KeralaWomen

കല്യാണം എന്തായി? എന്ന് ചോദിക്കുന്നവരോട് പറയാനുള്ളത്- പെണ്‍കുട്ടിയുടെ മറുപടി വൈറലാകുന്നു

പ്രായപൂര്‍ത്തിയായ ഏതൊരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും അവരുടെ മാതാപിതാക്കളും ജീവിതത്തില്‍ ഒരിക്കലെങ്കിലും കേള്‍ക്കാനിടയുള്ള ചോദ്യമാണ് കല്യാണം എന്തായി എന്നത്? ഒരു ശരാശരി മലയാളിയുടെ പൊതുബോധത്തിൽ നിന്നുണ്ടാകുന്ന ഈ ചോദ്യത്തിന് സൈറ സലിം പെണ്‍കുട്ടി നല്‍കിയ മറുപടി സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.

നിര്‍ദോഷമായ ഒരു ചോദ്യമല്ല ഇതെന്നും ഒരു പാട് കഴിവുള്ള പെൺകുട്ടികളുടെ സ്വപ്നങ്ങളെ, കഴിവുകളെ തകർത്തെറിഞ്ഞ ഒരു വൃത്തികെട്ട ചോദ്യമാണിതെന്നും ചലച്ചിത്ര പ്രവര്‍ത്തകകൂടിയായ സൈറസലിം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഒരു പെൺകുട്ടി 15 വയസ്സ് തികയുമ്പോളേക്കും (ഒരു വ്യക്തി താനെന്താണെന്ന് തിരിച്ചറിഞ്ഞ് തുടങ്ങുന്ന പ്രായം ആകുന്നതിന് മുമ്പേ തന്നെ) താനെന്ന പെൺകുട്ടി എവിടെയോ കിടക്കുന്ന ഏതോ ഒരു പുരുഷനെ തൃപ്തിപ്പെടുത്തേണ്ടവൾ മാത്രമാണ് എന്ന “നാട്ടുനടപ്പെന്ന പൊതുബോധം” ചുറ്റുമുള്ളവരുടെ സംസാരങ്ങളിലൂടെ അവളിലേക്ക് അടിച്ചേൽപ്പിക്കപ്പെടുകയാണെന്ന് സൈറ പറയുന്നു.

വിവാഹത്തിന് മനസ്സ് കൊണ്ട് തയ്യാറാകാത്ത പെൺകുട്ടികളെ, നാട്ടുകാരേയും ബന്ധുക്കളേയും തൃപ്തിപ്പെടുത്താൻ മാത്രം വിവാഹത്തിന് നിർബന്ധിച്ച് അവളെ ജീവിതകാലം മുഴുവൻ കണ്ണീരിലാക്കരുതെന്ന് സൈറ അഭ്യര്‍ത്ഥിക്കുന്നു. തന്റെ പോസ്റ്റ്‌ പുരുഷവിരുദ്ധമല്ല എന്ന് പറഞ്ഞ സൈറ വിവാഹം എന്നത് ഭൂമിയിലെ സുന്ദരമായ, പവിത്രമായ ബന്ധങ്ങളിൽ ഒന്നാണ്. നാട്ടുകാരുടേയോ ബന്ധുക്കളുടേയോ തൃപ്തി കിട്ടാൻ വേണ്ടി മാത്രം മനസ്സില്ലാ മനസ്സോടെ വിവാഹത്തിലേക്കിറങ്ങി ദാമ്പത്യ ബന്ധത്തിന്റെ പവിത്രതയും സൗന്ദര്യവും നശിപ്പിക്കാതിരിക്കുക എന്നാണു ഉദ്ദേശിച്ചിരിക്കുന്നതെന്നും വ്യക്തമാക്കുന്നു.

