IFFK

ഫിലിം മാര്‍ക്കറ്റിന് സ്ഥിരം സംവിധാനമൊരുക്കുമെന്ന് മന്ത്രി എ.കെ ബാലന്‍

കേരളത്തിലെ സംവിധായകരുടെ ചലച്ചിത്രങ്ങള്‍ അന്താരാഷ്ട്ര വേദിയിലെത്തിക്കാന്‍ ഒരു സ്ഥിരം ഫിലിം മാര്‍ക്കറ്റ് സംവിധാനം ഒരുക്കുമെന്ന് സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍. നവാഗത സംവിധായകരുള്‍പ്പെടെയുള്ളവര്‍ക്ക് തങ്ങളുടെ സിനിമകള്‍ രാജ്യാന്തര മേളകളിലും മറ്റും പ്രദര്‍ശിപ്പിക്കാനും അന്താരാഷ്ട്ര വേദികളില്‍ എത്തിക്കാനും കഴിയാറില്ല. ഇതുസംബന്ധിച്ച സാങ്കേതികമായ അറിവില്ലായ്മ കുറവുകള്‍ പരിഹരിക്കാനാണ് ചലച്ചിത്ര അക്കാദമി വഴി സ്ഥിരം സംവിധാനം ഒരുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ സിനിമാപ്രേമികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനനുസരിച്ച് സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കും. ഗ്രാമീണ മേഖലയില്‍ ക്ലാസിക് സിനിമകള്‍ എത്തിക്കുന്നതിനൊപ്പം ഗ്രാമങ്ങളിലെ പൂട്ടിക്കിടക്കുന്ന തിയേറ്ററുകള്‍ തുറക്കുന്നതിനുമുള്ള സഹായങ്ങള്‍ നല്‍കുമെന്നും എ.കെ. ബാലന്‍ പറഞ്ഞു. കുട്ടികള്‍ക്കായി ദേശീയ, അന്തര്‍ദേശീയ ചലച്ചിത്രമേളകള്‍ സംഘടിപ്പിക്കുമെന്നും സാംസ്‌കാരിക മന്ത്രി അറിയിച്ചു.
കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവം ഇപ്പോള്‍ ദേശീയമല്ലെന്നും അന്തര്‍ദേശീയമാണെന്നും പ്രസിദ്ധ സംവിധായകന്‍ അമോല്‍പലേക്കര്‍. ഭിന്നലിംഗക്കാരുടെ പ്രശ്‌നങ്ങളെ ആധാരമാക്കി 1995 ല്‍ മേളയില്‍ ചലച്ചിത്രം താന്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ഭിന്നലിംഗക്കാര്‍ക്കായി പ്രത്യേക വിഭാഗം തന്നെ ഈ മേളയില്‍ ഉള്‍പ്പെടുത്തിയത് യാദൃശ്ചികമാണെന്നും മേളയുടെ ഉദ്ഘാടനവേദിയില്‍ അദ്ദേഹം പറഞ്ഞു.
ധനമന്ത്രി തോമസ് ഐസക്, അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍, കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍, മേയര്‍ വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, സാംസ്‌കാരിക സെക്രട്ടറി റാണി ജോര്‍ജ്, സാംസ്‌കാരിക ക്ഷേമബോര്‍ഡ് ചെയര്‍മാന്‍ പി.ശ്രീകുമാര്‍, സംവിധായകരായ ലാല്‍ ജോസ്, നിര്‍മ്മാതാവ് സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് ഉദ്ഘാടന ചിത്രമായ പാര്‍ടിങ് പ്രദര്‍ശിപ്പിച്ചു.

shortlink

Related Articles

Post Your Comments


Back to top button