Interviews

സിനിമാ സമരത്തെക്കുറിച്ച് സംവിധായകൻ സിദ്ദിക്ക് പ്രതികരിക്കുന്നു.

മലയാള സിനിമയിലെ ട്രെൻഡുകളുടെ തമ്പുരാക്കന്മാർ എന്നറിയപ്പെട്ടിരുന്ന കൂട്ടുകെട്ടായിരുന്നു സിദ്ദിക്ക്-ലാൽ. ഒത്തുചേർന്ന സിനിമകളൊക്കെയും തന്നെ സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളാക്കിയ പ്രതിഭാധനരായ കലാകാരന്മാർ. ഇരുവരും പിരിഞ്ഞ് ഓരോ വ്യക്തികളായി ശ്രമിച്ചപ്പോഴും സിനിമയിൽ പരമമായ വിജയം ഇവർക്കൊപ്പം തന്നെ. എഴുത്ത്, സംവിധാനം എന്നീ മേഖലയിൽ മാത്രം ശ്രദ്ധ കൊടുത്തു കൊണ്ട് സിദ്ദിക്ക് മുന്നേറിയപ്പോൾ, അഭിനയം, നിർമ്മാണം, സംവിധാനം എന്നിവ ലക്ഷ്യമാക്കി ലാലും നീങ്ങി. എല്ലാം ചേർത്ത് തൊട്ടതെല്ലാം പൊന്നാക്കുന്ന മാജിക് സ്പർശവുമായി സിദ്ദിക്കും, ലാലും അപാരമായ ജനപ്രീതി നേടിക്കൊണ്ട് ഇന്നും ജൈത്രയാത്ര തുടരുന്നു. ഇപ്പോഴിതാ ആദ്യമായി ഒരു സിനിമ നിർമ്മിച്ചു കൊണ്ട് സിദ്ദിക്ക് തന്റെ പ്രവർത്തന മേഖല വിപുലീകരിക്കാനുള്ള ശ്രമം നടത്തുകയാണ്. ജയസൂര്യ, ലാൽ, സിദ്ദിഖ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന “ഫുക്രി”യാണ് ആ ചിത്രം.

സിദ്ദിക്ക് തന്നെ എഴുത്തും സംവിധാനവും നിർവ്വഹിച്ച “ഫുക്രി” 2016’ലെ ക്രിസ്മസിന് റിലീസാകാനായി തയ്യാറായി നിൽക്കുമ്പോഴാണ്, പതിവ് സമര പരിപാടികളുമായി ഫിലിം എക്സ്ഹിബിറ്റേഴ്‌സ് ഫെഡറേഷന്റെ വരവ്. എല്ലാ പ്രതീക്ഷകളും അസ്ഥാനത്തായി. ഈ നിമിഷം വരെയും തന്റെ സിനിമ സ്‌ക്രീനിലെത്തിക്കാൻ കഴിയാത്ത വിധത്തിൽ ഏറ്റവും വലിയ വിഷമ ഘട്ടത്തിലായ സിദ്ദിക്ക് തന്റെ ദുഃഖം ഈസ്റ്റ് കോസ്റ്റ് ഡെയിലിയോട് പങ്കു വയ്ക്കുകയുണ്ടായി.

എന്തിനാണ് ഈ സിനിമാ സമരം? ഇതിലൂടെ ആർക്കാണ് ലാഭം?

“ഈ സമരം ഒരു വൺ സൈഡഡ് തീരുമാനത്തിന്റെ ഫലമാണ്. ബന്ധപ്പെട്ട എല്ലാ സംഘടനകളും ചേർന്ന് വിശദമായി ചർച്ച ചെയ്ത് ഉണ്ടാക്കി വച്ച കരാറുകളിന്മേലുള്ള വ്യക്തമായ ലംഘനം. ഇത് ഒരു തരം ഫാസിസ്റ്റ് സ്വഭാവമാണ്. ചിലർ ഇത്തരത്തിൽ ഓരോന്നും സ്വയം തീരുമാനിക്കുന്നു, ഉത്തരവിറക്കുന്നു. ഇതിൽ മറ്റുളളവർക്കുണ്ടാകുന്ന നഷ്ടങ്ങളെക്കുറിച്ചൊന്നും അവർ ഒരിക്കലും ചിന്തിക്കുന്നില്ല. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള തീയറ്ററുകളിൽ ഒരു സ്വകാര്യ സർവ്വേ നടത്തിയാൽ അറിയാം, ഇതിന്റെ യഥാർത്ഥ അവസ്ഥ. കൂടുതൽ ശതമാനം പേരും ഈ സമരത്തെ എതിർക്കുന്നവർ തന്നെയായിരിക്കും. ഉറപ്പ്.”

