NewsInternational

പാക് മാധ്യമപ്രവര്‍ത്തകയുടെ ദുരൂഹതിരോധാനം സംഭവിച്ചത് ഇന്ത്യന്‍ യുവാവിന്റെ മോചനത്തിനിടയില്‍

ലാഹോര്‍: പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തക സീനത്ത് ഷെഹ്‌സാദിയുടെ തിരോധാനം സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പാകിസ്ഥാന്‍ മനുഷ്യവകാശ കമ്മീഷന്‍ രംഗത്ത്. പാകിസ്ഥാനില്‍ തടവിലാക്കപ്പെട്ട ഇന്ത്യന്‍ യുവ എന്‍ജിനിയറുടെ മോചനത്തിനായി ശ്രമിക്കുന്നതിനിടെയാണ് കഴിഞ്ഞ വര്‍ഷം സീനത്തിനെ കാണാതായത്. അജ്ഞാതരായ ചിലര്‍ തട്ടിക്കൊണ്ട് പോയതാണെന്ന് പറയുന്നു.

2012 നവംബറില്‍ പാക്കിസ്ഥാനില്‍ കാണാതായ ഇന്ത്യന്‍ പൗരന്‍ ഹമീദ് അന്‍സാരിയുടെ മാതാവ് ഫൗസിയ അന്‍സാരിക്ക് വേണ്ടി സുപ്രീംകോടതിയുടെ മനുഷ്യവകാശ വിഭാഗത്തില്‍ സീനത്ത് ഹര്‍ജി നല്‍കിയിരുന്നു. ഇതിന് തൊട്ട്പിന്നാലെ ഓഗസ്റ്റ് 19നാണ് അജ്ഞാതര്‍ ഇവരെ തട്ടിക്കൊണ്ട് പോയത്. ഈയിടെ സീനത്തിന്റെ 17കാരനായ സഹോദരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയും ചെയ്തു.ഈ സാഹചര്യത്തില്‍ ആരാണ് സീനത്തിനെ തടവില്‍ വെച്ചിരിക്കുന്നതെന്ന് കണ്ടെത്തുകയും അടിയന്തരമായി അവരെ മോചിപ്പിക്കുകയും ചെയ്യണമെന്ന് പാക് മനുഷ്യവകാശ കമ്മീഷന്‍ അംഗം ഹിന ജിലാനി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട പാകിസ്ഥാനിലെ ഖൈബര്‍ പ്രവിശ്യയിലെ ഒരു പെണ്‍കുട്ടിയുമായി ഹമീദ് പ്രണയത്തിലായിരുന്നുവെന്ന് പറയുന്നു. പെണ്‍കുട്ടിയെ കാണാനായി പാകിസ്ഥനിലേയ്ക്ക് വിസ കിട്ടാതെ വന്ന സാഹചര്യത്തില്‍ എംബിഎ ബിരുദധാരിയും ഐ.ടി.എന്‍ജിനിയറുമായ ഹമീദ് 2012 നവംബറില്‍ മുംബൈയില്‍ നിന്നും കാബൂളിലെത്തി. തുടര്‍ന്ന് നവംബര്‍ 12ന് പാകിസ്ഥാനിലെത്തി.

സമൂഹമാധ്യമം വഴി പരിചയപ്പെട്ട ചില സുഹൃത്തുക്കള്‍ പെണ്‍കുട്ടിയുടെ നാട്ടിലെ ഹോട്ടലില്‍ മുറിയെടുത്ത് കൊടുത്തു. നവംബര്‍ 14ന് ഹമീദിനെ പൊലീസ് അറസ്റ്റ് ചെയ്ത് രഹസ്യകേന്ദ്രത്തിലേയ്ക്ക് കൊണ്ട്‌പോയി.

2014ല്‍ ആണ് ഹമീദിനെ കണ്ടെത്താനായി സീനത്ത് ബന്ധപ്പെട്ട അധികൃതര്‍ക്ക് മുമ്പാകെ ഹര്‍ജി സമര്‍പ്പിച്ചത്. വെഷവാര്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജിയും നല്‍കി. തുടര്‍ന്ന് സീനത്തിന് പല കേന്ദ്രങ്ങളില്‍ നിന്നും ഭീഷണികള്‍ ഉണ്ടായതായി പറയുന്നു.

പാകിസ്ഥാനില്‍ അനധികൃതമായി പ്രവേശിച്ചതിനും ചാരപ്രവൃത്തി നടത്തിയതിനും കഴിഞ്ഞ മാസമാണ് ഹമീദ് അന്‍സാരിയെ സൈനിക കോടതി മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചത്. എന്നാല്‍ സീനത്ത് എവിടെയാണെന്നുള്ളത് ദുരൂഹമായി തുടരുകയാണ്. പ്രധാനമന്ത്രി നവാസ് ഷെറീഫിന്റെ സഹായവും സീനത്തിന്റെ കുടുംബം തേടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button