Movie Reviews

മനസ്സില്‍ തൊടാതെയും മനസ്സ് മടുപ്പിക്കാതെയും കടന്നു പോയ ‘തെരി’ എന്ന സിനിമ കാഴ്ച

പ്രവീണ്‍.പി.നായര്‍ 

തമിഴ് സിനിമകളുടെ സ്വീകാര്യത മലയാള മണ്ണിലേക്ക് ഇരച്ചു കയറിയിട്ട് വര്‍ഷങ്ങളായി. തമിഴ് താരങ്ങള്‍ക്ക് മലയാളക്കരയില്‍ കിട്ടുന്ന ആരാധക ബലത്തിന് കാരിരുമ്പിന്‍റെ ശക്തിയാണ്. വിജയ്‌ വര്‍ഷങ്ങളായി ആ കാര്യത്തില്‍ മുന്‍പന്തിയില്‍ തന്നെയുണ്ട്‌. വിജയ്‌ ചിത്രം എപ്പോഴും ആരാധകര്‍ക്ക് ആഘോഷമാണ്. വിഷുപോലെയും ഓണംപോലെയും ആഹ്ലാദിച്ചു തിമിര്‍ക്കാനുള്ള വലിയൊരു ആഘോഷമാണ് അവര്‍ക്ക് എപ്പോഴും വിജയ്‌ ചിത്രങ്ങള്‍. വിജയ്‌ സിനിമകളുടെ കഥയോ, കഥാ പരിസരമോ അവര്‍ക്ക് അന്യമല്ല. സിനിമ കാണുന്നതിന് മുന്നോടിയായി അത് അവരുടെ മനസ്സിലുണ്ട്. അതിപ്പോള്‍ അഞ്ചും, അന്‍പതും, അഞ്ഞൂറും വിജയ്‌ സിനിമകള്‍ കടന്നു പോയാലും അതിനൊരു മാറ്റമില്ല. മാസ്സ് കാണിക്കാന്‍ ഹീറോ പരിവേഷം കെട്ടിയാടുന്ന നായകനെ കാണാന്‍ തീയേറ്ററില്‍ പെരുകി കിടക്കുന്ന ജനം കണ്ടോ? എല്ലാം മലയാള ചന്തത്തില്‍ ഒരുങ്ങി വന്നിരിക്കുന്ന നമ്മടെ മലയാളി പിള്ളേര്‍ തന്നെ. പൂരത്തിനുള്ള ആളുണ്ട്, അകത്ത് പൂരം തുടങ്ങാന്‍ ഇനിയും നേരമുണ്ട്. വിജയ്‌ സിനിമകള്‍ ഒരിക്കലും കഥയുടെ മര്‍മ്മം തൊട്ടറിഞ്ഞു വീക്ഷിക്കാനുള്ളതല്ല. അതില്‍ ചിലപ്പോള്‍ മാസലയുടെ അളവ് ആവശ്യത്തിലും, അതിലധികവും ഉണ്ടായേക്കാം. അത് രുചിച്ചു അറിഞ്ഞു തിരിച്ചു പോരുക. ടേസ്റ്റ് തോന്നിയാല്‍ പുറത്തിറങ്ങി നല്ലതെന്ന് പറയാം. വായ്ക്ക് രുചിചില്ലേല്‍ പുറം തള്ളാം.

മുന്‍ വിജയ്‌ ചിത്രങ്ങളെ പോലെ പതിവ് ശൈലിയില്‍ തന്നെ അലങ്കരിച്ചു എടുത്ത ചിത്രമാണ് തെരിയും. ഈ പ്രാവശ്യം സംവിധായകനിലെ പ്രതീക്ഷയും പ്രേക്ഷക മനസ്സില്‍ വേണ്ടുവോളം കുടിയിരിപ്പുണ്ട്. അവരില്‍ അത് വരാനിരിക്കുന്ന ആസ്വദനത്തിന്‍റെ തിളക്കം കൂട്ടുന്നുണ്ടാകാം. കണ്ണനെയും, കണിക്കൊന്നയെയും കണി കണ്ടിറങ്ങിയ പ്രേക്ഷകര്‍ എത്ര തിരക്കായാലും തെരി കണ്ടേ മടങ്ങൂ എന്ന വാശിയിലാണ്. വിജയ്‌ അഭിനയിച്ച അവസാന ചിത്രം ‘പുലി’ പ്രേക്ഷകര്‍ക്കുള്ളില്‍ വലിയൊരു ദുരന്തമായി മാറിയതാണ്. അതിന്‍റെ കയ്പ്പ് ഒന്ന് മാറ്റിയെടുക്കാന്‍ തെരിക്ക് കഴിയട്ടെ.

