CinemaGeneralLatest NewsMollywoodNEWSWOODs

രാമനുണ്ണിയുമായി ദിലീപിനുള്ള ബന്ധം? രാമലീലയുടെ പുതിയ പോസ്റ്റര്‍ കണ്ട് ഞെട്ടിയ ആരാധകരോട് സച്ചി വെളിപ്പെടുത്തുന്നു

നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത ദിലീപ് ചിത്രമാണ് രാമലീല. ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച ഈ ചിത്രം ഈമാസം 28നു റിലീസ് ചെയ്യുകയാണ്. കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ റിമാന്റില്‍ കഴിയുന്ന ദിലീപ് നായകനായ ചിത്രത്തിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. എന്നാല്‍ ദിലീപ് എന്ന ഒരാളുടെത് മാത്രമല്ല ചിത്രമെന്നും സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരുടെ കഷ്ടപ്പാടുകള്‍ കൂടി നോക്കണമെന്നും പറഞ്ഞു സിനിമാ മേഖലയിലുള്ളവര്‍ ചിത്രത്തിന് പിന്തുണ പ്രഖ്യാപിച്ചു എത്തിയിട്ടുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ച ചിത്രത്തിന്‍റെ പോസ്റ്റര്‍ ആണ്. ദിലീപിന്റെ യഥാര്‍ത്ഥ ജീവിതത്തില്‍ കഴിഞ്ഞ കുറച്ചു നാളുകളായി നടക്കുന്ന ചില സംഭവങ്ങള്‍ ആ പോസ്റ്ററില്‍ കാണാം. അതോടെ സിനിമയ്ക്ക് നായകന്റെ ജീവിതവുമായി സാമ്യമുണ്ടോ എന്നായി ആരാധകരുടെ ചര്‍ച്ച. ഇതിന് രാമലീലയുടെ തിരക്കഥാകൃത്ത് സച്ചി തന്നെ മറുപടി പറയുകയാണ്. സാമ്യതകള്‍ ആകസ്മികം മാത്രമാണെന്ന് സച്ചി പറയുന്നു.

