Movie Reviews

‘പൊട്ടിപ്പൊളിഞ്ഞ അലമാര’- അലമാര നിരൂപണം

പ്രവീണ്‍.പി നായര്‍

പ്രേക്ഷകരെ ആകര്‍ഷിക്കുന്ന സിനിമാ പ്രമേയങ്ങള്‍ വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിച്ച രചയിതാവും സംവിധായകനുമാണ് മിഥുന്‍ മാനുവല്‍ തോമസ്‌. പ്രേക്ഷകര്‍ തിയേറ്ററില്‍ ആഘോഷിക്കാതിരുന്ന തന്‍റെ കന്നി ചിത്രമായ ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിനു ശേഷമാണ് മിഥുന്‍ ആന്‍മരിയെയുംകൊണ്ട് തിയേറ്ററില്‍ വന്നത്. നേരത്തെ ഓംശാന്തി ഓശാന എന്ന ചിത്രത്തിന് മിഥുന്‍ തിരക്കഥയൊരുക്കിയിട്ടുണ്ട്. ആന്‍മരിയയുടെ മികച്ച വിജയമാണ് മൂന്നാം ചിത്രമൊരുക്കുന്നതില്‍ അദ്ദേഹത്തിനു കരുത്ത് പകര്‍ന്നത്. ഇത്തവണ മിഥുന്‍ മാനുവല്‍ എത്തുന്നത് അലമാരയുടെ കഥ പറയാനാണ്.

ഏറിയ ഭാഗം പ്രേക്ഷകരെയും ചിത്രം കാണാന്‍ പ്രേരിപ്പിച്ചത് അലമാരയെന്ന പേരിലെ കൗതുകമാണ്. വളരെ ലഘുവായ തിരക്കഥകളെ സ്ക്രീനിലേക്ക് പകര്‍ത്തിവെയ്ക്കുന്നതാണ് മിഥുന്‍ മാനുവലിന്റെ രീതി. ഇത്തവണ അലമാരയുടെ കഥ വിവരിക്കുമ്പോഴും മിഥുന്‍ മാനുവലിലെ സംവിധായകന്‍ നേരെത്തെയുള്ളതില്‍ നിന്ന് ഒരിഞ്ച് വ്യതിചലിച്ചിട്ടില്ല. തന്‍റെ സ്ഥിരം ഫോര്‍മുലയില്‍ കഥ പറഞ്ഞ മിഥുന്‍ മാനുവലിന്‍റെ അലമാരക്കുള്ളില്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട ഒട്ടേറെ താരങ്ങളും കയറിക്കൂടി. സലിം കുമാറിന്‍റെ ശബ്ദത്തിലെ അലമാരയാണ് ചിത്രത്തിലെ ആകര്‍ഷണീയത.

തെല്ലും മുഷിവ് തോന്നിക്കാത്ത തരത്തിലാണ് ചിത്രത്തിന്‍റെ ആദ്യ പകുതി ചലിച്ചു തുടങ്ങിയത്. നുറുങ്ങു തമാശകളിലെ ആസ്വാദനത്തിനൊപ്പം ആദ്യ പകുതിയിലത്രയും പ്രേക്ഷകര്‍ ലയിച്ചിരിക്കുന്നുണ്ട്. ഒരു കുടുംബത്തിനുള്ളില്‍ നടക്കുന്ന രസകരമായ കാഴ്ചകള്‍ ആസ്വാദന സുഖം നല്‍കുന്ന തരത്തില്‍ അവതരിപ്പിച്ചെടുത്ത മിഥുന്‍ മാനുവല്‍ വീണ്ടും ബോക്സ് ഓഫീസ് ഹിറ്റ് രചിക്കുമെന്ന തോന്നലോടെയാണ് ആദ്യ പകുതി പറഞ്ഞു നിര്‍ത്തുന്നത്. സിനിമയിലെ നര്‍മങ്ങള്‍ക്ക് ഒരു വ്യത്യസ്തത പകരാന്‍ മിഥുന്‍ പലപ്പോഴും ശ്രമിക്കാറുണ്ട്. കഥാപാത്രങ്ങളുടെ ശരീര ഭാഷയിലായാലും തിരക്കഥയിലെ സംഭാഷണങ്ങളുടെ പ്രധാന്യത്തിലായാലും അവയെല്ലാം വേറിട്ട രീതിയില്‍ മിഥുന്‍ ചിത്രങ്ങളില്‍ കൂടി ചേരാറുണ്ട്.

