Film ArticlesMollywoodNEWSNostalgia

ബോബി-സഞ്ജയ് സിനിമകളിൽ സ്ഥിരമായി കണ്ടു വരുന്ന “പാപവിമുക്തമാക്കൽ” പ്രക്രിയയെ കുറിച്ചൊരു വിശദ പഠനം.

‘Redemption’ എന്ന വാക്ക് പരിചയമില്ലാത്ത സിനിമാസ്വാദകര്‍ വിരളമാണ്. ‘The Shawshank Redemption’ എന്ന ഒറ്റ സിനിമ കൊണ്ട് പരിചിതമാണ് ആ വാക്ക്. ‘Redemption’ എന്ന വാക്കിന് “പാപവിമുക്തമാക്കല്‍”, “തിരിച്ചെടുക്കല്‍” എന്നൊക്കെ മലയാളത്തിൽ പറയാം. ചെയ്ത തെറ്റ് തിരുത്താനുള്ള അവസരം ഉചിതമായി ഉപയോഗിക്കുന്ന പ്രക്രിയ ,അല്ലെങ്കില്‍ കുറ്റാരോപിതമായതോ അപഹാസ്യരായതോ ആയ സ്ഥിതിയില്‍ നിന്നും പഴയ സല്‍പേര് തിരിച്ചെടുക്കുക എന്നതാണ് ഇതിന്റെ വിശദമായ അർത്ഥം. ‘കുറ്റബോധം’ എന്നതിനെയും ഈ വാക്കുമായി ബന്ധപ്പെടുത്താം. മലയാളസിനിമയിലെ ന്യൂജനറേഷൻ വിപ്ലവങ്ങൾക്ക് തുടക്കം കുറിച്ച എഴുത്തുകാർ എന്ന നിലയിൽ ഏറെ ശ്രദ്ധേയരായ ബോബി-സഞ്ജയ് സഹോദരന്മാരുടെ സിനിമകളിളെല്ലാം വരുന്ന പതിവ് സംഗതികൾ എന്തൊക്കെയാണെന്ന് പെട്ടന്ന് ചോദിച്ചാല്‍ ഡോക്ടർ , ഹോസ്പിറ്റല്‍ എന്നൊക്കെ ഉത്തരം വരുമെങ്കിലും ഒരു തീം എന്ന നിലക്ക് പശ്ചാത്താപവും പാപവിമുക്തമാക്കലും ആണ് പ്രധാനമായും ആവര്‍ത്തിച്ചു വരുന്നത് എന്നത് ശ്രദ്ധേയമാണ്. ഇവര്‍ രചന നിര്‍വ്വഹിച്ച മിക്കവാറും എല്ലാ സിനിമകളിലെയും കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളുടെ മാനസികാവസ്ഥയും പരിശോധിച്ചാല്‍ ‘റിഡമ്പ്ഷന്‍’ എന്ന പ്രതിഭാസത്തോട് കൂടുതല്‍ അടുപ്പമുള്ളതായി കാണാന്‍ കഴിയുന്നു.

ബോബി-സഞ്ജയ് ടീം രചന നിര്‍വ്വഹിച്ച ആദ്യ സിനിമയാണ് ‘എന്റെ വീട് അപ്പൂന്റേം’. സാങ്കേതികമായി പറഞ്ഞാല്‍ Redemption’നിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നില്ലെങ്കിലും വസുദേവ് എന്ന ബാലന്‍ ജുവനൈല്‍ ഹോമിലെ വാസത്തിന് ശേഷം തന്‍റെ മാതാപിതാക്കളുടെ അടുത്തേക്ക് വരുന്നതും, പുതിയ അനുജനെ കാണുന്നതും പാപഭാരത്താല്‍ നീറി ഒരു വെള്ളതുണി ആ കുഞ്ഞിന് സമ്മാനമായി കൊടുക്കുകയും ചെയ്യുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. ജുവനൈൽ ഹോമിൽ നിന്നും തിരികെ വീട്ടിലേക്കും, അതിലൂടെ സമൂഹത്തിലേക്കും പോകണമെന്നുള്ള തീരുമാനവും ഒക്കെ മേല്‍ പറഞ്ഞ “കുറ്റബോധം” എന്ന ഘടകവുമായി ബന്ധപ്പെട്ടുള്ളതാണ്. കഥ കുറച്ചു കൂടി നീട്ടുകയായിരുന്നെങ്കില്‍ നല്ലൊരു ‘Redemption’ സാധ്യത ഉണ്ടായേനെ. രണ്ടാമത്തെ സിനിമയായ ‘നോട്ടുബുക്ക്’ കൗമാരപ്രായത്തിൽ ഗർഭം ധരിക്കേണ്ടി വരുന്നതിന്റെയും, കുട്ടികളോട് അച്ഛനമ്മമാർ ഇടപെടുന്ന രീതികളുടെയും ആകുലതകളാണ് പങ്കു വച്ചത്. എങ്കിലും ക്ലൈമാക്സില്‍ തങ്ങള്‍ ചെയ്ത തെറ്റുകള്‍ മനസ്സിലാക്കി അതിന്‍റെ പ്രായശ്ചിത്തത്തിന് മുതിരുന്നുണ്ട് പ്രധാന കഥാപാത്രങ്ങളായ സൂരജും പൂജയും. സിനിമയുടെ ക്ലൈമാക്സില്‍ വ്യക്തമായി ഒരു Redemption സാധ്യത കാണിക്കുന്നുമുണ്ട്.

