NewsIndia

പ്രായത്തിനൊത്ത പക്വതയും കാര്യങ്ങളെപ്പറ്റിയുള്ള ബോധ്യവും രാഹുല്‍ ഇനി എന്ന് കൈവരിക്കും: അരുണ്‍ ജയ്‌റ്റ്ലി

ഇന്നലെ ലോക്സഭയില്‍ രാഹുല്‍ഗാന്ധി തകര്‍ത്താടിയ ദിവസമായിരുന്നു. തന്‍റെ രാഷ്ട്രീയ ജീവിതത്തിലാദ്യമായി ലക്ഷണമൊത്ത ഒരു പാര്‍ലമെന്‍ററി സ്പീച്ച് ആണ് രാഹുല്‍ ഇന്നലെ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കളിയാക്കിക്കൊണ്ടും, എന്‍ഡിഎ ഗവണ്മെന്‍റിന്‍റെ എല്ലാ നയങ്ങളേയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടും നടത്തിയ പ്രസംഗം, രാഹുലിന്‍റെ മുന്നോട്ടുള്ള രാഷ്ട്രീയ ജീവിതത്തില്‍ നിര്‍ണ്ണായകമായേക്കാം. പക്ഷെ എന്‍ഡിഎ ഗവണ്മെന്‍റിനെ ഏതെല്ലാം മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് രാഹുല്‍ വിമര്‍ശിച്ചുവോ, അവയെല്ലാം എന്‍ഡിയേക്കാള്‍ കൂടുതലായി കോണ്‍ഗ്രസ് പാര്‍ട്ടിയെത്തന്നെ വിമര്‍ശിക്കാന്‍ പറ്റിയവയാണെന്ന്‌ രാഹുല്‍ വിസ്മരിക്കുകയോ, മനപ്പൂര്‍വ്വം അവഗണിക്കുകയോ ചെയ്തു എന്നു കരുതാം. പക്ഷെ, രാഹുലിന് മറുപടിയായി അത്തരം വസ്തുതകള്‍ നിരത്തിക്കൊണ്ട് ബിജെപിയ്ക്കു വേണ്ടി ധനമന്ത്രി അരുണ്‍ ജയ്‌റ്റ്ലി ഇന്നലെത്തന്നെ രംഗത്ത് വന്നിരുന്നു.

“പാക്കിസ്ഥാന്‍ പോളിസിയെക്കുറിച്ച് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനോ, നാഗാലാ‌‍ന്‍ഡ് സമാധാന ഉടമ്പടിയെക്കുറിച്ച് അഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനോ, ബജറ്റ് നിര്‍ദ്ദേശങ്ങളെപ്പറ്റി ധനമന്ത്രിയായ എനിക്കോ അറിയില്ല എന്ന രാഹുല്‍ഗാന്ധിയുടെ പ്രസ്താവന എത്ര ബാലിശമാണ്. ഒരാള്‍ യൗവ്വനത്തില്‍ നിന്ന്‍ മദ്ധ്യവയസിലേക്ക് രൂപാന്തരപ്പെട്ടു വരുമ്പോള്‍ അയാളില്‍ നിന്ന് സാധാരണ നിലയിലെങ്കിലുമുള്ള ഒരു പക്വത നമ്മള്‍ പ്രതീക്ഷിക്കും. പക്ഷെ, രാഹുല്‍ഗാന്ധി പറയുന്നത് കേള്‍ക്കുന്തോറും ഞാന്‍ അത്ഭുതപ്പെടുന്നു, അയാള്‍ക്ക് കാര്യങ്ങളെക്കുറിച്ച് എന്തറിയാം? അയാള്‍ ഇതെല്ലാം ഇനി എന്നാണു അറിയാന്‍ പോകുന്നത്?,” അരുണ്‍ ജയ്‌റ്റ്ലി ചോദിച്ചു.

തുടര്‍ന്ന്‍ അദ്ദേഹം എന്‍ഡിഎ, യുപിഎ ഭരണരീതികളെ താരതമ്യം ചെയ്തു.

“പ്രധാനമന്ത്രി പാര്‍ട്ടിയുടെ സ്വാഭാവിക നേതാവാണെന്ന രീതിയിലാണ് എന്‍ഡിഎ പ്രവര്‍ത്തിക്കുന്നത്. പക്ഷെ, യുപിഎ ഗവണ്മെന്‍റ് മറിച്ചായിരുന്നു ചിന്തിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി സ്വയം കഠിനാധ്വാനം ചെയ്യുക മാത്രമല്ല, വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകാനുള്ള ആര്‍ജ്ജവവും ഉള്ളയാളാണ്,” അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി മറ്റു മന്ത്രിമാരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാറില്ല എന്ന രാഹുലിന്‍റെ ആരോപണത്തിനുള്ള മറുപടിയും ധനമന്ത്രി പറഞ്ഞു. മന്‍മോഹന്‍സിംഗിന്‍റെ അവസ്ഥയെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു ജയ്‌റ്റ്ലിയുടെ മറുപടി.

“എന്‍ഡിഎ-യിലെ ഓരോ മന്ത്രിയും എല്ലാ വകുപ്പുകളിലേയും എല്ലാ സുപ്രധാന തീരുമാനങ്ങള്‍ക്കും ഒരുപോലെ ഉത്തരവാദിത്തം പങ്കുവയ്ക്കുന്നു. ഞങ്ങള്‍ ഞങ്ങളുടെ പ്രധാനമന്ത്രിയെ മറികടന്ന് ഒരു തീരുമാനവും നടപ്പിലാക്കാറില്ല, അദ്ദേഹം ഏതു വിഷയത്തിനും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തരാന്‍ സദാസന്നദ്ധനാണു താനും. രാഹുല്‍ഗാന്ധി പറയുന്നത് കേട്ടു കഴിഞ്ഞപ്പോള്‍ ഗവണ്മെന്‍റിനെ മുന്നില്‍നിന്ന്‍ നയിക്കുന്ന പ്രധാനമന്ത്രി വേണോ, അതോ മറ്റാരുടെയൊക്കെയോ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ വിധിക്കപ്പെട്ട ഒരു പ്രധാനമന്ത്രി വേണോ എന്ന കാര്യത്തില്‍ ഇന്ത്യ ശരിയായ തീരുമാനം തന്നെയാണ് എടുത്തതെന്ന് വ്യക്തമായി. “കുടുംബത്തിനു ചുറ്റുമുള്ള ആള്‍ക്കൂട്ടം” എന്ന നിലയിലായിപ്പോയ ഒരു പാര്‍ട്ടിയുടെ അന്തരീക്ഷമാണ് രാഹുല്‍ഗാന്ധിയുടെ ചിന്താരീതികള്‍ രൂപപ്പെടുത്തിയിരിക്കുന്നത്,” ജയ്‌റ്റ്ലി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button