NewsIndiaInternationalGulf

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസനകാഴ്ചപ്പാടുകളെ പ്രകീര്‍ത്തിച്ച് എം.എ.യൂസഫ് അലി

ദോഹ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന കാഴ്ച്ചപ്പാടുകളെ പ്രകീര്‍ത്തിച്ച് പ്രമുഖ വ്യവസായി എം.എ. യൂസഫ് അലി. അടിമുടി മാറിയ ഭാരതത്തെയാണ് ലോകം ഇപ്പോള്‍ ഉറ്റു നോക്കുന്നത്. പുതിയ സാഹചര്യങ്ങള്‍ ഇന്ത്യയെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ വഴി ഇന്ത്യയ്ക്കുണ്ടായ നേട്ടങ്ങള്‍ വളരെ വലുതാണ്. രാജ്യത്തിന്റെ സാമ്പത്തിക മേഖല ഇപ്പോള്‍ ശക്തമാണെന്നും അദ്ദേഹം ദോഹയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഖത്തര്‍ സന്ദര്‍ശനം പുതിയ സാധ്യതകള്‍ക്കുള്ള തുടക്കമാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ഭാവി തലമുറയ്ക്ക് ജോലി നല്‍കാന്‍ നമ്മുടെ രാജ്യത്ത് വ്യവസായവും വിദേശ നിക്ഷേപവും ആവശ്യമാണെന്നും യൂസഫലി വ്യക്തമാക്കി. സര്‍ക്കാറും സ്വകാര്യ സംരംഭകരും പരസ്പര വിശ്വാസത്തോടെ പ്രവര്‍ത്തിച്ചാല്‍ എളുപ്പം മാറ്റം ഉണ്ടാക്കാനാകും. ഏഴ് ലക്ഷത്തോളം ഇന്ത്യക്കാരാണ് ഖത്തറിലുള്ളത്. അതില്‍ പകുതിയോളം മലയാളികളുമാണ്. ഇന്ത്യക്കാരുടെ എല്ലാ നല്ല കാര്യങ്ങള്‍ക്കും ഖത്തര്‍ ഭരണകൂടം എന്നും ഒന്നിച്ച് നിന്നിട്ടുണ്ടെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.

അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ ഗള്‍ഫിലേക്ക് തള്ളിവിടുകയാണ് കേരളം ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. പെട്രോളിയം വിലയിടിവിന്റെ സാഹചര്യത്തില്‍ ഭാവി മുന്‍കൂട്ടിക്കണ്ടുള്ള നീക്കങ്ങളാണ് ഭരണാധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടത്. എണ്ണയില്‍ നിന്ന് കിട്ടിയ വരുമാനം ക്രിയാത്മകമായി വിനിയോഗിച്ചത് കൊണ്ടാണ് ഗള്‍ഫ് രാജ്യങ്ങള്‍ പ്രതിസന്ധികാലത്തും പിടിച്ച് നില്‍ക്കുന്നത്. അല്ലെങ്കില്‍ വിദേശികള്‍ക്കെല്ലാം ഗള്‍ഫില്‍നിന്ന് മടങ്ങിപ്പോകേണ്ട സ്ഥിതി വരുമായിരുന്നു. വിദേശനിക്ഷേപമെത്തിച്ച് വ്യവസായം തുടങ്ങാനുള്ള പദ്ധതികളായിരിക്കണം പുതിയ സംസ്ഥാന സര്‍ക്കാറിന്റെ അടുത്ത പ്രധാന അജന്‍ഡ. അതിനായി മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ക്കണ്ട് ഗള്‍ഫിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കേരളത്തിന് അനുയോജ്യമായ പദ്ധതികള്‍ നടപ്പാക്കാന്‍ വൈകരുതെന്നും കാലം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തൊഴിലാളികളും മുതലാളികളും തമ്മിലുള്ള ബന്ധം പുതിയ സാഹചര്യത്തില്‍ മാറ്റിയെടുത്ത് മുന്നോട്ട് പോയില്ലെങ്കില്‍ കേരളം ചിത്രത്തില്‍ നിന്നുതന്നെ ഇല്ലാതാകുമെന്നും യൂസഫലി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button