Kerala

അപകടത്തില്‍ പരിക്കേറ്റ അമ്മയെ കാണണമെന്ന് പറഞ്ഞ വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു

കൊല്ലം: അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്വന്തം അമ്മയെ കാണാന്‍ ആശുപത്രിയില്‍ പോകണമെന്ന് പറഞ്ഞ വിദ്യാര്‍ത്ഥിയോട് അധ്യാപകന്‍ കാണിച്ച ക്രൂരത കേട്ടാല്‍ ആര്‍ക്കും സഹിക്കാനാവില്ല. വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ കുത്തി പരുക്കേല്‍പ്പിക്കുകയാണ് ചെയ്തത്.

കൊല്ലം തടിക്കാട് ടിഎച്ച്എച്ച്എസ് സ്‌കൂളിലാണ് ഈ അക്രമം നടന്നത്. പ്ലസ്ടു വിദ്യാര്‍ത്ഥിയായ ഷജീറിനെയാണ് അധ്യാപകനും സ്‌കൂള്‍ ജീവനക്കാരനും ചേര്‍ന്ന് അക്രമിച്ചത്. മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിക്കുകയും കത്തി കൊണ്ട് കുത്തി പരുക്കേല്‍പിക്കുകയുമായിരുന്നു. കൈയ്ക്കും തലയ്ക്കും പരിക്കേറ്റ ഷജീറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കാല്‍ വിരല്‍ ഒടിഞ്ഞ കാരണത്താല്‍ ഷജീര്‍ കുറേനാള്‍ സ്‌കൂളില്‍ പോയിരുന്നില്ല. കാലിന് സുഖം പ്രാപിച്ചപ്പോള്‍ നാല് ദിവസം മുമ്പ് ഷജീര്‍ ക്ലാസില്‍ ഹാജരായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. അന്ന് ഉച്ച കഴിഞ്ഞ് ഷജീറിനെ അധ്യാപകന്‍ ക്ലാസില്‍ കയറ്റിയില്ല. മുടി വെട്ടിയിട്ട് ക്ലാസില്‍ കയറിയാല്‍ മതി എന്ന് പറഞ്ഞാണ് പുറത്താക്കിയത്.

തുടര്‍ന്ന് പിറ്റേ ദിവസം ഷജീര്‍ മുടി വെട്ടി ക്ലാസില്‍ എത്തിച്ചേരുകയും ചെയ്തു. എന്നാല്‍ വിദ്യാര്‍ത്ഥിയെ ക്ലാസില്‍ കയറ്റാന്‍ അധ്യാപകന്‍ സമ്മതിച്ചില്ല. തുടര്‍ന്ന് ഷജീറിന്റെ സഹോദരി സ്‌കൂളില്‍ എത്തി മാനേജ്മെന്റുമായി സംസാരിച്ചു. എന്നാല്‍, മാതാവ് വരാതെ ഷജീറിനെ ക്ലാസില്‍ കയറ്റില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ വാശിപിടിച്ചതായും വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തി.

പിറ്റേദിവസം സ്‌കൂളിലേക്ക് വരുന്ന വഴി മാതാവും സഹോദരിയും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പെടുകയായിരുന്നു. ഷജീറിന്റെ മാതാവിന് ഗുരുതരമായ പരുക്ക് ഏല്‍ക്കുകയും ചെയ്തു. ഇതറിഞ്ഞ ഷജീര്‍ പോകാന്‍ തന്നെ അനുവദിക്കണമെന്ന് പറയുകയും ചെയ്തു. എന്നാല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷജീറിനെ ഓഫീസിന് അകത്തെ മുറിയില്‍ പൂട്ടിയിട്ടു. മുറിയില്‍ കിടന്ന് ആശുപത്രിയില്‍ പോകണമെന്ന് പറഞ്ഞ് ബഹളം ഉണ്ടാക്കിയ ഷജീറിനെ ഹിന്ദി അദ്ധ്യാപകനും ഡ്രൈവറും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button