സൈറയുടെ ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണരൂപം

ഞാനും, പ്രത്യേകിച്ച് എന്റെ മാതാപിതാക്കളും കുറച്ച് കാലങ്ങളായി ഏറ്റവും കൂടുതൽ അഭിമുഖീകരിക്കേണ്ടി വരുന്ന ചോദ്യമാണിത്. ഒരു ശരാശരി മലയാളിയുടെ “നാട്ടുനടപ്പെന്ന പൊതുബോധത്തിൽ” നിന്നുണ്ടാകുന്നതാണ്, പ്രത്യക്ഷത്തിൽ നിർദോഷമെന്ന് തോന്നുന്ന ഈ ചോദ്യം. ഈ ചോദ്യം നിർദോഷമാണോ???? ഒരിക്കലുമല്ല… ഒരു പാട് കഴിവുള്ള പെൺകുട്ടികളുടെ സ്വപ്നങ്ങളെ, കഴിവുകളെ തകർത്തെറിഞ്ഞ ഒരു വൃത്തികെട്ട ചോദ്യം തന്നെയാണത്… ഒരു പെൺകുട്ടി 15 വയസ്സ് തികയുമ്പോളേക്കും (ഒരു വ്യക്തി താനെന്താണെന്ന് തിരിച്ചറിഞ്ഞ് തുടങ്ങുന്ന പ്രായം ആകുന്നതിന് മുമ്പേ തന്നെ) താനെന്ന പെൺകുട്ടി എവിടെയോ കിടക്കുന്ന ഏതോ ഒരു പുരുഷനെ തൃപ്തിപ്പെടുത്തേണ്ടവൾ മാത്രമാണ് എന്ന “നാട്ടുനടപ്പെന്ന പൊതുബോധം” ചുറ്റുമുള്ളവരുടെ സംസാരങ്ങളിലൂടെ അവളിലേക്ക് അടിച്ചേൽപ്പിക്കപ്പെടുകയാണ്…

സ്ത്രീ ആയാലും പുരുഷനായാലും മനസ്സ് കൊണ്ട് തയ്യാറാകാതെ “നാട്ടുനടപ്പെന്ന പൊതുബോധത്തെ” Satisfy ചെയ്യാനായി മറ്റൊരാളുടെ ജീവിതത്തിലേക്ക് കടന്ന് ചെല്ലുമ്പോൾ അവിടെ തകർക്കപ്പെടുന്നത് തന്റെ മാത്രമല്ലാതെ മറ്റൊരാളുടേയും കൂടെ സ്വപ്നങ്ങളും സന്തോഷങ്ങളും സമാധാനവുമാണ്…. പർവ്വതത്തോളം വേദന ഉള്ളിൽ കടിച്ചമർത്തി പുറമേക്ക് പുഞ്ചിരിച്ച് (അഭിനയിച്ച്) ജീവിതത്തിലെ ആശകളും പ്രതീക്ഷകളും നശിച്ച്, So called society ഭാഗ്യവതി എന്ന് പറഞ്ഞ് കൊണ്ടിരിക്കുന്ന ജീവിതം തള്ളി നീക്കുന്ന പലരേയും എനിക്ക് നേരിട്ടറിയാം… പക്വതയെത്താത്ത പ്രായത്തിൽ “നാട്ടുനടപ്പെന്ന പൊതുബോധം” അവളിൽ അടിച്ചേൽപ്പിക്കുന്ന ചിന്തകളിൽ നിന്നുരുത്തിരിഞ്ഞ് വരുന്ന സ്വപ്നങ്ങളിലെ പുരുഷനും ദാമ്പത്യത്തിനും മധുവിധു കാലം കഴിയുന്നത് വരേയേ ആയുസ്സൊള്ളൂ എന്നവൾ വിവാഹത്തിന് മുമ്പ് തിരിച്ചറിയാതിരുന്നതിന്റെ പരിണിത ഫലമാണ് ഇന്ന് വിവാഹമോചനങ്ങൾ പെരുകാൻ കാരണം.

25 വയസ്സിന് മുമ്പ് ആദ്യ പ്രസവം നടന്നില്ലെങ്കിൽ ഭയങ്കര പ്രശ്നമാട്ടാ… ദേ ഇനിയും വൈകിയാൽ നല്ല ചെക്കനെ കിട്ടില്ലാട്ടാ… തുടങ്ങിയ “നാട്ടുനടപ്പെന്ന പൊതുബോധത്തിൽ” നിന്നുണ്ടാകുന്ന ചോദ്യങ്ങൾ ഛർദ്ദിച്ച് വെക്കാൻ വരുന്ന ചില നാട്ടുകാരോടും ചില ബന്ധുക്കളോടും, പുരുഷന് 30 എന്നത് യൗവ്വനവും സ്ത്രീക്ക് 30 എന്നത് വാർദ്ധക്യവുമാകുന്നത് എങ്ങിനെ എന്ന് തിരിച്ച് ചോദിച്ചാൽ, ചോദ്യത്തിന് ഉത്തരം നീയനുഭവിച്ചാലേ പഠിക്കൂ എന്ന ശാപത്തോടെ നമ്മളെ പിടിച്ച് അഹങ്കാരിയാക്കും.