ഒരു ഫീല്‍ ഗുഡ് മൂവി എന്ന നിലയ്ക്കാണ് ‘മിഥുന്‍ മാനുവല്‍ ചിത്രങ്ങള്‍’ ബിഗ്‌ സ്ക്രീനില്‍ കയ്യടി നേടുന്നത്. അത് ശരി വയ്ക്കുന്നതായിരുന്നു അലമാരയുടെ ആദ്യ പകുതി. കഥാഗതിയില്‍ അലമാര വഹിക്കുന്ന പങ്ക് എന്താണെന്നറിയാന്‍ രണ്ടാം പകുതിയിലേക്ക് സിനിമ പ്രവേശിക്കുമ്പോള്‍ പ്രേക്ഷകന് രസക്കേട് സൃഷ്ടിക്കുകയാണ് ചിത്രം. ആദ്യ പകുതിയിലെ അച്ചടക്കമുള്ള അവതരണം രണ്ടാം പകുതിയിലെത്തുമ്പോള്‍ ടെലിവിഷന്‍ സീരിയല്‍ നിലവാരത്തിലേക്ക് വീണുപോകുകയാണ് ചിത്രം. ഒരു കുടുംബത്തിനുള്ളില്‍ അലമാര സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ മെലോ ഡ്രാമയാക്കി അവതരിപ്പിക്കപ്പെട്ടപ്പോള്‍ പ്രേക്ഷകന്‍ നല്‍കിയ കാശ് ആവിയായി മാറി.

കഥ ആവശ്യപ്പെടാത്ത നിലയില്‍ പല സീനുകളും ചിത്രത്തില്‍ കയറി ഇറങ്ങി കടന്നു പോയി. ഇന്ദ്രന്‍സിന്‍റെതടക്കമുള്ള എവിടുന്നൊക്കെയോ പൊട്ടിമുളയ്ക്കുന്ന ചില കഥാപാത്ര സൃഷ്ടികള്‍ പ്രേക്ഷക മനസ്സിനെ വല്ലാതെ ഉപദ്രവിച്ചാണ് കടന്നുപോയത്. സലിം കുമാറിന്‍റെ ശബ്ദത്തിലെ അലമാരയുടെ സങ്കടം പറച്ചിലും, മരം അലമാരയെത്തുന്ന രംഗ ചിത്രീകരണമൊക്കെ കയ്പേറിയ കാഴ്ചയായിട്ടാണ് അനുഭവപ്പെട്ടത്.

സ്ത്രീധനമായി ലഭിച്ച അലമാരയെച്ചൊല്ലി നായകനും നായികയും നടത്തുന്ന വാക്പോരോക്കെ പ്രേക്ഷകര്‍ക്ക് കണ്ടിരിക്കാന്‍ ശേഷിയില്ലാത്ത നിലയിലേക്കാണ് സഞ്ചരിച്ചത്. നല്ലൊരു കണ്‍സപ്റ്റ് ഒരു അന്തവും കുന്തവും ഇല്ലാതെ പറഞ്ഞതുകൊണ്ട് ഈ ചിത്രം ബോക്സ് ഓഫീസിലും കാര്യമായ നേട്ടമുണ്ടാക്കാന്‍ ഇടയില്ല. വേനലവധി ചിത്രമെന്ന നിലയില്‍ ആദ്യമെത്തിയ അലമാര പ്രേക്ഷകന് പൂര്‍ണ്ണമായ നിരാശയാണ് സമ്മാനിക്കുന്നത്. ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മ്മിച്ച അലമാരയിലേക്ക് വരും ദിനങ്ങളില്‍ ആളു കയറാനുള്ള സാധ്യതയും കുറവാണ്.

‘അഭിനയപ്രകടനം’

ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി എത്തിയ സണ്ണിവെയിനില്‍ നിന്ന് നല്ലൊരു അഭിനയ ശ്രമമൊന്നും ഉണ്ടായിട്ടില്ല. കുറച്ചു സിനിമകളില്‍ അഭിനയിച്ച പരിചയ സമ്പത്തിന്റെ ധൈര്യത്തില്‍ മാത്രം കഥാപാത്രമായി പെരുമാറുന്നുവെന്നൊഴിച്ചാല്‍ അയാളിലെങ്ങും നല്ലൊരു നടനേയില്ല. രണ്‍ജി പണിക്കര്‍ -സീമാജി നായര്‍ കോമ്പിനേഷന്‍ സീനുകള്‍ പലയിടത്തും രസം പകര്‍ന്നത് ആശ്വസകരമായിരുന്നു. സീമാജി നായരുടെ പ്രകടനം ഗംഭീരമായിരുന്നു. ചിത്രത്തിലെ നായികയായി എത്തിയ അതിഥി രവിക്ക് മുഖ സൗന്ദര്യം എന്നതിനപ്പുറം അഭിനയ സൗന്ദര്യവും പ്രകടമായിരുന്നു, തനിക്ക് നല്‍കിയ വേഷം അതിഥി മനോഹരമാക്കിട്ടുണ്ട്. ചിത്രത്തിലെ മറ്റു താരങ്ങളായ മണികണ്ഠൻ ആചാരി, അജു വര്‍ഗീസ്‌, സൈജു കുറുപ്പ്,സുധി കോപ്പ, സാദിക്ക്, തുടങ്ങിയവരും ചിത്രത്തിലെ നല്ല കഥാപാത്രങ്ങളായി രംഗത്ത് വന്നു.

