CinemaGeneralMollywoodNEWS

മണിയൊച്ച നിലച്ചിട്ട് ഒരു വര്‍ഷം തികയുമ്പോള്‍ ബാക്കിയാകുന്നത്… ഉത്തരം കിട്ടാനാകാതെ ഒരുപിടി ചോദ്യങ്ങള്‍

 

മലയാളത്തിന്റെ ചിരി മാഞ്ഞിട്ട് മാര്‍ച്ച് ആറിനു ഒരാണ്ട്. മലയാളിയെ ചിരിപ്പിച്ചും കരയിപ്പിച്ചും കൂടെയുണ്ടായിരുന്ന ചാലക്കുടിക്കാരന്‍ മണി എന്ന ജനപ്രിയ നടന്‍ കലാഭവന്‍ മണിയുടെ വേര്‍പാടിന് ഒരു വര്ഷം തികയുമ്പോഴും മണിയുടെ മരണത്തിന്റെ നിഗൂഡത ചുരുള്‍ നിവരാതെ കിടക്കുന്നു.

പല ഘട്ടത്തിലുള്ള അന്വേഷണത്തിലൂടെ കിട്ടിയ തെളിവുകളുടെ വെളിച്ചത്തില്‍ കൊലപാതകമെന്നോ ആത്മഹത്യയെന്നോ ഉള്ള നിഗമനത്തിലെത്താനാവാതെ നില്‍കുകയാണ്‌ പോലീസ്. ഒരു വര്ഷം പൂര്‍ത്തിയാകുമ്പോഴും മണിയുടെ മരണകാരണം കണ്ടുപിടിക്കാനാകാതെ പ്രത്യേക അന്വേഷണ സംഘം ഈ അന്വേഷണം അവസാനിപ്പിക്കുന്നു. കേസുമായി ബന്ധപ്പെട്ട് പ്രാഥമികമായി നടത്തിയ അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങളൊഴിച്ചാല്‍ മറ്റൊന്നും തന്നെ ലഭിച്ചിട്ടില്ല. ഈ തെളിവുകള്‍ മരണത്തിലെ അസ്വാഭാവികത തെളിയിക്കാന്‍ പോന്നതുമായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ഇതുവരെ കണ്ടെത്തിയ രേഖകള്‍ പരിശോധിച്ച ശേഷം കേസ് അവസാനിപ്പിക്കാന്‍ സംഘം ഒരുങ്ങുന്നത്.

ഇന്നും തീരാത്ത സംശയങ്ങളും ആശങ്കകളും ദുരൂഹതകളും ശേഷിപ്പിച്ച ആ വിടവാങ്ങല്‍ ഒരു വര്ഷം പൂര്‍ത്തിയാകുമ്പോള്‍ ചാലക്കുടിക്കാര്‍ മാത്രമല്ല സിനിമാ പ്രേമികളായ എല്ലാ പ്രേക്ഷകനും ചോദിക്കുന്നു -മണി മരിച്ചതെങ്ങനെ?

പാഡി റെസ്റ്റ് ഹൗസില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കലാഭവന്‍ മണി മാര്‍ച്ച് ആറിനാണ് അന്തരിച്ചത്. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യമെന്നായിരുന്നു വിവരങ്ങള്‍. എന്നാല്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തുകയായിരുന്നു. മരണത്തില്‍ മണിയുടെ സുഹൃത്തുക്കളായ ചിലര്‍ക്ക് ബന്ധമുണ്ടെന്ന ആരോപണം ബന്ധുക്കള്‍ ഉന്നയിച്ചിരുന്നു. കേസ് സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സിബിഐയെ സമീപിച്ചിരുന്നു. എന്നാല്‍ കേസ് ഏറ്റെടുക്കാന്‍ സിബിഐ തയ്യാറായിട്ടില്ല.

