CinemaEast Coast SpecialFilm ArticlesGeneralKollywoodLatest NewsMollywoodNEWSSpecialTollywood

ഞാനിപ്പോൾ ആ വലിയ നടന്റെ വലിയ ആരാധകനാണ്; നടന്‍ ഹരീഷ് ഉത്തമനെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു

കൊച്ചി: പ്രശസ്ത തമിഴ് നടന്‍ ഹരീഷ് ഉത്തമനെക്കുറിച്ച് കലാസംവിധായകന്‍ ഷിജി പട്ടണം എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. വിജയകരമായി പ്രദര്‍ശനം തുടരുന്ന മായാനദി എന്ന ചിത്രത്തിന്റെ കലാസംവിധായകനാണ് ഷിജി പട്ടണം. ഈ ചിത്രത്തില്‍ ഹരീഷ് ഉത്തമനും മികച്ചൊരു വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. മായാനദിയുടെ ചിത്രീകരണം മംഗലാപുരത്ത് നടക്കുമ്പോള്‍ തനിക്കുണ്ടായ അനുഭവം വ്യക്തമാക്കുകയാണ് ഷിജി. ലോക്കേഷന് അടുത്തായി ഒരു സംഭവമുണ്ടായി. അതുവഴി നടന്നുപോയ ഒരു പയ്യന്‍ തലകറങ്ങിയതുപോലെ വീഴുകയും ബോധമില്ലാതെ കിടക്കുകയും ചെയ്തു. ഷൂട്ടിംഗ് തിരക്കിലായിരുന്നു എല്ലാവരും. എന്നാല്‍ ആ രംഗം കണ്ട ഹരീഷ് ഷോട്ടില്‍ ആയിരുന്നിട്ടും പയ്യന്റെ അരികിലേക്ക് ഓടി വരുകയും അവനെ കോരിയെടുക്കുകയും അസുഖം മനസ്സിലാക്കി കയ്യില്‍ ഇരുമ്പുകഷ്ണം നല്‍കുകയും, അവനു വേണ്ട ശുശ്രൂഷകള്‍ നല്‍കുകയും ചെയ്തതായി ഷിജി പറയുന്നു. രംഗം കണ്ട് താനടക്കമുള്ളവര്‍ പകച്ചു നില്‍ക്കുമ്പോഴാണ് ഹരീഷ് ഇങ്ങനെ ചെയ്തതെന്നും പയ്യന് ബോധം വന്ന ശേഷം സുഹൃത്തിന്റെ നമ്പര്‍ വാങ്ങി വിവരങ്ങള്‍ പറയുകയും ഓട്ടോ വിളിച്ച് ഓട്ടോക്കൂലിയും കൊടുത്ത് പറഞ്ഞയക്കുകയും ചെയ്തതായി കുറിപ്പില്‍ പറയുന്നു. അന്യ സംസ്ഥാനക്കാരനായ ആ പയ്യന് ഹരീഷ് ഉത്തമന്‍ ഒരു നടന്‍ ആണെന്ന കാര്യം മനസ്സിലായിട്ടുണ്ടാവില്ലെന്നും മനുഷ്യ സ്നേഹിയായ ആ നടനെ അവന്‍ ഈ ചിത്രങ്ങള്‍ കാണുന്നുണ്ടെങ്കില്‍ തിരിച്ചറിയട്ടെ എന്നും ഷിജി പറയുന്നു. ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. അന്നുമുതല്‍ താനും ആ വലിയ നടന്റെ വലിയ ആരാധകനാണെന്നും ഷിജി വ്യക്തമാക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം;

മായാനദി… എനിക്കൊരുപാട് അനുഭവങ്ങൾ സമ്മാനിച്ച സിനിമയാണ്. ഞാൻ ശരിക്കും ആസ്വദിച്ചു ചെയ്ത സിനിമ കൂടിയാണ്. ഒരു കലാസംവിധായകനെന്ന നിലയിൽ കുറേ കാര്യങ്ങൾ എനിക്കീ ചിത്രത്തിൽ ചെയ്യാനുണ്ടായിരുന്നു. അതെല്ലാം അത്യാവശ്യം ഭംഗിയായി ചെയ്യാൻ കഴിഞ്ഞു എന്നാണ് എന്റെ വിശ്വാസം. ചിത്രീകരണവേളകൾ എനിക്കൊരുപാട് പ്രിയപ്പെട്ടതാണ്. മംഗലാപുരത്ത് ഷൂട്ടിംഗ് നടക്കുമ്പോൾ എനിക്ക് മറക്കാൻ പറ്റാത്തൊരു അനുഭവം ഉണ്ടായി. ഞാൻ സെറ്റിന് തൊട്ടുമുന്നിലുള്ള ഒരു കടയ്ക്ക് മുന്നിൽ നിൽക്കുകയായിരുന്നു. പൊലീസ് ഓഫീസറായി വേഷമിടുന്ന ഹരീഷ് ഉത്തമനും, മറ്റ് താരങ്ങളും അഭിനയിക്കുന്ന രംഗങ്ങളാണ് ചിത്രീകരിച്ചുകൊണ്ടിരുന്നത്. ഷൂട്ടിംഗിന്റെ തിരക്കിലാണ് എല്ലാവരും. അപ്പോഴാണ് എന്റെ അടുത്തുകൂടി നടന്നുപോയ ഒരു പയ്യൻ പെട്ടെന്ന് തലകറങ്ങിയതുപോലെ നിലത്തു വീഴുന്നത്. ഞാനടക്കമുള്ളവർ എന്തു ചെയ്യണം എന്നറിയാതെ പകച്ചു നിൽക്കുമ്പോഴാണ് ഹരീഷ് ഉത്തമൻ അങ്ങോട്ട് ഓടി വരുന്നത്. വന്നയുടനെ അവനെ കോരിയെടുക്കുകയും അസുഖം മനസ്സിലാക്കിയത് പോലെ അവന്റെ കയ്യിൽ ഒരു ഇരുമ്പു കഷ്ണം നൽകുകയും,വെള്ളം കുടിപ്പിക്കുകയും, മറ്റ് ശുശ്രൂഷകൾ നൽകുകയും ചെയ്തു. അവന്‌ ബോധം വന്ന ശേഷം കൈവശമുണ്ടായിരുന്ന ഒരു സുഹൃത്തിന്റെ നമ്പർ വാങ്ങി വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം ഒരു ഓട്ടോ വിളിച്ച് പൈസയും കൊടുത്ത് അവനെ വിടുകയും ചെയ്തു. ഷോട്ടിൽ നിന്നും ഇറങ്ങി വന്നാണ് ആ നടൻ അങ്ങനെയൊക്കെ ചെയ്തത്. തമിഴിലും മലയാളത്തിലുമായി നിരവധി സൂപ്പർ താരങ്ങൾക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു അനുഭവം ആദ്യമായാണ്. അന്യ സംസ്ഥാനക്കാരനായ അവന് അറിയില്ലായിരിക്കും ഇതൊക്കെ ചെയ്തത് ഒരു വലിയ നടൻ ആയിരുന്നെന്ന്. ഇത് കാണുന്നുണ്ടെങ്കിൽ അവനാ സത്യം കൂടി മനസ്സിലാക്കട്ടെ..
ഞാനിപ്പോൾ ആ വലിയ നടന്റെ വലിയ ആരാധകനാണ്..

മായാനദി ഒരുപാട് നന്മകൾ നിറഞ്ഞ ഒരു സിനിമയാണ്.. എല്ലാവരും തീയേറ്ററിൽ പോയി തന്നെ കാണണം..

shortlink

Related Articles

Post Your Comments


Back to top button