CinemaGeneralNEWS

അച്ചായന്‍സ് സംഗീത സാന്ദ്രമാക്കാന്‍ മോഹന്‍ലാല്‍; ഏപ്രില്‍ 2ന് അങ്കമാലിയില്‍ ഓഡിയോ റിലീസ്

മികച്ച ഗാനങ്ങളാല്‍ പ്രേക്ഷക ശ്രദ്ധനേടിയ ആടുപുലിയാട്ടത്തിനു ശേഷം കണ്ണന്‍ താമരക്കുളവും ജയറാമും ഒന്നിക്കുന്ന ചിത്രമാണ് അച്ചായന്‍സ് . ആടുപുലിയാട്ടത്തിലെ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ക്ക് ശേഷം സംഗീത സംവിധായകന്‍ രതീഷ്‌ വേഗ- കണ്ണന്‍ ടീം ഈ ചിത്രത്തില്‍ വീണ്ടും ഒന്നിക്കുന്നു. നായകന്‍ ഉണ്ണി മുകുന്ദന്‍ ആദ്യമായി പിന്നണി ഗായകനാകുന്നുവെന്ന പ്രത്യേകത കൂടിയുണ്ട് അച്ചായന്‍സിന്. രതീഷ്‌ വേഗയുടെ സംഗീതത്തില്‍ ഒരുക്കിയ അനുരാഗം പുതുമഴ പോലെ … എന്ന ഗാനമാണ് ചിത്രത്തില്‍ ഉണ്ണി ആലപിച്ചിരിക്കുന്നത്. ആലാപനത്തില്‍ മാത്രമല്ല ഈ ഗാനത്തിന്‍റെ രചനയിലും ഉണ്ണി മുകുന്ദന്‍ പങ്കാളിയാണ്.

ഗാനത്തിന്‍റെ മേക്കിംഗ് വീഡിയോ ഇതിനകം യൂടുബില്‍ വന്‍ ഹിറ്റായി മാറിക്കഴിഞ്ഞു. ഈസ്റ്റ്കോസ്റ്റ് ഓഡിയോസ് പുറത്തിറക്കിയ ഈ ഗാനം റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ രണ്ടുലക്ഷത്തില്‍പരം കാഴ്ചക്കാരുമായി മലയാള സിനിമയില്‍ ചരിത്രം കുറിച്ചു. മികച്ച ഒരു ഗായകന്‍റെ പൂര്‍ണ്ണതയോടെയാണ് ഈ ഗാനം ഉണ്ണി ആലപിച്ചിരിക്കുന്നത്.

അച്ചായന്‍സിന്റെ വേദി ധന്യമാക്കാന്‍ മലയാളത്തിന്‍റെ താര രാജാവ് മോഹന്‍ലാല്‍ എത്തുന്നു. ഏപ്രില്‍ 2 ന് അങ്കമാലിയിലെ അഡ്ലെക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററില്‍ നടക്കുന്ന അച്ചായന്‍സിന്‍റെ ഓഡിയോ ലോഞ്ച് ലാലേട്ടന്‍ നിര്‍വഹിക്കും. വൈകിട്ട് 6.30 മുതൽ 10 വരെയാണ് പരിപാടികൾ.

ജയറാം , ഉണ്ണി മുകുന്ദന്‍ , പ്രകാശ്‌ രാജ്, ആദില്‍ ഇബ്രാഹിം സഞ്ജു ശിവറാം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി വരുന്ന ചിത്രത്തില്‍ അമലാ പോൾ, അനു സിത്താര, ശിവദ എന്നിവരാണ് നായികമാർ. പി.സി ജോർജ് എം.എൽ.എയും ഒരു ശ്രദ്ധേയമായ വേഷത്തിലെത്തുന്നു. ഇരട്ട തിരക്കഥാകൃത്തുക്കളായ സച്ചി-സേതുവില്‍ സേതുവാണ് അച്ചായന്‍സിന്‍റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. കോമഡിയും സസ്പെൻസും നിറഞ്ഞ ഫൺ ത്രില്ലർ മൂഡിലുള്ള ഈ ചിത്രത്തില്‍ ജനാർദ്ദനൻ, പിഷാരടി, പാഷാണം ഷാജി, സിദ്ധിഖ്, മണിയൻപ്പിള്ള രാജു, ചേർത്തല ജയൻ, ഐസക്, ഇടവേള ബാബു, നവാസ് കലാഭവൻ, പൊന്നമ്മ ബാബു, കവിയൂർ പൊന്നമ്മ, തെസ്നി ഖാൻ, ഉഷ, സുജ വരുണി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

ഡി.എൻ.വി.പി ക്രിയേഷൻസിന്റെ ബാനറിൽ സി കെ പത്മകുമാര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പ്രദീപ് നായർ. ഫോർട്ട് കൊച്ചി, വാഗമൺ, കുട്ടിക്കാനം, കമ്പം, തേനി, ഹൈദരാബാദ്, മൂന്നാർ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസർ: ദിലീപ് കുമാർ, പ്രൊഡക്ഷൻ കൺട്രോളർ: ബാദുഷ, ആർട്ട് ഡയറക്ടർ: സഹസ ബാല, എഡിറ്റിംഗ് : രജിത്ത് കെ.ആർ.

shortlink

Related Articles

Post Your Comments


Back to top button