GeneralMovie ReviewsNEWS

‘ആടുപുലിയാട്ടം’ : റിവ്യൂ

തമിഴ് ജീവിതവുമായി ഏറെ വൈകാരിക ബന്ധമുളള ഒരു ശൈലിയില്‍ നിന്നാണ് സിനിമയുടെ പേര് ഉരുവം കൊണ്ടത്. ഇരയ്ക്കും വേട്ടക്കാരനുമിടയിലെ സംഘര്‍ഷഭരിതമായ ജീവന്മരണപ്പോരാട്ടം നല്‍കുന്ന ആകാംഷ ചിത്രത്തിന്‍റെ ആത്മാവായി മാറുന്ന സിനിമയുടെ കേന്ദ്ര ഇതിവൃത്തത്തിലേക്കുളള ക്ഷണക്കത്തായി മാറുന്നു, ആടുപുലിയാട്ടം എന്ന മാസ്റ്റര്‍ ടൈറ്റില്‍. എന്നല്ല, കഥാപാത്രങ്ങളുടെ ജീവിത പരിസരത്തിന്‍റെ സൂചകവുമായി മാറുവാന്‍ ഈ ടൈറ്റിലിനു കഴിഞ്ഞു.

■ First Look

• കുടുംബ പ്രേക്ഷകരുടെ ഹരമായിരുന്ന ജയറാമിന്‍റെ ശക്തമായ തിരിച്ചു വരവ് • വിശ്വകലാകാരനായ ഓംപുരിയുടെ ശക്തമായ സാന്നിധ്യം • രമ്യാകൃഷ്ണന്‍റെ ഉജ്ജ്വല അഭിനയ മുഹൂര്‍ത്തങ്ങള്‍ • ക്രാഫ്റ്റുളള തിരക്കഥ • സംവിധാനത്തിലെ കയ്യടക്കവും ചടുലതയും •

■ Synopsis

വ്യവസായ പ്രമുഖനായ സത്യജിത്ത്, ഭാര്യയോടും മകളോടുമൊപ്പം സന്തോഷമായി കഴിയുന്നു.അയാളുടെ പെട്ടെന്നുളള ഉയര്‍ച്ചയില്‍ ചില സംശയങ്ങള്‍ ചെറുകിട പത്രപ്രവര്‍ത്തകനായ കൊഞ്ചുനാരായണനുണ്ട്. അയാള്‍ സത്യജിത്തിനെ വിടാതെ പിന്തുടരുന്നു.

എന്നാല്‍, സത്യജിത്തിന്‍റെ പ്രശ്നം, മാസങ്ങളായി സ്വസ്ഥമായി ഉറങ്ങാന്‍ കഴിയുന്നില്ല എന്നതാണ്. മരുന്നുകള്‍ക്കും അയാളെ രക്ഷിക്കാനാവാതെ വന്നപ്പോള്‍, മനശ്ശാസ്ത്രജ്ഞനായ സുഹൃത്തിന്‍റെ ഉപദേശപ്രകാരം അയാള്‍ ആത്മശാന്തിക്കായി മാതാജിയെ കാണാന്‍ നിര്‍ബന്ധിതനായി. മാതാജി സത്യജിത്തിനെ യോഗിയുടെ സമീപത്തേക്കയക്കുന്നു.

സത്യജിത്തിനെ, അയാളുടെ ഭൂതകാലത്തേക്ക് യോഗി ആനയിക്കുന്നു. പന്ത്രണ്ടു വര്‍ഷം മുമ്പ് അയാള്‍ സ്വന്തമാക്കിയ ചെമ്പകക്കോട്ടയെപ്പറ്റി യോഗി ചില സൂചനകള്‍ നല്‍കുന്നു. ചെമ്പകക്കോട്ടയുടെ ഓര്‍മ്മകള്‍ അയാളെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. അവിടെ മറ്റൊരു സത്യജിത്തിനെ നാം കണ്ടുമുട്ടുന്നു. സുഹൃത്തുക്കളും സത്യജിത്തും കാട്ടിക്കൂട്ടുന്ന ചിരിയും സസ്പന്‍സും ഇവിടെ ആരംഭിക്കുന്നു.

