CinemaGeneralNEWS

വിസ്മയമായിരുന്ന അതുല്യ അഭിനേതാവ് ഓര്‍മ്മകളുടെ പതിനേഴാം വര്‍ഷം

കോഴിക്കോടിനേയും താമരശ്ശേരിയേയും കൊച്ചു കുഞ്ഞുങ്ങളുടെ മനസ്സില്‍ പോലും പ്രതിഷ്ടിച്ച അതുല്യ പ്രതിഭ കുതിരവട്ടം പപ്പു മണ്‍മറഞ്ഞിട്ട് പതിനേഴു വര്‍ഷങ്ങള്‍. മലയാളസിനിമയില്‍ ഹാസ്യത്തിന് പുതിയ മാനം സൃഷ്ടിച്ച ഈ മഹാ നടന്‍ തനതായ ഭാഷാശൈലി കൊണ്ടും അതിഭാവുകത്വമില്ലാത്ത സംഭാഷണങ്ങളുടെ അവതരണമികവ് കൊണ്ടും ജനഹൃദയങ്ങളില്‍ ചേക്കേറി.

മലയാളസിനിമയുടെ ഹാസ്യ സിംഹാസനത്തില്‍ അടൂര്‍ ഭാസിയും ബഹദൂറും വാണരുളുന്ന കാലത്താണ് കോഴിക്കോട്ടുകാരനായ പത്മദളാക്ഷന്‍ എന്ന കുതിര വട്ടം പപ്പു അഭ്രപാളിയില്‍ എത്തുന്നത്.സിനിമയ്ക്കു മുമ്പ് നാടകവേദികളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്ന പത്മദളാക്ഷന് കുതിരവട്ടം പപ്പു എന്ന് പേര് ചൊല്ലി വിളിച്ചത് വൈക്കം മുഹമ്മദ് ബഷീറായിരുന്നു.

വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്‍ഗ്ഗവീനിലയ (സംവിധാനം എ.വിന്‍സെന്റ്) ത്തിലെ കഥാപാത്രത്തിന്റെ പേരായിരുന്നു കുതിരവട്ടം പപ്പു. ഈ പേര്പി സ്വീകരിച്ചതിലൂടെ ആ നാടും കലാകാരനും പിന്നീട് ഈ പേരില്‍ പ്രശസ്തമായി. പപ്പുവിന്റെ ആദ്യചിത്രം “മൂടുപടം” ആണ്. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായത്, ഭാർഗ്ഗവീനിലയം എന്ന ചിത്രമാണ്.

പിന്നീട് കോഴിക്കോട്ടെ നാടകത്തിന്റെ നട്ടെല്ലുകളിലൊരാളായ് പപ്പു വളര്‍ന്നു. കുഞ്ഞാണ്ടി, തിക്കോടിയന്‍, നെല്ലിക്കോട് ഭാസ്‌ക്കരന്‍, കെ.ടി. മുഹമ്മദ് എന്നിവരുടെ ടീമില്‍ സജീവമായിരുന്ന പപ്പു ആയിരത്തോളം നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പ്രൊഫഷണല്‍ നാടകങ്ങള്‍ എന്ന് പറയുന്നവ ചുരുക്കമായിരുന്നു അതില്‍ പ്രധാനമാണ് സമസ്യ, മനസ്സ് തുടങ്ങിയവ.സിനിമ സംവിധായകരായ രാമു കാര്യാട്ടിന്റേയും എ.വിന്‍സന്റിന്റേയും ശ്രദ്ധയില്‍ പെട്ട പപ്പുവിന് നാടക അഭിനയം സിനിമയിലേക്കുള്ള വാതില്‍ തുറക്കുകയായിരുന്നു മൂടുപടം എന്ന ആദ്യ ചിത്രത്തിലൂടെ.ഭാര്‍ഗ്ഗവീനിലയത്തിലൂടെയാണ് കുതിരവട്ടം പപ്പു ശ്രദ്ധിക്കപ്പെടുന്നത്.

മിമിക്രി വെടികാളില്‍ ഇന്നും സജീവമാണ് ഈ കലാകാരന്‍റെ ഓരോ സംഭാഷണവും. ഇന്നും മറക്കാതെ നെഞ്ചേറ്റുന്ന നിരവധി ഡയലോഗുകളുണ്ട് ഈ താരത്തിന്റേതായി, ”ആ ചെറിയ സ്പാന്‍ഡര്‍ ഇങ്ങെടുത്തേ, ദ ഇപ്പ ശരിയാക്കിതരാം , ടാസ്‌കി വിളിയെടാ..” തുടങ്ങിയ ഈ ഡയലോഗുകളെല്ലാം തന്നെ ഇന്നും മലയാളിയെ ചിരിപ്പിച്ചുകൊണ്ടേ ഇരിക്കുന്നവയാണ്.

അങ്ങാടി, മണിച്ചിത്രത്താഴ്, ചെമ്പരത്തി, വെള്ളാനകളുടെ നാട് , അവളുടെ രാവുകൾ എന്നിങ്ങനെ 1500-ഓളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ഹാസ്യരസപ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് ഏറെയും അവതരിപ്പിച്ചതെങ്കിലും, കണ്ണുകളെ ഈറനണിയിക്കുന്ന ഒട്ടനവധി കഥാപാത്രങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. ഏകലവ്യനിലെ മകള്‍ നഷ്ടപ്പെട്ട അച്ഛനും ദി കിങ്ങിലെ നിസ്സഹായനായ സ്വാതന്ത്ര്യസമര സേനാനിയും അത്തരത്തിലുള്ളവയാണ്. സം‍വിധായകൻ ഷാജി കൈലാസിന്റെ നരസിംഹം ആയിരുന്നു അദ്ദേഹത്തിന്‍റെ അവസാന ചിത്രം.

shortlink

Related Articles

Post Your Comments


Back to top button