മണിയുടെ മരണത്തില്‍ സംശയത്തിന്റെ ആദ്യമുനകള്‍ നീണ്ടത് കൂട്ടുകാരിലേക്കാണ്. മണി അബോധാവസ്ഥയില്‍ ആയ അന്ന് മണിക്കൊപ്പം ഔട്ട്ഹൗസായ പാടിയിലുണ്ടായിരുന്ന ഈ സുഹൃത്തുക്കളില്‍ പലരെയും പോലീസ് ചോദ്യം ചെയ്തു. ആറു പേര്‍ക്ക് നുണപരിശോധന നടത്തി. നടന്മാരടക്കമുള്ള കൂട്ടുകാര്‍ സംശയത്തിന്റെ നിഴലിലായി. എന്നാല്‍, ഇവരടക്കം ആരെങ്കിലും മണിയെ ബോധപൂര്‍വം അപകടപ്പെടുത്തിയെന്നതിന് തെളിവുകള്‍ കിട്ടിയില്ല.

ഓര്‍ഗാനോഫോസ്‌ഫേറ്റ് ഇനത്തില്‍പ്പെട്ട ക്ലോര്‍പൈറിഫോസ് എന്ന കീടനാശിനി, എഥനോള്‍, അപകടകരമായ അളവില്‍ മെഥനോള്‍ എന്നിവ മണിയുടെ ശരീരത്തില്‍ കണ്ടെത്തിയെന്ന് രാസപരിശോധനയില്‍ തെളിഞ്ഞിരുന്നു. വിഷാംശം എങ്ങനെ ഉള്ളിലെത്തിയെന്ന ചോദ്യത്തിന് ഇന്നും പോലീസിനു ഉത്തരമില്ല. കീടനാശിനിയുടെ തെളിവുകള്‍ക്കായി പുഴയിലും തിരച്ചില്‍ നടത്തി.

മരണത്തില്‍ അസ്വാഭാവികമായി ഒന്നും ഇല്ലെന്ന പ്രാഥമിക നിഗമനങ്ങള്‍ക്കെതിരെ മണിയുടെ കുടുംബം രംഗത്തെത്തുകയായിരുന്നു. മണിയുടെ കൂട്ടുകാരുടെ ഇടപെടലുകള്‍ പരിശോധിക്കണം എന്നാവശ്യപ്പെട്ടതും ശക്തമായ നിലപാടെടുത്തതും സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണനാണ്. എന്നാല്‍ ഇതുവരെ നടത്തിയ അന്വേഷണത്തില്‍ കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ മണിയെ അപകടപ്പെടുത്തിയെന്ന നിഗമനത്തില്‍ എത്താന്‍ കഴിയില്ലെന്ന് തൃശ്ശൂര്‍ റേഞ്ച് ഐ.ജി. എം.ആര്‍. അജിത്കുമാര്‍ പറഞ്ഞു.

കേരള പോലീസിന് കിട്ടാത്ത തെളിവുകള്‍ സി.ബി.ഐ.യ്ക്ക് കിട്ടുമെന്നാണ് കലാഭവന്‍ മണിയുടെ കുടുംബത്തിന്റെ പ്രതീക്ഷ. സംസ്ഥാന സര്‍ക്കാര്‍ അനുകൂലിച്ചെങ്കിലും സി.ബി.ഐ. കേസ് ഏറ്റെടുത്ത അറിയിപ്പുണ്ടായില്ല.

ജന്പ്രിയ നടനും നാടന്‍ പാട്ടുകളുടെ കലാകാരനുമായ മണിക്ക് ജന്മനാട്ടില്‍ സ്മാരകം പണിയുമെന്ന് ചാലക്കുടി നഗരസഭ പറഞ്ഞിരുന്നു. സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ 50 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിരുന്നു. പൊതുസ്ഥലം കണ്ടെത്തി സ്മാരകം ഒരുക്കുമെന്ന് കലാഭവന്‍ മണി അനുസ്മരണസമിതി ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍ അതും ഇതവരെ യാഥാര്‍ത്ഥ്യമായില്ല.

മണിയുടെ ആത്മാവിന് മോചനം നല്‍കാന്‍ പോലീസിനായില്ലയെന്നാണ് സംവിധായകന്‍ വിനയന്റെ അഭിപ്രായം. ആ ആത്മാവിന് ശാന്തി കിട്ടിയിട്ടില്ല. ഹിന്ദു വിശ്വാസപ്രകാരം മരണം എങ്ങനെയെന്നറിഞ്ഞുള്ള കര്‍മങ്ങള്‍ ചെയ്യണം. ജീവിച്ചിരുന്നപ്പോഴും മരിച്ചപ്പോഴും മണിക്ക് നീതി അകലെയായിരുന്നുവെന്ന് വിനയന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button