ഇതിഹാസ തുല്യവും മനോഹരവുമായ ഒരു പ്രണയത്തിന്‍റെ പുരാവൃത്തം കഥാഘടനയോട് സമര്‍ത്ഥമായി വിളക്കിച്ചര്‍ത്ത് പ്രേക്ഷകനെ മറ്റൊരു കാലത്തേക്കും ലോകത്തേക്കും കൊണ്ടുപോകാനും തിരക്കഥാകാരനും സംവിധായകനും ശ്രദ്ധിക്കുന്നു.

■ Cast & Performances

പ്രധാന കഥാപാത്രമായ സത്യജിത്തിനെ കുടുംബ സദസ്സുകളുടെ പ്രിയനായകന്‍ ജയറാം അവതരിപ്പിക്കുന്നു. അദ്ദേഹത്തിന്റ ഇതിനകം ഹിറ്റായിക്കഴിഞ്ഞ പുതിയ ഗെറ്റപ്പ് ചിത്രത്തിന്റെ ആകര്‍ഷണീയതയ്ക്ക് മാറ്റുകൂട്ടുന്നു.

നായക തുല്യമായ വേഷം അതിമനോഹരമാക്കിക്കൊണ്ട് തെന്നിന്ത്യന്‍ തിരനായിക രമ്യാകൃഷ്ണന്‍റെ മാതംഗി ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുകയും ക്ലൈമാക്സില്‍ പ്രേക്ഷക മനസ്സില്‍ വേദനനിറയ്ക്കുകയും ചെയ്യുന്നു.

കാല്‍നൂറ്റാണ്ടിനു ശേഷം മലയാളത്തിലേക്ക് മടങ്ങിവന്ന ഓംപുരി ഒട്ടും പ്രേക്ഷകനെ നിരാശനാക്കുന്നില്ല. മഹേശ്വരയോഗിയെന്ന കഥാപാതത്തിന്‍റെ ആഴത്തില്‍ ഇറങ്ങി, സൂക്ഷമാഭിനയത്തിന്‍റെ ഭാവതലങ്ങള്‍ അനുഭവിപ്പിക്കിന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

തമിഴ് / തലുങ്ക് വാണിജ്യ സിനിമയുടെ അവിഭാജ്യ ഘടകമായി വളര്‍ന്ന സമ്പത്ത് ആദീശ്വരന്‍ എന്ന കഥാപാത്രത്തിന്‍റെ ഭാവപ്പകര്‍ച്ചയിലൂടെ മലയാളത്തിലേക്കുളള തന്‍റെ കടന്നു വരവിനെ ഉജ്ജ്വലമാക്കി.

ജയറാമിന്‍റെ മറ്റൊരു നായികയായ ഷീലു ഏബ്രഹാം അമലയെന്ന കഥാപാത്രത്തെ ശരാശരിയിലെത്തിച്ചു.

പാഷാണം ഷാജിയുടെ കഥാപാത്രം ചിലയിടങ്ങളില്‍ നേടുന്ന കൈയ്യടി ചിത്രതതിലുടനീളം നിലനിര്‍ത്താനാവുന്നില്ല. എങ്കിലും ചിത്രം നല്‍കുന്ന പിരിമുറുക്കം കുറക്കാന്‍ ഈ നടന്‍റെ സാന്നിധ്യത്തിനു സാധിക്കുന്നു.

ശ്രീകുമാറിന്‍റെ അപ്പുവും രമേഷ് പിഷാരടിയുടെ സണ്ണിയും തിയറ്ററുകളില്‍ ചിരിയുണര്‍ത്തുന്നുണ്ട്.

ആമിയായെത്തിയ ബേബി അക്ഷരയും മല്ലിയെ അവതരിപ്പിച്ച ബേബി ഏയ്ഞ്ജലീനയും തങ്ങളുടെ പ്രകടനം കൊണ്ട് അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകനെ വിസ്മയിപ്പിക്കുകയും ഹൃദയം കവരുകയും ചെയ്തിരിക്കുന്നു.

