CinemaGeneralNEWSVideos

തന്നെപ്പറ്റിയുള്ള വ്യാജ വാര്‍ത്തകള്‍ക്കെതിരെ അന്‍സിബ ഹസ്സന്‍

ദൃശ്യ’ത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് അന്‍സിബ ഹസ്സന്‍. താരത്തിന് നേരെ മതമൗലികവാദികള്‍ നടത്തിയ ആക്രമണങ്ങള്‍ പലപ്രാവശ്യം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. തട്ടമിടാതെയുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത അന്‍സിബ നരകത്തില്‍ പോകുമെന്നും താരത്തിന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ മതവിരുദ്ധമാണെന്നും ആരോപിച്ചായിരുന്നു സൈബര്‍ ആക്രമണവും അധിക്ഷേപവും. എന്നാല്‍ തട്ടമിട്ടില്ലെങ്കില്‍ എന്താണ് പ്രശ്‌നമെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും തന്റെ പേരില്‍ പ്രചരിപ്പിക്കുന്ന പല വാര്‍ത്തകളും വ്യാജമാണെന്നും അന്‍സിബ വിശദീകരിക്കുന്നു.

ഒരു ചാനല്‍ പ്രോഗ്രാമില്‍ ബിക്കിനിയില്‍ സ്വിമ്മിംഗ് പൂളിലിരിക്കുന്ന ചിത്രം തന്റെതല്ലെന്നും നടി പറയുന്നു . സിനിമാ താരങ്ങളെ കുറിച്ചും മറ്റും ഗോസിപ്പുകള്‍ ഹാസ്യരൂപേണ അവതരിപ്പിക്കുന്ന പ്രോഗാമിലാണ് ബിക്കിണി അണിഞ്ഞ് ഇത്തരത്തിലൊരു ചിത്രം തന്റെ പേരില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നതെന്ന് അന്‍സിബ വ്യക്തമാക്കി.

സൈബര്‍ ആക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ നേരിടേണ്ടി വന്നിട്ടുള്ള താരമാണ് അന്‍സിബ ഹസന്‍. തന്റെ വ്യാജ ചിത്രം പ്രചരിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അന്‍സിബ ഫെയ്‌സ്ബുക്കിലൂടെ പ്രിതികരിക്കുകയാണ്. സംഭവത്തിന്റെ യാഥാര്‍ത്ഥ്യം വ്യക്തമാക്കിയുള്ള വീഡിയോയാണ് അന്‍സിബ ഫെയ്‌സ്ബുക്കിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്.

