KollywoodMovie Reviews

‘സിങ്കം 3’ കോളിവുഡിലെ മറ്റൊരു ഭയാനക വേര്‍ഷന്‍

പ്രവീണ്‍.പി നായര്‍

വിജയ്‌യുടെ ‘ഭൈരവ’യ്ക്ക് പിന്നാലെ സൂര്യ ആരാധകര്‍ക്ക് ആഘോഷിച്ചു തിമിര്‍ക്കാന്‍ സിങ്കം 3 ഇന്ന് പ്രദര്‍ശനത്തിനെത്തി. കണ്ടതെല്ലാം പലയാവര്‍ത്തി കണ്ടാലും കയ്യടിച്ചു ആവേശം തീര്‍ക്കാനെത്തുന്ന ആരാധക സമൂഹത്തിന് വേണ്ടി മാത്രമാണ് കോളിവുഡില്‍ മാസ് ചിത്രങ്ങള്‍ തയ്യാറാക്കുന്നത്. സൂര്യയും വിജയ്‌യുമടക്കമുള്ള താരങ്ങള്‍ ഇത്തരം സിനിമകള്‍ക്കാണ് പ്രാമുഖ്യം നല്‍കുന്നതും.

singam-2
പഴയ ബോംബ്‌ കഥയായാലും സാങ്കേതികപരമായി മുന്നേറിയാല്‍ പണം കൊയ്യാമെന്ന ആത്മവിശ്വാസമാകാം ഇത്തരം സിനിമകളെടുക്കാന്‍ അണിയറക്കാരെ പ്രേരിപ്പിക്കുന്നത്. സാങ്കേതികപരമായി മികവു കൈവരിക്കുന്ന ചിത്രത്തെ പ്രശംസിക്കാറുള്ള പ്രേക്ഷക സമൂഹത്തിനു മുന്നില്‍ അവതരണം പാളിയാല്‍ ആരാധകരൊഴിച്ചുള്ളവര്‍ അതിനെ പുറംതള്ളും. അങ്ങനെ തഴഞ്ഞ നിരവധി വിജയ്, സൂര്യചിത്രങ്ങള്‍ സമീപകാലത്തുണ്ടായിട്ടുണ്ട്.

മലയാള സിനിമാ വ്യവസായം പുരോഗതിയോടെ മുന്നേറുന്ന  വേളയിലാണ് സൂര്യ സിങ്കം 3 യുമായി കേരളത്തിലെ തിയേറ്ററുകളില്‍ വിലസാനെത്തുന്നത്. സിങ്കത്തിന്റെ ആദ്യ പാര്‍ട്ട് പ്രേക്ഷകര്‍ക്ക് മനസ്സ് മടുക്കാത്ത ആസ്വാദനസുഖം സമ്മാനിച്ചിരുന്നു. രണ്ടാം ഭാഗത്തിലെത്തിയപ്പോള്‍ ആദ്യ ഭാഗത്തിന്‍റെ മികവ് കാണാനായതുമില്ല, അതുകൊണ്ട് മൂന്നാം ഭാഗം ആവര്‍ത്തിക്കേണ്ടെന്നായിരുന്നു പ്രേക്ഷക സംസാരം.

Singam

വാണിജ്യ സിനിമ എന്നതിനപ്പുറം നല്ല ചിത്രങ്ങള്‍ പ്രേക്ഷകരുമായി പങ്കുവെയ്ക്കണം എന്ന ചിന്തയുള്ള നടനായിരുന്നു സൂര്യ. അതുകൊണ്ടാണ് ‘നടിപ്പിന്‍’ നായകനെന്ന വിളിപ്പേരിന് സൂര്യ അര്‍ഹനായത്. ഓര്‍ത്തിരിക്കാവുന്ന ഒരുപിടി നല്ല ചിത്രങ്ങളില്‍ ഒന്നാംതരം നായക വേഷങ്ങള്‍ കെട്ടിയാടിയിട്ടുള്ള സൂര്യയുടെ സമീപകാല ചിത്രങ്ങളെല്ലാം പ്രേക്ഷകരെ നിരാശപ്പെടുത്തിയിരുന്നു. ഹരി-സൂര്യ കോമ്പിനേഷന്‍ ചിത്രങ്ങളെല്ലാം വാണിജ്യപരമായി മികവ് പുലര്‍ത്തിയ സിനിമകളാണ്.

