Movie Reviews

‘പൊട്ടിച്ചിരിയുമായി മടങ്ങാന്‍ കട്ടപ്പനയിലേക്ക്‌ ടിക്കറ്റ് എടുക്കാം’ റിവ്യൂ

പ്രവീണ്‍.പി നായര്‍ 

സ്ഥിരം നായകസങ്കല്‍പങ്ങളില്‍ നിന്ന് വഴിമാറി പുതിയ ഒരു നടന്റെ അഭിനയ അദ്ധ്യായം കുറിച്ചുകൊണ്ടാണ് നാദിര്‍ഷയും,കൂട്ടരും ‘കട്ടപ്പനയിലെ ഋത്വിക്റോഷനു’മായി എത്തിയത്. ‘അമര്‍ അക്ബര്‍ അന്തോണി’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്ശേഷം നാദിര്‍ഷയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന രണ്ടാം ചിത്രമാണ് ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’.ജനപ്രിയ നായകന്‍ ദിലീപും, ഡോക്ടര്‍ സക്കറിയ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ‘അമര്‍ അക്ബര്‍ അന്തോണി’ എന്ന ചിത്രത്തിന് പേന ചലിപ്പിച്ച വിഷ്ണു ഉണ്ണികൃഷ്ണനും, ബിബിന്‍ ജോര്‍ജുമാണ് ഋത്വിക് റോഷന്റെയും രചയിതാക്കള്‍. ചിത്രത്തിന്റെ രചയിതാവില്‍ ഒരാളായ  വിഷ്ണു ഉണ്ണികൃഷ്ണന്‍ തന്നെയാണ് കട്ടപ്പനയിലെ ഋത്വിക് റോഷനായി സ്ക്രീനില്‍ വരുന്നത്. ‘അമൃതം’, ‘പളുങ്ക്’ എന്നീ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍  അഭിനയിച്ചിട്ടുള്ള വിഷ്ണു കട്ടപ്പനയിലെ ഋത്വിക്റോഷനായി മാറുമ്പോള്‍ പ്രേക്ഷകര്‍ക്ക്  അതൊരു വേറിട്ട  പുതുമയാണ്.സ്ഥിരം നായകസങ്കല്‍പങ്ങളില്‍ നിന്ന് മോചനം നേടുന്ന ചിത്രത്തെ പ്രേക്ഷകര്‍ ആവശപൂര്‍വ്വം ആഘോഷിക്കാന്‍ തയ്യാറെടുത്ത്കഴിഞ്ഞു.

