BollywoodGeneralIndian CinemaNEWS

തിയേറ്റര്‍ ഇല്ലാത്ത കാശ്മിരീല്‍ സിനിമ എത്തുമ്പോള്‍!

പച്ചപ്പും പ്രകൃതിയും നിറഞ്ഞ മനോഹര ദൃശ്യങ്ങള്‍ എന്നും ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന ഒന്നാണ്. ബോളിവുഡ് പ്രണയ ചിത്രങ്ങളുടെ പ്രാധാന ലൊക്കേഷന്‍ ആയിരുന്നു മഞ്ഞണിഞ്ഞ മലനിരകളും ദാല്‍ തടാകവും നിറഞ്ഞ കശ്മീര്‍. മലയാളികള്‍ പട്ടാള കഥകള്‍ക്കൊപ്പം കണ്കുളിര്‍ക്കെ കണ്ട മഞ്ഞു പുത്തച്ച ഈ താഴ്വാരത്തില്‍ സ്വന്തം സിനിമ യാഥാര്‍ത്ഥ്യമായിട്ട് മൂന്നു പതിറ്റാണ്ടുകള്‍ പിന്നിടുന്നു. കാത്തിരിപ്പിനൊടുവില്‍ കാശ്മീരി ഭാഷയില്‍ ഒരു ചിത്രം പൂര്‍ത്തിയായിരിക്കുകയാണ്. എന്നാല്‍ ചിത്രത്തിന്‍റെ പ്രദര്‍ശനത്തിനു തിയേറ്റര്‍ ഇല്ലാത്ത അവസ്ഥയിലാണ് ഇന്ന് കാശ്മീര്‍ താഴ്വര.

ഷൂട്ടിങ് സൗകര്യങ്ങള്‍ കാര്യമായില്ലാത്ത കശ്മീരില്‍ ഏറെ പണിപ്പെട്ട് ഹുസൈന്‍ ഖാന്‍ സംവിധാനം ചെയ്ത ചിത്രമാണ് കശ്മീര്‍ ഡെയ്ലി. ഈ ചിത്രം തിയേറ്റര്‍ സൗകര്യമില്ലാത്തതിനാല്‍ ഒരു ഹാള്‍ വാടകയ്ക്കെടുത്താണ് പ്രദര്‍ശിപ്പിക്കുന്നത്. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം ഭാഷയില്‍ ഉണ്ടായ ഈ ചിത്രം കാണാന്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് എത്തുന്നത്. എഴുപത് ലക്ഷം രൂപ ചിലവിട്ടെടുത്ത ചിത്രം വന്‍ നഷ്ടം വരുത്തിവയ്ക്കുമെന്ന ആശങ്കയിലാണ് സംവിധായകന്‍ ഹുസൈന്‍ ഖാന്‍.

തൊണ്ണൂറുകളില്‍ തീവ്രവാദ പ്രവര്‍ത്തനം ശക്തിപ്പെട്ടതോടെയാണ് കശ്മീര്‍ താഴ്വരയില്‍ ചലച്ചിത്ര പ്രദര്‍ശനം നിലച്ചുതുടങ്ങിയത്. അള്ളാ ടൈഗേഴ്സ് എന്ന സംഘടനയുടെ ഭീഷണിയെത്തുടര്‍ന്ന് താഴ്വരയിലെ എട്ട് തിയേറ്ററുകള്‍ അടച്ചുപൂട്ടുകയുണ്ടായി. എന്നാല്‍ പത്ത് വര്‍ഷത്തിനുശേഷം ഫാറൂഖ് അബ്ദുള്ള മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഈ തിയേറ്ററുകള്‍ വീണ്ടും തുറക്കാന്‍ ഒരു ശ്രമം നടന്നെങ്കിലും തീവ്രവാദികള്‍ ആ ശ്രമം പരാജയപ്പെടുത്തുകയനുണ്ടായത്. റീഗല്‍ തിയേറ്റര്‍ ഒരിക്കല്‍ തുറന്നെങ്കിലും ആദ്യ പ്രദര്‍ശനം നടക്കുമ്പോള്‍ തന്നെ തിയേറ്ററിനെതിരെ തീവ്രവാദി ആക്രമണം ഉണ്ടാകുകയും അതില്‍ ഒരാള്‍ കൊല്ലപ്പെടുകയും പന്ത്രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം സുരക്ഷാസേനയുടെ പിന്തുണയോടെ ചില തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ശ്രമമുണ്ടായെങ്കിലും സിനിമ കാണാന്‍ ആളില്ലാതെ അവയെല്ലാം അടച്ചു പൂട്ടേണ്ടിവന്നു. അങ്ങനെ ആ പഴയ തിയേറ്ററുകള്‍ ഇന്ന് ഹോട്ടലുകളും സുരക്ഷാസേനയുടെ ക്യാമ്പുകളുമായി മാറി. തിയേറ്റര്‍ ഇല്ലാത്തതിനാല്‍ താഴ്വരയില്‍ വ്യാജ സിഡി വ്യാപാരം തഴച്ചുവളരുകയാണ്.

തീവ്രവാദ ഭീഷണി നിലനില്കുന്ന സാഹചര്യത്തില്‍ ഏറെ പണിപ്പെട്ട് മൂന്നര കൊല്ലം കൊണ്ടാണ് ഹുസൈന്‍ ഖാന്‍ 45 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം പൂര്‍ത്തിയാക്കിയത്. മിര്‍ സര്‍വറാണ് നായകന്‍. നീലം സിങ്ങാണ് നായിക. മയക്കുമരുന്ന് മാഫിയയെക്കുറിച്ചും തൊഴിലില്ലായ്മയെക്കുറിച്ചും അന്വേഷണം നടത്തുന്ന ഒരു മാധ്യമപ്രവര്‍ത്തകന്റെ കഥയാണ് കശ്മീരി ഭാഷയിലും ഉറുദുവിലുമായി ഒരുക്കിയ കശ്മീര്‍ ഡെയ്ലി പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button