പോലീസ് ഉദ്യോഗസ്ഥനായ ‘ദുരൈ സിങ്കത്തി’ന്‍റെ തൊഴില്‍ മേഖലയിലുണ്ടാകുന്ന വിഷയത്തെ മുന്‍നിര്‍ത്തിയാണ് സിങ്കം 3യുടെ കഥാ സഞ്ചാരം. മസാല ചിത്രങ്ങളുടെ, പതിവ് കാഴ്ചകള്‍ പോലെ സിങ്കം ത്രീയുടെ ഓരോ രംഗങ്ങളും പ്രേക്ഷക മനസ്സില്‍ അടയാളമാകാതെ നീങ്ങി. രണ്ടര മണിക്കൂറില്‍ തീരേണ്ടതിനാല്‍ പ്രതിസന്ധികളെയൊക്കെ അനായാസം മറികടന്ന ‘ദുരൈ സിങ്കം’ സ്ക്രീനില്‍ തീപിടിച്ച പോലെ ഓടി നടന്നു. സത്യത്തില്‍ ഇതാണല്ലോ മാസ് കോളിവുഡ് സൃഷ്ടികള്‍.

singam-3

തുടക്കകാലങ്ങളില്‍ രജനീകാന്തും,വിജയ്‌യും, സൂര്യയുമൊക്കെ അഭിനയിച്ചതത്രയും മികവുറ്റ വിനോദ ചിത്രങ്ങളായിരുന്നു. ഇത്തരം സിനിമകള്‍ മലയാളി പ്രേക്ഷകര്‍ക്ക് അവരോടുള്ള ആരാധന വര്‍ദ്ധിക്കാന്‍ കാരണമാക്കി. ഇവരോടുള്ള അന്ധമായ ആരാധനയാണ്  ഇവരുടെതായി പുറത്തിറങ്ങിയ പല തട്ടികൂട്ട് ചിത്രങ്ങളും നല്ലതാണെന്ന് പറയാന്‍ ചിലരെയെങ്കിലും ഇന്ന് നിര്‍ബന്ധിതരാക്കുന്നത്.

ആരാധകര്‍ക്ക് ആഘോഷമാക്കാന്‍ കോമഡിയടക്കമുള്ള ബഹുവിധ ചേരുവകള്‍ സിങ്കം ത്രീയില്‍ ലയിപ്പിക്കുന്നെങ്കിലും പ്രേക്ഷക മനസ്സിനെ ഉപദ്രവിച്ചു കൊണ്ടാണ് സിനിമയുടെ പ്രയാണം. സിങ്കം ത്രീ സൂര്യയുടെ കരിയറിലെ ഏറ്റവും ചെലവേറിയചിത്രമെന്ന് പറയപ്പെടുമ്പോള്‍ എവിടെയാണ് ചെലവേറിയതെന്ന് മറുചോദ്യം ചോദിക്കേണ്ടി വരും.

ടെക്നിക്കല്‍പരമായി പോലും പ്രേക്ഷകരെ ആകര്‍ഷിക്കാത്ത ഇത് പോലെയുള്ള സിനിമകളെ ബ്രഹ്മാണ്ട സിനിമകള്‍ എന്നതിന് പകരം  മണ്ടന്‍ സിനിമകളെന്നു തിരുത്തി എഴുതേണ്ടി വരും.

