Movie Reviews

‘എബി’ – പറന്നുയരാത്ത ചലച്ചിത്രാനുഭവം

 

പ്രവീണ്‍.പി നായര്‍

നവാഗതനായ ശ്രീകാന്ത് മുരളി സംവിധാനം ചെയ്തു വിനീത് ശ്രീനിവാസന്‍ കേന്ദ്രകഥാപാത്രമായി എത്തിയ ‘എബി’ കേരളത്തിലെ നൂറോളം കേന്ദ്രങ്ങളില്‍ പ്രദര്‍ശനത്തിനെത്തി.
പൃഥ്വിരാജിനെ നായകനാക്കി പ്രദീപ്‌ നായര്‍ സംവിധാനം ചെയ്യാനിരിക്കുന്ന ‘വിമാന’മെന്ന ചിത്രത്തിന്‍റെ പ്രമേയം തന്നെയാണ് എബിയിലും അവതരിപ്പിക്കുന്നതെന്ന സംവിധായകന്‍ പ്രദീപ്‌ നായരുടെ വാദം എബിയ്ക്ക് പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും പിന്നീട് റിലീസ് അനുവദിച്ചു കൊണ്ടുള്ള അനുകൂലമായ കോടതി വിധിയെത്തി. അങ്ങനെ വിമാനത്തിനു മുന്‍പേ എബിയുടെ വിമാനം കേരളത്തില്‍ പറന്നിറങ്ങി.

abi 1
പറക്കാനാഗ്രഹിക്കുന്ന എബിയുടെ കഥയാണ് ചിത്രം പറയുന്നത്.
മറ്റുള്ളവരില്‍ നിന്ന് വിഭിന്നമായ പ്രകൃതക്കാരനാണവന്‍. മാനസിക വളര്‍ച്ചയില്ലാത്ത അധികം ആരോടും സംസാരിക്കാത്ത കുട്ടി. പറന്നുയരണമെന്ന അവന്‍റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും പങ്കുവെയ്ക്കുന്നതാണ് ചിത്രത്തിന്‍റെ ആശയം. വിനോദ ചിത്രമെന്നതിലുപരി വൈകാരികമായി മനസ്സില്‍ കുടിയിരിക്കേണ്ട ചിത്രം. പ്ലസ്‌ ടു പഠനം പൂര്‍ത്തിയാക്കാതെ  വര്‍ക്ക്‌ ഷോപ്പില്‍ ജോലി ചെയ്യുന്ന എബിയുടെ ശ്രദ്ധയത്രയും കണ്ടുപിടിത്തങ്ങളിലാണ്. യന്ത്രങ്ങളോടാണ് അവന്‍റെ പ്രണയം.
സമ്പന്ന വീടുകളില്‍ നിന്ന് സാധാരണ വീട്ടിലേക്ക് മലയാള സിനിമയിലെ ക്യാമറ അപൂര്‍വ്വമായേ ഇപ്പോള്‍ തിരിയാറുള്ളൂ.മലയോരഗ്രാമത്തില്‍ വസിക്കുന്ന എബിയുടെ കുടുംബം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കൂട്ടരാണ്. അവരുടെ ജീവിത ചിത്രങ്ങള്‍ ആദ്യ പകുതിയില്‍ പ്രേക്ഷകന് പകുത്തു നല്‍കുമ്പോള്‍ തുടക്കത്തില്‍ എവിടെയൊക്കെ കണ്ണ് നിറയ്ക്കുന്നുണ്ട് ചിത്രം. ഗ്രാമശുദ്ധിയില്‍ കഥാപാത്രങ്ങള്‍ വിതറുന്ന ഫലിത പ്രയോഗങ്ങളും ആദ്യ പകുതിയുടെ ആകര്‍ഷണമാണ്. കുട്ടി എബിയില്‍ നിന്ന് വിനീത് ശ്രീനിവാസനെന്ന എബിയിലേക്ക് ചിത്രമെത്താന്‍ ഏതാണ്ട് അരമണിക്കൂറില്‍ കൂടുതല്‍ സമയമെടുക്കുന്നുണ്ട്. ഒരു മണിക്കൂറില്‍ ആദ്യപകുതി അവസാനിക്കുന്നു. കുട്ടി എബിയും വിനീതും  ആദ്യ പകുതിയിലെ എബിയെ പങ്കിട്ടെടുത്തപ്പോള്‍ ഏറ്റവും ഹൃദ്യമായി മനസ്സില്‍ കയറിയത് കുട്ടി എബിയായിരുന്നു. ഗാന ചിത്രീകരണങ്ങളടക്കം സിനിമയില്‍ കൂടുതല്‍ പെര്‍ഫോം ചെയ്യാന്‍ സ്പേസ് കിട്ടിയതും അവനാണ്. ഇമോഷണല്‍ രംഗങ്ങള്‍ ഭംഗിയായി അവതരിപ്പിക്കുന്നതില്‍ ഇത്തരം സിനിമകള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. പ്രമേയപരമായി വൈകാരികത ബലപ്പെടുത്താന്‍ അനുയോജ്യമായ ചിത്രമാണ്‌ എബി. ചിത്രത്തിന്‍റെ വേഗത്തിലുള്ള സഞ്ചാരവും സംഭാഷണങ്ങളുടെ ദൗര്‍ബല്യതയും ചിത്രത്തെ പല സന്ദര്‍ഭങ്ങളിലും പിന്നോട്ട് നിര്‍ത്തുന്നുണ്ട്. സമയം നീങ്ങാനായി  എത്തിയവര്‍ക്ക് ചിത്രം  ഉപദ്രവമാകാതിരിക്കുന്നതും ആശ്വാസമാണ്. സിനിമയുടെ ആശയം കനപ്പെട്ടതെങ്കിലും നല്ലൊരു സിനിമാ സൃഷ്ടിയെന്ന നിലയില്‍ ചിത്രം കല്ല്‌കടിയായി മാറുന്നുണ്ട്.

