Editorial

നാവുപിഴ ആര്‍ക്കും സംഭവിക്കാം, പക്ഷേ വസ്തുതകളെപ്പറ്റിയുള്ള അറിവില്ലായ്മ ഒരു മന്ത്രിക്ക് ഭൂഷണമോ?

സംസാരിക്കുന്നതിനിടയില്‍ നാവുപിഴച്ച് പറയാനുദ്ദേശിച്ച കാര്യത്തില്‍ കല്ലുകടിയുണ്ടാകുന്നത് തികച്ചും സ്വാഭാവികമാണ്, പ്രത്യേകിച്ചും പറയുന്ന കാര്യം എവിടെയെങ്കിലും നോക്കി വായിക്കുകയാണെങ്കില്‍ പിഴവു പറ്റാനുള്ള സാധ്യത കൂടുതലുമാണ്. കഴിഞ്ഞ മന്ത്രിസഭയില്‍ ഇക്കാര്യത്തില്‍ ഒട്ടേറെത്തവണ നവമാധ്യമ വിചാരണകള്‍ക്കും ട്രോളുകള്‍ക്കും വിധേയനായ ഒരു വ്യക്തിയായിരുന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഹിന്ദി തര്‍ജ്ജമയില്‍ വരുത്തിയ ചെറിയ പിഴവുമൂലം നവമാധ്യമങ്ങളുടെ പരിഹാസങ്ങള്‍ക്ക് പാത്രമായ വ്യക്തിയാണ് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. ഇവര്‍ക്ക് രണ്ടുപേര്‍ക്കും സംഭവിച്ച പിഴവിന്‍റെ പേരില്‍ സോഷ്യല്‍ മീഡിയാ ട്രോളുകള്‍ വഴിയും അല്ലാതെയും അതിരുകവിഞ്ഞ ഹാസ്യാസ്വാദനം നടത്തിയവരാണ് നാമെല്ലാവരും, അതില്‍ കേരളത്തിലെ സിപിഎം അണികളും ഉള്‍പ്പെടും.

ഏറ്റവും പുതുതായി “വാ, വിട്ട വാക്കിന്‍റെ” പേരില്‍ ഇപ്പോള്‍ ഒരു സിപിഎംകാരന്‍ തന്നെയാണ് നമുക്കെല്ലാവര്‍ക്കുമായി സോഷ്യല്‍ മീഡിയയിലും മറ്റും ചിരിയുത്സവം തീര്‍ത്തിരിക്കുന്നത്. ഈ പറഞ്ഞ സിപിഎംകാരന്‍റെ നിര്‍ഭാഗ്യം കൊണ്ടോ, നമ്മുടെ നിര്‍ഭാഗ്യം കൊണ്ടോ എന്നറിയില്ലെങ്കിലും ഇദ്ദേഹം നമ്മുടെ നാടിന്‍റെ പ്രധാനപ്പെട്ട രണ്ട് വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രി കൂടിയാണ്. ഒരു നാവുപിഴവ് എന്നുമാത്രം പറഞ്ഞൊതുക്കാനാവാത്ത തരത്തില്‍ ഗുരുതരമായ തെറ്റുകള്‍ നിറഞ്ഞതായിരുന്നു ഒരു പ്രമുഖ ലോകകായികതാരത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട ഇദ്ദേഹത്തിന്‍റെ അഭിപ്രായപ്രകടനം. തനിക്ക് സംഭവിച്ചത് തെറ്റാണെന്നും, അത് സംഭവിക്കാനിടയായ സാഹചര്യങ്ങള്‍ ഇന്നതാണെന്നും മറ്റും ചൂണ്ടിക്കാട്ടി ഇദ്ദേഹം ചില വിശദീകരണശ്രമങ്ങള്‍ ഒക്കെ നടത്തിയിട്ടുണ്ടെങ്കിലും, സംസ്ഥാനത്തിന്‍റെ കായികവകുപ്പു കൂടി കൈകാര്യംചെയ്യുന്നയാള്‍ എന്നനിലയില്‍ അങ്ങനെ എളുപ്പത്തില്‍ ന്യായീകരിച്ച് ഒഴിയാവുന്ന തെറ്റല്ല മന്ത്രിക്ക് പറ്റിയത്.