Singam-4

സാങ്കേതികതയുടെ പുത്തന്‍ ശൈലിയില്‍ മലയാളത്തിലെ മിടുക്കന്മാര്‍ ഇവിടെ പടം പിടിക്കുമ്പോള്‍ തമിഴ് ചിത്രങ്ങളുടെ തേരോട്ടം കേരളത്തില്‍ അവസാനിക്കാന്‍ ഇനി അധികകാലം വേണ്ടി വരില്ല. മോളിവുഡ് ചിത്രങ്ങള്‍ കോളിവുഡിലും വൈകാതെ തന്നെ  വെന്നിക്കൊടി പാറിക്കും. ക്ലീഷേകള്‍ സമ്മേളിക്കുന്ന പതിവ് സിനിമാ ഫോര്‍മുലകള്‍ തമിഴന്‍റെ ആസ്വാദനത്തെ മുറിവേല്‍പ്പിക്കുന്നുണ്ട്. വിജയ്‌യെയും സൂര്യയെയുമൊക്കെ അന്ധമായി ആരാധിക്കുന്നത്കൊണ്ട് ഇതൊക്കെയാണ്  ഞങ്ങള്‍ക്കിഷ്ടം എന്ന് പറഞ്ഞു സമാധാനിക്കുകയാണ് പാവം തമിഴ് പ്രേക്ഷകര്‍.

സിങ്കം 3 യില്‍ സൂര്യയുടെ അഭിനയ പ്രകടനം മാത്രമാണ് അല്‍പം എങ്കിലും ആശ്വാസം നല്‍കുന്നത്. ദുരൈ സിങ്കമായി എല്ലാവര്‍ക്കും ഇഷ്ടപെടുന്ന രീതിയില്‍ സൂര്യ പെര്‍ഫോം ചെയ്തിട്ടുണ്ട്.സൂര്യയെ പോലെയുള്ള മികച്ച ആര്‍ട്ടിസ്റ്റുകള്‍ ഇത്തരം നാലാംകിട തട്ടികൂട്ട് ചിത്രത്തിനു വേണ്ടി കഠിനാദ്ധ്വാനം ചെയ്യുമ്പോള്‍ കയ്യടിക്കാനല്ല മറിച്ചു സഹതപിക്കാനാണ് തോന്നുന്നത്. ശ്രുതി ഹാസന്‍, അനുഷ്ക ഷെട്ടി എന്നിവരാണ് നായികമാരായി എത്തുന്നത്. മാറ്റമൊന്നുമില്ലാത്ത കോളിവുഡിലെ സ്ഥിരം നായിക കുപ്പായങ്ങള്‍ ഇരുവരും അണിഞ്ഞുകൊണ്ട് ദുരൈ സിങ്കത്തിന്‍റെ മുന്നിലും പിന്നിലും അണിനിരക്കുന്നുണ്ട്. കൂട്ടത്തില്‍ അനുഷ്കയുടെ പ്രകടനം ഭേദമാണ്. നായകന്‍റെ പിറകെ പ്രേമം പറഞ്ഞു നടക്കാനായി സംവിധായകന്‍ ശ്രുതിഹാസനെയാണ് നിയോഗിച്ചത്.

ഹാരിസ് ജയരാജിന്റെ ഈണങ്ങള്‍ ശരാശരി അനുഭവമായി തോന്നി. ഇരിക്കുന്തോറും വീര്യം കൂടുന്നതാണ് തമിഴ് ഗാനങ്ങള്‍. സിങ്കം 3 യിലെ ഗാനങ്ങള്‍ക്ക് വരും ദിനങ്ങളില്‍ വീര്യം കൂടിയേക്കാം. പശ്ചാത്തല ഈണം ഗംഭീരമായിരുന്നു. സിനിമയുടെ അവസാനത്തോട് അടുക്കുമ്പോള്‍ പശ്ചാത്തല ഈണമാണ് ഉറങ്ങിയിരിക്കുന്ന പ്രേക്ഷകനെ ഉണര്‍ന്നിരിക്കാന്‍ പ്രേരിപ്പിക്കുന്നത്. പ്രിയന്‍റെ ഛായാഗ്രഹണം മികച്ച നിലവാരം പുലര്‍ത്തിയിട്ടുണ്ട്.

അവസാന വാചകം

കോളിവുഡില്‍ ഇത്രയും ഭയാനകമായ ഒരു വേര്‍ഷന്‍ ഇതാദ്യം അല്ലാത്തത് കൊണ്ട് ബോധം നഷ്ടപ്പെട്ടില്ല..

shortlink

Related Articles

Post Your Comments


Back to top button