ഒരു പ്രായമെത്തിയാൽ മകളുടെ വിവാഹം നടത്തി കൊടുക്കേണ്ടത് രക്ഷിതാക്കളുടെ ഉത്തരവാദിത്വമാണ് എന്നത് പോലെ തന്നെ നാളെ ഒരു കാലത്ത് എന്റെ മാതാപിതാക്കളുടെ സംരക്ഷണം എന്റെ ഉത്തരവാദിത്വം ആണ്. അതിന് ഞാനെന്ന വ്യക്തിക്ക് സ്വന്തമായി ഒരസ്ഥിത്വം ഉണ്ടാവേണ്ടത് അത്യാവശ്യം തന്നെയാണ്.. അത് കൊണ്ട് തന്നെ “നാട്ടുനടപ്പെന്ന പൊതുബോധത്തെ” തൃപ്തിപ്പെടുത്താൻ എന്റെ ജീവിതം ഹോമിക്കാൻ ഞാൻ തയ്യാറല്ല… “നാട്ടുനടപ്പെന്ന പൊതുബോധത്തെ” തൃപ്തിപ്പെടുത്താൻ വിവാഹം കഴിക്കേണ്ടി വന്ന എന്റെ വേണ്ടപ്പെട്ടവരിൽ പലരുടേയും അനുഭവത്തിന്റെ വെളിച്ചത്തിൽ എന്റെ തീരുമാനം 100 ശതമാനവും ശരി തന്നെയാണെന്ന് പൂർണ്ണ ബോധ്യമുണ്ട്… “നാട്ടുനടപ്പെന്ന പൊതുബോധ”ത്തിനൊപ്പം സഞ്ചരിക്കാതെ എന്റെ തീരുമാനത്തിലെ ശരികൾക്ക് പൂർണ്ണ പിന്തുണ നല്കുന്ന എന്റെ മാതാപിതാക്കളുടെ മകളായി ജനിപ്പിച്ചതിൽ സർവ്വശക്തന് നന്ദി…..

മകളോ പെങ്ങളോ ഉള്ള ഏതെങ്കിലും പിതാവോ മാതാവോ സഹോദരനോ ഈ പോസ്റ്റ് വായിക്കുന്നുണ്ടെങ്കിൽ നിങ്ങളോടൊരഭ്യർത്ഥന മാത്രം, വിവാഹത്തിന് മനസ്സ് കൊണ്ട് തയ്യാറാകാത്ത പെൺകുട്ടികളെ, നാട്ടുകാരേയും ബന്ധുക്കളേയും തൃപ്തിപ്പെടുത്താൻ മാത്രം വിവാഹത്തിന് നിർബന്ധിച്ച് അവളെ ജീവിതകാലം മുഴുവൻ കണ്ണീരിലാക്കരുത്….

NB : വിവാഹത്തിനെതിരായിട്ടോ പുരുഷനെതിരായിട്ടോ ഈ പോസ്റ്റിനെ ആരും തെറ്റിദ്ധരിക്കരുത്…
വിവാഹം എന്നത് മോശപ്പെട്ട ഒന്നായിട്ട്‌ ഞാൻ കാണുന്നില്ല. വിവാഹം എന്നത് ഭൂമിയിലെ സുന്ദരമായ, പവിത്രമായ ബന്ധങ്ങളിൽ ഒന്നാണ്. നാട്ടുകാരുടേയോ ബന്ധുക്കളുടേയോ തൃപ്തി കിട്ടാൻ വേണ്ടി മാത്രം മനസ്സില്ലാ മനസ്സോടെ വിവാഹത്തിലേക്കിറങ്ങി ദാമ്പത്യ ബന്ധത്തിന്റെ പവിത്രതയും സൗന്ദര്യവും നശിപ്പിക്കാതിരിക്കുക എന്നാണു ഉദ്ധേശിച്ചിരിക്കുന്നത്‌.

എനിക്ക് വിവാഹം ചെയ്യാൻ തോന്നുന്ന സമയത്ത് ഞാനും വിവാഹം ചെയ്യും… അത് ചിലപ്പോൾ പെട്ടന്നാകാം.. ചിലപ്പോൾ സമയം എടുക്കാം.. അത് എന്റെ വ്യക്തിപരമായ കാര്യമാണ്…

 

കല്യാണം എന്തായി???? ഞാനും, പ്രത്യേകിച്ച് എന്റെ മാതാപിതാക്കളും കുറച്ച് കാലങ്ങളായി ഏറ്റവും കൂടുതൽ അഭിമുഖീകരിക്കേണ്ടി വര…

Posted by Seira Salim on Wednesday, March 16, 2016

shortlink

Related Articles

Post Your Comments

Related Articles


Back to top button