CinemaGeneralNEWS

നസീറും, സത്യനും, കൊട്ടാരക്കരയും എല്ലാം വട്ടം ചുറ്റുന്നത് കാണാം! രഘുനാഥ് പലേരി കഥ പറയുമ്പോള്‍..

എഴുത്തുകാരനും,തിരക്കഥാകൃത്തുമായ രഘുനാഥ് പലേരി സോഷ്യല്‍ മീഡിയയില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുകളുമായി സജീവമാണ്.കൂടുതലായും സിനിമകളുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍ പങ്കുവയ്ക്കാറുള്ള രഘുനാഥ് പലേരിയുടെ എഴുത്ത് മറ്റുള്ളവരുടെ ഫേസ്ബുക്ക് രചനയില്‍ നിന്നും തികച്ചും വേറിട്ട അനുഭവമാകാറുണ്ട് വായനക്കാര്‍ക്ക്. പഴയകാലത്തെ ഫിലിം റീലുകളെക്കുറിച്ചും, ബാല്യകാലത്തെ ചുവര്‍ ചിത്രപ്രദര്‍ശനവുമൊക്കെ വീണ്ടും ഓര്‍ത്തെടുക്കുകയാണ് മലയാളത്തിന്റെ പ്രിയ കഥാകാരന്‍ രഘുനാഥ് പലേരി.