 
വിനോദപരമായ സിനിമയൊരുക്കി പ്രേക്ഷകരെ തെല്ലും ബുദ്ധിമുട്ടിക്കാതെ തീയേറ്ററില്‍ നിന്ന് മടക്കിഅയക്കണം എന്ന ചിന്ത നാദിര്‍ഷയുടെ മനസ്സില്‍ തറച്ചിരിക്കുന്നത് കൊണ്ടാകണം ആദ്യ സിനിമയിലെ അതേ എഴുത്തുകാരുമായി നാദിര്‍ഷ വീണ്ടും പ്രേക്ഷകര്‍ക്ക്‌ മുന്നിലേക്ക്‌ എത്തിയത്. സിനിമനടനാകാന്‍ കൊതിക്കുന്ന കട്ടപ്പനയിലെ ഋത്വിക്റോഷന്‍ എന്ന് വിളിപ്പേരുള്ള കൃഷ്ണന്റെ കഥയാണ് ചിത്രം പ്രേക്ഷകരോട് പങ്കുവയ്ക്കുന്നത്. സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം മനസ്സില്‍ കൊണ്ടുനടക്കുന്ന നായകന്റെ കഥകള്‍ പലയാവര്‍ത്തി മലയാളസിനിമ പ്രേക്ഷകര്‍ ‘ബെസ്റ്റ് ആക്ടര്‍’ പോലെയുള്ള ചിത്രങ്ങളിലൂടെ കണ്ടതാണ്. എന്നിരുന്നാലും കട്ടപ്പനയിലെ ഋത്വിക്റോഷനെ നാദിര്‍ഷയും കൂട്ടരും എത്രത്തോളം പുതുമയോടെ അവതരിപ്പിക്കുന്നുവോ? അത്രത്തോളമത് പ്രേക്ഷകര്‍ സ്വീകരിക്കുകയും ചെയ്യും എന്നത് തീര്‍ച്ചയാണ് . അത്തരമൊരു പുതുമയുള്ള അവതരണത്തിലൂടെയാണ് ഋത്വിക്റോഷന്‍റെ ആദ്യപകുതിയിലെ സഞ്ചാരം. നിലവാരപരമായ നല്ല നര്‍മങ്ങളിലൂടെ കടന്നു പോകുന്ന ചിത്രത്തിന് വേഗം തന്നെ പ്രേക്ഷകരെ കയ്യിലെടുക്കാന്‍ കഴിഞ്ഞെന്നു നിസംശയം പറയാം. വിഷ്ണു ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ കൃഷ്ണനെന്ന കഥാപാത്രമായി  പ്രേക്ഷര്‍ക്കുള്ളില്‍ ഇഷ്ടത്തോടെ ചേര്‍ന്ന് നിന്നപ്പോള്‍ കൃഷ്ണന്റെ സന്തതസഹചാരിയായി ധര്‍മജന്‍ബൊല്‍ഗാട്ടിയാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ ചിരിപ്പടര്‍ത്താന്‍ എത്തിയത്. ആദ്യ പകുതിയിലെ ഇവരുടെ നര്‍മത്തിന്റെ തേരോട്ടം ശരിക്കും പ്രേക്ഷകരെ നിര്‍ത്താതെ ചിരിപ്പിക്കുന്നുണ്ട്.ചിത്രത്തിന്റെ തുടക്കത്തിലെ  കൃഷ്ണന്റെയും ദാസപ്പന്റെയും(ധര്‍മജന്‍ ബൊല്‍ഗാട്ടി) സ്കൂള്‍ കാലഘട്ടം പ്രേക്ഷകരില്‍ പൊട്ടിച്ചിരിനിറയ്ക്കുന്നുണ്ട്. പണ്ടൊക്കെ നമ്മള്‍ ക്ലാസ്സിലിരുന്ന് പതിവായി ചോദിക്കുന്ന ഒരു ചോദ്യം ഉണ്ടായിരുന്നു രണ്ടു പേനയുണ്ടോ? അത് പോലെതന്നെ  പേനയുടെ റീഫില്‍ പുറത്തെടുത്ത്  ഊതികൊണ്ട് എഴുതാന്‍ ശ്രമിക്കുന്നന്നതുപോലെയുള്ള   മനോഹരമായ ക്ലാസ്സ്‌ മുറി അനുഭവങ്ങള്‍ വലിയ ഒരു രസകാഴ്ചയോടെതന്നെ ചിത്രം തിരികെ സമ്മാനിക്കുന്നുണ്ട്. ഹോസ്പിറ്റലിലെ പ്രസവമുറിക്കരികില്‍ മകന്റെയോ/മകളുടെയോ  ജനനവും കാത്തിരിക്കുന്ന അച്ഛന്‍, തനിക്ക് നേടാന്‍ കഴിയാതെ പോയത് മകനിലൂടെ നേടിയെടുക്കാന്‍ ശ്രമിക്കുന്ന അച്ഛന്‍,നായകന്‍റെ സന്തതസഹചാരിയായ ചങ്ങാതി, ആദ്യത്തെ കാഴ്ചയില്‍ തന്നെ നായികയോട് അനുരാഗം തോന്നുന്ന നായകന്‍, അങ്ങനെ സ്ഥിരം ക്ലീഷേകളുടെ ഒരു സമ്മേളനം തന്നെ കട്ടപ്പനയിലെ ഋത്വിക് റോഷനിലുണ്ട്. ആ ക്ലീഷേകളെയെല്ലാം മറ്റൊരു സമര്‍ഥമായ അവതരണരീതിയോടെ നാദിര്‍ഷയും,കൂട്ടരും നേരിട്ടപ്പോള്‍ ചിത്രം പ്രേക്ഷകര്‍ക്കുള്ളില്‍ തെല്ലും മടുപ്പ് തീര്‍ക്കാതെ മുന്നേറി .

