KeralaNews

എം.വി നികേഷ് കുമാറിന് സ്വന്തം ജ്യേഷ്ഠസഹോദരന്‍ തന്നെ പാരയാകുന്നുവോ

കണ്ണൂര്‍: സി.പി.ഐഎമ്മില്‍ നിന്ന് എം.വി. രാഘവന്‍ നേരിടേണ്ടിവന്ന പീഡനങ്ങള്‍ എണ്ണിപ്പറഞ്ഞ്, എം.വി. നികേഷ്‌കുമാറിന് സഹോദരന്റെ കത്ത്. അഴീക്കോട് മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സഹോദരന് വിജയാശംസകള്‍ നേരാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞാണ് എംവിആറിന്റെ മൂത്തമകന്‍ എം.വി. ഗിരീഷ്‌കുമാറിന്റെ കത്ത്.

‘അച്ഛന്‍ സി.പി.ഐ.എം നേതാവായിരിക്കേ അരിവാള്‍ ചുറ്റിക നക്ഷത്രം എന്ന ചിഹ്നം നമ്മുടെ കുടുംബത്തെ പ്രചോദിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ബദല്‍രേഖ അവതരിപ്പിച്ചതില്‍ പിന്നെ സി.പി.ഐ.എം നമ്മുടെ കുടുംബത്തോടു കാട്ടിയ നെറികേടുകളും അക്രമങ്ങളും നിനക്ക് ഓര്‍മയുണ്ടാകില്ല. മത്സരിക്കാന്‍ ഒരു സീറ്റ് കിട്ടിയപ്പോള്‍ നീയതൊക്കെ സൗകര്യപൂര്‍വം മറന്നുപോയി എന്നു കരുതാനാണ് എനിക്കിഷ്ടം.’ എം.വി.ഗിരീഷ് കുമാര്‍ കത്തില്‍ പറയുന്നു.

ബദല്‍രേഖ വിവാദം മുതല്‍ സി.എം.പി രൂപീകരണം, പരിയാരം മെഡിക്കല്‍ കോളജ് സ്ഥാപനം, കൂത്തുപറമ്പ് വെടിവയ്പ് തുടങ്ങി ഓരോ ഘട്ടങ്ങളിലും സി.പി.ഐ.എം എം.വി.ആറിനോടും കുടുംബത്തോടും ചെയ്തത് എന്താണെന്നറിയാന്‍ അദ്ദേഹത്തിന്റെ ആത്മകഥയായ ഒരു ജന്‍മം വായിക്കണമെന്നും ഗിരീഷ് നികേഷിനെ ഓര്‍മിപ്പിക്കുന്നു. സി.പി.ഐ.എം നേതാക്കള്‍ നിയമസഭയ്ക്കുള്ളില്‍ വച്ച് എംവിആറിനെ ആക്രമിച്ച സംഭവത്തെക്കുറിച്ചും കത്തിലുണ്ട്.

”ചെരുപ്പുമാലയിട്ടും കൂക്കിവിളിച്ചും കല്ലെറിഞ്ഞും ചിരട്ട കൊട്ടിയും പരിഹാസ്യനാക്കി മാര്‍ക്‌സിസ്റ്റുകാര്‍ നമ്മുടെ അച്ഛനെ നടത്തിയ ദൃശ്യങ്ങള്‍ മകനെന്ന നിലയിലും ജനാധിപത്യ വിശ്വാസി എന്ന നിലയിലും എന്റെ മനസ്സില്‍ കല്ലിച്ചുകിടക്കുന്ന വേദനയാണ്. എംവിആറിനോട് കാട്ടിക്കൂട്ടിയ പേക്കൂത്തുകളെക്കുറിച്ച് സി.പി.ഐ.എം എവിടെയും ഇതുവരെ പശ്ചാത്തപിച്ചതായി അറിവില്ല”. അച്ഛന്‍ കെട്ടിപ്പടുത്ത സ്ഥാപനങ്ങളുടെ നിയന്ത്രണമാണ് അവരുടെ ലക്ഷ്യമെന്ന് തിരിച്ചറിയാത്ത അത്രയും വിവേകമേ നിനക്കുള്ളോയെന്നും കത്തില്‍ ചോദിക്കുന്നു.

യുഡിഎഫിന്റെയും ജനങ്ങളുടെയും പിന്‍തുണ ഇല്ലായിരുന്നെങ്കില്‍ ടി.പി. ചന്ദ്രശേഖരന്റെ ഗതി വരില്ലായിരുന്നോ നമ്മുടെ അച്ഛനും? പട്ടാപ്പകല്‍ സ്വന്തം വീട് കത്തിച്ചാമ്പലായപ്പോള്‍ നിനക്കൊന്നും തോന്നിയില്ലേ? കൂത്തുപറമ്പ് വെടിവയ്പ് അച്ഛന്‍ മൂലം ഉണ്ടായതാണെന്നു നിനക്കു തോന്നുന്നുണ്ടോ? അങ്ങനെയെങ്കില്‍ ഈ വര്‍ഷത്തെ കൂത്തുപറമ്പ് രക്തസാക്ഷിദിനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് അച്ഛനെ തള്ളിപ്പറയാനുള്ള ആര്‍ജവം കാട്ടണമെന്നും നികേഷിനോട് കത്തില്‍ ആവശ്യപ്പെടുന്നു. ജീവിച്ചിരിക്കുന്ന കാലത്ത് അച്ഛനെ കീഴ്‌പ്പെടുത്താന്‍ അവര്‍ക്കായില്ല. രാഘവന്റെ മക്കളെ തെരഞ്ഞെടുപ്പില്‍ മല്‍സരിപ്പിച്ച് തോല്‍പ്പിച്ച് ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണിത്. ആ പദ്ധതിയില്‍ ആദ്യം വീണത് നമ്മുടെ സഹോദരി ഗിരിജയാണ്. ഇപ്പോള്‍ നീയും.”

സി.പി.ഐ.എം പുറത്താക്കിയ ഘട്ടത്തില്‍ രാഷ്ട്രീയ അഭയവും സഹായവും നല്‍കിയ കോണ്‍ഗ്രസിനും മുസ്‌ലിം ലീഗിനുമെതിരെയാണ് നിന്റെ മല്‍സരമെന്നത് അഴീക്കോട്ടെ ജനങ്ങള്‍ പരിഹാസത്തോടെയാണ് കാണുന്നതെന്നും കത്തിലുണ്ട്. ആരുടെ മുമ്പിലും തലകുനിക്കാത്ത എം.വി.ആറിന്റെ ചിത്രം അഴീക്കോട്ടുകാരുടെ മനസ്സിലുണ്ട്. ആ രാഷ്ട്രീയ പൈതൃകത്തിന്റെ പേരില്‍ വോട്ടുചോദിക്കാനുള്ള ധാര്‍മികതയും അവകാശവും നികേഷിനില്ലാത്തതുകൊണ്ടാണ് വിജയാശംസകള്‍ നേരാന്‍ മടിക്കുന്നതെന്നും കത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button