Aby 3
പലരംഗങ്ങളിലും പശ്ചാത്തല ഈണത്തെ കൂട്ടുപിടിച്ചും സംഭാഷണങ്ങളില്‍ പിശുക്ക് കാട്ടിയും കഥ നീക്കിയ രീതി ആസ്വാദനത്തെ മുറിവേല്‍പ്പിക്കുന്നുണ്ട്. അതിശയകരമാകുന്നില്ലെങ്കിലും ആലോങ്കലമല്ലാത്ത മേക്കിംഗ് ശൈലി തൃപ്തികരമാണ്. എബി എന്ന കഥാപാത്രത്തെ പ്രേക്ഷകരിലേക്ക് പതിപ്പിക്കുന്നതില്‍ ചിത്രത്തിന്‍റെ ആദ്യ പകുതി പരാജയപ്പെടുന്നുണ്ട്. പാട്ടുകരനായും, സംവിധായകനായും രചയിതാവുമൊക്കെയായി പേരെടുത്ത വിനീത് ശ്രീനിവാസന്‍ നല്ലൊരു അഭിനേതാവ് എന്ന നിലയില്‍ ഇതുവരെയും പേരെടുത്തിട്ടില്ല അതിനു സാധ്യത സമ്മാനിച്ച ചിത്രമായിരുന്നു എബി. കൂടുതല്‍ പെര്‍ഫോമന്‍സിന് അനുവദിക്കാതെ വിനീതിലെ നടനെ ചിത്രത്തിലുടനീളം  ഒളിപ്പിച്ചു നിര്‍ത്തിയതായി അനുഭവപ്പെട്ടു.
അഭിനയത്തിന്‍റെ കാര്യത്തില്‍ പരിമിധി ഏറെയുള്ള വിനീത് തെറ്റില്ലാത്ത രീതിയില്‍ അഭിനയിക്കാന്‍ പരിശ്രമിച്ചിട്ടുണ്ടെന്നതും പ്രശംസനീയമാണ്.നടനെന്നതിനപ്പുറം വിനീതെന്ന വ്യക്തിയുടെ നിഷ്കളങ്കതയാണ് കഥാപാത്രത്തിന് പലയിടങ്ങളിലും പ്രയോജനം ചെയ്യുന്നത്. ആദ്യ പകുതിയില്‍ എബിയെന്ന ചിത്രം ഒത്തിരി അകലയല്ലെങ്കിലും രണ്ടാം പകുതിയുടെ പകുതിയാകുമ്പോള്‍ എബിയും കൂട്ടരും ആകാശത്തു നിന്ന് നിലത്തേക്ക് വീഴുന്നുണ്ട്‌. പറക്കണമെന്ന എബിയുടെ സ്വപ്നങ്ങള്‍ക്ക് മേല്‍ അച്ഛന്‍റെ ശിക്ഷാ രീതി അഗ്നിയായി പടര്‍ന്നു പിടിക്കുമ്പോഴാണ് ആദ്യ പകുതിക്ക് അവസാനമാകുന്നത്. സ്ഫടികത്തില്‍ തോമസ്‌ ചാക്കോയോട് ‘കടുവ’ ചെയ്ത പോലെ ക്രൂരമായ ഒരു ശിക്ഷാ രീതി ഇവിടെയും ആവര്‍ത്തിക്കപ്പെടുന്നു. തോമസ്‌ ചാക്കോയപ്പോലെ എബിയും നാട് ഉപേക്ഷിച്ചു മറുനാട് തേടുന്നു. പിന്നീട് ഒരു മുപ്പത് മിനിറ്റോളം എബിയെന്ന സിനിമ കാഴ്ച അസ്വസ്ഥത സമ്മാനിക്കുന്നുണ്ട്‌.