‘മിഥുന്‍ മാനുവലിന്റെ മേക്കിംഗ്’

കഴിഞ്ഞ രണ്ടുതവണയും സ്വന്തം തിരക്കഥയാണ് മിഥുന്‍ സ്ക്രീനില്‍ എത്തിച്ചതെങ്കില്‍ ഈ പ്രാവശ്യം മറ്റൊരാളുടെ തിരക്കഥയാണ് മിഥുന്‍ സിനിമയാക്കിയത്. ചരട് പൊട്ടിയ പട്ടം പോലെ നീങ്ങിയ തിരക്കഥയില്‍ മിഥുന്‍ മാനുവലും ഇടറിപ്പോയെന്ന്‍ തോന്നുന്നു. ചിത്രത്തിന്റെ സഞ്ചാരത്തില്‍ മെല്ലപ്പോക്ക് അനുഭവപ്പെട്ടു. പലഭാഗത്തും പൂര്‍ണ്ണതയില്ലാത്ത മേക്കിംഗ് ശൈലി പ്രകടമായി കണ്ടു. ഉദാഹരണത്തിന് മരം വെട്ടുന്ന സീന്‍, ഇടവേളയ്ക്ക് തൊട്ടുമുന്‍പേ സ്ഥലം കയ്യേറുന്ന സീന്‍, നായകനും നായികയും അലമാരയെചൊല്ലി വഴക്കിടുന്ന സീന്‍ അങ്ങനെ പലയിടത്തും മിഥുന്‍ മാനുവലിലെ സൂത്രധാരന്‍ പരാജയപ്പെടുന്നത് പോലെ തോന്നി.

‘തിരക്കഥയിലെ തകര്‍ച്ച’ 

നല്ലൊരു ആശയം സിനിമയ്ക്കുള്ളില്‍ ഉണ്ടായിരുന്നിട്ടും അതൊരു മികച്ച തിരക്കഥയാക്കി മാറ്റുന്നതില്‍ ചിത്രത്തിന്‍റെ രചയിതാവ് ജോണ്‍ മാന്ത്രിക്കലും പരാജയപ്പെട്ടു. നല്ലൊരു ഫീല്‍ ഗുഡ് ചിത്രമെന്ന് തോന്നിപ്പിക്കും വിധമായിരുന്നു ആദ്യ പകുതിയിലെ എഴുത്ത്. എന്നാല്‍ രണ്ടാം പകുതിയിലെത്തിയപ്പോള്‍ മോശമായ രചനാ രീതിയാണ് ചിത്രത്തെ കാര്യമായി ബാധിച്ചത്.

എല്‍. ജെ ഫിലിംസ് വിതരണത്തിനെടുത്ത ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ്‌ കുറുപ്പാണ്.സതീഷിന്‍റെ ക്യാമറ പല ഫ്രെയിമുകളിലും ദൃശ്യ ചാരുത പകര്‍ത്തിയെടുക്കുന്നുണ്ട്. ചിത്രസംയോജന ജോലി ചെയ്ത ലിജോ പോള്‍ കാര്യമായ രീതിയില്‍ കത്രിക വെച്ചതിനാല്‍ ചിത്രം കൂടുതല്‍ അപകടകരമായില്ല.

‘അവസാന വാചകം ‘

പ്രമേയമപരമായി അലമാര പ്രേക്ഷകനെ ആകര്‍ഷിക്കുന്നുണ്ടെങ്കിലും ഒരു ചലച്ചിത്രമെന്ന നിലയില്‍ പ്രേക്ഷകനെ അകറ്റി നിര്‍ത്തുകയാണ് ചിത്രം. പൊട്ടിപൊളിഞ്ഞതും അടച്ചുറപ്പില്ലാത്തതുമായ അലമാരെയെയും താങ്ങി പിടിച്ചു കൊണ്ടാണ് മിഥുന്‍ മാനുവലും കൂട്ടരും രണ്ടു മണിക്കൂറോളം ബിഗ്‌ സ്ക്രീനിലത്രയും നടന്നത്. നല്ല സിനിമയെന്നോ ശരാശരി സിനിമയെന്നോ വിളിക്കപ്പെടാന്‍ തോന്നാത്ത ഈ ചിത്രം ഒഴിവാക്കിയാല്‍ സമയവും പൈസയും ലാഭം.

shortlink

Related Articles

Post Your Comments


Back to top button