FestivalGeneralIFFKNEWS

ഉണര്‍വിന്‍റെ പാതയില്‍ ഹോങ് കോങ് സിനിമ

ചൈനയുടെ പൊതുധാരയില്‍ നിന്ന് കുതറിമാറി തങ്ങളുടേതായ ഇടം തേടുകയാണ് ഇന്ന് ഹോങ് കോങ് സിനിമ. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ചൈനയുടെ സ്വയംഭരണ പ്രദേശമായി ഹോങ് കോങ് മാറിയത്. ശക്തവും വലുതുമായ ചൈനീസ് സിനിമ ഹോങ് കോങ് സിനിമയെയും സ്വാധീനിച്ചു. ഹോങ് കോങ് സിനിമയുടെ സമകാലിക അവസ്ഥയിലേക്ക് വെളിച്ചം വീശുന്നതായിരുന്നു കഴിഞ്ഞ ദിവസം നിള തീയേറ്ററില്‍ നടന്ന പാനല്‍ ചര്‍ച്ച.

പത്രപ്രവര്‍ത്തകയായ വിവിയെന്‍ ചോ, ഏഷ്യന്‍ ഫിലിം അവാര്‍ഡ്സ് അക്കാദമിയില്‍ നിന്നും ജാക്വലിന്‍ ടോങ്, ഏഷ്യന്‍ സിനിരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഹാപ്പിനെസ്സിന്റെ സംവിധായകന്‍ ലോ യു ഫായ്, മേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീന പോള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. 20 വര്‍ഷങ്ങള്‍ക്കിടയില്‍ ചൈന നേടിയ വളര്‍ച്ച ഹോങ് കോങ് സിനിമയെ പ്രതികൂലമായാണ് ബാധിച്ചത്. ചെറിയ ചിത്രങ്ങള്‍ക്ക് പ്രേക്ഷകരെയോ നിര്‍മ്മാതാക്കളെയോ കണ്ടെത്തുക ദുഷ്‌കരമായി. ഹോങ്കോങിന്റെ സാമൂഹിക സാംസ്‌കാരിക ചിഹ്നങ്ങള്‍ സിനിമയില്‍ ആവിഷ്‌കരിക്കുവാനുള്ള സാധ്യതകളിലും ഇടിവുണ്ടായി. ചൈനീസ് വിപണിയെ കൂടി മനസ്സിലാക്കി നടത്തിയ പരീക്ഷണങ്ങള്‍ ഇരുവശത്തെയും ജനങ്ങള്‍ സ്വീകരിച്ചതുമില്ല.

എന്നാല്‍ 2014 ല്‍ നടന്ന പ്രതിരോധ സമരങ്ങള്‍ക്ക് ശേഷം ആശാവഹമായ മാറ്റമാണ് ഹോങ് കോങ് സിനിമയില്‍ നടക്കുന്നതെന്ന് വിവിയെന്‍ ചോ നിരീക്ഷിച്ചു. ഹോങ് കോങ് ന്റെ യാഥാര്‍ഥ്യങ്ങളും ജീവിതങ്ങളും സമകാലിക സിനിമയ്ക്ക് വിഷയമാകുന്നുണ്ട്. അപകടകരമായ അവസ്ഥകളില്‍ നിന്നാണ് അതിമനോഹരമായ അവസരങ്ങള്‍ ഉണ്ടാകുന്നതെന്ന് ആയിരുന്നു ജാക്വലിന്‍ ടോങ്‌ന്റെ അഭിപ്രായം. അനുഭവങ്ങളുടെയും സാഹചര്യങ്ങളുടെയും വെളിച്ചത്തില്‍ പുതിയ സാധ്യതകള്‍ തേടുകയാണ് താനടക്കമുള്ള സംവിധായകര്‍ സ്വീകരിക്കുന്ന രീതിയെന്ന് ലോ യു ഫായ് വ്യക്തമാക്കി. ബോളിവുഡ് സിനിമകള്‍ പ്രാദേശിക സിനിമകള്‍ക്കുയര്‍ത്തുന്ന വെല്ലുവിളികളെ കുറിച്ച് വിശദീകരിച്ച ബീന പോള്‍ സാഹചര്യങ്ങളിലെ സമാനതകള്‍ ചൂണ്ടിക്കാണിച്ചു. ചെറുതും തനതുമായ വിഷയങ്ങളില്‍ ചെയ്യുന്ന ചിലവുകുറഞ്ഞ ചെറിയ സിനിമകളാണ് ഈ പ്രതിസന്ധികള്‍ക്ക് പരിഹാരമെന്നായിരുന്നു പാനലിന്റെ പൊതു അഭിപ്രായം.

ഹോങ് കോങ് സിനിമയിലുണ്ടാകുന്ന ഉണര്‍വിന്റെയും ഇടത്തിനും സ്വത്വത്തിനുമായുള്ള പോരാട്ടത്തിന്റെയും ഉദാഹരണമാകുകയാണ് മേളയിലെ ഏഷ്യന്‍ സിനിരമ വിഭാഗം. ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ആറില്‍ മൂന്ന് ചിത്രങ്ങളും ഹോങ് കോങില്‍ നിന്നാണ്. ഏഷ്യന്‍ പ്രാദേശിക സിനിമകള്‍ക്ക് കൂടുതല്‍ വേദികള്‍ എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന ഏഷ്യന്‍ ഫിലിം അവാര്‍ഡ്സ് അക്കാദമിയാണ് ചിത്രങ്ങളെ മേളയിലെത്തിച്ചത്. 

shortlink

Related Articles

Post Your Comments


Back to top button