KeralaNews

ടിപി ചന്ദ്രശേഖരൻ വിഷയത്തിൽ വി എസ് അച്ചുതാനന്ദന്‍റെ ഇടപെടല്‍ പബ്ളിസിസ്റ്റി സ്റ്റണ്ട് മാത്രമാണെന്ന് തെളിഞ്ഞു: കുമ്മനം

തിരുവനന്തപുരം : ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ടിട്ട് നാലുവർഷം തികയുമ്പോൾ, ആ അരുംകൊല നടന്ന സമയത്ത് വി.എസ്. അച്ചുതാനന്ദന്‍ കാണിച്ചത് എക്കാലത്തേയും പോലെ പബ്ളിസിറ്റി സ്റ്റണ്ട് മാത്രമാണെന്ന് തെളിഞ്ഞതായി കുമ്മനം രാജശേഖരൻ. അച്ചടക്കത്തിന്‍റെ വാളും കുലം കുത്തിക്കുള്ള 51 വെട്ടും ഓർത്തിട്ടാവണം സഖാവ് വി.എസിന് പിന്നീട് മിണ്ടാട്ടം മുട്ടിയതെന്നും കുമ്മനം അഭിപ്രായപ്പെട്ടു. ടി പി ചന്ദ്രശേഖരൻ വധിക്കപ്പെട്ടിട്ട് നാലു വർഷം തികയുന്ന ദിനത്തില്‍ കുമ്മനം എഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.

കുലംകുത്തിയെന്ന് മുദ്രകുത്തപ്പെട്ടാൽ പിന്നെ അവനെ ഭൂമിയിൽ നിന്ന് ഇല്ലാതാക്കുന്ന സ്റ്റാലിനിസ്റ്റ് മനോഭാവത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു 2012 മെയ് 4 ന് സംഭവിച്ച ടി പി ചന്ദ്രശേഖരന്‍റെ കൊലപാതകം. ജനമനസ്സാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകങ്ങൾ നടത്താൻ മാർക്സിസ്റ്റ് പാർട്ടിക്ക് പണ്ടേ യാതൊരു മടിയുമില്ലെന്നും കുമ്മനം ചൂണ്ടിക്കാട്ടി.

മാഷാ അള്ളാ എന്ന സ്റ്റിക്കർ ഒട്ടിച്ച് കൊലപാതകം മറ്റുള്ളവരുടെ തലയിൽ കെട്ടിവയ്ക്കാനും മാർക്സിസ്റ്റുകാർ ശ്രമിച്ചു . തലശ്ശേരിയിൽ എൻ ഡി എഫ് പ്രവർത്തകനായ ഫസലിനെ കൊലപ്പെടുത്തിയിട്ട് അയാളുടെ വീട്ടിലെത്തി ആർ.എസ്.എസിനെ കുറ്റം പറഞ്ഞ നേതാക്കളുള്ള പ്രസ്ഥാനത്തിന് ഇതൊരു പുതിയ കാര്യമല്ലെന്നും കുമ്മനം പറയുന്നു.
/കുമ്മനത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം:

കേരളത്തെ ഞെട്ടിച്ച ഒരു രാഷ്ട്രീയ കൊലപാതകത്തിന് ഇന്ന് നാലു വർഷം തികയുകയാണ് .കുലംകുത്തിയെന്ന് മുദ്രകുത്തപ്പെട്ടാൽ പിന്നെ അവനെ ഭൂമിയിൽ നിന്ന് ഇല്ലാതാക്കുന്ന സ്റ്റാലിനിസ്റ്റ് മനോഭാവത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു 2012 മെയ് 4 ന് സംഭവിച്ച ടി പി ചന്ദ്രശേഖരന്റെ അരുംകൊല ജനമനസ്സാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകങ്ങൾ നടത്താൻ മാർക്സിസ്റ്റ് പാർട്ടിക്ക് പണ്ടേ യാതൊരു മടിയുമില്ല . 1969 ൽ വാടിക്കൽ രാമകൃഷ്ണനെന്ന ആർ.എസ്.എസ് പ്രവർത്തകനെ കൊലപ്പെടുത്തിക്കൊണ്ടാണ് മാർക്സിസ്റ്റുകൾ കണ്ണൂരിലെ കൊലപാതക പരമ്പരകൾ ആരംഭിച്ചത്.

