CinemaGeneralLatest NewsMollywoodMovie GossipsNEWSWOODs

ഫുഡ് ഇന്‍സ്പെക്ടറുടെ സാഹസിക പോരാട്ടങ്ങളുടെ കഥയുമായി കണ്ണന്‍ താമരക്കുളം

മലയാളികളുടെ ഭക്ഷണ ശീലങ്ങളില്‍ മാറ്റങ്ങള്‍ വന്നതോടെ ധാരാളംപേര്‍ അതിനെ ചൂഷണം ചെയ്യുന്നുണ്ട്. നാടന്‍ തട്ടുകട, ഫാസ്റ്റ് ഫുഡ് തുടങ്ങി പല പേരുകളില്‍ ലാഭകൊയ്ത്തു നടത്താന്‍ ചിലര്‍ മുന്നിട്ടിറങ്ങുന്നു. ഇത്തരക്കാര്‍ക്ക് ഒരു പേടി ഫുഡ് ഇന്‍സ്പക്ടര്‍മാരെ മാത്രമാണ്. ഭക്ഷ്യവിഷ വിപത്തിനെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന സാധാരണക്കാരനായ ഫുഡ് ഇന്‍സ്പക്ടര്‍ കേന്ദ്ര കഥാപാത്രമായി മലയാളത്തില്‍ ഒരു സിനിമ വരുന്നു.

കലാപരമായും സാമ്പത്തികമായും ശദ്ധേയമായ ‘ആടുപുലിയാട്ടം’ എന്ന ചിത്രത്തിനുശേഷം സംവിധായകന്‍ കണ്ണന്‍ താമരക്കുളവും തിരക്കഥാകൃത്ത് ദിനേശ് പളളത്തും വീണ്ടും ഒരുമിക്കുന്ന ചിത്രത്തിന് ‘വരൂ, ഇരിക്കൂ, കഴിക്കാം’ എന്നു പേരിട്ടിരിക്കുന്നു. ബോക്സോഫീസില്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്ന ജയറാം, ഉണ്ണിമുകുന്ദന്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ അച്ചായന്‍സാണ് കണ്ണന്‍ താമരക്കുളത്തിന്‍റെ ഏറ്റവും പുതിയ റിലീസ് ചിത്രം.

ആടുപുലിയാട്ടം ഷൂട്ടിംഗ് നടക്കുമ്പോള്‍ത്തന്നെ ഈ ചിത്രത്തിന്‍റെ തിരക്കഥ പൂര്‍ത്തിയായതായിരുന്നു. ക്ലൈമാക്സു വരെ നീളുന്ന സസ്പെന്‍സിലൂടെ ഇതള്‍ വിരിയുന്ന കഥ പൂര്‍ണ്ണമായും കുടുംബ പശ്ചാത്തലത്തിലാണ് പുരോഗമിക്കുന്നത്. ഭക്ഷണം മരുന്നായിരുന്ന സമൂഹത്തില്‍, ഇന്ന് കാന്‍സര്‍ പോലുളള മാരകരോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ കാരണക്കാരനായ പ്രധാന വില്ലനായി ഭക്ഷണപദാര്‍ത്ഥങ്ങള്‍ മാറിയിരിക്കുന്നു. പച്ചക്കറികളും മുട്ടയും വരെ പ്ലാസ്റ്റിക്കല്‍ നിര്‍മ്മിച്ചു മാര്‍ക്കറ്റില്‍ എത്തിച്ചു കൊണ്ടിരിക്കുന്നു. അതിനു പിന്നിലെ ആഗോള താല്പര്യങ്ങളും ചതിയും  ചിത്രത്തില്‍  പ്രമേയമായി വരുന്നു.

ആടുപുലിയാട്ടത്തിനു ശേഷം കണ്ണന്‍ താമരക്കുളത്തിന്റെ പ്രോജക്റ്റ് ഇതായിരുന്നുവെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ അച്ചായന്‍സ് നേരത്തെ പൂര്‍ത്തിയാക്കുകയായിരുന്നു. തിരക്കഥയുടെ പൂര്‍ണ്ണതയ്ക്കുവേണ്ടി കേരളത്തിന്‍റെ രുചിഭേദങ്ങളെയും ഭക്ഷണ ശീലങ്ങളെയും അടുത്തറിയാന്‍ തെക്കേയറ്റമായ കന്യാകുമാരിമുതല്‍ കാസര്‍കോട് വരെ തനതു നാട്ടുരുചികള്‍ തേടിയുളള സംവിധായകന്‍റെ ദീര്‍ഘയാത്ര ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞിരിക്കുന്നു.

അതിഥിദേവോ ഭവഃ ഏന്ന ആപ്തവാക്യത്തിന്‍റെ അന്തസത്തയിലാണ് ഭക്ഷണസംസ്കാരത്തിന്‍റെ കാലിക പ്രസക്തിയെന്ന് സംവിധായകന്‍ കണ്ണന്‍ അഭിപ്രായപ്പെടുന്നു.കേരളത്തിന്‍റെ ഭക്ഷ്യ സംസ്കാരത്തിന്‍റെ രുചിയും രുചിഭേദങ്ങളും വിഷയമാകുന്ന സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്‍റെ ഇതര താരനിര്‍ണ്ണയം നടക്കുന്നു. ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button