KeralaNews

ലേഖ നമ്പൂതിരിയ്ക്ക് സഹായവുമായി മമ്മൂട്ടിയെത്തുന്നു: ആരാധികയുടെ ആഗ്രഹം സഫലമാക്കി വെള്ളിത്തിരയിലെ നായകന്‍

മാവേലിക്കര: ലേഖ നമ്പൂതിരിയുടെ ആഗ്രഹം സഫലമാക്കാന്‍ മമ്മൂട്ടിയെത്തുന്നു. മമ്മൂട്ടിയുടെ കടുത്ത ആരാധികയായ ലേഖ നമ്പൂതിരി ലൗഡ് സ്പീക്കര്‍ എന്ന സിനിമ കണ്ടാണ് തന്റെ കിഡ്‌നി ദാനം ചെയ്തത്. എന്നാല്‍ ഇന്ന് നട്ടെല്ലുസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് പരസഹായം കൂടാതെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ലേഖ. സാമ്പത്തികബുദ്ധിമുട്ടുകാരണം അടിയന്തിര ചികിത്സപോലും നിര്‍വത്തിവച്ചിരിക്കുകയാണ്. ലേഖയുടെ ദുരവസ്ഥയെക്കുറിച്ച് പുറത്തുവന്ന വാര്‍ത്തകള്‍ കണ്ടാണ് സഹായവുമായി മമ്മൂട്ടിയെത്തുന്നത്. കൂടെ ആരാധികയുടെ ആഗ്രഹം സഫലമാക്കാനും വേണ്ടി. ലേഖയുടെ ചികിത്സയ്ക്ക് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുമെന്ന് മമ്മൂട്ടി അറിയിച്ചു. മമ്മൂട്ടിയുടെ സോഷ്യല്‍മീഡിയ മാനേജര്‍ അബ്ദുള്‍ മനാഫ് ലേഖ നമ്പൂതിയുമായി ബന്ധപ്പെട്ട് ഇക്കാര്യം അറിയിക്കുകയും ചെയ്തു.

മമ്മൂട്ടി തന്നെ നേരിട്ട് ലേഖയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും ലേഖയുമായി സംസാരിക്കാന്‍ കഴിഞ്ഞില്ലെന്ന് ഓണ്‍ലുക്കേഴ്‌സ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. ലേഖയുടെ അവസ്ഥയറിഞ്ഞ് ഒരുപാടുപേര്‍ ഫോണില്‍ ബന്ധപ്പെടുന്നുണ്ടായിരുന്നു. എന്നാല്‍ അതിനിടയില്‍ മമ്മൂട്ടിയാണ് വിളിക്കുന്നതെന്ന് ലേഖയറിഞ്ഞില്ല,തന്റെ പ്രിയതാരത്തോട് സംസാരിക്കാനാവാതെ വന്ന വിഷമത്തിലാണ് ലേഖയിപ്പോള്‍. എന്നാല്‍ ആരാധികയുടെ അടുത്തേക്ക് എത്രയും പെട്ടെന്ന് എത്തുമെന്നും താരം അറിയിച്ചു. വെള്ളിത്തിരയിലെ നായകന്‍ മാത്രമല്ല, നല്ല മനസിന്റെ ഉടമ കൂടിയാണ് മമ്മൂട്ടി എന്ന് വീണ്ടും തെളിയിക്കപ്പെടുകയാണ്.

നട്ടെല്ലു സംബന്ധമായ രോഗമാണ് ഇന്ന് ലേഖയുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നത്. കായംകുളത്തുവച്ചുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് നട്ടെല്ലിന്റെ കശേരു പുറത്തേക്ക് തള്ളി, തലച്ചോറില്‍ നിന്നും കാലിലേക്ക് വരുന്ന രക്തക്കുഴലുകള്‍ക്ക് അടവ് സംഭവിച്ചിരിക്കുന്ന അവസ്ഥയിലാണ്. പരസഹായം കൂടാതെ നടക്കാനാവില്ല. ശസ്ത്രക്രിയയാണ് ഏകപരിഹാരമാര്‍ഗം എന്നാല്‍ ഇതിനുള്ള ചിലവ് ലേഖക്കും കുടുംബത്തിനും താങ്ങാവുന്നതിനുമപ്പുറമാണ്. മൂന്നുസെന്റിലുള്ള കിടപ്പാടമാണ് ഏക സമ്പാദ്യം. കൃത്യമായ ചികിത്സ ഉടന്‍ ലഭിച്ചില്ലെങ്കില്‍ ശരീരം തളര്‍ന്നു പോകുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

മതവേലിക്കെട്ടുകള്‍ മറികടന്ന് അവയവദാനത്തിലൂടെ ലോകത്തിന് മാതൃകയായയാളാണ് ലേഖ എം നമ്പൂതിരി. 2009ല്‍ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ ലൗഡ് സ്പീക്കര്‍ എന്ന ചിത്രത്തിലെ മൈക്ക് എന്ന കഥാപാത്രം കിഡ്‌നി ദാനം ചെയ്യുന്നതില്‍ നിന്നും പ്രചോദിതയായാണ് പാലക്കാട് സ്വദേശിയായ നിര്‍ധന യുവാവിന് സൗജന്യമായി വൃക്ക നല്‍കിയത്. മുസ്ലിം യുവാവിന് ഹിന്ദുയുവതിയുടെ കിഡ്‌നി നല്‍കുന്നത് അന്ന് മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. പട്ടാമ്പി വിളയൂര്‍ വൈലശ്ശേരില്‍ ഷാഫി നബാസിനാണ് കിഡ്‌നി നല്‍കിയത്. 2012 നവംബറിലാണ് ജാതിയുടെ കെട്ടുപാടുകള്‍ വലിച്ചെറിഞ്ഞ് ലേഖ എം നമ്പൂതിരി ഷാഫിക്ക് വൃക്കദാനമായി നല്‍കിയത്. കിഡ്‌നിയ്ക്കായി വലിയ പ്രതിഫലങ്ങള്‍ പലരും വാഗ്ദാനം ചെയ്‌തെങ്കിലും അതൊന്നും വാങ്ങാതെ മനുഷ്യത്വമാണ് വലുതെന്ന് ലേഖ ലോകത്തെ കാണിച്ചു. മാവേലിക്കരയില്‍ ബ്യൂട്ടീഷ്യന്‍ സ്ഥാപനം നടത്തുകയായിരുന്നു ലേഖ. നട്ടെല്ലിന് രോഗം ബാധിച്ചതോടെ സ്ഥാപനത്തിന് പൂട്ടുവീണു. സുമനസ്സുകള്‍ സഹായിച്ചാല്‍ ജീവിതത്തിലേക്ക് മടങ്ങാനാവുമെന്ന കാത്തിരിപ്പിലാണ് ലേഖ.

shortlink

Related Articles

Post Your Comments

Related Articles


Back to top button