NewsInternational

ഇറാനെ കീഴടക്കി നരേന്ദ്രമോദി ചരിത്രം രചിക്കുന്നു

ഇറാനെ കീഴടക്കി നരേന്ദ്രമോദി

കെവിഎസ് ഹരിദാസ്‌

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇറാൻ സന്ദർശനം ഏഷ്യയിലെ സാമ്പത്തിക -വാണിജ്യ മേഖലയിലെ മുന്നേറ്റത്തിനാണ് വഴിയൊരുക്കുന്നത്. ഇന്ത്യയും ഇറാനും അഫ് ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾ കൈകോർക്കുന്നതിന്റെ ചിത്രമാണ് കഴിഞ്ഞ ദിവസങ്ങളിൽ ടെഹറാനിൽ കണ്ടത്. ഇന്ത്യയും ഇറാനും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള സൌഹൃദവും സഹകരണവും ഊട്ടി ഉറപ്പിക്കാൻ നരേന്ദ്ര മോദി ക്കായി. ഒറ്റവാചകത്തിൽ പറഞ്ഞാൽ, ഇറാന്റെ മനസിനെയും കീഴടക്കിയാണ് മോദി ദൽഹിക്ക്‌ മടങ്ങിയത്.

ഇത്തവണത്തെ മോദി സന്ദർശനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അജണ്ട ഛബ്ബർ തുറമുഖം വികസിപ്പിക്കുന്നത് സംബന്ധിച്ച ധാരണ തന്നെയായിരുന്നു. ഇറാൻ തീരത്ത്‌ ഒരു പുതിയ തുറമുഖം. അത് ഇന്ത്യ അതിന്റെ ചിലവിൽ നിർമ്മിക്കും. അഫ് ഗാനിസ്ഥാനും അതിലേക്ക്‌ വാതിൽ തുറന്നുകിട്ടും. അഫ് ഗാനിസ്ഥാന്റെ വികസനസ്വപ്നങ്ങൾ സാക്ഷാൽക്കരിക്കാൻ ഈ തുറമുഖം സഹായിക്കും. അവിടേക്ക് റോഡ്‌, റെയിൽ മാർഗങ്ങൾ നിർമ്മിക്കാൻ അഫ് ഗാനിസ്ഥാൻ തയ്യാറാവും. പത്തു വര്ഷം അത് നടത്തുന്നത് ഇന്ത്യ തന്നെയാവും. അതുൾപ്പടെ ഏതാണ്ട് 500 മില്യൺ ഡോളറിന്റെ വികസന പദ്ധതികളാണ് ഇന്ത്യ ഇറാനിൽ നടപ്പിലാക്കുന്നത്. ദുരിതവും കടവും ഒക്കെയായി കഴിഞ്ഞിരുന്ന രാജ്യമെന്ന ദുർഖ്യാതി സ്വന്തമാക്കിയിരുന്ന ഇന്ത്യ ഇന്ന് മോദി യുടെ കീഴിൽ ലോകത്തിന്റെ നെറുകയിൽ വലിയൊരു നിക്ഷേപക രാഷ്ട്രമായി മാറിയിരിക്കുന്നു എന്നതും ഈ സന്ദർശനത്തിന്റെ പ്രാധാന്യമാണ്.

ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇറാൻ സന്ദർശിക്കുന്നത് ഒരു ഒന്നര പതിറ്റാണ്ടിനു ശേഷമാണ്‌ . കൃത്യമായി പറഞ്ഞാൽ എ ബി വാജ്‌പേയി ആണ് അവസാനമായി അവിടെയെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി; അത് 2001 ഏപ്രിൽ മാസത്തിൽ . അന്ന് വാജ്‌പേയിയോടൊപ്പം അവിടെ പോകാൻ അവസരം ലഭിച്ചയാളാണ് ഞാൻ. അന്ന് രണ്ടു രാഷ്ട്രത്തലവന്മാർ പുറപ്പെടുവിച്ച ‘ടെഹറാൻ പ്രഖ്യാപനം’ രണ്ടു രാഷ്ട്രങ്ങൾ തമ്മിലെ ബന്ധത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കുന്നതായിരുന്നു. പക്ഷെ വാജ്‌പേയി ഭരണകൂടത്തിനു ശേഷം അധികാരമേറ്റ യുപി എ സർക്കാർ അത് മുന്നോട്ടു കൊണ്ടുപോയില്ല. ഇറാന് മേല അമേരിക്കയും കൂട്ടരും ചേർന്ന് ഏര്പ്പെടുത്തിയ നിയന്ത്രണങ്ങളും പിന്നീടുണ്ടായ ഉപരോധാവുമോക്കെയാണ് അതിനു കാരണം. ഇന്ത്യയുമായി എന്നും നല്ല ബന്ധം പുലർത്തുകയും നല്ല നിലക്ക് വ്യാപാര- വാണിജ്യ ബന്ധങ്ങൾ നിലനിർത്തുകയും ചെയ്തരാജ്യമാണ് അത്. ആ പഴയകാല ബന്ധം നിലനിർത്താൻ ഇന്ത്യ കുറെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇറാനിൽ നിന്ന് പ്രകൃതി വാതകവും ഓയിലും വാങ്ങുന്നത് പ്രധാനമാണ്. ഇറാനിൽ ഒരു തുറമുഖം ഇന്ത്യ പണം ചിലവിട്ടു നിർമ്മിക്കുന്നത് സൂചിപ്പിച്ചുവല്ലോ . അത് ഇന്ത്യൻ കപ്പലുകൾക്ക് താവളമാവുകയുംചെയ്യും. പടിഞ്ഞാറൻ തീരത്ത്‌ ഇന്ത്യക്ക് അതോടെ ഒരു ശതമായ താവളം ഉണ്ടാവുന്നു എന്നതും പ്രധാനപ്പെട്ട കാര്യമാണ്. ഇതുവരെ ഇറാനിയൻ കപ്പലിലാണ് എണ്ണ ഇവിടെയെത്തിച്ചിരുന്നത് . അത് ഇനിമുതൽ ഇന്ത്യൻ കപ്പലുകളിൽ എത്തിക്കാനും ധാരണയുണ്ടായിരിക്കുന്നു. എണ്ണ വാങ്ങിയ വകയിൽ കുറെയേറെ കോടി രൂപ ഇന്ത്യ ഇറാന് നൽകാനുണ്ട് . ഉപരോധത്തെ തുടർന്ന് യുപിഎ സര്ക്കാര് ആ പണം പിടിച്ചുവെച്ചതാണ് . അതിപ്പോൾ മോദി നല്കുന്നു. വേറൊന്ന് , ഏറെ പ്രധാനപ്പെട്ടത്, ഇന്ത്യൻ രൂപ നല്കിയാണ് നാം ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നത് എന്നതാണ്.മറ്റു രാജ്യങ്ങൾക്ക് ഡോളർ കണക്കിലാണ് പണം നൽകേണ്ടത്‌ . രൂപ അടിസ്ഥാനത്തിൽ എണ്ണ വ്യാപാരത്തിന് ധാരണയുണ്ടാക്കിയത് വാജ്‌പേയിയുടെ ഇറാൻ സന്ദർശനവേളയിലാണ് . കോടിക്കണക്കിനു രൂപയാണ് അതിലൂടെ ഇന്ത്യക്ക് ലാഭം ലഭിക്കുന്നത്. അതിനായി ഇറാൻ ബാങ്കുകളിൽ ചിലത് ദൽഹിയിലും മുംബൈയിലും തുറക്കുകയും ചെയ്തിരുന്നു.

പാക്കിസ്ഥാന് ശക്തമായി എതിരാണ് ഇറാൻ എന്നതാണ് മറ്റൊരു പ്രധാന കാര്യം. നാമിപ്പോൾ അഫ് ഗാനിസ്ഥാനുമായി അടുപ്പമുണ്ടാക്കാൻ ശ്രമിക്കുന്നു. അതിനോട് ചേർന്നുള്ള ഇറാനുമായും കൂടുതൽ അടുക്കുന്നു. ഈ മേഖലയിൽ ഇന്ത്യക്ക് കരുത്തു കൂടുന്നതിന് അത് സഹായിക്കും.

