CinemaNEWS

ഇരുപത്തി ഒന്നാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ കുടിയേറ്റക്കാരുടെ ദുരിതമുഖങ്ങളുമായി ‘മൈഗ്രേഷന്‍ പാക്കേജ്’

 

സമകാലിക ലോകത്തിന്റെ പൊള്ളുന്ന യാഥാര്‍ഥ്യമായ പലായനവും കുടിയേറ്റവും ഇരുപത്തിയൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മുഖ്യപ്രമേയമാകുന്നു.വിവിധ വിഭാഗങ്ങളിലായി മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളില്‍ പലതിലും ഒരിക്കലുമൊടുങ്ങാത്ത മനുഷ്യ പലായനവും കുടിയേറ്റവും ഇതിവൃത്തമാണ്. ഇതിനു പുറമേ നിലനില്‍പ്പിനും അതിജീവനത്തിനുമായി അന്യദേശങ്ങളിലേക്ക് സഞ്ചരിക്കുന്ന മനുഷ്യന്റെ കേവലാവസ്ഥ പ്രമേയമാക്കുന്ന പ്രത്യേക പാക്കേജും ഇക്കുറി ചലച്ചിത്രമേളയിലുണ്ട്. പ്രമുഖ ഫെസ്റ്റിവല്‍ പ്രോഗ്രാമറും ചലച്ചിത്ര നിരൂപകനുമായ പൗലോ ബെര്‍ട്ടോലിന്‍ ക്യുറേറ്റ് ചെയ്ത എട്ട് ചിത്രങ്ങളാണ് മൈഗ്രേഷന്‍ പാക്കേജിലുള്ളത്.

താമിര്‍ എല്‍ സെയിദിന്റെ ‘ഇന്‍ ദ ലാസ്റ്റ് ഡേയ്‌സ് ഓഫ് ദ സിറ്റി’, ജിയന്‍ ഫ്രാന്‍കോ റോസിയുടെ ‘ഫയര്‍ അറ്റ് സീ’, കെ.എം. കമലിന്റെ ‘ഐഡി’, ജോനാസ് കാര്‍പിഗ് നാനോയുടെ ‘മെഡിറ്ററേനിയ’, സാച്ച വൂള്‍ഫിന്റെ ‘മെഴ്‌സീനെയര്‍’, റാഫി പിറ്റ്‌സിന്റെ ‘സോയ് നീറോ’, മിഡി സെഡിന്റെ ‘ദി റോഡ് ടു മണ്ഡാലേ’, ക്യാരി ജോജി ഫുക്കുനാഗയുടെ ‘സിന്‍ നെമ്പ്രേ എന്നിവയാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍.

ഈജിപ്ഷ്യന്‍ സംവിധായകനായ താമിര്‍ എല്‍സെയിദിന്റെ ആദ്യ ഫിക്ഷന്‍ ചിത്രമാണ് ‘ഇന്‍ ദ ലാസ്റ്റ് ഡേയ്‌സ് ഓഫ് ദ സിറ്റി’. 2016 ലെ ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ കാലിഗിരി ഫിലിം പുരസ്‌കാരവും മികച്ച സംവിധായകനുള്ള പുരസ്‌കാരവും ലഭിച്ചു. യൂറോപ്പിലെ കുടിയേറ്റക്കാരുടെ പ്രതിസന്ധി സമയത്ത് ലമ്പേഡുസയിലെ സിസിലിയന്‍ ദ്വീപില്‍ ചിത്രീകരിച്ച ജിയന്‍ഫ്രാന്‍കോ റോസി ചിത്രമാണ് ‘ഫയര്‍ അറ്റ് സീ’. 66 ാമത് ബെര്‍ലിന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഈ ചിത്രം ഗോള്‍ഡന്‍ ബിയര്‍ പുരസ്‌കാരം നേടി. 89 ാമത് അക്കാദമി അവാര്‍ഡില്‍ മികച്ച വിദേശ ഭാഷാ ചിത്രവിഭാഗത്തിലേക്ക് മത്സരിക്കാന്‍ ഈ ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

മൈഗ്രേഷന്‍ ഫിലിംസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഏക ഇന്ത്യന്‍ ചിത്രമാണ് കെ.എം. കമല്‍ സംവിധാനം ചെയ്ത ‘ഐ.ഡി’. ‘എല്ലാവരും എവിടെ നിന്നോ വരുന്നു’ എന്നതാണ് കുടിയേറ്റ തൊഴിലാളിയുടെ സ്വത്വ പ്രതിസന്ധി ആവിഷ്‌ക്കരിക്കുന്ന ഈ ചിത്രത്തിന്റെ ടാഗ് ലൈന്‍. 2012 ല്‍ പുറത്തിറങ്ങിയ ചിത്രമാണിത്.

ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ ഇറ്റലിയില്‍ അനുഭവിക്കുന്ന ദുരിതം പ്രമേയമാക്കി 2015 ല്‍ ജൊനാസ് കാര്‍പിഗ്‌നാനോ സംവിധാനം ചെയ്ത ‘മെഡിറ്ററേനിയ’ എന്ന ഇറ്റാലിയന്‍ ചിത്രവും മേളയിലുണ്ട്.
യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ചിത്രങ്ങളാണ് മൈഗ്രേഷന്‍ വിഭാഗത്തില്‍ പ്രധാനമായും പ്രദര്‍ശിപ്പിക്കുന്നത്. കുടിയേറ്റക്കാരുടെ ദൈന്യതയും ദുരിതങ്ങളും അവര്‍ നേരിടുന്ന അതിക്രൂരമായ പീഡനങ്ങളും ചിത്രങ്ങളില്‍ പ്രതിഫലിക്കുന്നു. വിവിധ ദേശങ്ങളില്‍ വിവിധ രൂപങ്ങളില്‍ കുടിയേറാന്‍ വിധിക്കപ്പെട്ടവരോടുള്ള അനുഭാവം പ്രഖ്യാപിക്കല്‍ കൂടിയാകും മൈഗ്രേഷന്‍ പാക്കേജ്.

shortlink

Related Articles

Post Your Comments


Back to top button