GeneralNEWS

കേരളത്തിലെ ക്രൈസ്തവ ചരിത്രത്തെത്തുറിച്ച്‌ നടത്തിയ വിവാദ പരാമര്‍ശം പ്രതികരണവുമായി ജോണ്‍ ബ്രിട്ടാസ്

കേരളത്തില്‍ ഉണ്ടായിരുന്ന തനതായ ക്രിസ്തുമതത്തെ പിഴുതെറിഞ്ഞു കളഞ്ഞത് പോര്‍ട്ടുഗീസ്-ബ്രിട്ടീഷ് ആധിനിവേശമാണെന്നും, നമ്മള്‍ ഇന്നു കാണുന്ന ഹിന്ദൂയിസം കേരളത്തിലേക്ക് വരുന്നതിന് മുന്‍പ് ഇവിടെയെത്തിയ ഒരു മതമാണ് ക്രിസ്റ്റാനിറ്റിയെന്നുമുള്ള ജോണ്‍ ബ്രിട്ടാസിന്റെ വിവാദ പരമാര്‍ശം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. അങ്കമാലി ഡയറീസിന്റെ അണിയറ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് നടത്തിയ ജെ.ബി ജക്ഷന്‍ എന്ന കൈരളി ടിവിയുടെ ചാനല്‍ പ്രോഗ്രാമിലായിരുന്നു ബ്രിട്ടാസിന്റെ വിവാദ പരമാര്‍ശം. സംഭവം വിവാദമായതോടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്‍റെ നിലപാട് വിശദീകരിക്കുകയാണ് ബ്രിട്ടാസ്.
ഹിന്ദു മതത്തിന് മുന്‍പ് ക്രിസ്തുമതം ഇന്ത്യയില്‍ വന്നു എന്ന രൂപത്തില്‍ ഞാന്‍ എന്തോ പ്രസ്താവന നടത്തി എന്നാണ് ചിലരുടെ കണ്ടെത്തല്‍. ലിജോ പല്ലിശ്ശേരി തന്റെ ചിത്രങ്ങളില്‍ സ്ഥിരമായി ക്രിസ്ത്യന്‍ FOLK സംഗീതം ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യമാണ് വിവാദത്തിനാധാരം. ജോണ്‍ ബ്രിട്ടാസ് ഫേസ്ബുക്കില്‍ കുറിക്കുന്നു.