രഘുനാഥ് പലേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

കൈ നിറയെ സിനിമ..
വട്ടം വട്ടം സിനിമ..
കോഴിക്കോട് കണ്ണൂർ റോഡിൽ കൃസ്ത്യൻ കോളേജിന്നടുത്തായി പണ്ടൊരു സിനിമാ വിതരണ കമ്പനിയുടെ ഓഫീസ് ഉണ്ടായിരുന്നു. ഓടിട്ട ചെറിയ കെട്ടിടം. മരയഴികൾ ഉള്ള കുഞ്ഞു ജാലകത്തിലൂടെ നോക്കിയാൽ അകത്ത് വലിയ റീലുകൾ ചക്രത്തിൽ കറക്കി വട്ടം ചുറ്റുന്നത് കാണാം. നസീറും സത്യനും കൊട്ടാരക്കരയും അംബികയും ഷീലയും ജയഭാരതിയും അടൂർഭാസിയും ബഹദൂറും മണവാളനും എല്ലാം വട്ടം ചുറ്റുന്നതു കാണാം. ചിലപ്പോൾ എംജിയാറും ശിവാജിയും എംഎൻനമ്പ്യാരും വൈജയന്തിമാലയും ജയലളിതയും അവരുടെ കൂട്ടിനുണ്ടാവും. അപൂർവ്വ ഘട്ടങ്ങളിൽ രാജ്കപൂറും ഹേമമാലിനിയും. ഇംഗ്ലീഷ് നടന്മാരെം നടികളേം ആ ചക്രങ്ങൾക്കുള്ളിൽ അധികം കാണാറില്ല. സിനിമകൾ വട്ടം കറക്കി കൊട്ടകളിലേക്ക് അയക്കാനുള്ള റീലുകൾ പെട്ടിക്കുള്ളിൽ നിറക്കുന്ന തിരക്കിലാവും ജോലിക്കാർ. മുറിച്ചു മാറ്റിയ ഫിലീം കഷ്ണങ്ങളിൽ ഒന്നു രണ്ടെണ്ണം ചിലപ്പോൾ ജാലകത്തിലൂടെ അവർ പുറത്തേക്കിട്ട് തരും. പിന്നെ ഒരോട്ടമാണ് വീട്ടിലേക്ക്. കാർഡ് ബോർഡ് പെട്ടിക്കുള്ളിലെ പ്രത്യേകം തയ്യാറാക്കിയ പ്രൊജക്ടർ തുളയിൽ അവയെ ഇറുക്കി വെച്ച് പിറകിൽ നിന്നും അഛന്റെ ടോർച്ചടിച്ച് സത്യനേം നസീറിനേം എംജിയാറിനേം എല്ലാം ചുമരിൽ പ്രകാശിപ്പിക്കാൻ. ചിലനേരം ടോർച്ചിൽ ബാറ്ററി കമ്മി ആയിരിക്കും. സത്യനും ഷീലയും മറ്റും മങ്ങിമങ്ങി മിന്നി നിൽക്കും. അഛൻ പുതിയ ബാറ്ററി വാങ്ങിത്തരും. എന്റെ വീട് അന്നേ ഒരു മൾട്ടിപ്ലക്‌സ് ആയിരുന്നു.
ഇത് ചെയ്യാത്ത സിനിമാ പ്രാന്തന്മാർ അക്കാലത്ത് ഉണ്ടാവില്ല. ഇക്കാലത്തെ പ്രാന്തന്മാർക്ക് ആ പ്രശ്‌നം ഏതായാലും ഇല്ല. അവർക്ക് ചുമർ വേണ്ട. ടോർച്ച് വേണ്ട. ജാലകത്തിന്നിപ്പുറം നിന്ന് ഫിലീം കഷ്ണങ്ങൾക്കായി കെഞ്ചണ്ട. ഒപ്പം നടക്കുന്ന ബിലഹരിയേം ചാക്യാരേം രാജേഷിനേം സുമതിയേം ജോർജിനേം ആരതിയേം എല്ലാം സംഘടിപ്പിച്ച് പെട്ടെന്ന് തന്നെ ഗുളിക സിനിമകൾ ഉണ്ടാക്കാം. എന്നിട്ടത് സ്വന്തം ഫോണിലും ലാപ്പ്‌ടോപ്പിലും പ്രകാശിപ്പിച്ച് കണ്ടു രസിക്കാം.
എന്നാലും ആ ത്രിൽ ഒരു ത്രിൽ തന്നെയാണ്.
അടിമപ്പെൺ എന്ന സിനിമയിലെ വടിപോലെ കൈ ഉയർത്തി നിൽക്കുന്ന എംജിആറിന്റെ ഒരേ ഒരു സിനിമാ ഫ്രെയിം ചുമരിലേക്ക് ടോർച്ചടിച്ച് തെളിപ്പിച്ച് സിനിമയുടെ മൊത്തം കഥയും പാട്ടും ശ്ബദഘോഷങ്ങളും മാറിമാറി വിശദീകരിച്ചു മുസ്തഫയും ദാസനുമാണ് ഞാൻ ദർശിച്ച ആദ്യത്തെ പ്രൊജക്ടർ ഓപ്പറേറ്റർമാർ. സിനിമയിലെ വാൾപ്പയറ്റുകൾ കഥ പറയുന്നതിനിടെ മുറ്റത്തിറങ്ങി നിന്ന് കൈവീശി പയറ്റി അവതരിപ്പിച്ച ഹേമചന്ദ്രന്റെ അനിയൻ ബാബു ഇപ്പോൾ 
എവിടെയാണാവോ. പിന്നീടെന്നോ അടിമപ്പെൺ കണ്ടപ്പോഴാണ് മുസ്തഫയും ദാസനും ബാബുവും പറഞ്ഞ കഥയും തിരിക്കഥയും അവർ സിനിമ കാണാതെ സ്വയം ഉണ്ടാക്കിയതായിരുന്നെന്ന് അറിഞ്ഞത്.നമ്മൾ അറിയാത്ത എത്രയെത്ര പ്രതിഭാധനരായിരുന്ന തിരക്കഥാകൃത്തുക്കളും സംവിധായകരും നമ്മോടൊപ്പം സിനിമ കണ്ടു കളിച്ചു വളർന്നിട്ടുണ്ടാവും അല്ലേ.. .

shortlink

Related Articles

Post Your Comments


Back to top button