’ത്തില്‍ ലയിപ്പിച്ചിട്ടുണ്ട്. സീരിയസ്സ് മൂഡിലാണ് രണ്ടാം പകുതിയുടെ ഓട്ടമെങ്കിലും അനാവശ്യമായ വലിച്ചു നീട്ടലുകള്‍ കൊണ്ട് പ്രേക്ഷകരെ മടുപ്പിക്കുന്നില്ല ചിത്രം. പ്രേക്ഷകരുടെ ആസ്വദനത്തില്‍ തെല്ലും ബോറടിക്കാത്ത വിധം വളരെ കരുതലോടെയാണ് ‘ഒപ്പം’ എന്ന ചിത്രത്തെ പ്രിയദര്‍ശനും ടീമും സ്ക്രീനില്‍ എത്തിച്ചത്. സിനിമയ്ക്ക് ത്രില്ലര്‍ സ്വഭാവമാണെങ്കിലും കുടുംബ ബന്ധങ്ങളിലെ വൈകാരികത നിറഞ്ഞ രംഗങ്ങളും പ്രിയദര്‍ശന്‍ ഒപ്പത്തില്‍ തുന്നികെട്ടുന്നുണ്ട്.

 

‘അന്ധനായ ജയരാമന്‍ അതിശയിപ്പിച്ചിരുത്തുമ്പോള്‍’

 

മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തെയല്ല മറിച്ചു മോഹന്‍ലാല്‍ എന്ന നടനെ ഏറ്റവും നന്നായി ഉപയോഗിച്ചിട്ടുള്ള സംവിധായകരില്‍ ഒരാളാണ് പ്രിയദര്‍ശന്‍. വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രിയദര്‍ശന്‍ മോഹന്‍ലാലിലെ ഗംഭീര നടനെ ഒപ്പം കൂട്ടുന്നുണ്ട്. അന്ധനായ ജയരാമനായി മോഹന്‍ലാല്‍ പ്രേക്ഷകര്‍ക്ക് മറക്കാനാവാത്ത നൊമ്പരമാകുന്നു. പ്രിയദര്‍ശന്‍റെ തിരിച്ചു വരവിനൊപ്പം മോഹന്‍ലാലിലെ നല്ല നടനും തിരിച്ചു വരുന്ന  സിനിമയാണ് ‘ഒപ്പം’. മോഹന്‍ലാല്‍ എന്ന നടനെ വിസ്മയത്തെ താരവേഷം കെട്ടിക്കാതെ  തന്മയത്വത്തോടെ സിനിമയില്‍ അവതരിപ്പിച്ച പ്രിയദര്‍ശന് നന്ദി. സിനിമ കണ്ടു തിരികെ ഇറങ്ങുമ്പോള്‍ ജയരാമന്‍ നിങ്ങള്‍ക്ക് പിന്നിലുണ്ടാകും എന്നത് തീര്‍ച്ചയാണ്.

 

‘മറ്റുള്ള അഭിനേതാക്കളുടെ പ്രകടനങ്ങള്‍’

 

‘അമര്‍ അക്ബര്‍ അന്തോണി’യിലെ കുട്ടി മുഖം ഓര്‍മ്മയില്ലേ? ആ കുട്ടി മുഖം ബേബി മീനാക്ഷിയാണ് ‘ഒപ്പ’ത്തില്‍ മോഹന്‍ലാലിന്റെ മകളായി വേഷമിടുന്നത്. തെല്ലും ഭയമില്ലാതെ നടന സൂര്യന്‍ ലാലേട്ടനൊപ്പം തന്നിലെ നന്ദിനിക്കുട്ടി എന്ന കഥാപാത്രം ഭംഗിയായ രീതിയില്‍ അടയാളപ്പെടുത്തിയിട്ടുണ്ട് ബേബി മീനാക്ഷി. ACP ഗംഗ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അനുശ്രീയും തന്‍റെ ഭാഗം നന്നായി ചെയ്തു തീര്‍ത്തിട്ടുണ്ട്. അനായാസമായ അഭിനയ ശൈലി കൊണ്ട് നെടുമുടി വേണുവും ഒപ്പത്തില്‍ തിളങ്ങി നിന്നു. മൂർത്തി എന്ന ന്യായാധിപന്റെ വേഷം നെടുമുടി മികച്ചതാക്കി. മറ്റുള്ള അഭിനേതാക്കളെല്ലാം തങ്ങളുടെ ഭാഗങ്ങള്‍ വൃത്തിയായി ചെയ്തുതീര്‍ത്തു. പ്രിയദര്‍ശന്‍ എന്ന മികച്ച സൂത്രധാരന്റെ കയ്യില്‍ ഓരോ അഭിനേതാക്കളും ഭദ്രമായിരുന്നു.

എൻ.കെ ഏകാംബരമാണ്‌ ചിത്രത്തിന്‍റെ ഛായാഗ്രഹണ ജോലി നിര്‍വഹിച്ചത്. സിനിമയുടെ കഥാ സന്ദര്‍ഭത്തിന് യോജ്യമായവിധമായിരുന്നു ഏകാംബരത്തിന്‍റെ ക്യാമറ ചലിച്ചത്. ഛായാഗ്രഹകന്‍റെ വ്യക്തമായ കയ്യൊപ്പ് പതിഞ്ഞ ചിത്രമായിരുന്നു ‘ഒപ്പം’. ഗാനവിഭാഗത്തില്‍ ജസ്റ്റിൻ ജെയിംസ്‌, ബിബി മാത്യു, ജിം ജേക്കബ്‌, എൽദോസ്‌ ഏലിയാസ്‌, എന്നീ നാലു പുത്തന്‍ സംഗീത സംവിധായകരാണ് ചിത്രത്തിന്‍റെ ഭാഗമായത്. ചിത്രത്തിലുള്ള നാല് ഗാനങ്ങളും പ്രേക്ഷക മനസ്സില്‍ കുടിയിരിക്കുന്നുണ്ട്. ഇനിയും ഇവരില്‍ നിന്ന് നല്ല സംഗീതം മലയാള സിനിമയില്‍ കൂടി ചേരട്ടെ, എല്ലാ ഭാവുകങ്ങളും നേരുന്നു. ചിത്രത്തിലെ പിന്നണി ഈണവും ഒന്നംതരമായിരുന്നു. സിനിമയോട് കൂടുതല്‍ അടുക്കാന്‍ പ്രേക്ഷകരെ പ്രേരിപ്പിച്ചതും പിന്നണിയിലെ ഈ മനോഹര ഈണമാണ്. റോണ്‍ യോഹനാണ് ചിത്രത്തിന്‌ പശ്ചാത്തലസംഗീതമൊരുക്കിയത്. എം.എസ് അയ്യപ്പന്‍ നായരാണ് ഒപ്പത്തിന്‍റെ ചിത്രസംയോജന ജോലി നിര്‍വഹിച്ചത്. തന്നെ ഏല്‍പ്പിച്ച ജോലി  അദ്ദേഹം ഭംഗിയോടെ ചെയ്തുതീര്‍ത്തിട്ടുണ്ട്.

അവസാന വാചകം

വ്യത്യസ്ഥ ശൈലിയില്‍ പറഞ്ഞു നീങ്ങിയ പ്രിയന്‍-ലാല്‍ ടീമിന്‍റെ ‘ഒപ്പം’ എന്ന ഈ ത്രില്ലര്‍ ചേരുവയോട് ധൈര്യമായി നിങ്ങള്‍ക്ക് കൂട്ട്കൂടാം.

shortlink

Related Articles

Post Your Comments


Back to top button