ജോണ്‍ ബ്രിട്ടാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ വായിക്കാം

ഒരിടവേളക്ക് ശേഷം വീണ്ടും ഫേസ്ബുക്കിലേക്ക്…..
അങ്കമാലി ഡയറീസ് എന്ന സിനിമയുടെ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചു നടത്തിയ JB ജംക്ഷനില്‍ ഞാന്‍ നടത്തിയ ഒരു പരാമര്‍ശത്തെ അടര്‍ത്തിയെടുത്ത് ഒരു വിഭാഗം വിവാദം സൃഷ്ടിക്കുന്നതാണ് ഈ കുറിപ്പിനുള്ള പശ്ചാത്തലം.
ഹിന്ദു മതത്തിന് മുന്‍പ് ക്രിസ്തുമതം ഇന്ത്യയില്‍ വന്നു എന്ന രൂപത്തില്‍ ഞാന്‍ എന്തോ പ്രസ്താവന നടത്തി എന്നാണ് ചിലരുടെ കണ്ടെത്തല്‍. ലിജോ പല്ലിശ്ശേരി തന്റെ ചിത്രങ്ങളില്‍ സ്ഥിരമായി ക്രിസ്ത്യന്‍ FOLK സംഗീതം ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യമാണ് വിവാദത്തിനാധാരം. ഇന്നത്തെ രൂപത്തില്‍ നമ്മള്‍ കാണുന്ന ഹിന്ദുമതം (ബ്രാഹ്മണന്‍ മുതല്‍ താഴേക്കുള്ള ജാതി ഘടനകള്‍), ഉരുത്തിരിയുന്ന ഘട്ടത്തിലോ അതിനു മുന്‍പോ ക്രൈസ്തവ വിശ്വാസം കേരളക്കരയിലെത്തിയെന്നും അത് തികച്ചും തദ്ദേശീയ സ്വഭാവമാണ് ആര്‍ജ്ജിച്ചിരുന്നതെന്നുമാണ് ഞാന്‍ സൂചിപ്പിച്ചത്. നമ്പൂതിരിമാര്‍ കേരളത്തിലേക്ക് വന്നത് ക്രിസ്തുവര്‍ഷം 7ഓ 8ഓ നൂറ്റാണ്ടിലാണെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്.
എന്നാല്‍ ഇതൊന്നുമായിരുന്നില്ല യഥാര്‍ത്ഥ വിഷയം. തികച്ചും തദ്ദേശീയ ജീവിതരീതികള്‍ തുടര്‍ന്നിരുന്ന നസ്രാണികളുടെ കലയ്ക്കും സംഗീതത്തിനും ആ സ്വഭാവം തന്നെയാണ് ഉണ്ടായിരുന്നത്. എന്നാല്‍ പോര്‍ച്ചുഗീസുകാരുടെയും ഡച്ചുകാരുടേയും ബ്രിട്ടീഷുകാരുടേയുമൊക്കെ വരവോടെ നസ്രാണി സമൂഹത്തെ പാശ്ചാത്യവല്‍ക്കരിക്കുകയും തനതായ ജീവിത സംസ്‌കൃതികള്‍ പിഴുതെറിയുകയും ചെയ്തു. ഈ പരാമര്‍ശം ഇടതും വലതുമായ ചരിത്രകാരന്മാര്‍ അംഗീകരിക്കുന്ന കാര്യമാണ്. പോര്‍ച്ചുഗീസുകാരുടെ അനുഗ്രഹാശിസ്സുകളോടെ നടന്ന ഉദയം പേരൂര്‍ സുന്നഹദോസ്, നസ്രാണി സമൂഹത്തെ യൂറോപ്യന്‍ ക്രൈസ്തവധാരയുടെ വാലില്‍ കെട്ടിയിടാനുള്ള ആദ്യ ശ്രമമായിരുന്നു. കൂനന്‍ കുരിശു സത്യം എന്നുള്ളത് പാശ്ചാത്യ വല്‍ക്കരണത്തിനെതിരെയുള്ള നസ്രാണികളുടെ ആദ്യത്തെ കലാപമായിരുന്നു. ഇതിനെ കൊളോണിയല്‍ വിരുദ്ധ പോരാട്ടമായിക്കാണുന്ന ചരിത്രകാരന്മാരാണ് കൂടുതല്‍. എന്നാല്‍ ഇതൊക്കെ അടിച്ചമര്‍ത്തപ്പെട്ടു. അങ്ങിനെ നസ്രാണി സമൂഹത്തിന്റെ തനതായ പലതും നഷ്ടപ്പെട്ടു.
എന്റെ പരാമര്‍ശം കൊണ്ട് ആര്‍ക്കെങ്കിലും വിഷമമുണ്ടാകുന്നുണ്ടെങ്കില്‍ അത് യഥാര്‍ത്ഥത്തില്‍ യൂറോപ്യന്‍ വല്‍ക്കരണത്തിന് വിധേയരായ ക്രൈസ്തവര്‍ക്കാണ്. എന്നാല്‍ കേട്ട പാതി കേള്‍ക്കാത്ത പാതി, എന്റെ പ്രിയപ്പെട്ട സ്ഥിരം വിമര്‍ശകര്‍ പടപ്പുറപ്പാടുമായി രംഗത്ത് വന്നിരിക്കുകയാണ്. അവര്‍ക്കൊരു രാഷ്ട്രീയമുള്ളതുകൊണ്ട് എനിക്കതു മനസ്സിലാകും. എന്നെ ഒരു കളത്തില്‍ എങ്ങനെയെങ്കിലും പിടിച്ചിടേണ്ടത് അവരുടെ നീണ്ടകാലത്തെ ദൗത്യമാണ്.
ശ്രീ ശ്രീ രവിശങ്കറേയും മാതാ അമൃതാനന്ദമയിയേയും സിസ്റ്റര്‍ ജെസ്മിയെയും അഭിമുഖം ചെയ്തപ്പോള്‍ ക്രൈസ്തവ മതമൗലികവാദികള്‍ എന്നെ ക്രിസ്ത്യന്‍ വിരുദ്ധനായി മുദ്രകുത്തുകയുണ്ടായി. പാണക്കാട് ശിഹാബ് തങ്ങളോട് ‘ആവശ്യമില്ലാത്ത ചോദ്യങ്ങള്‍’ ചോദിച്ചു എന്ന കാരണത്താല്‍ ഒരു വിഭാഗം ലീഗുകാര്‍ എനിക്കെതിരെ ഹാലിളകി വന്നു.
ഗെയില്‍ ട്രെഡ്വെല്‍ നെ അഭിമുഖം ചെയ്തപ്പോള്‍ എന്നെ ഹിന്ദുവിരുദ്ധനാക്കാനായിരുന്നു ചിലരുടെ തത്രപ്പാട്. ആ കള്ളിയില്‍ എന്നെ ഒതുക്കാന്‍ കഴിയാത്തതുകൊണ്ടാകാം, ഒരു സിനിമാ ആസ്വാദന വിനോദ പരിപാടിക്കിടയിലെ പരാമര്‍ശത്തെ വളച്ചുകൂട്ടി ഇപ്പോഴത്തെ പടപ്പുറപ്പാട്. ദേശീയ രാഷ്ട്രീയത്തിലെ ചില സംഭവ വികാസങ്ങള്‍ ഇതിനവര്‍ക്ക് ഊര്‍ജ്ജം പകരുന്നുണ്ടാവും. എന്നാല്‍ അവരില്‍ സുബോധം ഉള്ള ചിലര്‍ എന്നെ വിളിച്ചു പറഞ്ഞു ‘ഞങ്ങള്‍ പറയാന്‍ ശ്രമിക്കുന്നതല്ലേ യഥാര്‍ത്ഥത്തില്‍ താങ്കള്‍ പറഞ്ഞു വച്ചത്’ എന്ന്. വര്‍ഗീയതയുടെ തിമിരവും വിവരക്കേടിന്റെ അന്ധതയും കൂടിച്ചേരുമ്പോള്‍ ചിലര്‍ക്ക് ഓരിയിടാനേ കഴിയൂ. നമുക്ക് മുന്‍പോട്ടു പോകാമല്ലേ?

shortlink

Related Articles

Post Your Comments


Back to top button