ഫിലിം എക്സ്ഹിബിറ്റേഴ്‌സ് ഫെഡറേഷൻ ഇങ്ങനെയൊരു സമരം നടത്തുന്നുവെങ്കിൽ അവർക്ക് അതിന് കാരണങ്ങൾ ഉണ്ടാകില്ലേ?

“എന്ത് കാരണമാണ്? ഈ കഴിഞ്ഞ ഒരു വർഷത്തിനിടെ ഇവിടെ എന്തെങ്കിലും വലിയ വിലവർദ്ധനവ് വന്നിട്ടുണ്ടോ? വൈദ്യുതി ചാർജ്ജ് കൂടിയോ? ഇല്ലല്ലോ. ജോലിക്കാരുടെ ശമ്പളം ഇവർ കൂട്ടിയോ? അതും ഇല്ലല്ലോ. ഇങ്ങനെയൊരു സാഹചര്യത്തിൽ ഇവർ ഇങ്ങനെ കളക്ഷൻ നിരക്ക് കൂട്ടാൻ ആവശ്യപ്പെടുന്നത് എന്ത് യുക്തിയുടെ പേരിലാണെന്ന് മനസ്സിലാക്കുന്നില്ല. അപ്പോൾ എന്താ പ്രശ്നം, ഒന്നുമില്ല, ഇങ്ങനെ ഓരോ മൂന്നു മാസങ്ങൾ കൂടുമ്പോഴും അനാവശ്യ കാരണങ്ങൾ നിരത്തി സമരം നടത്തുക എന്നത് അവർക്കൊരു വിനോദമാണ്. മറിച്ച്, പലരിൽ നിന്നും കടം വാങ്ങി, ബാങ്കുകളിൽ സ്ഥലവും മറ്റും പണയം വച്ചു കിട്ടിയ കാശ് കൊണ്ട് സിനിമ നിർമ്മിക്കുന്നവർക്ക് അത് ശരിയായ സമയത്ത് റിലീസ് ചെയ്യാനോ, അഥവാ റിലീസ് ചെയ്‌താൽ മുടക്കു മുതൽ തിരികെ കിട്ടാതെ വരികയോ ചെയ്യുന്നത് ദുരന്തമാണ്. ഇവിടെ കൊട്ടിഘോഷിക്കപ്പെടുന്ന സെലിബ്രിറ്റികളിൽ എത്ര നിർമ്മാതാക്കളുണ്ട്? വിരലിൽ എണ്ണാവുന്നത് പോലുമില്ല. പരാജയപ്പെട്ട നിർമ്മാതാക്കളുടെ പേരുകൾ എവിടെയെങ്കിലും കേൾക്കാനുണ്ടോ? ”

മലയാള സിനിമയെ സംബന്ധിച്ച് 2016 എന്നത് വളർച്ചയുടെ വർഷമാണ്. ഒരുപാട് സിനിമകൾ നല്ല പ്രതീക്ഷകൾ തരുന്നു. ഒപ്പം “പുലിമുരുകൻ” നേടിയ അഭൂതപൂർവ്വമായ കളക്ഷനും. ഈ സാഹചര്യത്തിൽ ഇങ്ങനെയൊരു സമരത്തിനുള്ള പ്രാധാന്യം?

