Movie Reviews

“ചെന്നൈ 600028 – 2” – മൂവീ റിവ്യൂ

1999-ൽ പുറത്തിറങ്ങിയ “സേതു” എന്ന ചിത്രത്തോടു കൂടിയാണ് തമിഴ് സിനിമയിൽ ചില അത്ഭുതകരമായ മാറ്റങ്ങൾ ഉണ്ടായത്. ബാലു മഹേന്ദ്ര എന്ന സിനിമാമഹാമേരുവിന്റെ ശിഷ്യനായ ബാലയാണ് “സേതു”വിന്‍റെ സംവിധാനം നിർവ്വഹിച്ചത്. അക്കാലമത്രയും പൂർണ്ണമായും തഴയപ്പെട്ടു കിടന്ന കെനി എന്ന വിക്രം ആയിരുന്നു നായകൻ. “സേതു” സൂപ്പർ ഡ്യൂപ്പർ ഹിറ്റായി. ഒരൊറ്റ സിനിമയോടെ ബാല സംവിധായകരുടെ നിരയിൽ മുന്നിലെത്തി. വിക്രം ഉയർന്നു പൊങ്ങി. അതേത്തുടർന്ന് ഗൗതം വാസുദേവ മേനോൻ, സെൽവരാഘവൻ, തുടങ്ങി ഒരുപാട് സംവിധായകർ വ്യത്യസ്തങ്ങളായ സിനിമാശ്രമങ്ങളുമായി തമിഴിൽ വന്നു. അവയെല്ലാം തന്നെ ജനപ്രീതി നേടുകയും, ക്ലാസ് എന്ന് പേരെടുക്കുകയും ചെയ്‌തു. അതിന്റെ തുടർച്ചയായി 2007’ൽ “ചെന്നൈ 600028” എന്ന പേരിലൊരു സിനിമയുമായി ഒരു സംഘം ചെറുപ്പക്കാർ വന്നു. ടീം നേതാവിന്‍റെ പേര് വെങ്കട്ട് പ്രഭു. യാതൊരു പ്രതീക്ഷയും ഇല്ലാതെ തീയറ്ററിൽ കയറിയ പ്രേക്ഷകർ തിരികെ ആർപ്പു വിളികളോടെയാണ് പുറത്തിറങ്ങിയത്. “ചെന്നൈ 600028” സൂപ്പർ ഹിറ്റ്! സൂപ്പർ ഹിറ്റ്! സൂപ്പർ ഹിറ്റ്! ഇപ്പോഴിതാ 9 വർഷങ്ങൾക്കു ശേഷം “ചെന്നൈ 600028″ന് രണ്ടാം ഭാഗവുമായി അതേ ടീം എത്തിയിരിക്കുകയാണ്. സംഗതി എങ്ങനെയുണ്ട് ? ആദ്യത്തേതു പോലെ ഹിറ്റാണോ ?

“ചെന്നൈ 600028″ന്റെ രണ്ടാം ഭാഗം എങ്ങനെയുണ്ട് എന്ന ചോദ്യത്തിന്റെ ഉത്തരം, ശരാശരി ചിത്രം എന്നതാണ്. ആദ്യത്തേതു പോലെ ഹിറ്റാണോ എന്ന് ചോദിക്കുമ്പോൾ, ആദ്യത്തേതുമായി താരതമ്യം ചെയ്യേണ്ടി വരും, അങ്ങനെയാകുമ്പോൾ ഉത്തരം ഒറ്റവാക്കിൽ തീരില്ല. “ചെന്നൈ 600028 – ഭാഗം 1” എന്നത് പുത്തൻ പ്രതീക്ഷയായിരുന്നെങ്കിൽ, “ചെന്നൈ 600028 – ഭാഗം 2” എന്ന ശ്രമത്തെ നിലനിൽപ്പിന്റെ കളി എന്ന് മാത്രമേ വിശേഷിപ്പിക്കാൻ കഴിയൂ. കഥയിലോ, തിരക്കഥയിലോ നല്ല രീതിയിൽ ശ്രദ്ധ കൊടുക്കാതെ, ഒന്നാം ഭാഗത്തിന്റെ പേരും പറഞ്ഞ് തീയറ്ററിൽ ആളെ കയറ്റാനുള്ള സിനിമാ ഗിമ്മിക്സ്, അതാണ് “ചെന്നൈ 600028 – ഭാഗം 2”.

പോസിറ്റിവ് ഘടകങ്ങൾ :-

■ ആദ്യ ഭാഗത്തിലേതു പോലെ തന്നെ സൗഹൃദവും, ക്രിക്കറ്റും തമ്മിൽ ബന്ധപ്പെടുത്തി പറയുന്നതാണെങ്കിലും വലിയ തരക്കേടില്ലാത്തൊരു കഥ ചിത്രത്തിനുണ്ട്.