അറ്റ്‌ലീ തന്നെ രചന നിര്‍വഹിച്ചു അറ്റ്‌ലീ തന്നെ സംവിധാനം ചെയ്ത തെരി പ്രേക്ഷകര്‍ക്കുള്ളില്‍ ഒരിക്കലും ഒരു ദുരന്തമായി അവശേഷിക്കില്ല എന്ന് തന്നെ കരുതാം. ‘രാജാറാണി’ എന്ന അസ്സലൊരു വാണിജ്യ സിനിമയെടുത്ത് പ്രേക്ഷകര്‍ക്കുള്ളില്‍ തിളക്കത്തോടെ കത്തി നില്‍ക്കുന്ന സംവിധായകനാണ് അറ്റ്‌ലീ. കൂടാതെ ശങ്കറിന്‍റെ സഹസംവിധായകനായി പ്രവര്‍ത്തിച്ച പരിചയവും അറ്റ്‌ലീക്കുണ്ട്. അറ്റ്‌ലീയുടെ മനോഹരമായ രചനാ ശൈലിയും സംവിധാന മേന്മയും ഒരു വിജയ്‌ചിത്രത്തില്‍ വേണ്ട വിധം പ്രയോജനപ്പെടുത്തുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരെല്ലാം.

കേരളത്തില്‍ താമസിക്കുന്ന തമിഴ് നാട്ടുകാരന്‍ ജോസഫ്‌ കുരുവിളയിലൂടെയാണ് കഥ വികസിക്കുന്നത്. പോയ കാലത്തെ സത്യങ്ങള്‍ വീണ്ടും വെളിപ്പെടുമ്പോള്‍ തെരി എന്ന ചിത്രം പ്രതികാര കഥയുടെ ആവരണം തീര്‍ക്കുന്നു. ചിത്രത്തിന്‍റെ തുടക്കം നിലവാര സ്പര്‍ശം വിരിയിച്ചെങ്കിലും തുടര്‍ ഭാഗങ്ങള്‍ ഇടയ്ക്ക് ഇടയ്ക്ക് ഇടറി പോകുന്നുണ്ട്. പിന്നീട് തെരിയുടെ രണ്ടാം പകുതി ആസ്വദകരെ ചിത്രത്തിലേക്ക് തിരിച്ചു എടുക്കുന്നുമുണ്ട്. സ്ഥിരം സിനിമാ സ്വഭാവം പോലെ പ്രതിബന്ധങ്ങളെ മറികടക്കലാണ് സംവിധായകന്‍ നായകന് മുന്നില്‍ കരുതിവെച്ചിരിക്കുന്നത്. പോലിസ് ഉദ്യോഗസ്ഥനായ ജോസഫ്‌ കുരുവിളയുടെ വ്യക്തി ജീവിതം വ്യക്തമായി പറയാന്‍ ശ്രമിക്കുകയാണ് സംവിധായകന്‍. ചില ആനുകാലിക പ്രശ്നങ്ങളുടെ മൂര്‍ച്ചയും ചിത്രത്തില്‍ സംവിധായകന്‍ തുറന്നു കാട്ടുന്നുണ്ട്. ചിത്രത്തിന്‍റെ പകുതിയിലേറെ ഭാഗവും കേരളത്തിന്‍റെ മനോഹാരിതയിലാണ് പറഞ്ഞു നീങ്ങുന്നത്. അതിന്‍റെ ഒരു ആകര്‍ഷണം ഓരോ മലയാളിയെയും ചിത്രത്തോട് കൂടുതല്‍ അടുപ്പിച്ചേക്കാം.

‘തെരിയിലെ അഭിനയ പ്രകടനങ്ങള്‍’