“അതിലൊരു വിഷയമുണ്ട്. പുലിമുരുകൻ എന്ന സിനിമ ഇത്രയും കളക്റ്റ് ചെയ്തത് ഇവിടെ പലർക്കും അത്ര പിടിച്ച മട്ടില്ല. ഈ സമരത്തിന്റെ പ്രധാന കാരണം അത് തന്നെയാണ്. ഈ കിട്ടുന്ന കളക്ഷനെല്ലാം നിർമ്മാതാവിന്റെ പോക്കറ്റിലേക്ക് പോകുന്നല്ലോ എന്ന, പലരുടെയും ആകുലതയാണ് കാരണം. അതിൽ ഒരു 10% കൂടുതലായി ഈ പറഞ്ഞ തീയറ്റർ ഉടമകൾക്ക് കിട്ടിയാൽ അതെന്താ മോശം തീരുമാനമാണോ? ഇങ്ങനെ ചിന്തിച്ച ഇടത്തു നിന്നാണ് ഈ സമരം തുടങ്ങുന്നത്. സത്യം എന്താണ്, ഈ വർഷം റിലീസ് ചെയ്ത 118 മലയാള സിനിമകളിൽ വെറും 23 – 25 എണ്ണം മാത്രമാണ് ഹിറ്റായത്. അവയിൽ നിർമ്മാതാവിന് ലാഭം കിട്ടിയതിന്റെ കണക്കെടുത്താൽ അത് വീണ്ടും കുറയും. കൂട്ടത്തിൽ “പുലിമുരുകൻ” മാത്രമാണ് അത്ഭുതം നിറഞ്ഞ കളക്ഷൻ നേടിയത്. ആ ഒരേ ഒരു സിനിമ മാത്രം. അതിന്റെ ചുവടു പിടിച്ചാണ്, ആർത്തിയിലൂടെ കൂടുതൽ നേടാമെന്ന ഈ സമരം തുടങ്ങിയത്. ഇതൊന്നും ന്യായമല്ല. അന്യായം, അത് ആരു ചെയ്താലും പ്രകൃതിയുടെ ശിക്ഷ കിട്ടും. പ്രകൃതി അത് തവിടു പൊടിയാക്കിക്കളയും. ഉറപ്പ്”

ക്രിസ്മസ് റിലീസിന് തയ്യാറായിരുന്ന “ഫുക്രി” എന്ന സിനിമയുടെ സംവിധായകൻ മാത്രമല്ല നിർമ്മാതാവ് കൂടിയാണ് താങ്കൾ. ഈ വിഷയം ഒരു നിർമ്മാതാവിന്റെ ഷൂവിൽ നിന്നും ആലോചിക്കുമ്പോൾ എന്ത് തോന്നുന്നു?

“എല്ലാവരെയും പോലെ കടം വാങ്ങി തന്നെയാണ് ഞാനും ഈ സിനിമ ചെയ്തത്. ഒരുപാട് കഷ്ടപ്പെട്ടു. ഒരു ടീമെന്ന നിലയിൽ എല്ലാവരും അതിൽ പരമാവധി സഹകരിച്ചിട്ടുണ്ട്. എല്ലാ പ്രശ്നങ്ങളും സധൈര്യം നേരിട്ട് ഒടുവിൽ അത് സ്‌ക്രീനിൽ എത്താനായി കാത്തിരിക്കുമ്പോൾ, അപ്രതീക്ഷിതമായിട്ടാണ് ഈ സമരം. അതും ചില വ്യക്തികളുടെ കടുംപിടിത്തം കാരണം മാത്രം സംഭവിച്ച സമരം. ഒന്നേ പറയാനുള്ളൂ, നേതൃത്വത്തിൽ ഇരിക്കുന്നവരുടെ വങ്കത്തരം കാരണം ഒരുപാട് കുടുംബങ്ങൾ കണ്ണീര് കുടിക്കുകയാണ്. മുകളിൽ ഇരിക്കുന്ന ആൾ വിഡ്ഢിയാണെങ്കിൽ, ആ ഒരു പ്രസ്ഥാനത്തിൽ വിഡ്ഢിത്തരത്തിന്റെ കളിയാട്ടം തന്നെ നടക്കും. അതിൽ യാതൊരു സംശയമില്ല. ഇതൊക്കെ ഒരു കലാകാരന്റെ അവകാശ നിഷേധമാണ്. ഒരുപാട് തൊഴിലാളികളുടെ തൊഴിലിനെ നിഷേധിക്കലാണ്. ഇവർക്ക് അതിനുള്ള അധികാരം ആരാണ് കൊടുത്തത്?

