CinemaGeneralNEWS

തങ്കവേലു മാരിയപ്പന്റെ ജീവിതം സിനിമയാകുന്നു

റിയോ പാരാലിമ്പിക്‌സില്‍ സ്വര്‍ണം നേടിയ തങ്കവേലു മാരിയപ്പന്റെ ജീവിതം സിനിമയാകുന്നു. രജനികാന്തിന്റെ മകളും ധനുഷിന്‍റെ ഭാര്യയുമായ ഐശ്വര്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാരിയപ്പന്‍ എന്ന പേരിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തിറക്കി.

റിയോയില്‍ നടന്ന പാരാലിമ്പിക്‌സില്‍ പുരുഷന്മാരുടെ ഹൈജമ്പ് ടി42 വിഭാഗത്തിലാണ് തമിഴ്‌നാട്ടിലെ സേലം സ്വദേശി മാരിയപ്പന്‍ എന്ന ഇരുപത്തിയൊന്നുകാരന്‍ സ്വര്‍ണം നേടിയത്. പ്രതിസന്ധികളെ തോല്‍പ്പിച്ച് നേടിയെടുത്ത നേട്ടമായിരുന്നു അത്.

ചിത്രത്തില്‍ മാരിയപ്പനെ അവതരിപ്പിക്കുന്നത് ആരാണെന്നു ഇതുവരെ പുറത്തു വിട്ടിട്ടില്ല. മാരിയപ്പനായി ധനുഷ് എത്തിയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളുമുണ്ട്. സീന്‍ റോള്‍ഡന്‍ സംഗീതം നല്‍കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് വേല്‍രാജാണ്. ചിത്രത്തിന് സംഭാഷണമൊരുക്കുന്നത് രാജു മുരുകനാണ്. ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞ് കൈയ്യില്‍ സ്വര്‍ണ്ണ മെഡലുമായി പുറം തിരിഞ്ഞു നില്‍ക്കുന്ന മാരിയപ്പന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്.

അഞ്ചു വയസ്സുള്ളപ്പോള്‍ നടന്ന ഒരു വാഹനാപകടമാണ് മാരിയപ്പന്റെ ജീവിതം മാറ്റിമറിച്ചത്. നിയന്ത്രണം വിട്ടുവന്ന ബസ്സിന്റെ ചക്രങ്ങള്‍ക്കടിയില്‍പ്പെട്ട് മാരിയപ്പന്റെ വലതുകാല്‍ തകരുകയായിരുന്നു. എന്നാലും വിധിയെ തോല്‍പ്പിച്ച് വിജയം നേടിയ മാരിയപ്പന്റെ ജീവിത കഥയാണ് സിനിമയാകുന്നത്.

shortlink

Related Articles

Post Your Comments


Back to top button