മൂന്നാമത്തെ സിനിമയായ ‘ട്രാഫിക്’ ആണ് Redemption ഘടകം ഏറ്റവും കൂടുതൽ ഉൾക്കൊള്ളുന്ന ഒന്ന്. കൈക്കൂലി ആരോപണത്തില്‍ വിധേയനായ കോൺസ്റ്റബിൾ സുദേവനും, താന്‍ ഓടിച്ച ബൈക്ക് കാരണം സുഹൃത്ത് അപകടത്തില്‍ പെട്ടതിൽ നീറുന്ന രാജീവും, ഭാര്യയെ വണ്ടി ഇടിച്ചു കൊല്ലാന്‍ ശ്രമിച്ച ആബേലും, മിഷന്‍ ആദ്യം നിരസിച്ച കമ്മീഷണര്‍ അജ്മലും, താരപ്രഭയില്‍ മങ്ങി ജീവിതവും ഭാര്യയെയും കുട്ടികളെയും മറന്ന സിദ്ധാർത്ഥും ഒക്കെ പല സാഹചര്യങ്ങളിലാണ് അവരുടെ തെറ്റുകൾ തിരുത്തി പ്രായശ്ചിത്തം ചെയ്യുകയാണ്. ‘അയാളും ഞാനും തമ്മില്‍’ എന്ന സിനിമയും ഇതിന് അപവാദമല്ല. ചിത്രത്തിൽ മൂന്നാറിലെ ഹോസ്പിറ്റലിന്റെ പേര് തന്നെ “Redemption” എന്നാണ്. താന്‍ ചികിത്സ നിഷേധിച്ച SI പുരുഷോത്തമന്റെ മകളുടെ കാൽക്കൽ മാപ്പിരക്കുന്ന രവി തരകന്‍ ഒക്കെ പശ്ചാത്താപവിവശരായ ഒരുപിടി ‘ബോബി-സഞ്ജയ്’ കഥാപാത്രങ്ങളില്‍ ഒന്നു മാത്രമാണ്.

എന്നാല്‍ ‘മുംബൈ പോലീസ്’ എന്ന ചിത്രത്തിൽ താൻ ചെയ്ത തെറ്റിന് കുറ്റബോധം തോന്നുമെങ്കിലും പിന്നീട് അതിൽ പശ്ചാത്തപിക്കാൻ ആന്റണി മോസസിന് സ്വയം അവസരം ഇല്ലെന്നിരിക്കെ ഫര്‍ഹാന്‍ എന്ന കഥാപാത്രം അയാളെക്കൊണ്ട് അത് ‘ചെയ്യിപ്പിക്കുകയാണ്’. കടിച്ച പാമ്പിനെ കൊണ്ടു തന്നെ വിഷമിറക്കുന്ന രീതി. ‘ഹൗ ഓള്‍ഡ്‌ ആര്‍ യു’ എന്ന സിനിമയില്‍ നിരുപമ രാജീവ് എന്ന കഥാപാത്രം സോഷ്യല്‍ മീഡിയയിലൂടെയൊക്കെ പരിഹസിക്കപ്പെട്ട തന്‍റെ വ്യക്തിതവും, സല്‍പേരും തിരിച്ചു പിടിക്കുന്നതും Redemption തന്നെയാണ്. ഒരു ഹോസ്പിറ്റലിന്റെ പേര് തന്നെ Redemption എന്ന് സിനിമയില്‍ കൊടുക്കണമെങ്കില്‍ ബോബി-സഞ്ജയ് സിനിമകളില്‍ ആവര്‍ത്തിച്ചു വരുന്ന ഈ വസ്തുത യാദൃശ്ചികമാവാന്‍ തരമില്ല എന്നതാണ് സത്യം.

വാല്‍കഷണം – ‘കാസനോവ’ എന്ന തെറ്റിന്‍റെ ‘Redemption’ ‘ബോബി-സഞ്ജയ്’ ടീം പ്രേക്ഷകരോട് തീര്‍ത്തത് മികച്ച സിനിമകള്‍ നല്‍കികൊണ്ട് തന്നെയാണ്.

shortlink

Related Articles

Post Your Comments


Back to top button