GeneralNEWS

പ്രേക്ഷകരുടെ തെരഞ്ഞെടുപ്പില്‍ ‘ഗംഗ’ തന്നെ ജേതാവ്!

പ്രമുഖ ടിവി ചാനല്‍ സിനിമാ അവാര്‍ഡ്‌ നിര്‍ണയത്തില്‍ നിന്ന് നടന്‍ വിനായകനെ തഴഞ്ഞത് വലിയ വിവാദമായി മാറിയിരുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ രാജീവ്‌ രവി ചിത്രം ‘കമ്മട്ടിപാട’ത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച വിനായകനെ മലയാളത്തിലെ മുന്‍നിര ചാനല്‍ പരിഗണിക്കാതിരുന്നത് സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം സൃഷ്ടിച്ചിരുന്നു. ഒടുവില്‍ വിനായകന്‍റെ അഭിനയത്തിന് അര്‍ഹിച്ച അംഗീകാരം നല്‍കി കൊണ്ട് പ്രമുഖ സിനിമാ ഗ്രൂപ്പായ ‘ സിനിമാ പാരഡീസോ ക്ലബ്’ സോഷ്യല്‍ മീഡിയയിലെ താരമായി.

‘കമ്മട്ടിപാട’ത്തിലെ ഗംഗയിലൂടെ ഏറ്റവും മികച്ച നടനുള്ള അവാര്‍ഡാണ് സിനിമാ പാരഡീസോ വിനായകന് സമ്മാനിച്ചത്. 1994ല്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയ മുഹൂര്‍ത്തമാണ് ഈ അവാര്‍ഡ് സ്വീകരിക്കുമ്പോള്‍ മനസിലെന്ന് വിനായകന്‍ പങ്കുവെച്ചു. ജയസൂര്യയില്‍ നിന്നാണ് വിനായകന്‍ അവാര്‍ഡ്‌ ഏറ്റുവാങ്ങിയത്. ഏറ്റവും സത്യസന്ധമായ അവാര്‍ഡ്‌ നിര്‍ണയമെന്നായിരുന്നു ജയസൂര്യ വിനായകന് അവാര്‍ഡ്‌ സമ്മാനിച്ചുകൊണ്ട് പറഞ്ഞത്. ഓഡിയന്‍സ് പോളില്‍ കൂടുതല്‍ വോട്ട് നേടിയവരെ സെലക്ട്‌ ചെയ്തുകൊണ്ട് പന്ത്രണ്ടംഗ ജൂറിയാണ് അവാര്‍ഡ്‌ നിര്‍ണയിച്ചത്. ഫേസ്ബുക്കിലെ പ്രധാന ചലച്ചിത്ര കൂട്ടായ്മയായ സിനിമാ പാരഡീസോ ക്ലബ്ബ് നേരെത്തെയും അവാര്‍ഡ്‌ നിര്‍ണയിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് താരങ്ങള്‍ക്ക് അവാര്‍ഡ്‌ നേരിട്ട് സമ്മാനിക്കുന്നത്. നടന്‍ ഇന്ദ്രന്‍സിന് പ്രത്യേക പുരസ്കാരം നല്‍കി ആദരിച്ച സിനിമാ പാരഡീസോ മറ്റു ടെലിവിഷന്‍ സിനിമാ അവാര്‍ഡുകളില്‍ നിന്നും തികച്ചും വേറിട്ട്‌ നിന്നു. മികച്ച ചിത്രമായി മഹേഷിന്റെ പ്രതികാരം തെരഞ്ഞെടുത്തപ്പോള്‍ മികച്ച സംവിധായകനായത് ദിലീഷ് പോത്തനായിരുന്നു. മികച്ച നടിയായി അനുരാഗ കരിക്കിന്‍ വെള്ളത്തിലെ രജീഷാ വിജയനെ തെരഞ്ഞെടുത്തു.

shortlink

Related Articles

Post Your Comments


Back to top button