ജോസഫ്‌ കുരുവിളയെ വിജയ്‌ തന്‍റെ സ്ഥിരം അഭിനയ ശൈലിയുമായി കൂട്ടിയോജിപ്പിച്ചു എന്ന് തന്നെ പറയാം. ആ അഭിനയത്തോട് താല്‍പ്പര്യമുള്ളവര്‍ക്ക് മാത്രം ഈ അഭിനയരീതിയും ദഹിക്കും.എല്ലാ സിനിമകളിലും അമിതാ അഭിനയത്തിലേക്ക് വീണു പോകാറുള്ള വിജയ്‌ സ്വയം ഒരു കരുതല്‍ തന്‍റെ അഭിനയ കാര്യത്തില്‍ എടുത്തിട്ടുണ്ടോ? എന്ന ഒരു ചോദ്യവും ജോസഫ്‌ കുരുവിള എന്ന കഥാപാത്രം ബാക്കിയാക്കുന്നുണ്ട്. മിത്ര എന്ന മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട സാമന്ത തരക്കേടില്ലാത്ത അഭിനയം തെറിയില്‍ കോര്‍ത്തുവെച്ചു. നടി മീനയുടെ മകള്‍ നൈനികയും തെറിയിലെ നല്ലൊരു അഭിനയ കാഴ്ചയായിരുന്നു. രാജേന്ദ്രന്‍ എന്ന നടന്‍ നായകന്‍റെ സന്തതസഹചാരിയാവാന്‍ വിധിക്കപെട്ടു രാജേന്ദ്രന്‍റെ അഭിനയത്തിലും തെല്ലും കലര്‍പ്പ് അനുഭവപ്പെട്ടില്ല. ജെ .മഹേന്ദ്രന്‍ എന്ന പഴയ സംവിധായകന്‍ വില്ലന്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം തന്‍റെ അഭിനയത്തിലൂടെ നന്നായി പ്രതിഫലിപ്പിച്ചു. ജി.വി പ്രകാശാണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കിയത്. പ്രതീക്ഷ അസ്ഥാനത്താക്കി കൊണ്ട് ജി.വി പ്രകാശിന്‍റെ ഈണം മങ്ങി നിന്നു. ജി.വി പ്രകാശിന്‍റെ ഭാഗത്ത് നിന്നും ഇത്തരം ഒരു നിറം മങ്ങല്‍ പ്രതീക്ഷിച്ചിരുന്നില്ല. ഗാനങ്ങള്‍ തീര്‍ത്തും ശ്രവണ സുഖകരമായിരുന്നില്ല. പിന്നണി ഈണങ്ങള്‍ സിനിമയോട് മനോഹരമായി കൂട്ട് ചേര്‍ന്നു.

‘അറ്റ്‌ലീയുടെ സംവിധാനവും, എഴുത്തും’

ചിത്രത്തിന്‍റെ മേക്കിംഗ് പാടവം വളരെയധികം പ്രശംസ അര്‍ഹിക്കുന്നുണ്ട്. ഗാന ചിത്രീകരണങ്ങള്‍ മനോഹരമായി ചിത്രീകരിക്കാന്‍ അറ്റ്‌ലീയിലെ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. സംഘട്ടന രംഗങ്ങളില്‍ അതീവ ശ്രദ്ധ പതിപ്പിക്കാനും അറ്റ്‌ലീയിലെ സംവിധായകന്‍ പരിശ്രമിക്കുന്നുണ്ട്. അതൊക്കെ അന്തസ്സാര്‍ന്ന ശൈലിയില്‍ അറ്റ്‌ലീ ചിത്രീകരിച്ചു എടുത്തിട്ടുമുണ്ട്.

സ്ഥിരം ചട്ട കൂട്ടിലുള്ള കഥയാണെങ്കിലും സംഭാഷണ ശൈലിയിലെ മിടുക്ക് അറ്റ്‌ലീയിലെ എഴുത്തുകാരനെ വേറിട്ട്‌ നിര്‍ത്തുന്നു.
എന്തായാലും തിരക്കഥാ വളരെ ശ്രദ്ധാപൂര്‍വ്വം തന്നെ അറ്റ്‌ലീ രചിച്ചിട്ടുണ്ട്.

‘മറ്റ് ടെക്നിക്കല്‍ വശങ്ങള്‍’

ജോര്‍ജ്.സി.വില്യംസ് തന്നിലെ ക്യാമറ സൗന്ദര്യം തെറിയില്‍ ഗംഭീരമായി തന്നെ നിലനിര്‍ത്തിയിട്ടുണ്ട്. അന്തോണി.എല്‍.റൂബന്‍റെ ചിത്രസംയോജനവും അര്‍ഹിച്ച നിലവാരം പുലര്‍ത്തി.

‘അവസാന വാക്ക്’

മുന്‍ വിജയ്‌ ചിത്രങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ അതില്‍ നല്ലതും ചീത്തയുമുണ്ട്. തെരി എന്തായാലും മോശം സിനിമയുടെ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒരു വിജയ്‌ ചിത്രമല്ല. ആരാധകര്‍ ഊതി വീര്‍പ്പിക്കും പോലെ തെരിയില്‍ വലുതായി ഒന്നും മിന്നി മറയുന്നുമില്ല. എങ്കിലും തെരി മടുപ്പ് സൃഷ്ടിക്കാത്ത ഒരു ചലച്ചിത്രരൂപമാണെന്ന് നിസംശയം പറയാം.

shortlink

Related Articles

Post Your Comments


Back to top button