പിഞ്ചുകുട്ടികളുടെ മുന്നിലിട്ട് അദ്ധ്യാപകനെ വെട്ടിക്കൊന്ന അവർ പരുമലയിൽ രക്ഷപ്പെടാൻ വേണ്ടി ആറ്റിൽ ചാടിയ വിദ്യാർത്ഥികളെ കല്ലെറിഞ്ഞു മുക്കിത്താഴ്ത്തുക വരെ ചെയ്തിട്ടുണ്ട് . എന്തിനേറെ
ആർ.എസ്.എസ് കാരെ മാത്രമല്ല സ്വന്തം സഖ്യകക്ഷിയായ സിപിഐക്കാരെ പോലും വെട്ടിക്കൊല്ലാൻ സിപിഎമ്മുകാർ മടികാണിച്ചിട്ടില്ല ആർ.എസ്.എസ് കാരെ കൊലപ്പെടുത്തുമ്പോൾ മൗനം പാലിച്ചവർക്കുള്ള തിരിച്ചടിയായിരുന്നു ടിപിയുടെ അരും കൊല . കൂടെ നിന്നവനെ അഭിപ്രായവ്യത്യാസത്തിന്റെ പേരിൽ അൻപത്തൊന്ന് വെട്ടി കൊലപ്പെടുത്തിയപ്പോഴാണ് സി പി എമ്മിന്റെ കാടത്തത്തെ അല്പമെങ്കിലും എതിർക്കാൻ കേരളത്തിലെ സാംസ്കാരിക സമൂഹമെന്ന് മേനി നടിക്കുന്നവർ തയ്യാറായത്.

മാഷാ അള്ളാ എന്ന സ്റ്റിക്കർ ഒട്ടിച്ച് കൊലപാതകം മറ്റുള്ളവരുടെ തലയിൽ കെട്ടിവയ്ക്കാനും അവർ ശ്രമിച്ചു . തലശ്ശേരിയിൽ എൻ ഡി എഫ് പ്രവർത്തകനായ ഫസലിനെ കൊലപ്പെടുത്തിയിട്ട് അയാളുടെ വീട്ടിലെത്തി ആർ.എസ്.എസിനെ കുറ്റം പറഞ്ഞ നേതാക്കളുള്ള പ്രസ്ഥാനത്തിന് ഇതൊരു പുതിയ കാര്യമായിരുന്നില്ല.

പാർട്ടി സെക്രട്ടറിയായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും അരും കൊലകൾക്കെതിരെ ഒരക്ഷരവും പറയാഞ്ഞ സഖാവ് വി എസ് അച്യുതാനന്ദൻ ടിപിയുടെ വീട്ടിലെത്തി കാണിച്ചത് എക്കാലത്തേയും പോലെ പബ്ളിസിറ്റി സ്റ്റണ്ടാണെന്ന് പിന്നീട് തെളിയുകയും ചെയ്തു . അച്ചടക്കത്തിന്റെ വാളും കുലം കുത്തിക്കുള്ള 51 വെട്ടും ഓർത്തിട്ടാവണം സഖാവ് വി എസിന് പിന്നീട് മിണ്ടാട്ടം മുട്ടിയത്.

അയ്യഞ്ചു വർഷത്തിന്റെ ഇടവേളകളിൽ ഭരണചക്രം തിരിക്കാൻ ജനങ്ങൾ അവസരം കൊടുക്കുന്ന പാർട്ടിയാണ് ഇത്തരം ഭീതിദമായ കൊലപാതകങ്ങൾ നടത്തുന്നതെന്ന് ഓർക്കണം . അധികാരത്തിന്റെ ശീതളിമയിലമർന്നിരുന്ന് എതിരാളികളെ കൊന്നൊടുക്കുന്ന ഈ രാഷ്ട്രീയ സംസ്കാരത്തെയും അരുംകൊലകളെ രാഷ്ട്രീയമായി ഉപയോഗിച്ച് യഥാർത്ഥ കുറ്റവാളികളെ രക്ഷപ്പെടാൻ അനുവദിക്കുന്ന അഴിമതി രാഷ്ട്രീയത്തേയും ഇനിയും സഹിക്കണോയെന്ന് തീരുമാനിക്കേണ്ടത് നമ്മൾ മലയാളികളാണ്.

അതിനുള്ള അവസരമാകട്ടെ വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button