സർക്കാർ ഇവർക്ക് ലൈസൻസ് കൊടുത്തിട്ടുള്ളത് തീയറ്ററിൽ സിനിമ പ്രദർശിപ്പിക്കാനാണ്. അല്ലാതെ അത് മുടക്കാനല്ല. റേറ്റും, കാര്യങ്ങളും ബന്ധപ്പെട്ട എല്ലാ സംഘടനകളും ചേർന്ന് തീരുമാനമെടുത്തതാണ്. അതിൽ വർദ്ധനവ് വേണമെന്നുണ്ടെങ്കിൽ അതു പോലെ വീണ്ടും ഒത്തു ചേർന്ന് ചർച്ചകളിലൂടെയാണ് നടപ്പാക്കേണ്ടത്. അല്ലാതെ ഇങ്ങനെ മിന്നൽ സമരം നടത്തി മറ്റുള്ളവരുടെ അരിക്കലം എറിഞ്ഞുടച്ചിട്ടല്ല അത് ചെയ്യേണ്ടത്.”

സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞിരുന്നു, ഉത്സവ കാലങ്ങളിൽ സിനിമകൾക്ക് മുടക്കം വരുത്തുന്നത് ഏറ്റവും മോശപ്പെട്ട പ്രവണതയാണെന്ന്. ശരിയാണോ?

“വളരെ ശരിയാണ്. ഏത് ഫെഡറേഷൻ ആയാലും, ട്രേഡ് യൂണിയൻ ആയാലും, രാഷ്ട്രീയ പാർട്ടി ആണെങ്കിലും, ഇത്തരം മേഖലകളിൽ ഉത്സവകാലത്ത് ഒരു സമരം പാടില്ല. കാരണം അത് ജനം സന്തോഷിക്കുന്ന കാലമാണ്. അവരുടെ ഏറ്റവും മികച്ച വിനോദങ്ങളിൽ ഒന്നായ സിനിമയ്ക്ക് ആ സന്തോഷത്തിൽ പങ്കുണ്ട്. അതിന് തടസ്സം വരുത്താൻ ഇവർ ആരാണ്? ഉത്സവകാലം, അതായത് ഈ പറഞ്ഞ ചെറിയ കാലം ഇവർക്ക് ഇത്തരം സമരങ്ങളിൽ നിന്നും മാറി നിന്നാൽ എന്താണ് ദോഷം സംഭവിക്കുക? പിന്നീട് സ്വസ്ഥമായി, വിശദമായി ചർച്ച ചെയ്ത് പരിഹരിച്ച് കൂടേ ഇതെല്ലാം? പണ്ടും ഇതു പോലെ ഒരു സമര പ്രേമി ഇവിടെ ഒരു സംഘടനയുടെ തലപ്പത്തുണ്ടായിരുന്നു. ഇപ്പോൾ അയാൾ എവിടെ? കാലമാണ് ഇതിനൊക്കെയുള്ള മറുപടികൾ കൊടുക്കുന്നത്. സത്യം.”

സിദ്ദിക്ക്-ലാൽ ടീമിന്റെ “കിംഗ് ലയർ” എന്ന സിനിമയുടെ റിലീസ് സമയത്തും ഇത്തരമൊരു സമരം ഉണ്ടായിരുന്നല്ലോ. നിങ്ങൾക്കെതിരെയാണോ ഇവരെല്ലാം?