ഒന്നാമത്തെ കാര്യം, മുഹമ്മദ്‌ അലി എന്ന പേര് കേള്‍ക്കുമ്പോള്‍ത്തന്നെ അടിസ്ഥാനപരമായ കായികഅറിവുകള്‍ ഉള്ള ഒരാളാണെങ്കില്‍ അയാളുടെ മനസ്സിലേക്ക് ഒരേ ഒരു മുഖമേ കടന്നുവരൂ. കായികവകുപ്പ് കൈകാര്യം ചെയ്യുന്നയാള്‍ എന്നനിലയില്‍ ആ അടിസ്ഥാനപരമായ അറിവ് മന്ത്രിക്കുണ്ടെന്ന് അനുമാനിക്കുന്നതില്‍ തെറ്റും ഇല്ല. മാത്രമല്ല, യാത്രക്കിടയില്‍ ആയതിനാല്‍ മുഹമ്മദ്‌ അലിയുടെ മരണവാര്‍ത്തയെപ്പറ്റി അറിഞ്ഞിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. പക്ഷേ, തലേദിവസം തന്നെ അലിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാര്യം മലയാളത്തിലെ ഏതാണ്ടെല്ലാ മാധ്യമങ്ങളും തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്. അലി മരിച്ച വിവരം അറിഞ്ഞിരുന്നില്ലെങ്കില്‍ത്തന്നെ, ഒരു പൊതുപ്രവര്‍ത്തകന്‍ എന്നനിലയില്‍ ഈ മിനിറ്റ് വരെയുള്ള വാര്‍ത്താവിവരങ്ങളേക്കുറിച്ച് അപ്പ്‌ഡേറ്റഡ് ആയിരിക്കുക എന്നുള്ളത് ഒരു അടിസ്ഥാനയോഗ്യത മാത്രമാണ്. അപ്പോള്‍പ്പിന്നെ തലേദിവസം വൈകിട്ടുവരെയുള്ള കാര്യങ്ങള്‍ പറയേണ്ടതില്ലല്ലോ.

തിരക്കുമൂലം വാര്‍ത്തകള്‍ വേണ്ടവിധം ശ്രദ്ധിക്കാന്‍ സാധിച്ചില്ല എന്ന ന്യായീകരണം തികച്ചും ബാലിശമാണ്. നമ്മുടെയെല്ലാം വിരല്‍ത്തുമ്പില്‍ത്തന്നെ ഏതൊരു വാര്‍ത്തയും അനുബന്ധവിവരങ്ങളും നിറഞ്ഞു നില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം വാദഗതികളെ മുഖവിലയ്ക്കെടുക്കാന്‍ കഴിയുന്നതല്ല. തിരഞ്ഞെടുപ്പ് പ്രചരണരംഗത്ത് നൂതനമായ പ്രചരണസങ്കേതങ്ങളെ തങ്ങള്‍ക്കനുകൂലമായി വിജയകരമായി ഉപയോഗപ്പെടുത്തി എന്ന് അവകാശപ്പെടുന്ന ഒരു പാര്‍ട്ടിയുടെ പ്രതിനിധി എന്നനിലയില്‍ നോക്കുമ്പോള്‍, പ്രത്യേകിച്ചും.

താന്‍ ഏറ്റെടുത്ത ഉത്തരവാദിത്തത്തെക്കുറിച്ച് “സഗൌരവ ബോധം” ഉള്ള ഏതൊരു വ്യക്തിയും, തിരക്കുകള്‍ക്കിടയിലും ഇത്തരം പ്രതികരണങ്ങള്‍ക്കായി നിര്‍ബന്ധിക്കപ്പെടുമ്പോള്‍ ചെയ്യേണ്ട കാര്യം തന്‍റെ അസൗകര്യത്തെപ്പറ്റി പറഞ്ഞ് ഒഴിഞ്ഞുമാറുക എന്നുള്ളതായിരുന്നു. അതുമല്ലെങ്കില്‍, ഈ വിവരം താന്‍ ഇപ്പോഴാണ് അറിയുന്നത്, ഇതിലെ വസ്തുതകള്‍ മനസ്സിലാക്കിയ ശേഷം അല്‍പ്പസമയം കഴിഞ്ഞ് പ്രതികരിക്കാം എന്ന് പറഞ്ഞ് സംസാരം അവസാനിപ്പിക്കുക എന്നുള്ള മാര്‍ഗ്ഗവും സ്വീകരിക്കാമായിരുന്നു. ഈ വഴികള്‍ ഒന്നും സ്വീകരിക്കാതെ, ഒഴുക്കന്‍മട്ടിലുള്ള ഒരു മറുപടി പറഞ്ഞതാണ് ഇപ്പോള്‍ ഇത്രവലിയ പൊല്ലാപ്പായി മാറിയിരിക്കുന്നത്. ആദ്യം കേരളത്തിനുള്ളിലെ നവമാധ്യമ ട്രോളുകളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ഈ വിഷയം പതിയെ ദേശീയ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും, അതിനെത്തുടര്‍ന്ന് “ഖലീജ് ടൈംസ്‌” പോലുള്ള അന്താരാഷ്‌ട്ര മാധ്യമങ്ങളില്‍ വരെ പരാമര്‍ശവിധേയമാകുകയും ചെയ്തു. രാഷ്ട്രീയഭേദമന്യേ മുഴുവന്‍ മലയാളികളും ഇതിലെ നാണക്കേടിന് അവകാശികളായി.

മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തെ കളിയാക്കിക്കൊണ്ട് ഇറങ്ങുന്ന ട്രോളുകള്‍ ഏറ്റവുമധികം ആസ്വദിച്ചതും പ്രചരണം കൊടുത്തതും കോണ്‍ഗ്രസ് വിരുദ്ധചേരിയിലുള്ള ബിജെപി പോലുള്ള പാര്‍ട്ടികളുടെ അണികളാണ്. ഇടതുപക്ഷ അണികളും ഇതില്‍ ഉള്‍പ്പെടും. പിന്നീട്, പൊതുതിരഞ്ഞെടുപ്പില്‍ ബിജെപി വിജയശ്രീലാളിതരായി നരേന്ദ്രമോദി ഇന്ത്യന്‍ പ്രധാനമന്ത്രി ആയപ്പോള്‍ കോണ്‍ഗ്രസ് ചേരിയിലുള്ള അണികള്‍ പകരംവീട്ടാന്‍ കിട്ടിയ അവസരം മുതലെടുത്തുകൊണ്ട് കാര്യത്തിനും കാര്യമില്ലായ്മക്കുമൊക്കെ നരേന്ദ്രമോദി ട്രോളുകള്‍ കൊണ്ടുള്ള ആക്രമണം തുടങ്ങി. ഇതിലും സിപിഎം അണികള്‍ ഉത്സാഹത്തോടെ പങ്കുചേര്‍ന്നു എന്നുള്ളത് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അപ്പോള്‍, പ്രധാനമന്ത്രി അര്‍ഹിക്കുന്ന ബഹുമാനം ലഭിക്കുന്നില്ല എന്ന അതുവരെയുള്ള കോണ്‍ഗ്രസ് അണികളുടെ പരാതി ബിജെപി അണികള്‍ ഏറ്റെടുത്തു. കൂടുതല്‍ മാരകമായ പരിഹാസം ആയിരുന്നു ഇതിന്‍റെ പരിണിതഫലം.

കേരളത്തില്‍ ഉമ്മന്‍‌ചാണ്ടി, കെ.എം.മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരായിരുന്നു സിപിഎം നേതൃത്വം നല്‍കുന്ന എതിര്‍ച്ചേരിയിലുള്ളവരുടെ പരിഹാസത്തിന്‍റെ പ്രധാന ഇരകള്‍, ഇതുവരെ. ഇപ്പോള്‍ കാറ്റ് മാറി വീശിയിരിക്കുന്നു. തിരുവഞ്ചൂരിന്‍റെയും മറ്റും ചെറിയ നാവ്പിഴവുകളെ ഇത്രയുംനാള്‍ നിഷ്കരുണം പരിഹസിച്ച് രസിച്ചിരുന്നവര്‍ ഇപ്പോള്‍ തെറ്റ് ആര്‍ക്കുംപറ്റുമെന്നും, ആ തെറ്റിനെ ഞങ്ങള്‍ ന്യായീകരിക്കുന്നില്ല എന്നും മറ്റും പറഞ്ഞുകൊണ്ടുള്ള തന്ത്രപരമായ പ്രതിരോധമാണ് തീര്‍ത്തിരിക്കുന്നത്. ഇത്തരം തെറ്റുകളും, നാവ്പിഴവുകളും ഇനിയും നമ്മുടെ നേതാക്കള്‍ക്ക് പറ്റും, സോഷ്യല്‍ മീഡിയയുടെ ട്രോളുകള്‍ കൊണ്ടുള്ള വിചാരണകള്‍ക്ക് അവരൊക്കെ വിധേയരാകുന്നത് ഇനിയും തുടര്‍ന്നുകൊണ്ടിരിക്കും.

ഇവിടെ നമ്മുടെ രാഷ്ട്രീയക്കാര്‍ക്ക് മാതൃകയാക്കാന്‍ പറ്റുന്ന ഒരു കാര്യം, ഇനിയെങ്കിലും വസ്തുതാപരമായ ധാരണ ഇല്ലാത്ത വിഷയങ്ങളെപ്പറ്റി എവിടെയും തൊടാതെയുള്ള അഭിപ്രായപ്രകടനങ്ങള്‍ നടത്തി ഇങ്ങനെ പരിഹാസപാത്രങ്ങള്‍ ആകാതിരിക്കുക എന്നുള്ളത് മാത്രമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button