Movie Reviews

വിശ്വാസികളെ നൊമ്പരപ്പെടുത്തുന്ന സത്യം ധൈര്യപൂര്‍വ്വം വിളിച്ചു പറയുന്ന ‘സ്‌പോട്ട് ലൈറ്റ്’

ഹരികൃഷ്ണന്‍.ആര്‍.കര്‍ത്ത

അന്വേഷണാത്മക പത്രപ്രവര്‍ത്തനം എത്രമാത്രം ബൃഹദും, പ്രാധാന്യമേറിയതാണെന്നതിനും നിദാനമായ ഒരുപാട് സംഭവങ്ങള്‍ക്ക് നമ്മള്‍ സാക്ഷികളാണ്, അല്ലെങ്കില്‍ അവയെപ്പറ്റി നമുക്ക് ഗ്രാഹ്യമുണ്ട്. ഭരണകൂടങ്ങളെ കടപുഴക്കാനും, നിഷ്ഠൂരരായ കൊടുംകുറ്റവാളികളെ വെളിച്ചത്ത് കൊണ്ടുവരാനും, അഴിമതിയുടെ അകത്തളങ്ങളിലെ സംഭവവികാസങ്ങള്‍ പൊതുജനസമക്ഷം കൊണ്ടുവരാനുമൊക്കെ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന നിശബ്ദപോരാളികള്‍ക്ക് എത്രയോ തവണ കഴിഞ്ഞിട്ടുണ്ട്. ബോസ്റ്റണ്‍ ഗ്ലോബ് എന്ന വിഖ്യാത അമേരിക്കന്‍ പത്രം ലോകമനസാക്ഷിയെ ഞെട്ടിച്ച ഒരു അന്വേഷണം നടത്തിയ നാള്‍വഴികളുടെ യഥാതഥമായ വിവരണമാണ് ഇത്തവണ ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ‘സ്‌പോട്ട് ലൈറ്റ്’.

സ്‌പോട്ട് ലൈറ്റ്, ബോസ്റ്റണ്‍ ഗ്ലോബിന്റെ അന്വേഷണാത്മക പത്രപ്രവര്‍ത്തനം നടത്തുന്ന നാലു പേരടങ്ങിയ പത്രപ്രവര്‍ത്തക സംഘമാണ്. മാസങ്ങള്‍ നീളുന്ന അന്വേഷണങ്ങള്‍ക്കൊടുവിലാണ് സ്‌പോട്ട് ലൈറ്റ് ടീം തങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ഗ്ലോബില്‍ പ്രസിദ്ധീകരിക്കാറ്. പുതുതായി ബോസ്റ്റണ്‍ ഗ്ലോബിന്റെ ചുമതല ഏറ്റെടുക്കുന്ന മാര്‍ട്ടി ബാരന്‍ (ലിവ് ഷ്‌ക്രീബര്‍) സ്‌പോട്ട് ലൈറ്റ് ടീമിനെ അതീവ പ്രാധാന്യമേറിയ ഒരു സംഭവത്തിന്റെ തുടര്‍ന്നുള്ള അന്വേഷണച്ചുമതല ഏല്‍പ്പിക്കുന്നു. സ്‌പോട്ട് ലൈറ്റ് ടീം എഡിറ്റേഴ്‌സായ വാള്‍ട്ടര്‍ റോബിന്‍സണ്‍ (മൈക്കല്‍ കീറ്റന്‍), മൈക്കല്‍ റെസന്‍ഡസ് (മാര്‍ക്ക് റഫല്ലോ), സാഷാ ഫെയ്ഫര്‍ (റേച്ചല്‍ മക്ആദംസ്), ബെന്‍ ബ്രാഡ്‌ലി ജൂനിയര്‍ (ജോണ്‍ സ്ലാറ്ററി) എന്നിവര്‍ ഈ സംഭവത്തിന്റെ ഉള്ളറകളിലേക്ക് ഇറങ്ങി ചെല്ലുന്നതോടെ ലോകമനസാക്ഷിയെ തന്നെ ഞെട്ടിച്ച ഒരു സത്യത്തിന്റെ വെളിപ്പെടുത്തലിലേക്കാണ് അന്വേഷണം വികസിക്കുന്നത്.

