NewsIndia

ഇന്ത്യയുടെ ചൈന-പാകിസ്ഥാന്‍ ബന്ധം : നയം വ്യക്തമാക്കി ഇന്ത്യ

ന്യൂഡല്‍ഹി: ഭീകരതയോ ആണവസാമഗ്രി വിതരണസംഘത്തിലെ അംഗത്വമോ ചൈനയും ഇന്ത്യയുമായുള്ള ബന്ധത്തിലെ വിഷയങ്ങളാവില്ലെന്ന് വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കര്‍. എന്നാല്‍, ചൈനയുമായുള്ള ബന്ധം സങ്കീര്‍ണമാണെന്ന് അദ്ദേഹം സമ്മതിച്ചു.

രാജ്യത്തിനുള്ളില്‍നിന്നും പുറത്തുനിന്നും വരുന്ന ഭീകരത എന്ന പ്രയോഗംതന്നെ വ്യാജമാണെന്ന് പാകിസ്താനെ ഉദ്ദേശിച്ച് അദ്ദേഹം പറഞ്ഞു. ഒളിച്ചിരുന്ന് അതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് രക്ഷപ്പെടാന്‍ ഒരുരാജ്യത്തിനും ആവില്ലെന്നും അദ്ദേഹം പറഞ്ഞു.
യു.എസ്. ആസ്ഥാനമായുള്ള ഈസ്റ്റ് വെസ്റ്റ് സെന്റര്‍ നടത്തിയ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ചൈനയുമായി ഇന്ത്യക്ക് ഒരുവിധ പ്രശ്‌നവുമില്ലെന്നിരിക്കെ ഇന്ത്യയുടെ താത്പര്യങ്ങളെ ആ രാജ്യം മാനിക്കേണ്ടതാണ്. രണ്ടുരാജ്യങ്ങളും നയപരമായ പക്വതയോടെ പെരുമാറേണ്ടത് ഏഷ്യയുടെയും ലോകത്തിന്റെയും ഭാവിക്ക് ആവശ്യമാണ് അദ്ദേഹം പറഞ്ഞു.
ഭീകരസംഘടനകള്‍ക്കും അവയുടെ മേധാവികള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തുന്നതും സൈനികേതര ആണവോര്‍ജമേഖലയിലെ സഹകരണംപോലുള്ള വികസനവിഷയങ്ങളും ബന്ധത്തിന് തടസ്സമാകരുതെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ താവളമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരന്‍ മന്‍സൂര്‍ അസറിനെ യു.എന്‍. രക്ഷാസമിതിയുടെ കരിമ്പട്ടികയില്‍പ്പെടുത്താനുള്ള ശ്രമത്തെ ചൈന തടഞ്ഞതും എന്‍.എസ്.ജിയിലെ ഇന്ത്യയുടെ അംഗത്വത്തെ എതിര്‍ത്തതും പരാമര്‍ശിച്ചാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സങ്കീര്‍ണമാണെങ്കിലും പരസ്പരസഹകരണം കാണാതെപോകരുത്. ചൈന-ഇന്ത്യ ബന്ധത്തിന് ഇത്ര ശ്രദ്ധകിട്ടാനുള്ള കാരണം ചരിത്രപരം കൂടിയാണ്. കഴിഞ്ഞ 30 വര്‍ഷത്തെ ബന്ധം മുമ്പത്തേക്കാള്‍ ദൃഢമാണ്. പ്രശ്‌നപരിഹാരശ്രമം തുടരുമ്പോഴും അതിര്‍ത്തിയില്‍ ശാന്തിനിലനില്‍ക്കുന്നതിനുകാരണം മാറിമറിവന്ന സര്‍ക്കാറുകളുടെ ശ്രമത്തിന്റെ ഫലമാണ്. ബ്രിക്‌സും, റിക്കും, ബേസിക്കും പോലുള്ള കൂട്ടായ്മകളില്‍ ഇരുരാജ്യങ്ങളും സഹകരിക്കുന്നു. സാമ്പത്തികരംഗത്താകട്ടെ, ചൈനയുമായുള്ള വാണിജ്യം വേഗത്തില്‍ മെച്ചപ്പെടുന്നുണ്ട് അദ്ദേഹം പറഞ്ഞു. ഇന്ത്യചൈന ബന്ധം ശക്തിപ്പെടുത്താന്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ നടപടികളെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നതില്‍നിന്ന്, അത് രാജ്യത്തിനുള്ളില്‍ നിന്നുത്ഭവിച്ചതല്ലെന്നു പറഞ്ഞ് രക്ഷപ്പെടാന്‍ ഒരുരാജ്യത്തിനും കഴിയില്ലെന്ന് പാകിസ്താനെ ഉദ്ദേശിച്ച് ജയ്ശങ്കര്‍ പറഞ്ഞു.
രാജ്യത്തിനകത്തിരുന്ന് ഭീകരപ്രവര്‍ത്തനം നടത്തുന്നവരും പുറത്തിരുന്ന് നടത്തുന്നവരും തമ്മില്‍ ബന്ധമുണ്ട്. അതിനാലാണ് ‘സ്‌പോണ്‍സേഡ്’ ഭീകരത എന്ന വാക്ക് ഞങ്ങള്‍ ഉപയോഗിക്കുന്നത്. ഇത് ഇന്ത്യയുടെ മാത്രം കാര്യമല്ല. സപ്തംബര്‍ 11 ആക്രമണത്തിനുശേഷമുള്ള ആഗോള സ്ഥിതിവിശേഷമാണിത്. അദ്ദേഹം പറഞ്ഞു.
ദക്ഷിണേഷ്യയില്‍ എവിടെയാണ് ഭീകരത ഉടലെടുക്കുന്നതെന്നും വളര്‍ത്തപ്പെടുന്നതെന്നും ലോകത്തിനുമുഴുവന്‍ അറിയാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button