എബിയെന്ന തന്ത്രശാലിയെ പിന്നീട് വേറെ കുറച്ചു കഥാപാത്രങ്ങളുമായി ഇണക്കിയെടുക്കുകയും മറ്റൊരു നഗരത്തിലെത്തപ്പെടുകയും ചെയ്യുന്നു. എബി അവിടെയുള്ള കൂട്ടാളികള്‍ക്കൊപ്പം വിമാന നിര്‍മ്മാണത്തില്‍ ഏര്‍പ്പെടുകയും പിന്നീട് ഒരു ലോജിക്കും ഇല്ലാത്ത വിധം എന്തൊക്കെയോ വെപ്രാളത്തോടെ കാട്ടികൂട്ടുന്നതുമാണ് ചിത്രത്തിന്‍റെ രണ്ടാം പകുതി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ തിരക്കഥയുടെ സഞ്ചാര ദിശ വഴി തെറ്റി നീങ്ങുന്നു. കണ്ടുപിടിത്തങ്ങളുടെ കാര്യത്തില്‍ അവിടെയും മുന്‍പനാകുന്ന എബി അവഗണിക്കപ്പെടുന്നു ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം നാട്ടില്‍ വീണ്ടും തിരിച്ചെത്തുന്നതും പറക്കണമെന്ന ആഗ്രഹം സാക്ഷാത്കരിക്കുന്നതിനായി വീണ്ടും പരിശ്രമിക്കുന്നതും അവസാനം ചെറുവിമാനം നിര്‍മ്മിച്ച് ആകാശംമുട്ടെ പറന്നുയരുന്നിടത്ത് ചിത്രം  അവസാനിക്കുന്നതുമാണ് ആകെത്തുകയിലെ  ‘എബി’യെന്ന ചലച്ചിത്രാനുഭവം. തന്‍റെ സ്വപ്നത്തിലെക്കുള്ള വഴി തെളിയിക്കാന്‍ കഠിനമായി പ്രയത്നിക്കുന്ന എബി എന്ന ചെറുപ്പക്കാരന്റെ ആവേശത്തിലൂടെയുള്ള നടന്നു കയറ്റമാണ് സിനിമയുടെ അവസാനം. ചിത്രത്തിന്‍റെ ക്ലൈമാക്സിന് പ്രേക്ഷകരെ കയ്യിലെടുക്കാന്‍ സാധിക്കുന്നുണ്ടെങ്കിലും പൂര്‍ണമായ രീതിയില്‍ വിശകലനം ചെയ്താല്‍ നല്ലൊരു അനുഭവമാകാതെയാണ് ചിത്രം സ്ക്രീനില്‍ നിന്ന് അപ്രത്യക്ഷമാകുന്നത്.