ഇറാൻ ഭീകരതയ്ക്ക് എതിരെ സ്വീകരിച്ചിട്ടുള്ള നിലപാടുകൾ ശ്രദ്ധേയമാണ്. മുല്സീം രാഷ്ട്രമായി നില്ക്കവേ തന്നെ, മത നിയമങ്ങൾക്ക് കാർക്കശ്യം നിലനിർത്തവെ തന്നെ, ഒരിക്കലുമവർ ഭീകരതയെ താലോലിച്ചിരുന്നില്ല. മോദി സന്ദർശന വേളയിലെ ഒരു സംയുക്ത പ്രസ്താവനയിൽ ഭീകരതയെ എതിർക്കുന്നതിൽ യോജിപ്പ് പ്രകടിപ്പിച്ചത് സുപ്രധാനമാണ്‌. ഏഷ്യയിൽ ഇതോടെ ഒരു ഇൻഡോ-ഇറാൻ- അഫ് ഗാൻ അച്ചുതണ്ട് രൂപമെടുക്കുന്നു എന്നതും ഒരു വലിയ കാൽവെപ്പാണ്‌ . പാക്കിസ്ഥാൻ നടത്തിവരുന്ന ഭീകര പ്രവർത്തനം, ഭീകരതയ്ക്ക് അവര് നൽകിവരുന്ന സഹായം എന്നിവയൊക്കെ കണക്കിലെടുക്കുമ്പോൾ ഈ നീക്കത്തിന് വലിയ പ്രാധാന്യമുണ്ട്. അതും മോദി യുടെ നീക്കത്തിന്റെ വിജയമായി കണക്കാക്കപ്പെടുന്നു.

മറ്റൊന്ന് ഇറാൻ പ്രധാനമായും ഷിയാ സാമ്രാജ്യമാണ്‌. അവരാവട്ടെ ഇന്ത്യയിൽ ബിജെപിയോട് അകലം അത്രയൊന്നും പാലിക്കാത്തവരും. അത് രാഷ്ട്രീയമായി പ്രധാനമാണ് താനും. ഉത്തര പ്രദേശ്‌ മുസ്ലീങ്ങളിൽ വലിയൊരു പങ്കു ഷിയ വിഭാഗത്തിൽ പെട്ടവരാണ്. ലക്‌നോ നഗരത്തിലെ ജനസംഖ്യയിൽ വലിയ ഒരളവു അവരാണ്. വാജ്‌പേയി അവിടെനിന്നു മത്സരിക്കുന്ന വേളയിൽ ആ മുസ്ലീം വിഭാഗം ബിജെപിക്കൊപ്പം അണിനിരന്നിരുന്നു. അതും ഈ ഷിയ സാമ്രാജ്യത്തിലേക്കുള്ള മോദി യുടെ യാത്രയെ ശ്രദ്ധേയമാക്കി.