 

പല എഴുത്തുകാരും നര്‍മം അശ്ലീലം ചേര്‍ത്ത് ഇളക്കുമ്പോള്‍ വിഷ്ണു ഉണ്ണികൃഷ്ണനും,ബിബിന്‍ ജോര്‍ജും ചേര്‍ന്ന് കുടുംബപ്രേക്ഷകര്‍ക്ക് നെറ്റിചുളിക്കാന്‍ ഇടനല്‍കാത്ത വിധം വളരെ സുന്ദരമായിട്ട്തന്നെ  രചന നിര്‍വഹിച്ചിട്ടുണ്ട് . കച്ചവട സാധ്യതക്കൊപ്പം പ്രേക്ഷകരുടെ ആസ്വദന രസത്തിന് കൂടി പരിഗണന നല്‍കുന്ന ഈ ഋത്വിക് റോഷന്‍ കണ്ടിരിക്കാവുന്നതും, കയ്യടിക്കേണ്ടതുമായ കളര്‍ഫുള്‍ സിനിമ തന്നെയാണ്. പ്രതീക്ഷയോടെ ചിത്രത്തെ സമീപിക്കുന്ന ഓരോ പ്രേക്ഷകര്‍ക്കും നല്ലൊരു പാരിതോഷികം തന്നെയാണ് ‘കട്ടപ്പനയിലെ ഋത്വിക്റോഷന്‍’ എന്ന ചിത്രം.

 

ആദ്യപകുതിയില്‍ നിന്ന് രണ്ടാം പകുതി ഗൗരവത്തിനു വഴിമാറിയപ്പോഴും പ്രേക്ഷകര്‍ ഒട്ടും അസ്വസ്ഥരാകാതെ സിനിമ വീക്ഷിച്ചു. ചിത്രത്തിലെ തമാശ രംഗങ്ങള്‍ പോലെ തന്നെ സീരിയസ്സ് രംഗങ്ങള്‍ക്കും പ്രേക്ഷര്‍ക്കുള്ളില്‍ സ്ഥാനം നേടിയെടുക്കാനായിട്ടുണ്ട്. എഴുത്തിന്റെ മിടുക്കും ചിത്രീകരണത്തിലെ മികവും ഒരുപോലെ സമന്വയിച്ചത് കൊണ്ടാകണം ഋത്വിക് റോഷനും കൂട്ടരും ചിരിപ്പിച്ച പോലെ തന്നെ ചിത്രത്തിലെ  നൊമ്പരങ്ങളും  പ്രേക്ഷകര്‍ക്ക് കൂടുതല്‍ ഹൃദ്യമായത്‌.ഇന്നത്തെ ജനറേഷന്‍റെ മനസ്സ് അത്രത്തോളം തൊട്ടറിഞ്ഞു എടുത്ത ചിത്രം അത് തന്നെയാണ് ആകെത്തുകയില്‍ ‘കട്ടപ്പനയിലെ ഋത്വിക്റോഷന്‍’. മനസ്സ് അടര്‍ന്നിരിക്കുന്നവര്‍ക്ക് റിലാക്സ് ചെയ്യാനും, വിശ്രമവേളകള്‍ ആനന്ദകരമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കട്ടപ്പനയിലേക്ക്‌ സധൈര്യം ടിക്കറ്റ് എടുക്കാം…

 

ഉണ്ണികൃഷ്ണന്‍റെ തുടക്കവും, ധര്‍മജന്റെ കയറ്റവും

 

