CinemaGeneralNEWS

എന്‍റെ ഒരു സിനിമയിലും ഇനി അങ്ങനെയൊന്നുണ്ടാവില്ല; സംവിധായകന്‍ എം.എ നിഷാദ്

സ്ത്രീ വിരുദ്ധതയെ പ്രോത്സാഹിപ്പിക്കുന്ന നിരവധി സിനിമകള്‍ മലയാളത്തിലുണ്ടായിട്ടുണ്ട്.അവയെ ന്യായീകരിച്ച് തന്‍റെ ഭാഗമാണ് ശരിയെന്ന് വാദിക്കാനാണ് പല സംവിധായകരും ശ്രമിക്കുന്നത്. പക്ഷേ അവരില്‍ നിന്നെല്ലാം വ്യത്യസ്തനാകുകയാണ് സംവിധായകന്‍ എം.എ നിഷാദ്. തന്‍റെ സിനികളില്‍ സ്ത്രീ വിരുദ്ധത ഉണ്ടായിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നതായി എം.എ നിഷാദ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഇനി ഒരു സിനിമയിലും ഒരു സ്ത്രീ കഥാപാത്രവും മോശമായ ഡയലോഗുകൾ കൊണ്ടോ , ദ്വായാർത്ഥ പ്രയോഗങ്ങൾ കൊണ്ടോ ,നോട്ടം കൊണ്ട് പോലുമോ അപമാനിക്കപ്പെടില്ലെന്ന് നാം ഉറച്ച തീരൂമാനമെടുക്കണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

എം.എ നിഷാദിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌

പ്രിയ സുഹൃത്തുക്കളെ
ചിലത് പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നു . ഒരു യുവനടിയ്ക്കുണ്ടായ അങ്ങേയറ്റം ക്രൂരമായ ദുരനുഭവവുമായ് ബന്ധപ്പെട്ട് മലയാള ചലച്ചിത്ര മേഖല വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. ചലച്ചിത്ര വ്യവസായത്തെ തന്നെ കാർന്നു തിന്നുന്ന ക്രിമിനൽ മാഫിയ ബന്ധങ്ങൾ ചർച്ചകളിൽ നിറയുന്നു. സിനിമ ഒരു ശക്തമായ മാധ്യമമെന്ന നിലയിൽ പൊതു സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയുന്ന ഒരു കലയാണ്. എന്നാൽ എല്ലായിടത്തുമെന്ന പോലെ അത്ര ചെറുതല്ലാത്ത പുഴുക്കുത്തുകൾ ചലച്ചിത്ര രംഗത്തുമുണ്ട്. ചെറിയ തോതിൽ ഉണ്ടായിരുന്ന ഈ കൃമി കീടങ്ങൾ ഇന്ന് വലിയ വിഷജീവികളായി മാറിയിരിക്കുന്നു. ഈ മേഖലയമായ് ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാവർക്കും ഈ വിഷജീവികളുടെ വളർച്ചയിൽ അറിഞ്ഞോ അറിയാതെയോ പങ്കുണ്ട്. അതുകൊണ്ടു തന്നെ തിരുത്തലുകളും ശുദ്ധീകരണവും ചലച്ചിത്ര പ്രവർത്തകരിൽ നിന്നു തന്നെ ഉണ്ടാകേണ്ടിയിരിക്കുന്നു. ഒരു സഹപ്രവർത്തകയ്ക്കുണ്ടായ ക്രൂരാനുഭവത്തെ മുൻനിർത്തി ഇങ്ങനൊരു ശുദ്ധികലശത്തിന് ചിന്തിക്കേണ്ടി വരുന്നത് തന്നെ നാം ഒരു പാട് വൈകി എന്നതിന്റെ സൂചനയാണ്. എങ്കിലും മറ്റെല്ലാ അഭിപ്രായ ഭിന്നതകളും മാറ്റിവെച്ച് ചലച്ചിത്ര മേഖല ഒറ്റക്കെട്ടായ് ഒരു തീരുമാനം എടുക്കേണ്ടിയിരിക്കുന്നു.
ഇനി ഒരു സിനിമയിലും ഒരു സ്ത്രീ കഥാപാത്രവും മോശമായ ഡയലോഗുകൾ കൊണ്ടോ , ദ്വായാർത്ഥ പ്രയോഗങ്ങൾ കൊണ്ടോ ,നോട്ടം കൊണ്ട് പോലുമോ അപമാനിപ്പെടില്ലെന്ന് നാം ഉറച്ച തീരൂമാനമെടുക്കണം.
കഴിഞ്ഞ പത്ത് വർഷത്തിലേറെയായ് ഈ മേഖലയിൽ സംവിധായകനെന്ന നിലയിൽ പണിയെടുക്കുന്ന ഒരാൾ എന്ന നിലയിൽ എന്റെ സിനിമകളിൽ ഒരു സ്ത്രീ വിരുദ്ധതയും ഇതുവരെ മനപ്പൂർവ്വം ഉണ്ടായിട്ടില്ല. ഇനി അഥവാ അങ്ങനെ ഒരു രംഗമെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ എന്റെ പ്രേക്ഷകരോട് ഞാൻ മാപ്പ് ചോദിക്കുന്നു. ഒപ്പം ഇനി എടുക്കുന്ന ഓരോ സിനിമകളിലും സ്ത്രീത്വത്തെ അപമാനിക്കുന്ന ഒരു ചെറു ചലനം പോലും ഉണ്ടാകില്ലെന്ന് ഞാൻ ഉറപ്പു പറയുന്നു.
പ്രിയ ചലച്ചിത്ര സുഹൃത്തുക്കളെ വരൂ നമുക്ക് തിരുത്തി മുന്നേറാം .
ഒരു പുതിയ കാഴ്ച സംസ്കാരം ഒരുക്കാം
സ്നേഹപൂർവ്വം
നിങ്ങളുടെ
എം.എ.നിഷാദ്

shortlink

Related Articles

Post Your Comments


Back to top button