”രാമലീലയിലെ രാമനുണ്ണി ഒരു എംഎല്‍എയാണ്. ഒരു പാര്‍ട്ടിയില്‍നിന്നും പുറത്താക്കപ്പെടുകയും മറ്റൊരു മുന്നണിയില്‍ ചേര്‍ന്ന് മല്‍സരിക്കുകയും അതിനുപിന്നാലെ ഉണ്ടാകുന്ന രാഷ്ട്രീയ പകപോക്കലുകളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. സാധാരണ ദിലീപ് ചിത്രത്തില്‍നിന്നും തികച്ചും വ്യത്യസ്തമാണ് രാമലീല. ഇതില്‍ ഹാസ്യത്തിന് അല്ല പ്രാധാന്യം നല്‍കിയിരിക്കുന്നത്. വളരെ സീരിയസ് ആയ കഥാപാത്രമാണ് ദിലീപിന്റേത്. നിയമക്കുരുക്കില്‍ പെടുകയും ലോകം മുഴുവന്‍ തെറ്റിദ്ധരിക്കപ്പെടുകയും ഒടുവില്‍ അറസ്റ്റിലേക്ക് എത്തപ്പെടുകയും ചെയ്യുന്ന അവസ്ഥ അയാള്‍ക്ക് ഉണ്ടാകുന്നുണ്ട്. ദിലീപിന്റെ ജീവിതത്തില്‍ ഇപ്പോള്‍ നടക്കുന്ന ചില സാഹചര്യങ്ങളുമായി രാമലീലയിലെ കഥയില്‍ സാമ്യമുണ്ടെന്ന് പറയാമെന്ന് സച്ചി വിശദീകരിക്കുന്നു. എന്നാല്‍ ഇപ്പോഴത്തെ ദിലീപിന്റെ ജീവിതവുമായി പൂര്‍ണമായിട്ടും സാമ്യമില്ല. അങ്ങനെയുള്ള പ്രചാരണങ്ങള്‍ തെറ്റാണ്. കാരണം 10 മാസം മുന്‍പാണ് ചിത്രത്തിന്റെ തിരക്കഥ എഴുതി പൂര്‍ത്തിയാക്കിയത്. ഇപ്പോഴത്തെ സംഭവങ്ങള്‍ ഉണ്ടായിട്ട് ഏതാനും മാസങ്ങള്‍ അല്ലേ ആയിട്ടുളൂ. സാഹചര്യ തെളിവുകള്‍ എതിരാവുക, ജനങ്ങളാല്‍ വെറുക്കപ്പെടുക ഇതൊക്കെ രാമലീലയില്‍ രാമനുണ്ണി അനുഭവിക്കുന്നുണ്ട്. പക്ഷേ ഇപ്പോഴത്തെ സംഭവുമായി അതിന് എന്തെങ്കിലും സാമ്യമുണ്ടായിട്ടുണ്ടെങ്കില്‍ അത് ആകസ്മികമാണ്. പിന്നെ ടീസറില്‍ പറയുന്ന ഡയലോഗ് അന്വേഷണ ഉദ്യോഗസ്ഥനും ദിലീപും തമ്മിലുള്ളതാണ്. ഇപ്പോള്‍ പുറത്തിറങ്ങിയ പോസ്റ്ററില്‍ കാണുന്ന പോലെ അച്ഛന് ശ്രാദ്ധം ഊട്ടുന്ന ഒരു സീന്‍ രാമലീലയിലുണ്ട്. പക്ഷേ അതും ആകസ്മികമാണ്. രാമലീലയുടെ ഡബ്ബിങ് സമയത്ത് ഇത് അറം പറ്റിയൊരു സ്ക്രിപ്റ്റാണോ എന്ന് കളിയാക്കി ചിരിച്ചുകൊണ്ട് ദിലീപ് ചോദിച്ചിരുന്നു. ആ സമയത്ത് ദിലീപിനെ പ്രതി ചേര്‍ത്തിട്ടുണ്ടായിരുന്നില്ല. ആദ്യത്തെ ചോദ്യം ചെയ്യല്‍ മാത്രമേ കഴിഞ്ഞിരുന്നുള്ളൂ.”

”ദിലീപ് കുറ്റവാളിയാണെന്ന് വിശ്വസിക്കുന്നില്ല. അത്രയ്ക്കും വിഡ്ഢിത്തരം ദിലീപ് കാണിക്കുമെന്ന് വിശ്വസിക്കുന്നില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. ഒരാള്‍ കുറ്റവാളിയാണെന്ന് കോടതിയിലാണ് തെളിയിക്കേണ്ടത്. അതിനുമുന്‍പ് ചോരയ്ക്കുവേണ്ടി മുറവിളി കൂട്ടരുത്. സിനിമയെ തകര്‍ക്കുന്ന പ്രചാരണങ്ങള്‍ ശരിയല്ല. ദിലീപ് അതില്‍ ഒരു അഭിനേതാവ് മാത്രമാണ്. പണം മുടക്കിയ ഒരാളുണ്ട്. ആറു വര്‍ഷമായി സ്ക്രിപ്റ്റ് എഴുതി കിട്ടാനായി നടന്ന ഒരു പയ്യനുണ്ട് (സംവിധായകന്‍ അരുണ്‍ ഗോപി). അവന്റെ ആദ്യത്തെ സിനിമയാണ്. അങ്ങനെ ഒരുപാട് പേരുടെ അധ്വാനമുണ്ട്. സിനിമ കാണേണ്ട എന്നുള്ളവര്‍ കാണണ്ട. പക്ഷേ അതിനെ തകര്‍ക്കാന്‍ വേണ്ടി മനഃപൂര്‍വം ശ്രമിക്കരുത്. സിനിമ എന്ന നിലയില്‍ ജനങ്ങള്‍ ഏറ്റെടുത്താല്‍ രാമലീല വലിയ വിജയമായിരിക്കും. കാരണം ഇതൊരു നല്ല സിനിമയാണെന്നും” സച്ചി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button