NewsIndia

വേനല്‍ കത്തുന്നു : കുളിക്കാതെയും നനയ്ക്കാതെയും കര്‍ണാടകയിലെ ഗ്രാമങ്ങള്‍

ബംഗളൂരു: കനത്ത ചൂടില്‍ രാജ്യം ഏറ്റവും വലിയ ജലദൗര്‍ലഭ്യത്തിലേക്ക് നീങ്ങുമ്പോള്‍ കുളിക്കാതെയും നനയ്ക്കാതെയും ഒരു ഗ്രാമം. ബംഗളുരുവില്‍ നിന്നും 650 കിലോ മീറ്റര്‍ മാറി കാലബുരാഗിയിലെ അളന്ദ് താലൂക്കിലെ ഹിറ്റാലാ ഷിരൂര്‍ ഗ്രാമമാണ് രൂക്ഷമായ ജലപ്രതിസന്ധി നേരിടുന്നത്. കുടിക്കാന്‍ പോലും ജലം കിട്ടാത്ത ഗ്രാമത്തില്‍ വാട്ടര്‍ ടാങ്കിന് മുന്നില്‍ കുടവും പിടിച്ച് നീണ്ട ക്യൂവാണ് കാണപ്പെടുന്നത്.

വെള്ളം പിടിക്കാനുള്ള ഈ കാത്തുനില്‍പ്പിനിടയില്‍ പുരുഷന്മാരും സ്ത്രീകളും കുട്ടികളും വരെയുണ്ട്. പലരും വീണ്ടും കാത്തുനില്‍ക്കാന്‍ കഴിയാത്ത വിധത്തില്‍ തളര്‍ന്നു വീണു. പത്തുവര്‍ഷമായി വരള്‍ച്ച പല തവണ കണ്ടതാണ് എന്നാല്‍ ഇത്തരമൊരു ചൂട് ഇതാദ്യമാണെന്നും വെള്ളം കിട്ടാത്ത അവസ്ഥയില്‍ ഒന്നുകില്‍ നാടുവിട്ടു പോകുക, അല്ലെങ്കില്‍ മഴ പെയ്യുക എന്നീ രണ്ടു വഴികള്‍ മാത്രമേ ഗ്രാമീണര്‍ക്ക് മുന്നിലുള്ളെന്ന് മുതിര്‍ന്നവര്‍ പറയുന്നു.

കര്‍ണാടകയില്‍ 176 ല്‍ 137 താലൂക്കുകളിലായി 600 ഗ്രാമങ്ങളാണ് ഈ ദു:സ്ഥിതി നേരിടുന്നത്. വടക്കന്‍ കര്‍ണാടകത്തെയാണ് ഈ പ്രതിസന്ധി രൂക്ഷമായി ബാധിച്ചിരിക്കുന്നത്. ഇതിനകം ഇവിടുത്തെ 12 ജില്ലകള്‍ വരള്‍ച്ചയിലാണ്. 800 ലധികം ടാങ്കറുകളാണ് ജലവുമായി എത്തുന്നത്. എന്നിട്ടും ജലപ്രതിസന്ധി പരിഹരിക്കാനാകുന്നില്ല. എല്ലാ ദിവസവും ടാങ്കര്‍ വെള്ളവുമായി എത്തണമെന്നാണ് നിയമമെങ്കിലും രണ്ടോ മൂന്നോ ദിവസം കൂടുമ്പോഴാണ് ടാങ്കര്‍ വെള്ളവുമായി എത്തുന്നതെന്നാണ് ആവലാതി.

ജല ദൗര്‍ലഭ്യം രൂക്ഷമായതോടെ കുളിയും നനയുമെല്ലാം ഗ്രാമീണര്‍ മാറ്റി വെച്ചിരിക്കുകയാണ്. വിവാഹം പോലെയുള്ള ചടങ്ങുകളും നടത്തുന്നില്ല. മൃഗങ്ങളുടെ കാര്യത്തിലും വലിയ പ്രശ്‌നമാണ്. സംസ്ഥാനത്ത് മൊത്തമുള്ള 10,000 കുഴല്‍ക്കിണറുകള്‍ വരള്‍ച്ച രൂക്ഷമാകും മുമ്പ് വറ്റിവരണ്ടതാണ് വലിയ ജലദൗര്‍ലഭ്യത്തിന് കാരണമായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം വേണ്ട രീതിയിലുള്ള മഴയും കിട്ടിയില്ല. 2015 ല്‍ 44 ശതമാനം മഴ മാത്രമാണ് കിട്ടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button