വലിയ വെല്ലുവിളി ഉയര്‍ത്തുന്ന തരത്തിലെ കഥാപാത്രമൊന്നുമായിരുന്നില്ല  വിഷ്ണു ഉണ്ണികൃഷ്ണന്‍റെ കൃഷ്ണന്‍ എന്ന  കഥാപാത്രം.വിഷ്ണു  മുന്‍പും ക്യാമറയ്ക്ക് മുന്നില്‍ നിന്ന് ശീലമുള്ളത് കൊണ്ടാകണം  നായകനിലേക്ക് പരിണാമം സംഭവിച്ചപ്പോഴും തീരെ പതറാതെ കഥാപാത്രത്തെ നന്നായിഉള്‍ക്കൊണ്ടു അവതരിപ്പിച്ചത്. നര്‍മരംഗങ്ങളെക്കാള്‍ നൊമ്പരപ്പെടുത്തുന്ന രംഗങ്ങളിലാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍ കൂടുതല്‍ സ്കോര്‍ ചെയ്തത്. മലയാള സിനിമയിലെ സ്ഥിരം നായക സങ്കല്‍പങ്ങളെ പൊളിച്ചെഴുതികൊണ്ടാണ് ശ്രീനിവാസനെപോലെയുള്ള മഹാരഥന്മാര്‍ ഇതുവഴി കടന്നു പോയത്. അതേ വഴിയില്‍ സഞ്ചരിക്കാന്‍ തയ്യാറെടുക്കുന്ന വിഷ്ണു ഉണ്ണികൃഷ്ണനും നാളത്തെ മലയാളസിനിമയിലെ നല്ലൊരു നടനും നല്ലൊരു നായകനുമായിതീരട്ടെ. സിനിമയിലെ എടുത്തുപറയേണ്ടതായ മറ്റൊരു പ്രകടനം ധര്‍മജന്‍ ബൊല്‍ഗാട്ടിയുടെതാണ്. നര്‍മം കറക്റ്റ് ആയി പ്രേക്ഷരിലേക്ക് എറിഞ്ഞുകൊള്ളിക്കാന്‍ ധര്‍മജന്‍ എന്ന നടന് ഒരു പ്രത്യേക കഴിവുണ്ട്. നര്‍മത്തില്‍ മാത്രം തളച്ചിടേണ്ട ഒരു താരവുമല്ല ധര്‍മജന്‍. സിനിമയിലെ അവസാനഭാഗത്തെ ചിലരംഗങ്ങള്‍ അത് നമുക്ക് മനസ്സിലാക്കിതരുന്നുണ്ട്. ധര്‍മജന്റെ അഭിനയ സാധ്യതയെ (ഏറെക്കുറെ) മുന്നോട്ട് വലിക്കുന്ന ചിത്രം തന്നെയാണ് ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’. സലിംകുമാറിന്‍റെ മികവാര്‍ന്ന പഴയ പ്രകടനം തിരികെ സമ്മാനിക്കുന്ന ചിത്രംകൂടിയാണ് ഋത്വിക് റോഷന്‍. കോട്ടയം പ്രദീപ്‌ എന്ന നടന്‍ ആവര്‍ത്തനവിരസതയിലൂടെ പ്രേക്ഷകരില്‍ നിന്ന് അകന്നുകൊണ്ടിരിക്കുകയണോ എന്ന് തോന്നിപോകുന്നുണ്ട്. സിദ്ധിക്കും, സീമാജി നായരുമൊക്കെ അവര്‍ക്ക് നല്‍കിയ വേഷങ്ങള്‍  മികച്ചതാക്കിയിട്ടുണ്ട്. പ്രയാഗ മാര്‍ട്ടിനും, മഹേഷിന്റെ പ്രതികാരത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയുമൊക്കെ ചിത്രത്തില്‍ നിലവാരപരമായ അഭിനയം കാഴ്ചവച്ചിട്ടുണ്ട്‌.
തൊടുപുഴയുടെയും, വാഗമണിന്റെയുമൊക്കെ ദൃശ്യഭംഗി ശ്യാംദത്തിന്റെ ക്യാമറയില്‍ കൂടുതല്‍ ശോഭയോടെ പതിഞ്ഞിട്ടുണ്ട്. ജോണ്‍കുട്ടി സിനിമയ്ക്ക് ഗുണകരമാകുന്ന രീതിയില്‍ തന്നെ കത്രികവച്ചപ്പോള്‍ നാദിര്‍ഷയുടെ സംഗീതം ശരാശരിയായി അനുഭവപ്പെട്ടു. ബിജിബാലിന്റെ പശ്ചാത്തലഈണം പതിവ്പോലെ ഗംഭീരമായിരുന്നു.

 

അവസാന വാചകം

 
രണ്ടരമണിക്കൂര്‍ ബോറടിക്കാതെ കണ്ടിരിക്കാവുന്ന രസികന്‍ സിനിമയാണ് ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’. നല്‍കുന്ന പൈസയ്ക്ക് നല്ലോണം ചിരിതരുന്ന കട്ടപ്പനയിലെ ഋത്വിക് റോഷന് ധൈര്യമായി ടിക്കറ്റ് എടുത്തോളൂ കൂടുതല്‍ ഇഷ്ടമാകുന്നതല്ലാതെ ഒരിക്കലും അതൊരു നഷ്ടമാകില്ല….

shortlink

Related Articles

Post Your Comments


Back to top button