എല്ലാ വര്‍ഷവും രാജ്യാന്തര ചലച്ചിത്ര മേളയില്‍ വിവാദങ്ങള്‍ പതിവാണ്. മികച്ച നടിയ്ക്കുള്ള പുരസ്കാരം ലഭിച്ച ദേശീയ അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മിയെ ചലച്ചിത്ര മേളയുടെ ഉത്ഘാടനത്തിനു ക്ഷണിക്കാതിരുന്നതാണ് മേളയില്‍ പൊന്തിവന്ന പുതിയ വിവാദം. ഇതുമായി ബന്ധപ്പെട്ടു നടി സുരഭി ലക്ഷ്മി വിശദമായി പ്രതികരിക്കുകയുണ്ടായി. തന്നെ മേളയില്‍ ക്ഷണിക്കാതിരുന്നതിന് ആരോടും പരാതി പറഞ്ഞിട്ടില്ലെന്നും സമാപന ചടങ്ങിനു ക്ഷണിച്ചിട്ടുണ്ടെങ്കിലും പോകാന്‍ കഴിയില്ലെന്നും സുരഭി പറയുന്നു. ഫുജൈറയില്‍ നേരത്തെ നിശ്ചയിച്ച ഒരു പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാലാണ് സുരഭി മേളയുടെ സമാപന ചടങ്ങ് ഒഴിവാക്കുന്നത്. ഈ പരിപാടിയ്ക്ക് മുന്‍പേ ക്ഷണം കിട്ടിയിരുന്നുവെങ്കില്‍ ചലച്ചിത്ര മേളയുടെ സമാപന ചടങ്ങില്‍ പങ്കെടുക്കുമെന്നും താരം വ്യക്തമാക്കി.
“ചലച്ചിത്ര മേളയുടെ ഉദ്ഘാടനച്ചടങ്ങിനു പോയില്ലേ” എന്ന് ഒരു മാധ്യമ സുഹൃത്ത് ചോദിച്ചപ്പോള്‍ ഉദ്ഘാടനച്ചടങ്ങിന്റെ സദസില്‍ പോയിരിക്കാന്‍ നമുക്ക് ആരുടെയും അനുവാദം വേണ്ടന്നും, പക്ഷേ ആ വേദിയില്‍ പോയിരിക്കാന്‍ ക്ഷണം വേണമല്ലോ എന്നും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു. ‘ക്ഷണിച്ചില്ലേ’ എന്ന് ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ ‘ക്ഷണിച്ചില്ല’ എന്ന് ഞാന്‍ മറുപടിയും പറഞ്ഞു അത്രേ സംഭവിച്ചിട്ടുള്ളൂ.
അവസാന നിമിഷം വരെ പാസിനായി ശ്രമിച്ചുവെങ്കിലും അത് കിട്ടാതെ പോയെന്നും,പാസിനു വേണ്ടി നടനും നിര്‍മ്മാതാവുമായ മണിയന്‍പിള്ള രാജുവിനെ താന്‍ വിളിച്ചിരുന്നതായും സുരഭി പറയുന്നു. കമലിനോട് പറഞ്ഞാല്‍ സംഘടിപ്പിച്ച് തരുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി അങ്ങനെ സംവിധായകന്‍ കമലിനെ വിളിച്ചപോള്‍ പാസ് ലഭ്യമാക്കാമെന്നും ഇതുമായി ബന്ധപ്പെട്ട വിഭാഗത്തില്‍ നിന്നും തിരികെ വിളിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നതായി സുരഭി വിശദീകരിച്ചു. പക്ഷെ പിന്നീടു തന്നെ ആരും വിളിച്ചില്ലെന്നും സുരഭി വ്യക്തമാക്കി.
Post Your Comments