Film ArticlesGeneralIndian CinemaInterviewsLatest NewsMollywoodNEWS

‘രാമലീല’ എന്ന ചിത്രത്തിന്റെ സംവിധായകൻ അരുൺ ഗോപി ഈസ്റ്റ് കോസ്റ്റ് ഡെയിലിയോട് പ്രതികരിക്കുന്നു.

നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയാണെന്ന് ആരോപിക്കപ്പെട്ട് നടൻ ദിലീപ് അറസ്റ്റിലായതോടെ അനിശ്ചിതത്വത്തിലായത് ‘രാമലീല’ എന്ന മലയാള സിനിമയുടെ റിലീസാണ്. ടോമിച്ചൻ മുളകുപാടം നിർമ്മിച്ച് നവാഗതനായ അരുൺ ഗോപി സംവിധാനം ചെയ്ത ‘രാമലീല’യിൽ ദിലീപാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ റിലീസ് നീണ്ടു പോകുന്നതിനെക്കുറിച്ച് സംവിധായകൻ അരുൺ ഗോപിയോട് അന്വേഷിച്ചപ്പോൾ അദ്ദേഹം പ്രതികരിച്ചത് ഇപ്രകാരമാണ്,

‘രാമലീല’യുടെ റിലീസ് പ്രതിസന്ധിയിലാണോ?

“തുറന്നു പറയാമല്ലോ, ഈ വിഷയത്തിൽ എന്നോട് ഇതുവരെയും ആരും ഒന്നും ചോദിച്ചിട്ടില്ല. അതുകൊണ്ടാണ് വിശദാംശങ്ങൾ പുറംലോകം അറിയാത്തത്. ‘രാമലീല’ എന്ന സിനിമയ്ക്ക് പ്രതിസന്ധിയില്ല എന്നു പറയുന്നില്ല. പക്ഷെ അത് ഇവിടെ ആളുകള്‍ പറഞ്ഞു പരത്തുന്നതു പോലെ അത്രത്തോളം മോശമായ അവസ്ഥയൊന്നുമല്ല. ധൃതി പിടിച്ച് സിനിമ റിലീസ് ചെയ്യിക്കണമെന്ന് നിർമ്മാതാവ് ടോമിച്ചൻ മുളകുപാടത്തിനു പോലും അഭിപ്രായമില്ല. ദിലീപേട്ടന്റെ ഡബ്ബിംഗ് കറക്ഷന്‍ ജോലികള്‍ ഇനിയും പൂർത്തിയാക്കാനുണ്ട്. അതൊക്കെ കഴിഞ്ഞ് സാവധാനത്തിൽ, സമാധാനത്തോടെ റിലീസ് ചെയ്യാം എന്ന തീരുമാനത്തിലാണ് നമ്മുടെ ടീം. കടുത്ത പ്രതിസന്ധി എന്നൊക്കെയുള്ളത് ആരൊക്കെയോ ചേര്‍ന്ന് പറഞ്ഞുണ്ടാക്കുന്നതാണ്. അങ്ങനെയൊക്കെ പറയുമ്പോള്‍ അവര്‍ക്കൊരു ആശ്വാസം. അത്രേയുള്ളൂ.”

ദിലീപിനോട് ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നോ?

“ഞാന്‍ ദിലീപേട്ടനെ ജയിലില്‍ പോയി കണ്ടിരുന്നു. വളരെ പോസിറ്റീവായ അഭിപ്രായം തന്നെയാണ് അദ്ദേഹത്തിനും. കഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈന്‍ പത്രത്തില്‍ വായിച്ചു, സംവിധായകന്‍ അരുണ്‍ ഗോപിയോട് ദിലീപ് പറഞ്ഞുവത്രെ, താന്‍ ഉടന്‍ തന്നെ ജയിലില്‍ നിന്നും പുറത്തിറങ്ങും, അതിനു മുന്‍പ് ‘രാമലീല’ റിലീസ് ചെയ്യണ്ട എന്ന്! ഇത്തരത്തിലുള്ള കപട വാര്‍ത്തകള്‍ പടച്ചു വിടുന്നവരോട് സഹതാപം മാത്രമേയുള്ളൂ. ചില കറക്ഷന്‍ ജോലികള്‍ ഇനിയും ബാക്കിയുണ്ട്. അതിനു ശേഷം സിനിമ റിലീസ് ചെയ്യും.”

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതിനെക്കുറിച്ച് അരുണിന്റെ അഭിപ്രായം എന്താണ്?

“കോടതിയുടെ പരിഗണനയിലുള്ള ഒരു കേസിനെക്കുറിച്ച് ആധികാരികമായ അഭിപ്രായം പറയുന്നത് ശരിയല്ല. എന്നാലും പറയാം, ആക്രമിക്കപ്പെട്ട നടിയോട് ഐക്യദാർഢ്യം തന്നെയാണുള്ളത്. ഒരു സഹപ്രവര്‍ത്തകനെന്ന നിലയിലും, ഈ സമൂഹത്തില്‍ ജീവിക്കുന്ന വ്യക്തിയെന്ന നിലയിലും ഏറെ ദുഃഖം തോന്നുന്ന ഒരു സംഭവം തന്നെയായിരുന്നു അത്. നമ്മുടെ നാട്ടില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന ആശ്ചര്യവും ബാക്കിയുണ്ട്. പക്ഷെ, ദിലീപേട്ടനെ പോലൊരു വ്യക്തി ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഒരു തരത്തിലും വിശ്വസിക്കുന്നില്ല. നമ്മള്‍ അടുത്തറിയുന്ന ദിലീപേട്ടന് ഇങ്ങനെയൊന്നും ചെയ്യാന്‍ കഴിയില്ല. മാത്രമല്ല, ഈ സംഭവം നടന്നു എന്ന് പറയുന്ന സമയത്ത് ദിലീപേട്ടന്‍ മുഴുവന്‍ സമയവും ‘രാമലീല’ ടീമിനോടൊപ്പം തന്നെയുണ്ടായിരുന്നു. നടിയോടൊപ്പം തന്നെ ഈ വിഷയത്തില്‍ ദിലീപേട്ടനും പൂര്‍ണ്ണ പിന്തുണ നല്‍കുകയാണ്. രഹസ്യ അജണ്ടകളും, വ്യക്തിതാല്‍പ്പര്യങ്ങളും ഒക്കെ മറി കടന്ന് കേസിലെ യഥാർത്ഥ പ്രതിയെ പിടികൂടാൻ കേരളാ പോലീസിനു കഴിയട്ടെ എന്നും ആഗ്രഹിക്കുന്നു.”

shortlink

Related Articles

Post Your Comments


Back to top button