■ Music & Original Scores

യുവ സംഗീത സംവിധായകരില്‍ ശ്രദ്ധേയനായ രതീഷ് വേഗയാണ് ആടുപുലിയാട്ടത്തിന്‍റെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത്. ചിത്രത്തിലെ ആറു ഗാനങ്ങളും ഇതിനകം ശ്രദ്ധേ നേടിക്കഴിഞ്ഞു. കൈതപ്രം എഴുതി ഭാവഗായകനായ ജയച്ചന്ദ്രന്‍ പ്രാണന്‍ പകര്‍ന്ന ‘വാള്‍മുനക്കണ്ണിലെ മാരിവില്ല്’ ഇതിനകം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിക്കഴിഞ്ഞു. റിമി,നജീം ടീമിന്‍റെ ‘ചിലുചിലും’, നടി മമ്ത മോഹന്‍ദാസ് ആലപിച്ച ‘കറുപ്പാന കണ്ണഴകി’ എന്നീ ഗാനങ്ങളും ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.

എടുത്തുപറയേണ്ട മികവ് പശ്ചാത്തല സംഗീതം പുലര്‍ത്തുന്നുണ്ട്. ചിത്രത്തിന്‍റെ മൂഡ് അവസാനം വരെ നിലനിര്‍ത്താന്‍ രതീഷിനു കഴിഞ്ഞിരിക്കുന്നു.

■ Overall View

സംഘര്‍ഷവും സംഘട്ടനങ്ങളും നിറഞ്ഞതെങ്കിലും സിനിമ മാതൃത്വത്തെ ആദര്‍ശവത്കരിക്കുന്നു. ‘ആദിവാസിയെകൊന്നാല്‍ കൊന്നവനുളള ശിക്ഷയെന്താ’ എന്നു നായകന്‍റെ മുഖത്തുനോക്കി ചോദിക്കുന്ന നായിക ഒരു രാഷ്ട്രീയം മുന്നോട്ടു വയ്ക്കുന്നു. പ്രത്യേകിച്ചും ആദിവാസിയും സ്ത്രീകളും മൃഗീയമായി വേട്ടയാടപ്പെടുന്ന സമകാലിക സാഹചര്യത്തില്‍.
ഗ്രാഫിക്സിന് വളരെപ്രാധാന്യമുളളതാണ് സിനിമയുടെ ഘടനയെങ്കിലും പലേടങ്ങളിലും മിഴിവു പുലര്‍ത്താനായില്ല.എന്നാല്‍ ചിലസ്ഥലങ്ങള്‍ അതി ഗംഭീരമാക്കാനും സാധിച്ചുവെന്നത് എടുത്തു പറയേണ്ടതാണ്.

എങ്കിലും പോരായ്മ പോരായ്മ തന്നെയാണ്.

മിഴിവാര്‍ന്നദൃശ്യങ്ങള്‍ കോര്‍ത്ത് കഥപറയുന്നതില്‍ സംവിധായകനു തുണയായ കാമറാമാന്‍ അഭിനന്ദനം അര്‍ഹിക്കുന്നു. എഴുത്തുകാരന്‍ ഭാവന ചെയ്ത സുഭദ്രമായൊരു തിരക്കഥ ചിത്രത്തിന്‍റെ വിജയത്തിന് ഒട്ടൊന്നുമല്ല സഹായകമായത്. കൈയ്യടക്കമുളള സംവിധാനം സംവിധായകന്‍റെ തൊപ്പിയിലെ തൂവലാണ്.

■ Rating:
★★★★☆

ആടുപുലിയാട്ടം അവധിക്കാലത്ത് കുട്ടികള്‍ക്കും കുടുംബത്തിനുമൊപ്പം ആസ്വദിക്കാവുന്ന ഒരു സിനിമയാണെന്നതില്‍ അണെന്നതില്‍ അണിയറക്കാര്‍ക്ക് തീര്‍ച്ചയായും അഭിമാനിക്കാം

shortlink

Related Articles

Post Your Comments


Back to top button