NewsIndiaInternational

എംബ്രയറുടെ ഇ-ജെറ്റ് വിമാനങ്ങള്‍ ഇനി ഇന്ത്യയിലും

ബ്രസീലിയന്‍ വിമാന നിര്‍മാതാക്കളായ എംബ്രയറുടെ പുതിയ ഇ-ജെറ്റ് വിമാനങ്ങള്‍ ഇന്ത്യയിലെത്തും. ഇന്ധനച്ചെലവു കുറഞ്ഞ ഈ ശ്രേണി പുറത്തിറക്കിയതോടെ ഇടത്തരം വിമാന വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ഊട്ടിയുറപ്പിച്ചിരിക്കുകയാണ് എംബ്രയര്‍. ഇന്ത്യന്‍ വിമാനക്കമ്പനിയായ എയര്‍ കോസ്റ്റ ഉള്‍പ്പെടെ പല വിമാനക്കമ്പനികളും പുതിയ ഇനം വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു.

11500 കോടി രൂപ നിക്ഷേപത്തോടെ 2013 ജൂണിലാണ് എംബ്രയര്‍ രണ്ടാം തലമുറയിലെ ഇ2 എന്ന ഈ വിമാനങ്ങളുടെ നിര്‍മാണം ആരംഭിച്ചത്. കഴിഞ്ഞയാഴ്ച വിമാനം പുറത്തിറക്കി. ഏതാണ്ട് 640 വിമാനങ്ങള്‍ക്കാണ് ഇതുവരെ ഓര്‍ഡര്‍ ലഭിച്ചിട്ടുള്ളത്. ഇതില്‍ 267 എണ്ണം ഉറപ്പായ ഓര്‍ഡറുകളാണ്. ഇ2 സീരീസില്‍ 70 മുതല്‍ 130 വരെ സീറ്റുകളുള്ള വിമാനങ്ങളാണുള്ളത്. പ്രാറ്റ് ആന്‍ഡ് വൈറ്റ്‌നിയുടെ പിഡബ്‌ള്യു 1900ജി ഇനം ശബ്ദം കുറഞ്ഞ പുതിയ എന്‍ജിനുകളാണ് ഈ വിമാനങ്ങള്‍ക്ക്.

അത്യാധുനിക വിമാന നിയന്ത്രണോപാധികളും പുതിയ എയ്‌റോഡൈനാമിക് രൂപകല്‍പനയും ഇവയ്ക്കു പുതിയ മാനം നല്‍കുന്നു. ചിറകുകള്‍ക്കു നല്‍കിയിരിക്കുന്ന പുതിയ രൂപകല്‍പന ഇന്ധനക്ഷമത കൂട്ടുന്നതും കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതുമാണ്. വിമാനത്തിനകത്തു ശബ്ദം പരമാവധി കുറയ്ക്കാനുമാകുന്നു. അന്‍പത് ഋ2 വിമാനങ്ങള്‍ക്കാണ് എയര്‍ കോസ്റ്റ ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. 19,900 കോടി രൂപയുടേതാണ് ഈ ഓര്‍ഡര്‍. മറ്റൊരു അന്‍പതെണ്ണത്തിന് ഉറപ്പില്ലാത്ത ഓര്‍ഡറും എയര്‍ കോസ്റ്റ നല്‍കിയിട്ടുണ്ട്.

25 ഇ-190-ഇ2 വിമാനങ്ങള്‍ക്കും 25 ഇ-195-ഇ2 വിമാനങ്ങളുടേതുമാണ് എയര്‍കോസ്റ്റയുടെ ഉറപ്പുള്ള ഓര്‍ഡര്‍. 2018 ആദ്യം മുതല്‍ എയര്‍കോസ്റ്റയ്ക്ക് ഈ വിമാനങ്ങള്‍ ലഭിച്ചു തുടങ്ങും. ഇ-190-ഇ2 വിമാനങ്ങള്‍ക്ക് 98 സീറ്റുകളാണുള്ളത്. ആറു ബിസിനസ് ക്ലാസ് സീറ്റുകളും 92 ഇക്കോണമി ക്ലാസ് സീറ്റുകളും. ഇ-195-ഇ2 വിമാനങ്ങള്‍ക്ക് 118 സീറ്റുകളുണ്ടാകും.

ഇതില്‍ 12 എണ്ണം ബിസിനസ് ക്ലാസ് സീറ്റുകളാണ്. ഒരു വര്‍ഷം പത്തു വിമാനങ്ങള്‍ വീതം അഞ്ചു വര്‍ഷം കൊണ്ട് എയര്‍കോസ്റ്റയ്ക്ക് മുഴുവന്‍ വിമാനങ്ങളും ലഭിക്കും. നിലവില്‍ എംബ്രയറിന്റെ തന്നെ ഇ-170, ഇ-190 വിമാനങ്ങളാണ് എയര്‍ കോസ്റ്റ ഉപയോഗിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ കോസ്റ്റ വിജയവാഡ, ജയ്പുര്‍, ബെംഗളൂരു, അഹമ്മദാബാദ്, ഹൈദരാബാദ്, ചെന്നൈ എന്നീ നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button