KeralaNews

മാണിക്ക് മറുപടിയുമായി ചെന്നിത്തല

തിരുവനന്തപുരം: കേരള കോൺഗ്രസ് എമ്മിന് മുന്നണിയിൽ അർഹമായ സ്ഥാനം നൽകിയിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കേരള കോൺഗ്രസിനെയോ കെ.എം മാണിയെയോ ഒരു ഘട്ടത്തിലും തള്ളിപ്പറയാനോ ദുർബലപ്പെടുത്താനോ കോൺഗ്രസ് ശ്രമിച്ചിട്ടില്ലെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യുഡിഎഫ് തകര്‍ന്നു എന്ന് വിശ്വസിക്കുന്നവര്‍ നാളെ ദു:ഖിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തമായ കാരണങ്ങള്‍ പറയാതെയാണ് കേരള കോണ്‍ഗ്രസ് യുഡിഎഫ് വിട്ട് പോയത്. കോണ്‍ഗ്രസിലെ മൂന്നാം കക്ഷിയെന്ന നിലയില്‍ കേരള കോണ്‍ഗ്രസിന് നല്‍കേണ്ട പ്രാധാന്യം നല്‍കിയിട്ടുണ്ട്. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവര്‍ക്കും തുല്യ പ്രാധാന്യം നല്‍കിയിട്ടുണ്ട്. എന്ത് കാരണം കൊണ്ടാണ് കേരള കോണ്‍ഗ്രസ് യുഡിഎഫ് വിട്ടതെന്നറിയില്ല. യുഡിഎഫ് വിടാന്‍ കെഎം മാണി പറഞ്ഞ കാരണങ്ങളൊന്നും 34 വര്‍ഷത്തെ ബന്ധം ഉപേക്ഷിക്കാന്‍ തക്കതായ കാരണമാണെന്ന് തോന്നുന്നില്ല.

യു.ഡി.എഫ് എം.എൽ.എമാർ ചങ്ക് കൊടുത്താണ് മാണി ബജറ്റ് അവതരിപ്പിച്ചത്. യു.ഡി.എഫിന്‍റെ ധീരമായ തീരുമാനമായിരുന്നു അത്. അതിനാൽ തന്നെ കേരള കോൺഗ്രസ് എം മുന്നണി വിട്ട് പോയത് ശരിയായ നിലപാടല്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

താൻ ആഭ്യന്തര മന്ത്രിയായ കാലത്താണ് മാണിക്കെതിരെ പ്രതിപക്ഷ നേതാവിന്‍റെ പരാതിയിൽ ത്വരിതാന്വേഷണം നടത്തിയത്. എന്നാൽ വിജിലൻസിന്‍റെ പ്രവർത്തനങ്ങളിൽ ഇടപെടാൻ താൻ ശ്രമിച്ചിരുന്നില്ല. മാണി നിരപരാധിയെന്ന് തന്നെയാണ് താനും യു.ഡി.എഫും ആവർത്തിച്ചത്. പിന്നീട് ത്വരിതാന്വേഷണവും കഴിഞ്ഞ് മാണിക്ക് ക്ലീൻ ചീറ്റ് ലഭിച്ചതും കോൺഗ്രസ് സർക്കാറിന്‍റെ കാലത്ത് തന്നെയാണ്. ഇന്നും മാണി നിരപരാധിയെന്ന് താനും കോൺഗ്രസും വിശ്വസിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button