GeneralNEWS

മതയാഥാസ്ഥിതികര്‍ രംഗത്ത്; മമ്മൂട്ടിയടക്കമുള്ളവര്‍ പങ്കെടുക്കുന്ന താരനിശയില്‍നിന്ന് ഹൈദരാലി ഷിഹാബ് തങ്ങള്‍ പിന്മാറി

ചന്ദ്രിക ദിനപത്രം ഷാര്‍ജയില്‍ സംഘടിപ്പിച്ചിരിക്കുന്ന താരനിശയില്‍നിന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങള്‍ പിന്മാറി. മതയാഥാസ്ഥിതികര്‍ രംഗത്ത് എത്തിയതോടെയാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളായത്. മുസ്ലിം ലീഗിന്റെ പ്രവാസി സംഘടനയായ കെഎംസിസിയുടെയും മിഡില്‍ ഈസ്റ്റ് ചന്ദ്രികയുടെയും നേതൃത്വത്തില്‍ നടന്‍ മമ്മൂട്ടി അടക്കമുളള പ്രമുഖര്‍ പങ്കെടുക്കുന്ന താരനിശ ഇന്നാണ് ഷാര്‍ജയില്‍ അരങ്ങേറുന്നത്. താരനിശയുടെ പരസ്യങ്ങള്‍ മിഡിലീസ്റ്റ് ചന്ദ്രികയില്‍ വന്നതോടെയാണ് ഒരുവിഭാഗം മതയാഥാസ്ഥിതികര്‍ പത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. ഒരു മുസ്ലിം ലീഗ് ഇത്തരം താരനിശയ്ക്ക് ചുക്കാന്‍ പിടിക്കുന്നതിലാണ് മതയാഥാസ്ഥിതികരുടെ പ്രതിഷേധം. നബിദിന ആഘോഷങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ മതയാഥാസ്ഥിതികരുടെ പ്രതിഷേധം കൂടുതല്‍ ശക്തമാകുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഷാര്‍ജയിലേക്ക് യാത്ര തിരിക്കേണ്ടിയിരുന്ന ഹൈദരലി ശിഹാബ് തങ്ങള്‍ യാത്ര റദ്ദാക്കി.

ചന്ദ്രികയുടെ ദുബായ് എഡിഷനില്‍ ഹദീസ് പംക്തി എഴുതിയിരുന്ന മിദ്‌ലാജ് റഹ്മാനി, ആറുവര്‍ഷമായി ഖുതുബ കോളം എഴുതിയിരുന്ന ഹനീഫ് റഹ്മാനി എന്നിവര്‍ തങ്ങളുടെ പ്രതിഷേധം വ്യക്തമാക്കികൊണ്ട് ചന്ദ്രികയിലെ കോളമെഴുത്ത് ഇനി തുടരില്ലായെന്ന് അറിയിച്ചുകഴിഞ്ഞു. പല ഭാഗത്തുനിന്നും വിമര്‍ശനങ്ങള്‍ ശക്തമായ സാഹചര്യത്തിലായിരുന്നു ഹൈദരാലി തങ്ങളുടെ പിന്മാറ്റം.

shortlink

Related Articles

Post Your Comments


Back to top button