ടെഹേറാൻ മനോഹരമായ നഗരമാണ്. എവിടെയും പച്ചത്തുരുത്തുകൾ. മനോഹരമായ പൂന്തോട്ടങ്ങൾ. റോഡുകൾക്ക് ഇരുപുറവും വൃക്ഷങ്ങൾ. ഒരു മരുഭൂമിയിലാണ് എന്നതോന്നൽ അവിടെയുണ്ടാക്കില്ല. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരം. ഒരു ഭാഗത്ത് തലയുയർത്തി നിൽക്കുന്ന അൽ ബോർസ് പർവതം . അതൊരു മനോഹര കാഴ്ച തന്നെയാണ്. നമ്മുടെ ഹിമാലയത്തെ പോലെ തോന്നിക്കും, മഞ്ഞുള്ള കാലത്ത്. അവിടെ എല്ലാം ചെന്നു കാണാൻ അന്ന് അവസരം ലഭിച്ചിരുന്നു. ഇറാനിയൻ പാർലമെന്റിലും പോയി; വാജ്‌പേയി അന്ന് പാർലമെന്റിനെ അഭിസംബോധന ചെയ്തിരുന്നു. അവിടത്തെ എടുത്തുപറയേണ്ട ഒരു സൌധം… അവിടത്തെ പഴയ യു എസ് എംബസി മന്ദിരമാണ്‌. അമേരിക്കക്ക് എമ്ബസിയില്ലാത്ത ഏകരാജ്യം ഇറാൻ ആയിരുന്നുവല്ലോ. അമേരിക്കക്കാരെ ഓടിച്ചതിന്റെ സ്മരകമായിട്ടാണ് അവരത് സൂക്ഷിച്ചത്. അവിടം അന്ന് കടുപിടിച്ചപോലെ കിടക്കുന്നു.എങ്കിലും ഇറാൻ പട്ടാളക്കാർ കാവലുണ്ട്. അമേരിക്കയോടുള്ള ഇറാന്റെ പ്രതികാര ഭാവം കാണിക്കുന്നതാണ് ആ കെട്ടിടം എന്ന് പറയാതെ വയ്യ. വാജ്‌പേയിയുടെ കൂടെയുള്ള യാത്ര ആനന്ദകരമാണ് . കൂടെയുള്ള ഓരോരുത്തരെയും വിളിച്ചു പരിചയപ്പെടും, അവരുടെ വിശേഷങ്ങൾ അന്വേഷിക്കും……. അതൊരു പ്രത്യേകത തന്നെ. കുറെയേറെ സ്മരണകളുണ്ട് ; അതിനു ഇത് പോരാ സമയം.

അന്ന് ടെഹറാനിൽ ചെല്ലുമ്പോൾ അപ്രതീക്ഷിതമായി ഒരു മലയാളി സാന്നിധ്യം. അവിടത്തെ ഇന്ത്യൻ എംബസിയിലെ ജീവനക്കാരൻ. പേര് ഓർമ്മയില്ല ; ഒരു മാവേലിക്കരക്കാരൻ. അവിടെ താഴെ തട്ടിലുള്ള ഒരു ഉദ്യോഗസ്ഥനാണ്. അവിടെ നിന്ന് തന്നെ, ഒരു ഇറാൻകാരിയെ, വിവാഹം കഴിച്ച് അവിടെത്തന്നെ കുടുംബസമേതം കൂടിയയാൾ. മലയാളത്തിൽ “എന്തൊക്കെയാ സാറെ വിശേഷങ്ങൾ” എന്നുചോദിച്ചുകൊണ്ട് അയാൾ വന്നപ്പോൾ അത്ഭുതമായിരുന്നു. വാജ്‌പേയിയുടെ സംഘത്തിൽ അന്ന് മറ്റൊരു മലയാളിയും അന്നുണ്ടായിരുന്നു. . ഇന്നിപ്പോൾ കേരളത്തിൽ അഡീഷനൽ ഡി ജി പി ആയിട്ടുള്ള ഋഷിരാജ് സിംഗ്. അദ്ദേഹമന്ന് പ്രധാനമന്ത്രിയുടെ പ്രത്യേക സുരക്ഷ സേനയുടെ ( എസ് പിജി) തലപ്പത്തുള്ള ഐ ജി ആയിരുന്നു. മലയാളത്തിൽ ഞങ്ങൾ സംസാരിക്കുന്നത് കേട്ട് അടുത്തുവന്ന് ആ ഋഷിരാജ് ശൈലിയിൽ തന്റേതായ ശൈലിയിൽ മലയാളത്തിൽ കുശലാന്വേഷണം നടത്തിയത് ഓർക്കുന്നു. അദ്ദേഹം ഡ്യൂട്ടിയിലുള്ള വേളയിൽ കാണിക്കാറുള്ള ആ കാർക്കശ്യം അന്ന് വാജ്‌പേയിയുടെ സുരക്ഷാ കാര്യത്തിലും പ്രകടമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button