അന്‍സിബയുടെ വാക്കുകള്‍ ഇങ്ങനെ- ‘തട്ടമിട്ടില്ലെങ്കില്‍ എന്താണ് പ്രശ്നം, നരകത്തില്‍ പോകില്ല, നരകം ഇല്ല, ബോളിവുഡില്‍ ഉള്ളത് മുസ്ലിങ്ങള്‍ അല്ലേ, അന്‍സിബയും നരകത്തില്‍ പോകില്ല, ഇങ്ങനെയുള്ള പ്രസ്താവനകള്‍ ഞാന്‍ നടത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ആരുമായും സംസാരിച്ചില്ല. കുറേക്കാലമായി ചില ഓണ്‍ലൈന്‍ സൈറ്റുകളില്‍ വൈറലായി ഇത്തരം വാര്‍ത്തകള്‍ കണ്ടു. ചില സുഹൃത്തുക്കള്‍ ഈ വാര്‍ത്ത എനിക്ക് ഫോര്‍വേഡ് ചെയ്തു. എന്തിനാണ് ഇങ്ങനെയുള്ള വാര്‍ത്തകള്‍ കെട്ടിച്ചമക്കുന്നത്. ഞാന്‍ വലിയ ആളൊന്നുമല്ല, ഞാനൊരു സാധാരണ പെണ്‍കുട്ടിയാണ്. ചെറിയ കാര്യങ്ങള്‍ക്ക് സങ്കടവും സന്തോഷവും ഉണ്ടാകുന്ന ആളാണ്. ഇത്തരം വാര്‍ത്തകളോട് പ്രതികരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നിയതിനാലാണ് ഇതേവരെ പ്രതികരിക്കാത്തത്. ഈയടുത്ത് സുഹൃത്തുക്കള്‍ മറ്റൊരു വീഡിയോ അയച്ചു. മദ്രസാ അധ്യാപകരെ പറ്റി ആരോ അപവാദം പറയുന്നൊരു ഓഡിയോ ക്ലിപ്പുണ്ട്. ആ ഓഡിയോ ക്ലിപ്പ് ആ ദ്രോഹി അപ്ലോഡ് ചെയ്തപ്പോള്‍ അതിന്റെ കവര്‍ പേജ് ആയി എന്റെ ഫോട്ടോയാണ് അപ്ലോഡ് ചെയ്തത്. അതുകൊണ്ട് ഈ ഓഡിയോ കേള്‍ക്കുന്നവര്‍ വിചാരിക്കും ഞാന്‍ പറഞ്ഞതാണെന്ന്. ഞാന്‍ ഓഡിയോ കേട്ടപ്പോള്‍ കണ്ണൂര്‍ കാസര്‍ഗോഡ് ഭാഗത്തുള്ളവരുടെ ഭാഷയാണെന്ന് തോന്നിയത്. ഞാന്‍ പര്‍ദയണിഞ്ഞ ഫോട്ടോ എവിടുന്നോ എടുത്ത് ഇട്ടതാണ്. ഇതിനൊക്കെ എവിടെ പരാതിപ്പെടണമെന്ന് എനിക്കറിയില്ല.

ഒരു ചാനലില്‍ സിനിമയെപ്പറ്റിയും സിനിമാ താരങ്ങളെ പറ്റിയും ഗോസിപ്പുകള്‍ ഹാസ്യരൂപേണ അവതരിപ്പിക്കുന്ന പ്രോഗ്രാമില്‍ ഒരു സ്ത്രീ ബിക്കിനിയില്‍ സ്വിമ്മിംഗ് പൂളില്‍ നില്‍ക്കുന്ന ചിത്രം എന്റെ ഫോട്ടോയെന്ന രീതിയിലാണ് കാണിച്ചത്. ഞാന്‍ ആണെന്ന് ഉറപ്പുവരുത്താതെയാണ് ആ ഫോട്ടോ അവര്‍ ഉപയോഗിച്ചത്. ഒരു സാധാരണ പെണ്‍കുട്ടിയെന്ന നിലയില്‍ ഒരുപാട് വിഷമിപ്പിക്കുന്ന കാര്യമാണിത്. ഞാനൊരു വലിയ ആളല്ല. ജനങ്ങള്‍ക്കിഷ്ടപ്പെട്ട സിനിമയില്‍ നല്ലൊരു കഥാപാത്രം ചെയ്തു. അതിനുള്ള സ്നേഹം മതിയെനിക്ക്. ഇല്ലാത്ത വാല്യു കൊടുത്ത് ഇത് പോലുള്ള വാര്‍ത്തകള്‍ ഉണ്ടാക്കരുത്. വേറൊരു സങ്കടം തോന്നിയ കാര്യം. ഒരു പ്രഭാഷണത്തില്‍ നരകമില്ലെന്ന് അന്‍സിബ പറഞ്ഞുവെന്ന് ഒരാള്‍ സംസാരിക്കുന്നത് കണ്ടു. പ്രിയപ്പെട്ട സഹോദരാ ഞാനൊരിക്കലും നരകം ഇല്ലെന്നോ നരകത്തെ നിഷേധിക്കുകയോ ചെയ്തിട്ടില്ല. അത് വ്യാജവാര്‍ത്തയാണെ’ന്നും അന്‍സിബ പറയുന്നു.

 

shortlink

Related Articles

Post Your Comments


Back to top button