“ഹേയ്, ഇതൊന്നും ഒരിക്കലും വ്യക്തിപരമല്ല. അങ്ങനെ ആകാൻ പാടില്ല എന്നതാണ് സത്യം. അതെ, നമ്മുടെ “കിംഗ് ലയർ” എന്ന സിനിമയുടെ റിലീസ് സമയത്ത്, ആദ്യത്തെ ആഴ്ച ഒരു കാര്യവുമില്ലാതെ സമരം നടന്നു. തീയറ്ററുകളിൽ വെൻഡിങ് മെഷീൻ വയ്ക്കുന്നതുമായി ബന്ധപ്പെട്ടതായിരുന്നു ആ സമരം. അന്ന് ഒരുപാട് നഷ്ടമുണ്ടായി. ആ ദിവസങ്ങളിലെ കളക്ഷനങ്ങ് പോയി. നിയമസഭാ തെരെഞ്ഞെടുപ്പ് കഴിഞ്ഞ് ഫലം കാത്തിരിക്കുന്ന സമയമായിരുന്നു അത്. ഒരു സമരം നടത്തിയാൽ പോലും ഒരിക്കലും തീരുമാനമുണ്ടാകില്ല, കാരണം മന്ത്രിസഭ എന്നത് ത്രിശങ്കു സ്വർഗ്ഗത്തിലായിരുന്നു. ആ ഒരു അവസ്ഥയിൽ ഒരു സമരം നടത്തണമെങ്കിൽ, എത്രത്തോളം മണ്ടത്തരം കൊണ്ട് നിറച്ചതായിരിക്കണം ബന്ധപ്പെട്ടവരുടെ തലകൾ! സത്യം പറഞ്ഞാൽ ഈ ഒരു സംഘടന മലയാള സിനിമയ്ക്ക് ഉണ്ടാക്കുന്ന തലവേദന അസഹനീയമാണ്. നിലവിലുള്ള കളക്ഷൻ നിരക്ക് വച്ച് ഒരു നിർമ്മാതാവ് പൊട്ടിപ്പൊളിഞ്ഞ് കടം കയറി ആത്മഹത്യ ചെയ്താലും, തീയറ്ററുകാർക്ക് യാതൊരു നഷ്ടവും വരില്ല. ഹോൾഡ് ഓവർ ആകുന്ന സിനിമകൾക്കൊക്കെ തോന്നുന്ന റേറ്റിലാണ് കളക്ഷൻ പങ്കു വയ്ക്കുന്നത്.

എല്ലാം സഹിക്കാം, മാളുകളുടെ നിരക്കുമായി ഇവർ താരതമ്യം ചെയ്യുന്നതാണ് ഏറ്റവും വലിയ ദുരന്തം. പ്രേക്ഷകർക്ക് വ്യക്തമായ സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തിട്ടാണ് മാളുകൾ ഉയർന്ന നിരക്കിൽ കരാറുകൾ ഉണ്ടാക്കുന്നത്. ഇവിടെ മൂത്രപ്പുര പോലും നേരെയാക്കാതെ, വെറും വാചകക്കസർത്തുകൾ മാത്രമാണ് നടക്കുന്നത്. സർക്കാരിന്റെ സഹായം ഏറ്റവും അധികം ലഭിക്കുന്നത് സാധാരണ തീയറ്ററുകൾക്കാണ്. എന്നിട്ടും, സർക്കാരിന് ഇതുപോലുള്ള സമരങ്ങൾ വഴി ഏറ്റവും വലിയ പണികൾ കൊടുക്കുന്നതും അവർ തന്നെ. സിനിമകൾ കാണാനാണ് പ്രേക്ഷകർ തീയറ്ററുകളിൽ എത്തുന്നത്. അല്ലാതെ ടിക്കറ്റും വാങ്ങി, എ സി യിൽ ഇരുന്നു സുഖിക്കാൻ മാത്രമല്ല. ഈ പറഞ്ഞ എ സി പോലും പലരും, പല സമയങ്ങളിലും.” പ്രവർത്തിപ്പിക്കാറില്ല.

സത്യം. ഇനിയിപ്പോൾ “ഫുക്രി” എന്ന് റിലീസ് ചെയ്യാൻ കഴിയും എന്നാണ് പ്രതീക്ഷ ?

“ഒരു പ്രതീക്ഷയുമില്ല. ഞാൻ തീർത്തും നിരാശനാണ്. സർക്കാർ തലത്തിൽ എന്തെങ്കിലും ശക്തമായ തീരുമാനങ്ങൾ ഉണ്ടായാൽ മാത്രമേ രക്ഷയുള്ളൂ. ഇത്രയും കാലത്തെ സിനിമാ പരിചയമൊക്കെ വെറും കടലാസുകളിൽ മാത്രം ഒതുങ്ങുന്ന പോലെ ഒരു ഫീൽ. മാറ്റം സംഭവിക്കും. ഉറപ്പ്.”

തയ്യാറാക്കിയത്
സുരേഷ് കുമാർ രവീന്ദ്രൻ

shortlink

Related Articles

Post Your Comments


Back to top button