ബോസ്റ്റണ്‍ ഗ്ലോബിന്റെ തന്നെ ഏയ്‌ലീന്‍ മക്‌നാമാറ എഴുതിയ ഒരു ആര്‍ട്ടിക്കിളിന്റെ തുടരന്വേഷണമാണ് 2001ല്‍ ഈ സ്‌പോട്ട് ലൈറ്റ് ടീമിനെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കിയ കണ്ടെത്തലുകള്‍ക്ക് തുടക്കമിട്ടത്. ബോസ്റ്റണിലെ വിവിധ പാരീഷുകളില്‍ ആറോളം കുട്ടികളെ ലൈഗികപീഡനത്തിനു വിധേയനാക്കിയ ഫാദര്‍ ഗേഗന്റെ കേസിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളായിരുന്നു മക്‌നാമാറയുടെ ലേഖനത്തിന്റെ വിഷയം. ഈ കേസ് കൈകാര്യം ചെയ്ത മിച്ചല്‍ ഗാര്‍ബീഡിയന്‍ എന്ന വക്കീല്‍ ഫാദര്‍ ഗേഗന്‍ മുപ്പതു വര്‍ഷംകൊണ്ട് ചെയ്തുകൂട്ടിയ ഇത്തരം ബാലപീഡനങ്ങളുടെ വിവരം ബോസ്റ്റണ്‍ കര്‍ദിനാള്‍ ബെര്‍ണാഡ് ലോയ്ക്ക് അറിയാമായിരുന്നു എന്നും, കര്‍ദിനാള്‍ ലോ ഈ വിഷയത്തില്‍ ഒന്നും ചെയ്തില്ലെന്നും ആരോപണമുന്നയിച്ചിരുന്നു. ഗേഗന്‍ കേസിലെ വാദിഭാഗത്തെയാണ് ഗാര്‍ബീഡിയന്‍ പ്രതിനിധീകരിച്ചിരുന്നത്. കര്‍ദിനാള്‍ ലോ പ്രസ്തുത ആരോപണം നിഷേധിച്ചതു കൊണ്ടും സഭ ഗാര്‍ബീഡിയന്റെ വാദങ്ങളെ തള്ളിയത് കൊണ്ടും ഈ വിഷയത്തില്‍ ഒരു തുടരന്വേഷണത്തിന് പ്രസക്തിയില്ല എന്ന അഭിപ്രായക്കാരായിരുന്നു ഭൂരിപക്ഷം ഗ്ലോബ് പത്രപ്രവര്‍ത്തകരും. പക്ഷെ മാര്‍ട്ടി ബാരന്‍ സ്‌പോട്ട് ലൈറ്റ് ടീമിനോട് അവര്‍ അപ്പോള്‍ ചെയ്തുകൊണ്ടിരുന്ന എല്ലാ കാര്യങ്ങളും നിര്‍ത്തിവച്ചിട്ട് ഗേഗന്‍ കേസിന്റെ ഫോളോഅപ്പ് ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നു. അതൊരു നിര്‍ണ്ണായക വഴിത്തിരിവായി മാറി.

ഒരു പുരോഹിതനെതിരേയുള്ള ലൈംഗികപീഡന കേസിലാണ് തങ്ങള്‍ തുടരന്വേഷണം നടത്തുന്നതെന്ന വിശ്വാസത്തോടെ മുന്നോട്ടുപോയ സ്‌പോട്ട് ലൈറ്റ് ടീമിനെ ഞെട്ടിക്കുന്ന വിവരങ്ങളാണ് അവര്‍ കണ്ടെത്തിയത്. വിശ്വാസികളായി ജനിച്ച അവരുടെ വിശ്വാസഗോപുരങ്ങള്‍ കടപുഴകി. അവിശ്വസനീയമായ പല സത്യങ്ങളും അവരുടെ അന്വേഷണത്തിലൂടെ പുറത്തുവന്നു. 2001 വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം നടക്കുന്നതിന് തൊട്ടുമുമ്പ് അവര്‍ തങ്ങളുടെ അന്വേഷണത്തിന്റെ പരിസമാപ്തിയില്‍ എത്തിയിരുന്നു. അതിനായി അവര്‍ ഇപ്പോള്‍ മുതിര്‍ന്ന ആള്‍ക്കാരായി മാറിയ പല ഇരകളുമായും അഭിമുഖ സംഭാഷണങ്ങള്‍ നടത്തി, അവരുടെ കരളലിയിക്കുന്ന വിവരണങ്ങള്‍ കേട്ട് മരവിച്ച മനസുമായി ഇരിക്കേണ്ട എത്രയോ സാഹചര്യങ്ങളിലൂടെ കടന്നു പോയി. പീഡന കേസുകള്‍ ഒതുക്കി തീര്‍ക്കാനായി സഭയെ സഹായിച്ചിരുന്ന, ഇത്തരം കേസുകളുടെ ഒത്തുതീര്‍പ്പെന്ന ലാഭദായകമായ കച്ചവടത്തിലേര്‍പ്പെട്ടിരുന്ന അഭിഭാഷകരെ മെരുക്കി തങ്ങള്‍ക്കു വേണ്ട വിവരങ്ങള്‍ പറയിപ്പിക്കേണ്ടി വന്നു. അന്വേഷണത്തെ തടസപ്പെടുത്താനുള്ള സഭയുള്‍പ്പെടെയുള്ളവരുടെ അനേക ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കേണ്ടി വന്നു. പക്ഷെ 9/11 ഭീകരാക്രമണം അവരുടെ കണ്ടെത്തലുകള്‍ പുറംലോകത്തെ അറിയിക്കുന്നതിനു തടസമായി.