■ ഹാസ്യരംഗങ്ങളെല്ലാം പൂതമയുള്ളതും, ഒരു പരിധി വരെ രസിപ്പിക്കുന്നതുമായിരുന്നു. വെങ്കട്ട് പ്രഭു ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ പ്രേംജി അമരന്‍റെ പ്രകടനം ഇതിലും ഹൈലൈറ്റായി മാറി.

■ ഒന്നാം ഭാഗത്തിൽ വളരെ രസകരമായ പ്രകടനം കാഴ്ച വച്ച അതേ അഭിനേതാക്കൾ തന്നെ, ശരീരഭാഷയിൽ അല്ലറ ചില്ലറ കുഴപ്പങ്ങൾ തോന്നിച്ചെങ്കിലും, ഇത്തവണയും സ്‌ക്രീനിലെത്തി പ്രേക്ഷകരെ രസിപ്പിച്ചു. ജയ്, ശിവ, പ്രേംജി അമരൻ, അരവിന്ദ്, വൈഭവ്, അജയ്, മഹത്, തുടങ്ങി എല്ലാവരും മോശമല്ലാത്ത രീതിയിൽ സ്‌ക്രീനിൽ നിറഞ്ഞാടി.

■ ആദ്യഭാഗം പോലെ തന്നെ മനോഹരവും, ആകാംക്ഷാഭരിതവുമായ ക്രിക്കറ്റ് രംഗങ്ങളുടെ രസകരമായ സെഷനുകൾ ഇൗ റിയൂണിയനിലും കാണാൻ കഴിഞ്ഞു.

■ ഒന്നാം ഭാഗത്തിലെ പല രംഗങ്ങളുടെയും ഓര്‍മപ്പെടുത്തല്‍ സന്ദര്‍ഭോചിതവും, ഏറെ രസകരവുമായിരുന്നു.

നെഗറ്റീവ് ഘടകങ്ങൾ

■ പരസ്പര ബന്ധമില്ലാത്ത ചില അനാവശ്യ രംഗങ്ങള്‍ ഇടകലര്‍ത്തിയുള്ള ആദ്യ പകുതിയില്‍ ശരിക്കും ഇഴച്ചിൽ അനുഭവപ്പെട്ടു. രണ്ടാം പകുതിയുടെ തുടക്കവും അത്തരത്തിൽ തുടർന്നത് പ്രേക്ഷകരിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന തരത്തിലായിരുന്നു.

■ യുവന്‍ ശങ്കര്‍ രാജയുടെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ശരാശരിയിലും താഴെയായിരുന്നു. പ്രസ്തുത വിഭാഗം പൂർണ്ണമായും നിരാശപ്പെടുത്തി.

■ വെങ്കട്ട് പ്രഭു ചിത്രങ്ങളിൽ ക്യാമറ കൊണ്ട് മായാജാലം കാണിക്കുന്ന തരത്തിൽ ആരും ഒന്നും പ്രതീക്ഷിക്കില്ല എങ്കിലും, രാജേഷ് യാദവ് എന്ന ക്യാമറാമാന് മിനിമം ബ്യൂട്ടി പോലും സമ്മാനിക്കാൻ കഴിയാതെ പോയി.

■ അനാവശ്യ വി എഫ് എക്സ് ശ്രമങ്ങള്‍ പലതും പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്നവ ആയിരുന്നു. ആ വകയിൽ അറിവുള്ളവർ നെറ്റിച്ചുളിവോടെ സ്‌ക്രീനിൽ നോക്കിയിരിക്കണം എന്നതാണ് അവസ്ഥ. ചിത്രത്തിലെ ഏറ്റവും വലിയ പോരായ്മയായി ഇത് അനുഭവപ്പെട്ടു.

മൊത്തത്തിൽ, “ചെന്നൈ 600028 – ഭാഗം 2” നല്ലൊരു എന്റർടെയിനർ ആണ്, എന്നാൽ ചിത്രത്തിന്റെ ഒന്നാം ഭാഗവുമായി താരതമ്യപ്പെടുത്തിയാൽ നിരാശയാവും ഫലം. പ്രതീക്ഷകളെ മടക്കി പോക്കറ്റിൽ വച്ചാൽ ചിത്രം ഏവരെയും തൃപ്തിപ്പെടുത്തും. വെങ്കട്ട് പ്രഭു & ടീം പഴയ ഫോമിലേക്ക് പെട്ടെന്നു തന്നെ മടങ്ങും എന്ന് പ്രതീക്ഷിക്കുന്നു. വളരെ നന്ദി.

റേറ്റിംഗ് :- 2.5 / 5

റിസ്വാന്‍ റിച്ചു

shortlink

Related Articles

Post Your Comments


Back to top button