Aby review rating report hit or flop

ശ്രീകാന്ത് മുരളി എന്ന നവാഗത സംവിധായകനില്‍ നമുക്ക് ഇനിയും പ്രതീക്ഷ വെയ്ക്കാം. നല്ലൊരു കഥയുടെ പിന്‍ബലമുണ്ടായിട്ടും തിരക്കഥാകൃത്തെന്ന നിലയില്‍ സന്തോഷ്‌ എച്ചിക്കാനം നിറം മങ്ങി. ചെറുകഥാകൃത്തെന്ന നിലയില്‍ ശ്രദ്ധ നേടിയ എച്ചിക്കാനം സിനിമയ്ക്ക് നല്ല സംഭാഷണങ്ങളൊരുക്കാന്‍ കഴിവുള്ള എഴുത്തുകാരനാണ്. പക്ഷേ ആ കഴിവ് ‘എബി’യില്‍ വേണ്ടവിധം പ്രയോജനപ്പെടുത്താതിരുന്നത് ദൗര്‍ഭാഗ്യകരമാണ്.
സുരാജിന്‍റെയും നായികയായി എത്തിയ മറീന മൈക്കിളിന്റെയും പ്രകടനം മികച്ചതായിരുന്നു. മറ്റു താരങ്ങളായ സുധീര്‍ കരമന,ഹരീഷ് പേരാടി, അജുവര്‍ഗീസ് തുടങ്ങിയവരും ചിത്രത്തില്‍ മോശമല്ലാത്ത അഭിനയം കാഴ്ചവെച്ചു. ലഘു വിമാനങ്ങളുടെ സൂത്രധാരനായ മനീഷ് ചൗദരിയുടെ ജി.കെ എന്ന നെഗറ്റിവ് കഥാപാത്രം അരോചകമായി തോന്നി.

aby-poster06
മലയോരപ്രദേശത്തെ മനോഹര കാഴ്ചകള്‍ സുധീര്‍ സുരേന്ദ്രന്‍ ക്യാമറയില്‍ ചാരുതയോടെ പകര്‍ത്തിയിട്ടുണ്ട്. ജൈസണ്‍ ജെ നായരും ബിജിബാലും ചേര്‍ന്നൊരുക്കിയ ഗാനങ്ങള്‍ക്ക് കേള്‍വി സുഖം കിട്ടിയില്ല. അനില്‍ ജോണ്‍സണിന്‍റെ പശ്ചാത്തല ഈണം ചിത്രത്തെ  പ്രേക്ഷകരോടടുപ്പിക്കാന്‍ പരിശ്രമിക്കുന്നുണ്ട്.
അവസാന വാചകം
കണ്ടിരിക്കേണ്ടതായ അനുഭവമൊന്നും ‘എബി’യില്‍ പങ്കുവെയ്ക്കുന്നില്ല നേരംപോക്കിനാണേല്‍ മടികൂടാതെ ടിക്കറ്റ് എടുക്കാം.

shortlink

Related Articles

Post Your Comments


Back to top button