പക്ഷെ, ആ തടസം താല്‍ക്കാലികം മാത്രമായിരുന്നു. ഭീകരാക്രമണത്തെത്തുടര്‍ന്ന് താത്ക്കാലികമായി ദീര്‍ഘിപ്പിച്ചു കിട്ടിയ സമയദൈര്‍ഘ്യത്തില്‍ സ്‌പോട്ട് ലൈറ്റ് ടീം തങ്ങളുടെ കണ്ടെത്തലുകള്‍ക്ക് ഉപോല്‍ബലകമായ, കൂടുതല്‍ ശക്തമായ തെളിവുകള്‍ ശേഖരിച്ചു. ഒടുവില്‍ 2002-ന്റെ തുടക്കത്തില്‍ സഭയേയും, ലോകമാകമാനമുള്ള വിശ്വാസികളുടെ മനസാക്ഷികളേയും ആടിയുലച്ചു കൊണ്ട് സ്‌പോട്ട് ലൈറ്റ് ടീം റിപ്പോര്‍ട്ട് പുറത്തുവിട്ടു. റിപ്പോര്‍ട്ട് പുറത്തു വന്നതോടെ ബോസ്റ്റണ്‍ ഗ്ലോബിലേക്ക് ഫോണ്‍വിളികളുടെ പ്രവാഹം തുടങ്ങുന്നു. കൂടുതല്‍ ഇരകള്‍ തങ്ങളുടെ ഏറ്റുപറച്ചിലുകളുമായി രംഗത്തു വരുന്നു. ആ ട്രെന്‍ഡ്, ബോസ്റ്റണില്‍ നിന്ന് ലോകമെങ്ങും പരക്കുന്നു. സഭ മുമ്പെങ്ങും അഭിമുഖീകരിച്ചിട്ടില്ലാത്ത പ്രതിസന്ധിയുടെ കയങ്ങളിലേക്ക് ആണ്ടുപോകുന്ന കാഴ്ചയാണ് തുടര്‍ന്ന് ലോകം കണ്ടത്.

ടോം മക്കാര്‍ത്തിയാണ് സ്‌പോട്ട് ലൈറ്റിന്റെ രചയിതാവും സംവിധായകനും. രചനയ്ക്ക് ജോഷ് സിങ്ങറും അദ്ദേഹത്തോടൊപ്പമുണ്ട്. മൈക്കല്‍ കീറ്റനും, മാര്‍ക്ക് റഫല്ലോയുമടങ്ങുന്ന ഹോളിവുഡിലെ ഏറ്റവും മികച്ച ഒരു താരനിരയുടെ സത്യസന്ധമായ അഭിനയമാണ് ഈ ചിത്രത്തിന്റെ ശക്തി. ത്രില്ലര്‍ ജനുസില്‍ പെട്ട ഒരു സാധാരണ കുറ്റാന്വേഷണ ചിത്രമല്ലാത്തതിനാല്‍ പതിഞ്ഞ താളത്തിലാണ് കഥാഗതി വികസിക്കുന്നത്. പക്ഷെ അപ്പോഴും, കഥാപാത്രങ്ങളെ തികച്ചും ഉള്‍ക്കൊണ്ടുകൊണ്ടുള്ള അഭിനേതാക്കളുടെ അഭിനയരീതിയും, സംവിധായകന്‍ പുലര്‍ത്തുന്ന അസാമാന്യ കൈയടക്കവും ചിത്രത്തെ അങ്ങേയറ്റം പിരിമുറുക്കമുള്ളതാക്കുന്നു. ഹോവാര്‍ഡ് ഷോറിന്റെ പശ്ചാത്തലസംഗീതം ചിത്രത്തെ കൂടുതല്‍ ആസ്വാദ്യകരവും, വികാരഭരിതവും ആക്കുന്നു.

യഥാര്‍ത്ഥത്തിലുള്ള സ്‌പോട്ട് ലൈറ്റ് ടീമിന് പത്രപ്രവര്‍ത്തന മേഖലയിലെ ഏറ്റവും ഉയര്‍ന്ന പുരസ്‌ക്കാരമായ പുലിറ്റ്‌സര്‍ സമ്മാനം 2003ല്‍ ലഭിച്ചപോലെ തന്നെ, സ്‌പോട്ട് ലൈറ്റ് ചിത്രത്തിനു ചലച്ചിത്ര മേഖലയിലെ ഏറ്റവും ഉന്നത പുരസ്‌ക്കാരങ്ങളിലൊന്നായ ഓസ്‌കാര്‍ പുരസ്‌കാരം ലഭിക്കുകയുണ്ടായി. സ്‌പോട്ട് ലൈറ്റ് ടീമിനെ പ്രതിനിധീകരിച്ച് എഡിറ്റര്‍ മൈക്കല്‍ റെസന്‍ഡസ് ഫെബ്രുവരി 28ന് നടന്ന ഓസ്‌കാര്‍ ചടങ്ങില്‍ സ്‌പോട്ട് ലൈറ്റ് സിനിമയുടെ ടീമിനൊപ്പം പങ്കെടുക്കുകയും ചെയ്തു. സംഭവകഥകളുടെ സത്യസന്ധമായ വിവരണം കൈകാര്യം ചെയ്യുന്ന ചിത്രങ്ങളുടെ ഇടയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സൃഷ്ടി തന്നെയാണ് ‘സ്‌പോട്ട് ലൈറ്റ്’.

shortlink

Related Articles

Post Your Comments


Back to top button