NEWS

ജയറാം ഉപേക്ഷിച്ച കഥാപാത്രം സായികുമാറിന് ജീവിതമായി

സിദ്ദിക്ക്-ലാൽ ടീമിന് തുടക്കം കുറിച്ച “റാംജിറാവ് സ്പീക്കിംഗ്” (1989) എന്ന ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കുന്ന സമയത്തേ ഇരുവരും തീരുമാനിച്ചതാണ്, ‘ബാലകൃഷ്ണൻ’ എന്ന നായക കഥാപാത്രം ജയറാം ചെയ്യും എന്നത്. ജയറാമിനെ മനസ്സിൽ വിചാരിച്ചാണ് ആ കഥാപാത്രത്തിന്‍റെ സംഭാഷണങ്ങൾ പോലും അവർ തയ്യാറാക്കിയത്. എന്നാൽ ചിത്രത്തിന്‍റെ തിരക്കഥയുമായി ജയറാമിനെ സമീപിച്ച സിദ്ദിക്ക്-ലാലുമാർ ശരിക്കും ഞെട്ടി. ആ പ്രോജക്റ്റിൽ അഭിനയിക്കാൻ താൽപ്പര്യമില്ല എന്നു പറഞ്ഞ് ജയറാം പിന്മാറിയതാണ് അവരെ ഞെട്ടിച്ചത്. ശരിയായ കാരണം പറയാതെ, “എനിക്ക് താൽപ്പര്യമില്ല” എന്നാണത്രെ ജയറാം പറഞ്ഞത്.

കലാഭവനിൽ ഏറെക്കാലം തിളങ്ങി നിന്നിരുന്ന താരങ്ങളാണ് ജയറാമും, സിദ്ദിക്കും, ലാലും. ജയറാം ജൂനിയറായിരുന്നെങ്കിലും മൂവരും തമ്മിൽ വളരെ തീവ്രമായ ബന്ധമുണ്ടായിരുന്നു. എന്നിട്ടും ജയറാം അപ്രകാരമൊരു “നോ” പറഞ്ഞത് സിദ്ദിക്കിനെയും, ലാലിനെയും ശരിക്കും വിഷമിപ്പിച്ചു. ഒടുവിൽ, ബാലകൃഷ്ണനെ അവതരിപ്പിക്കാൻ ആളെത്തേടി നടന്ന അവരുടെ മുന്നിൽ അഭിനയ വിസ്മയം കൊട്ടാരക്കര ശ്രീധരൻ നായരുടെ മകൻ സായികുമാർ എത്തപ്പെടുകയായിരുന്നു. അങ്ങനെ “റാംജിറാവ് സ്പീക്കിംഗ്” എന്ന സിനിമ യാഥാർത്ഥ്യമായി. അത് സൂപ്പർഹിറ്റായി. മലയാളസിനിമയെ സംബന്ധിച്ച് ഏറ്റവും വലിയ മാറ്റങ്ങൾക്കു വഴി തെളിച്ച, യഥാർത്ഥ ന്യൂ ജനറേഷൻ സിനിമയായി മാറി “റാംജിറാവ് സ്പീക്കിംഗ്”.

ഇപ്പോഴും, സിദ്ദിക്കിന് ആ വിഷമം മനസ്സിലുണ്ട്. എന്താവും ജയറാം “നോ” പറയാൻ കാരണം ? ഏതാണ്ട് രണ്ടു മൂന്ന് ചിത്രങ്ങളിൽ മാത്രം അഭിനയിച്ചു പരിചയമുള്ള ജയറാമിന്, നവാഗതരായ സംവിധായകരുടെ പരീക്ഷണ ചിത്രത്തിൽ അഭിനയിക്കാനുള്ള താൽപ്പര്യക്കുറവായിരുന്നോ ആ “നോ”യുടെ പിന്നിൽ ? എന്തായാലും ജയറാം ഉപേക്ഷിച്ച “ബാലകൃഷ്ണൻ” എന്ന കഥാപാത്രമാണ് സായികുമാർ എന്ന, മലയാള സിനിമ കണ്ട ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളെ നമുക്ക് സമ്മാനിച്ചത്. തൽക്കാലം അതിൽ ആശ്വസിക്കാം.

shortlink

Related Articles

Post Your Comments


Back to top button