Kerala

വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്‍ തീരുമാനമായി

പത്തനംതിട്ട ● ജില്ലയിലെ കോളേജ്, പാരലല്‍ കോളേജ്, സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്‍ സംബന്ധിച്ച് എഡിഎം സി.സജീവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. പ്ലസ്ടു വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് യൂണിഫോമോ, സ്ഥാപന മേധാവി നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡോ ഉപയോഗിച്ചും, റെഗുലര്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് സ്ഥാപനമേധാവി നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചും, അംഗീകാരമുള്ള കോഴ്‌സുകള്‍ പഠിക്കുന്ന പാരലല്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് ആര്‍.ടി.ഒ നല്‍കുന്ന കാര്‍ഡുപയോഗിച്ചും സ്വകാര്യ ബസില്‍ യാത്രചെയ്യാം.

കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രചെയ്യുന്നതിന് അതത് ഡിപ്പോകളില്‍ നിന്ന് കണ്‍സഷന്‍ കാര്‍ഡ് നല്‍കും. സ്വകാര്യ ബസ് ജീവനക്കാരും കെ.എസ്.ആര്‍.ടി.സിയുടെ കണ്‍സഷന്‍ കൗണ്ടറിലെ ജീവനക്കാരും വിദ്യാര്‍ഥികളോട് മാന്യമായി പെരുമാറണം. പരാതികളുണ്ടായാല്‍ അന്വേഷണം നടത്തി കര്‍ശന നടപടിയെടുക്കുമെന്ന് എഡിഎം പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയുടെ കണ്‍സഷന്‍ നിബന്ധനകള്‍ അതതു കൗണ്ടറുകള്‍ക്ക് പുറത്ത് വിദ്യാര്‍ഥികള്‍ക്ക് കാണത്തക്കവിധം പ്രദര്‍ശിപ്പിക്കണം. ജില്ലയിലെ കേന്ദ്രീയ വിദ്യായലങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ശനിയാഴ്ച ദിവസവും സ്വകാര്യ ബസുകള്‍ കണ്‍സഷന്‍ നല്‍കണം. സ്റ്റോപ്പുകളില്‍ നിന്ന് വിദ്യാര്‍ഥികളെ ബസുകളില്‍ കയറ്റുന്നുണ്ടെന്ന് ഉറപ്പാക്കണം. കണ്‍സഷന്‍ സംബന്ധിച്ചും ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം സംബന്ധിച്ചുമുള്ള പരാതികള്‍ പോലീസ്, ഡി.റ്റി.ഒ, ആര്‍.ടി.ഒ എന്നിവര്‍ക്ക് നല്‍കാം.

ആര്‍.ടി.ഒ ആര്‍.രാമചന്ദ്രന്‍ നായര്‍, ഡിവൈ.എസ്.പി അഡ്മിനിസ്‌ട്രേഷന്‍ ആര്‍.പ്രദീപ്കുമാര്‍, ഡി.ഇ.ഒ ഉഷാദിവാകരന്‍, കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍, വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button