Special

രഘുനാഥ് പലേരി മാമുക്കോയയെ കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു

പ്രശസ്ത തിരക്കഥാകൃത്തായ രഘുനാഥ് പലേരി നടന്‍ മാമുക്കോയയെ കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ്. മാമുക്കോയയെ അടുത്ത് പരിചയപ്പെട്ടതിന്‍റെയും, അദ്ദേഹത്തിന്‍റെ സ്വഭാവ രീതിയേയുമൊക്കെ വിശദീകരിക്കുന്ന ഈ എഴുത്ത് നല്ലൊരു ഹൃദയ ബന്ധത്തിന്‍റെ ആഴവും വെളിവാക്കുന്നുണ്ട്.

കോഴിക്കോട് ക്രൗൺ തിയേറ്ററിന്നു മുന്നിൽ ശ്രീ പോൾ കല്ലാനോടിനൊപ്പം വർഷങ്ങൾക്കു മുൻപ് നിൽക്കുമ്പോഴാണ് ആ വഴി വന്ന ശ്രീ മാമുക്കോയയെ പോൾ പരിചയപ്പെടുത്തുന്നത്.
കത്തുന്ന പന്തംപോലെ ഒരു അവതാരം. ഉള്ളിൽ നർമ്മത്തിന്റെ പൂക്കുറ്റി. വിസിൽ പടക്കം പൊട്ടുന്ന ചിരി. മുഖം നിറയെ പൂത്തിരി. ഭാഷയിലും മനസ്സിലും വായനയുടെയും പാറക്കെട്ടുപോൽ തപിച്ച ജീവിതത്തിന്റെയും രുചിക്കൂട്ട്. കാൽക്കീഴിൽ എപ്പോഴും ചവിട്ടുന്ന മണ്ണും സ്‌നേഹവും.

പോൾ പരിചയപ്പെടുത്തുന്നതിനും കുറച്ചു ദിവസം മുൻപ് സംഗം തിയേറ്ററിലെ തിരശ്ശീലയിൽ ശ്രീ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത ‘അന്യരുടെ ഭൂമി’ എന്ന സിനിമാ വെളിച്ചത്തിലാണ് മാമുക്കോയയെ ആദ്യം കണ്ടത്. സിനിമയിൽ ചൂണ്ടയിട്ട് പിടിച്ച മീനുമായി വരുന്ന മാമുക്കോയ കഥാപാത്രത്തോട്
കാശു കൊടുത്ത് എന്തും വാങ്ങാം എന്നു വിചാരിച്ച മറ്റൊരു കഥാപാത്രം ചോദിക്കുന്നു..,
“മീനിനെന്ത് വേണം..” ന്ന്..
ചുണ്ടക്കാരൻ മറുപടി പറഞ്ഞു.
“ഇത്തിരി വെളിച്ചെണ്ണേം.. മൊളകും. എന്താ ഞമ്മക്ക് ഇറങ്ങൂലേ..?”
.
തിയേറ്ററിനെ രസിപ്പിച്ച ചൂണ്ടക്കാരൻ.
രണ്ട് വെളുത്ത പല്ലും മുന്നിലേക്കിട്ട് തന്ന് പ്രകടമല്ലാത്ത ജീവിതം പച്ചക്ക് കാണിച്ചു തരുന്ന അസാധാരണ നടൻ. ആ ചൂണ്ടക്കാരനാണ് മുന്നിൽ നിൽക്കുന്നത്. ചൂണ്ടക്കാരൻ പരിചയപ്പെട്ടു.
“എവിടാ രഘൂന്റെ താമസം..”
“ഇവിടെ തന്നെ..”
” ഇതിപ്പം കോഴിക്കോടല്ലേ. കോഴിക്കോട് എവിടെ…?”
“നടക്കാവില്…”
“നടക്കാവില് എവിടെ..?”
“ചോമത്ത് വയൽല്.”
“വയൽല് എവിടെ…?”
“വയൽന്റെ നടുക്കാണ്…”
“മതി. നടുക്ക് നിന്നാ മതി. വയല് മുഴ്വോനും കാണാലോ..”

കല്ലായ് പുഴയിൽ മരം അളക്കുന്ന പണി വിട്ട് സിനിമയിലെ മാമുക്കോയയായി ആ ചൂണ്ടക്കാരൻ മാറിയ ശേഷം അദ്ദേഹത്തിന്റെ പല്ലുള്ള ഒരു ചിത്രംപോലും ഞാൻ കാണാതിരുന്നിട്ടില്ല. അത്രക്കും ഇഷ്ടമാണ് എനിക്കീ നടനെ. മാമുക്കോയ വന്നു കഴിഞ്ഞാൽ വെറുതെ നിൽക്കുന്ന കഥാപാത്രമാണെങ്കിലും ആ രംഗത്തിന് ഒരു തെളിച്ചമുണ്ടാകും. ഒപ്പമുള്ളത് ഒടുവിൽ ശങ്കരാടി തുടങ്ങിയ വടവൃക്ഷത്തണലുകളാണെങ്കിൽ, എല്ലാം കൊണ്ടും
ഉത്സവമായി.

shortlink

Related Articles

Post Your Comments


Back to top button